കുഞ്ഞുങ്ങളെ നയിക്കാം, നിയന്ത്രിക്കാം
ഡോ: ചന്ദന ഡി. കറത്തുളളി
കുഞ്ഞുങ്ങളെ നിയന്ത്രിക്കുക എന്നത് എളുപ്പമുളള കാര്യമല്ല, അതിനേക്കാള്‍ ബുദ്ധിമുട്ടാണ് കുഞ്ഞുങ്ങളെ നയിക്കുക എന്നത്. അവര്‍ നമ്മെ പിന്തുടരാന് തയ്യാറായാല്‍ മാത്രമാണ് അവരെ നമുക്ക് നയിക്കാന്‍ സാധിക്കൂ. അതിനാവട്ടെ അവരില്‍ വിശ്വാസവും ആത്മവിശ്വാസവും ഉണ്ടാവുന്ന രീതിയില്‍ നാം പെരുമാറുക തന്നെ വേണം. പല മാതാപിതാക്കളും കുഞ്ഞുങ്ങളെ നിയന്ത്രിക്കാനും നയിക്കാനും ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാണ്. ചിലര്‍ ബഹളം വച്ചും അവരെ വഴക്ക് പറഞ്ഞും ശിക്ഷിച്ചും ശാസിച്ചും നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലരാകട്ടെ കുഞ്ഞുങ്ങള്‍ പറയുന്നതിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചും അവരാവശ്യപ്പെടുന്നതെല്ലാം നേടികൊടുത്തും ഒരു നോവു പോലും ഏല്ക്കാതെ അവരെ കാത്തു പരിപാലിച്ചും കുഞ്ഞുങ്ങള്‍ നയിക്കുന്ന പാതയിലൂടെ മുന്നോട്ടു പോകുന്നു. രണ്ടും ശരിയായ രീതികളല്ല. കുഞ്ഞുങ്ങളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ഒരു കലയാണ്. വേണ്ടപ്പോള്‍ വേണ്ട രീതിയില്‍ സംസാരിച്ചും, ശിക്ഷിച്ചും, സ്നേഹിച്ചും, ലാളിച്ചും, ഓമനിച്ചും, ശാസിച്ചും അവരെ ജീവിതവിജയത്തിലേക്ക് നയിക്കുക എന്നത് ഓരോ അച്ഛനമ്മമാരിലും നിക്ഷിപ്തമായ കര്‍ത്തവ്യവും ആണ്.
നിയന്ത്രണങ്ങളെല്ലാം തന്നെ ചെറുപ്രായം മുതല്ക്കേ ശീലിപ്പിക്കേണ്ടതാണ്. അല്ലാതെ വളര്‍ന്നു കൗമാരപ്രായത്തിലെ ത്തുമ്പോള് മാത്രം കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഫലം ചെയ്യില്ല. അല്‍പ്പം വളര്ന്നിട്ടാവാം ശിക്ഷണങ്ങളെല്ലാം എന്ന് കരുതുന്നത് വിപരീതഫലം ചെയ്യും. പിന്നെ അവര്‍ നമ്മുടെ വാക്കിന് വില നല്‍കില്ല. കുഞ്ഞുങ്ങള്‍ സഹകരിക്കും വിധം അവരോട് പെരുമാറാന്‍ നാം പരിശീലിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. അവരെ ഭീഷണിപ്പെടുത്തിയും ശിക്ഷിച്ചും എന്നും അവരെ നിയന്ത്രിക്കാന്‍ സാധിക്കില്ല. കുഞ്ഞുങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ അറിയാം. വാശി, ബഹളം, സങ്കടം എന്നിവയെല്ലാം ഉപയോഗിച്ച് ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ അവരെ മന:സാന്നിദ്ധ്യത്തോടെ നിയന്ത്രിക്കാന്‍ പഠിക്കുക എന്നതാണ് വേണ്ടത്. അതിനാവട്ടെ വികാരനിര്ഭരരായും, ദേഷ്യം വന്ന് ഉറഞ്ഞ് തുളളിയും, കരഞ്ഞും ബഹളം വച്ചും പരസ്പരം കുറ്റം പറഞ്ഞുമല്ല നാം പ്രതികരിക്കേണ്ടത്. മന:സാന്നിദ്ധ്യത്തോടെയും ഔചിത്വപൂര്വ്വവും പക്വതയോടെയും ആണ് മാതാപിതാക്കള്‍ അതിനായി ശ്രമിക്കേണ്ടത്. അതിനായുളള ചില നിര്‍ദ്ദേശങ്ങളാണ് ചുവടെ കൊടുക്കുന്നത്.
1) മാതാപിതാക്കള്‍ മികച്ച നേതാക്കളാവണം:
കുഞ്ഞുങ്ങള്‍ ജډനാ തന്നെ അച്ഛനമ്മമാര്‍ നയിക്കുന്ന പാതയിലൂടെ നീങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ എന്തും നാം ചെയ്യുന്നത് കണ്ടല്ലേ പഠിക്കുന്നത്. അവര്‍ക്ക് എന്തു പ്രയാസം നേരിട്ടാലും അച്ഛനമ്മമാരുടെ സഹായം തേടാന്‍ ഉളള പ്രവണത അവര്‍ക്ക് ജډനാ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ നിയന്ത്രണരീതികള്‍ കൊണ്ട് അച്ഛനമ്മമാര്‍ തന്നെയാണ് അത്തരം പ്രവണതകള്‍ മാറ്റിയെടുക്കുന്നത്. അതിനാലാണ് അച്ഛനമ്മമാര്‍ നല്ല നേതാക്കളായി മാറണം എന്നു പറയുന്നത്. ശരിയായ രീതിയില്‍ പെരുമാറുന്നതിലൂടെ കുഞ്ഞങ്ങള് അച്ഛനമ്മമാരുടെ നേതൃത്വം അംഗീകരിക്കുന്നു. എപ്പോഴും കുഞ്ഞുങ്ങളുടെ കുറ്റങ്ങള്‍ പറഞ്ഞിരിക്കുന്നത്, അനാവശ്യമായി അവരോട് ബഹളം വയ്ക്കുന്നത്, കുഞ്ഞുങ്ങള്‍ പറയുന്നതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നത് എല്ലാം മാതാപിതാക്കളുടെ നേതൃത്വത്തെ തകര്‍ക്കും. അനാവശ്യമായി ശകാരിക്കുന്നതും, ആജ്ഞാപി ക്കുന്നതും, കുഞ്ഞുങ്ങളോട് ഒട്ടും ആജ്ഞാപിക്കാതിരിക്കുന്നതും എല്ലാം വിപരീതഫലം ചെയ്യും. അതിനാല്‍ അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ടത് ഇതാണ്, ഞാന്‍ നല്ലൊരു നേതാവാണോ? ഞാന്‍ എന്റെ കുഞ്ഞിന് നല്ലൊരു മാതൃകയാണോ?.
2) സൗമ്യമായി ചോദിക്കാം, ആജ്ഞാപിക്കലുകള് ഒഴിവാക്കാം:
ആശയവിനിമയം ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനഘടകമാണ്. പേരന്റിംഗിലും മികച്ച ആശയവിനിമയ മാര്‍ഗ്ഗങ്ങളുടെ ഉപയോഗം തന്നെയാണ് അടിസ്ഥാനപരായി നിലകൊളളുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് – നമ്മള് കാര്യങ്ങള്‍ ആവശ്യപ്പെടുന്ന രീതി – പലപ്പോഴും കുഞ്ഞുങ്ങളോട് കാര്യങ്ങള്‍ ചോദിക്കുന്നത്, അല്ലെങ്കില്‍ ആവശ്യപ്പെടുന്നത് ആജ്ഞാപനങ്ങളിലൂടെയായിരിക്കും. ടി.വി. ഓഫ് ചെയ്യ്, പഠിക്ക്, റൂം വൃത്തിയാക്ക് എന്നിങ്ങനെ പോകുന്നു അച്ഛനമ്മമാരുടെ ആക്രോശങ്ങളും ആജ്ഞാപിക്കലുകളും. കുഞ്ഞുങ്ങള്‍ അത് അനുസരിക്കാതെ വരുമ്പോള്‍ നാമാകട്ടെ പിന്നാലെ എണ്ണിപെറുക്കിയും, സങ്കടം പറഞ്ഞും കുഞ്ഞിനെ അനുസരിപ്പിക്കാന്‍ ശ്രമിക്കും – അല്ലെങ്കിലും നീ ഇങ്ങനെയാണ്, ഈ കുട്ടിക്ക് ഒരു അനുസരണയും ഇല്ല, എന്നിങ്ങനെ അച്ഛനമ്മമാര്‍ പരിഭവങ്ങള്‍. അത്തരം സാഹചര്യങ്ങളില്‍ ഇത്രയൊന്നും സംസാരിക്കേണ്ട ആവശ്യമില്ല എന്ന് ഓര്‍ക്കണം. നമ്മുടെ ആവശ്യം എന്താണോ അത് സൗമ്യമായി ആവശ്യപ്പെടുക എന്നതാണ് വേണ്ടത്. ടി.വി. ഓഫ് ചെയ്യാമോ, പരീക്ഷയായില്ലേ, വന്നിരുന്ന് പഠിക്കൂ എന്നിങ്ങനെ ചോദിക്കാം. കുഞ്ഞ് അപ്പോള്‍ പല ന്യായീകരണങ്ങളും പറഞ്ഞെന്നിരിക്കും, എന്നാല്‍ കുഞ്ഞിന്റേ ന്യായീകരണങ്ങള്‍ക്ക് മറുന്യായം പറയാതിരിക്കുക എന്ന സൂത്രവാക്യം അച്ഛനമ്മമാര്‍ മറക്കരുത്. നമ്മള് ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അതില്‍ നിരാശയോ കുറ്റപ്പെടുത്തലോ ഇല്ലാതെ വേണം ചോദ്യം ഉന്നയിക്കാന്‍. നേരിട്ട്, നാം ആവശ്യപ്പെടുന്നത് എന്താണോ, അത് കുത്തുവാക്കുകള്‍ ഇല്ലാതെ ആവശ്യപ്പെടുക എന്നതാണ് നാം ചെയ്യേണ്ടതണ്.
കൂടാതെ, അനാവശ്യമായ വാഗ്ദ്ധ്വനങ്ങളും വിശദീകരണങ്ങളും നല്‍കുന്നത് ഒഴിവാക്കേണ്ടതാണ്. എന്ത് കൊണ്ട് ടി.വി. ഇപ്പോള്‍ കാണരുത് എന്നതിനെകുറിച്ച് ഒരു പ്രസംഗം തന്നെ ചിലപ്പോള്‍ അമ്മമാര്‍ കാച്ചിക്കളയും, എന്നാല്‍ ഇത് വിപരീതഫലമേ ചെയ്യൂ. നമ്മുടെ പ്രസംഗം കേട്ട് കുട്ടികള്‍ നന്നാവുമെങ്കില്‍ എല്ലാ കുട്ടികളും എന്നേ നന്നായേനെ. വിശദീകരണങ്ങള്‍ ഒഴിവാക്കുന്ന പോലെ തന്നെ അത്യാവശ്യമാണ് നെഗറ്റീവ് വികാരങ്ങളുടെ ഉപയോഗം കൊണ്ട് കുഞ്ഞിനെ സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നത്. മോള് ഇങ്ങനെ ചെയ്താല്‍ അമ്മയ്ക്ക് വിഷമമാകില്ലേ, അമ്മ കരയും എന്നിങ്ങനെയുളള പരിശ്രമങ്ങള്‍ മിക്കവാറും ഉദ്ദേശിച്ച ഫലം ചെയ്യില്ല.
എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ പ്രതികരിക്കുന്ന ഒരു മാന്ത്രികവാക്കാണ് നമുക്ക് എന്നത്. പോയി മുറി വൃത്തിയാക്ക് എന്ന് പറയുമ്പോള്‍ കൂസലില്ലാതെ ടി.വി. കാണുന്ന കുട്ടി പോലും സ്നേഹത്തോടെ വാ കുട്ടാ, നമുക്ക് ഈ മുറി വൃത്തിയാക്കാം എന്ന് കേള്‍ക്കുമ്പോള്‍ അനുസരിക്കാനുളള സാധ്യത കൂടുതലാണ്. കുഞ്ഞിന്റെ കൂടെ നിന്ന് ചിലപ്പോള്‍ അച്ഛനമ്മമാര്‍ കാര്യങ്ങള്‍ ചെയ്യിപ്പിക്കേണ്ടി വരും. പഠിക്കാന്‍ താല്പര്യമില്ലാത്ത കുട്ടിയാവുമ്പോള്‍ അച്ഛനമ്മമാര്‍ കൂടെയിരുത്തി പഠിപ്പിക്കേണ്ടതായി വരും. അവിടെയെല്ലാം നമുക്ക് എന്ന പദപ്രയോഗം വളരെയേറെ ഗുണം ചെയ്യും. മാറി നിന്ന് ആജ്ഞാപിക്കുന്ന ഒരു നേതാവിനെ ആരും പിന്തുടരില്ല, കൂടെ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാളെ മാത്രമേ പിന്തുടരാന് കുഞ്ഞുങ്ങള്‍ക്ക് താല്പര്യമുണ്ടാകൂ.
3) സമാധാനത്തോടെ കേള്‍ക്കാം, കേട്ടതിനെല്ലാം പ്രതികരിക്കാതിരിക്കാം:
ചില സമയങ്ങളില്‍ കുഞ്ഞിന്റെ വിഷമം കേള്‍ക്കാന്‍ കാതു നല്‍കുക എന്നതു മാത്രമായിരിക്കാം അവര്‍ ആഗ്രഹിക്കുന്നത്. കുഞ്ഞുമനസ്സിലെ ആശങ്കകളും ആഗ്രഹങ്ങളും വിഷമങ്ങളും കേള്‍ക്കാനാളുണ്ട് എന്ന തോന്നല്‍ തന്നെ അച്ഛനമ്മമാര്‍ക്കും കുഞ്ഞുങ്ങള്ക്കുമിടയിലെ വൈകാരികബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കും. എന്റെ വിഷമങ്ങള്‍ മനസ്സിലാക്കുന്ന ആള് എന്ന തോന്നല്‍ വന്നാല്‍ തന്നെ കുഞ്ഞുങ്ങള്‍ നമ്മുടെ നേതൃത്വം അംഗീകരിക്കും.
4) പ്രോത്സാഹിപ്പിക്കാം, നല്ല വാക്കുകളിലൂടെ:
കുഞ്ഞിന്റെ മോശം വശങ്ങള് എണ്ണിപറയുന്ന അച്ഛനമ്മമാര്‍ പലപ്പോഴും അവരുടെ നല്ല കാര്യങ്ങള്‍ ചൂണ്ടി കാണിക്കാനും അഭിനന്ദിക്കാനും ശ്രമിക്കാറില്ല. എന്റെ നല്ല ശ്രമങ്ങള്‍ അംഗീകരിക്കുമോ എന്ന് നാം സ്വയം ചോദിക്കണം. എന്റെ നല്ല ശ്രമങ്ങളെ അഭിനന്ദിക്കുന്ന ഒരാള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഞാന്‍ കൂടുതല്‍ ശ്രമിക്കുമെന്ന മന:ശാസ്ത്രതത്വം ഇവിടെ പ്രസക്തമാണ്. അനാവശ്യമായി സമ്മാനങ്ങള്‍ വാങ്ങി നല്‍കിയല്ല കുഞ്ഞിനെ പ്രോത്സാഹിപ്പിക്കേണ്ടത്, നല്ല വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയുമാണ്.
5) കുഞ്ഞിന്റെ വാശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താം:
ഞാന്‍ വാശി പിടിച്ചാല്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യം നേടാന്‍ സാധിക്കും എന്ന് കുഞ്ഞ് പഠിച്ചു പോയാല്‍ കുഞ്ഞുങ്ങള്‍ അത് ചൂഷണം ചെയ്യുമെന്ന് ഉറപ്പ്. അതിനാല്‍ തന്നെയാണ് കുഞ്ഞിന്റെ വാശികള്‍ കണ്ടില്ലെന്നു നടിക്കണമെന്നും, എത്ര തവണ ബഹളം വച്ചാലും നടക്കില്ല, എന്റെ അച്ഛനുമമ്മയും പറയുന്നതേ ഈ വീട്ടില്‍ നടക്കൂ എന്ന് തിരിച്ചറിയുന്ന ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും നേതൃത്വം അംഗീകരിക്കുമെന്നതില്‍ സംശയമില്ല. ഈ കാര്യത്തില്‍ അച്ഛനുമമ്മയും ഒറ്റക്കെട്ടായി നിലകൊളളണമെന്നു മാത്രം. ഒരാള്‍ പറ്റില്ല എന്നു പറയുന്ന കാര്യം മറ്റൊരാള്‍ സാധിച്ചു തരും എന്ന അവസ്ഥ കൂടുതല്‍ അപകടമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇവ ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. വളരെ വലിയ ഒരു വിഷയം ചെറിയ വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കുകയില്ല എന്ന തത്വത്തോടെ നിര്‍ത്തുന്നു. ഏവര്‍ക്കും മികച്ച പേരന്റിംഗ് ആശംസകള്‍.