സഹോദരബന്ധം ഊഷ്മളമാക്കാം
ഡോ: ചന്ദന ഡി. കറത്തുളളി
പല മാതാപിതാക്കളും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് മക്കള്‍ തമ്മിലുളള സ്നേഹക്കുറവും വഴക്കും ഒക്കെ. രണ്ടാമതൊരു കുഞ്ഞ് വരുമ്പോള്‍ തന്നെ പല അച്ഛനമ്മമാരുടെയും ആധി മൂത്തകുട്ടി എങ്ങനെ ഇളയ കുട്ടലറെ അംഗീകരിക്കും എന്നതാണ്. കുട്ടികളെ ഉപദേശിച്ചതു കൊണ്ടോ ശിക്ഷിച്ചതു കൊണ്ടോ അവര്‍ തമ്മില്‍ നല്ല ഒരു ബന്ധം ഉണ്ടാവണമെന്നില്ല. അതിനായി അച്ഛനമ്മമാര്‍ തന്നെ ബോധപൂര്‍വ്വം മുന്‍കൈയെടുത്ത് വേണ്ട ഇടപെടലുകള്‍ നടത്തണം.
സ്വന്തം മക്കളുടെ പെരുമാറ്റശൈലികളെ ഓര്‍ത്ത് വിഷമിക്കുന്ന അച്ഛനമ്മമാര്‍ ആദ്യം തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കണം. തങ്ങളുടെ കൂടപ്പിറപ്പുകളുമായി തങ്ങള്‍ക്കുളള ബന്ധം എത്രമേല്‍ ആരോഗ്യകരമാണെന്നും, തങ്ങള്‍ സഹോദരങ്ങളുമായി വഴക്കിട്ടപ്പോഴെല്ലാം തങ്ങളുടെ മാതാപിതാക്കളുടെ ഇടപെടലുകളെല്ലാം തങ്ങളെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട് എന്നുമെല്ലാം. ഉറപ്പായും നമ്മുടെ മാതാപിതാക്കളുടെ എല്ലാ ഇടപെടലുകളും നമുക്ക് സ്വീകാര്യമാകാനിടയില്ല. അവര്‍ വ്യത്യസ്ഥമായി നമ്മോട് പെരുമാറിയിരുന്നെങ്കില്‍ എന്ന് നമ്മളില്‍ ചിലരെങ്കിലും ചിന്തിക്കാറില്ലേ. അതുപോലെ തന്നെ നമ്മുടെ മക്കളോട് നാമെങ്ങനെ ഇടപെടുന്നു എന്നത് അവര്‍ തമ്മിലുളള ബന്ധത്തെ അത്യധികം സ്വാധീനിക്കും.
ആദ്യമേ തന്നെ മുതിര്‍ന്ന കുട്ടിയുടെ അവസ്ഥയെ പറ്റി ചിന്തിക്കാം. നമ്മുടെ സ്ഥാനത്ത് നമുക്ക് ലഭിക്കേണ്ട എല്ല സ്നേഹവും ആനുകൂല്ല്യങ്ങളും പങ്കിടാന്‍ ഒരാള്‍ കൂടെ വരിക എന്നു പറഞ്ഞാല്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്. മാത്രമല്ല, ഈ വരുന്ന രണ്ടാമന്‍റെ എല്ലാ ഉത്തരവാദിത്വവും ഈ മൂത്തയാള്‍ക്കാണ്. ഇളയക്കുട്ടി വെറുതെ ഒന്നു കരഞ്ഞാല്‍ കമന്ന തനിക്കായിരിക്കും ആദ്യം വഴക്ക് കേള്‍ക്കുന്നത്. നീയല്ലേ മൂത്ത്, നിനക്കൊന്ന് വിട്ട് കൊടുത്തു കൂടെچ എന്നായിരിക്കും അച്ഛനമ്മമാരുടെ സ്ഥിരം ഡയലോഗ്. അത് മാത്രമേ, മൂത്തതല്ലേ ഇളയ ആളെ ഒന്ന് നേര്‍വഴി കാണിച്ചേക്കാം എന്ന് കരുതി ഒന്നു വഴക്ക് പറഞ്ഞാലോ, തല്ലിയാലോ ഉടന്‍ അച്ഛനമ്മമാര്‍ പറയും നിനക്ക് അതിനോട് അസൂയയാണ് എന്ന്. ഇനി ഇളയകുട്ടി ആവുക എന്നു പറഞ്ഞാലും അത്ര നല്ല രസമുളള കാര്യമൊന്നുമല്ല. എപ്പോഴും മുത്ത ആളുടെ നേട്ടങ്ങളിടെയോ കോട്ടങ്ങളുടേയോ നിഴലിലായിരിക്കും ജീവിതം. മാത്രമല്ല, അച്ഛനമ്മമാര്‍ കൊഞ്ചിച്ചും വഷളാക്കി എന്ന ചീത്തപ്പേരും. തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാലമൊക്കെ മനസ്സിലേക്ക് തെളിഞ്ഞു വന്നേക്കാം. പരസ്പരം ചേരി തിരിയാതെ, കുശുമ്പോ അസൂയയോ ഇല്ലാതെ, എന്തുകാര്യത്തിനും ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരണമെങ്കില്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്നുളള പങ്ക് ചെറുതല്ല. അറിഞ്ഞോ അറിയാതെയോ നടത്തുന്ന പല ഇടപെടലുകളും, അതവരുടെ നډയ്ക്കാണ് എന്നു കരുതിയിട്ടാണെങ്കില്‍ പോലും വിപരീതഫലം ചെയ്തേക്കാം.
ഉദാഹരണത്തിന്, എല്ലാ അച്ഛനമ്മമാരും ചെയ്യുന്ന നിര്‍ദ്ദോഷമായ ഒരു കാര്യമാണ് താരതമ്യപ്പെടുത്തുക എന്നത്. ഒരാള്‍ ചെയ്യുന്ന നല്ല കാര്യം മറ്റെ ആള്‍ ജീവിതത്തില്‍ പകര്‍ത്തട്ടെ എന്ന് മാത്രമായിരിക്കും നാം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് കേള്‍ക്കുന്ന കുട്ടി അങ്ങനെ മനസ്സിലാക്കണം എന്നില്ല. നമ്മളോട് നമ്മുടെ മേലുദ്യോഗസ്ഥന്‍ വന്ന് കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെ കണ്ട് പഠിക്കാന്‍ പറഞ്ഞാല്‍ നമ്മുടെ ഉളളിലും ഒരു ചെറിയ മുറുമുറുപ്പൊക്കെ തോന്നില്ലേ. ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കൊന്നും ഒരു വിലയില്ല എന്ന തോന്നല്‍ നമുക്കുണ്ടായില്ലേ. അതുപോലെ കുട്ടിയിലും അത് അമര്‍ഷവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കും. നമ്മുടെ മക്കളില്‍ ഒരാളോട് സംസാരിക്കുമ്പോള്‍ മറ്റെയാളെ കുറിച്ച് സൂചിപ്പിക്കാതിരിക്കുക എന്നതാണ് അഭികാമ്യം. അല്ലാതെ തന്നെ പറയേണ്ട കാര്യം നമുക്ക് പറയാമല്ലോ!
ഒരാള്‍ മറ്റെയാളെ കുറിച്ച് പരാതി പറയാന്‍ വന്നാല്‍ എന്തു ചെയ്യും എന്നതാണ് മറ്റൊരു വലിയ പ്രശ്നം. പലപ്പോഴും അച്ഛനമ്മമാരുടെ തെറ്റിദ്ധാരണ മക്കളുടെ എല്ലാ പരാതികളും നമ്മള്‍ തന്നെ പരിഹരിക്കേണ്ടതാണ് എന്നതാണ്. അവരുടെ പരാതികള്‍ സ്വയം പരിഹരിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് നാം വേണ്ടത്. അതിനുപകരം പരാതി കേട്ടയുടനെ ജഡ്ജിയുടെ കുപ്പായവുമിട്ട് നാമിറങ്ങും ഇരുഭാഗത്ത് നിന്നുമുളള പരാതി കേട്ടിട്ടായാലും അല്ലെങ്കിലും നാം ശിക്ഷ വിധിക്കും. പലപ്പോഴും രണ്ടാളെയും അല്ലെങ്കില്‍ മൂന്നാളെയും നമ്മുടെ ദേഷ്യം തീരുന്നത് വരെ നാം അടിക്കും. അല്ലെങ്കില്‍ ഒരാളെ അനുകൂലിച്ച് മറ്റെയാള്‍ക്ക് ശിക്ഷ വിധിക്കും. അനുകൂലമായി വിധി നേടിയ ആള്‍ മറ്റെയാളെ നോക്കി കൊഞ്ഞനം കുത്തും, പരാജിതന്‍ എല്ലാ അമര്‍ഷവും ഉളളിലൊതുക്കി തിരിച്ചടിക്കാന്‍ തക്കം പാര്‍ത്ത് തല്‍ക്കാലം പിന്തിരിയും. ഈ സാഹചര്യമാണ് മിക്ക വീടുകളിലും നടപ്പിലാവുന്നത്. എന്നാല്‍ ഇത് തന്നെ ഏറ്റവും ദോഷകരവുമാണ്. മനസ്സില്‍ നെഗറ്റീവ് വികാരങ്ങള്‍ വച്ചു പുലര്‍ത്തുന്ന കുട്ടികള്‍ അക്രമാസക്തരാവുകയോ ഉള്‍വലിഞ്ഞ് പോവുകയോ ചെയ്തേക്കാം. അതിനാല്‍ തന്നെ വളരെ സൂക്ഷിച്ച് വേണം അച്ഛനമ്മമാര്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍.
ഒന്നാമതായി അച്ഛനമ്മമാര്‍ മനസ്സില്‍ സൂക്ഷിക്കേണ്ട പാഠം മക്കള്‍ തമ്മിലുളള സ്നേഹം വളര്‍ത്താന്‍ അവര്‍ വഴക്കിടുമ്പോഴല്ല ശ്രമിക്കേണ്ടത്. പല കുടുംബങ്ങളിലും അച്ഛനും അമ്മയും ഈ വിഷയത്തെ കുറിച്ച് ആകെ ചിന്തിക്കുന്നത് കുട്ടികള്‍ വഴക്കിടുമ്പോള്‍ മാത്രമായിരിക്കും. അല്ലാത്ത സമയങ്ങളില്‍ കുട്ടികളെ ഒന്നിച്ച് കളിക്കാന്‍ പ്രോത്സാഹിപ്പിച്ചും പരസ്പരം സമ്മാനങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിച്ചും പരസ്പരം ആശംസകള്‍ കൈമാറാനും നന്ദി പറയാനും അഭിനന്ദിക്കാനും കുഞ്ഞുങ്ങളെ ശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ തമ്മില്‍ വേണ്ടത്ര പോസിറ്റീവ് ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കിടയിലുളള നെഗറ്റീവ് ഇടപെടലുകള്‍ കുറയ്ക്കാന്‍ എളുപ്പമായിരിക്കും. അതിനായി മുന്‍കൈ എടുക്കേണ്ടതും അച്ഛനമ്മമാര്‍ തന്നെയാണ്. അല്ലാതെ എന്‍റെ മക്കള്‍ക്ക് അങ്ങനെ ചെയ്യാനൊന്നും താല്‍പര്യമില്ലക്ക അവര്‍ക്ക് അടി കൂടാന്‍ മാത്രമേ താല്‍പര്യമുളളൂ എന്ന് മക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരാളുടെ പിറന്നാളിന്, അല്ലെങ്കില്‍ നല്ല മാര്‍ക്ക് വാങ്ങിയതിന്, അല്ലെങ്കില്‍ നല്ല ഒരു കാര്യം ചെയ്തതിന് മറ്റെയാളെ കൊണ്ട് സമ്മാനമോ ആശംസകളോ നല്‍കിക്കാന്‍ ശ്രമിക്കാം. കൂടുംബമൊന്നിച്ച് രസകരമായ കളികളിലേര്‍പ്പെടാം. കളിക്കുമ്പോള്‍ കുട്ടികളെ ഒരു ടീമായും അച്ഛനമ്മമാരെ മറു ടീമായും തിരിച്ച് കളിക്കാം. ഇങ്ങനെ പ്രവര്‍ത്തിക്കാനുളള ഊര്‍ജ്ജം അവര്‍ക്ക് പകരും.
കുഞ്ഞുങ്ങള്‍ പരാതിയുമായി വരുമ്പോള്‍ അവരുടെ പരാതികള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. രണ്ട് പേരുടേയും ഭാഗം കൃത്യമായി കേട്ടതിനു ശേഷം തര്‍ക്കപരിഹാരത്തിന് അവരെ തന്നെ നിയോഗിക്കുന്നതാണ് ഉചിതം. പലപ്പോഴും നമ്മുടെ ഇടപെടലുകളാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്. വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഉദാഹരണത്തിന്, അക്രമാസക്തത ഒഴിവാക്കുക, കളയാക്കലുകള്‍ ഒഴിവാക്കുക എന്നിങ്ങനെ.
കുഞ്ഞുങ്ങളുടെ പ്രശ്നം നാം കേള്‍ക്കുക എന്നതാണ് പ്രധാനം. മേല്‍പറഞ്ഞ ഉദാഹരണത്തില്‍ നമ്മുടെ ഭാഗം കേള്‍ക്കുന്ന മേലുദ്യോഗസ്ഥനോടായിരിക്കില്ലേ നമുക്ക് പ്രതിബദ്ധത കൂടുതല്‍, അതിന് പകരം നീയൊന്നും പറയണ്ട, എനിക്കൊന്നും കേള്‍ക്കണ്ട, രണ്ടാളും എനിക്കല്‍പ്പം മനസ്സമാധാനം തരുമോ എന്ന നിലപാടാണ് നാം കൈകൊളളുന്നത് എങ്കില്‍ കുട്ടികള്‍ നമ്മോട് ഒരിക്കലും മനസ്സ് തുറക്കില്ല. കുട്ടികള്‍ക്കുളള നെഗറ്റീവ് വികാരങ്ങളും നാം അംഗീകരിച്ചേ മതിയാകൂ. അവരും മനുഷ്യരല്ലേ, എല്ലായിപ്പോഴും പോസിറ്റീവായ രീതിയില്‍ അവര്‍ക്ക് പെരുമാറാന്‍ സാധിക്കണമെന്നില്ല. അങ്ങനെ നാം പ്രതീക്ഷിക്കരുത്. ആ പ്രതീക്ഷ നാം കൈവിട്ടാലേ അവരുടെ തെറ്റുകുറ്റങ്ങളും നമുക്ക് ക്ഷമിക്കാനാകൂ. അവരുടെ കുറവുകള്‍ നാം ക്ഷമിച്ചില്ലെങ്കില്‍, അവര്‍ക്ക് സ്വയം ക്ഷമിക്കാനോ പൊറുക്കാനോ സാധിക്കില്ല. ക്ഷമിക്കുന്നതിനോടൊപ്പം ഫലപ്രദമായി അവരുടെ തെറ്റുകുറ്റങ്ങള്‍ തിരുത്താനും നാം പഠിപ്പിച്ചു കൊടുക്കണം. എങ്കില്‍ പിന്നെ മുതിര്‍ന്നതിന് ശേഷവും സ്വയം തിരുത്താന്‍ അവര്‍ ശ്രദ്ധിക്കും. സ്വന്തം കുറവുകള്‍ മാതാപിതാക്കള്‍ ക്ഷമിക്കുന്നു എന്ന സന്ദേശം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിലെ കുറവാണ് മലയാളിയുടെ ഈഗോയ്ക്ക് പ്രധാനഹേതു. സ്വയം ക്ഷമിക്കാനറിയാത്ത മലയാളികള്‍ സ്വന്തം തെറ്റുകള്‍ തുറന്നു പറയുന്നതില്‍ വിമുഖത കാണിക്കുന്നു, മാത്രമല്ല മറ്റുളളവരുടെ കുറ്റങ്ങള്‍ വിളിച്ചു പറയാന്‍ അത്യുത്സാഹവും കാണിക്കുന്നു.
അച്ഛനമ്മമാര്‍ക്ക് പറ്റുന്ന മറ്റൊരു അബദ്ധമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന തുല്ല്യത. പരസ്പരം പങ്ക് വയ്ക്കാനോ, അഡ്ജസ്റ്റ് ചെയ്യാനോ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിന് പകരം എന്തും തുല്ല്യമായി കുഞ്ഞുങ്ങള്‍ക്ക് വാങ്ങിച്ചു കൊടുക്കുന്നത് ശരിയല്ല. ഇരുവര്‍ക്കും ഒരുപോലെ എല്ലാം നല്‍കുക എന്നത് സാധ്യമായ കാര്യമല്ല. നമ്മുടെ സമയം സ്നേഹം ഇതൊക്കെ കൃത്യമായി അളന്നു തൂക്കി നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ മക്കളോരോരുത്തരും സ്പെഷ്യല്‍ ആണ് എന്ന സന്ദേശമാണ് അവര്‍ക്ക് നല്‍കേണ്ടത്. എന്നെയാണോ ഇളയ ആളെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ഒരു കുട്ടി ചോദിച്ചാല്‍ രണ്ട് പേരെയും ഒരുപോലെ എന്ന ഉത്തരം ശരിയല്ല. പകരം ആ കുട്ടിയുടെ പ്രത്യേകതകള്‍ ആ കുട്ടിയ്ക്ക് മാത്രമാണ് ഉളളത് എന്ന ഉത്തരം കൂടുതല്‍ യോജിക്കും. തന്‍റെ പ്രത്യേകതകള്‍ മാതാപിതാക്കള്‍ അംഗീകരിക്കുന്നു എന്ന തിരിച്ചറിവില്‍ ഇളയ കുട്ടിയോട് മാതാപിതാക്കള്‍ കാണിക്കുന്ന സ്നേഹം ആ കുട്ടിയെ ഭീഷണിപ്പെടുത്തുകയില്ല.
ചെറിയ ലേഖനത്തില്‍ ഒതുക്കാനാവാത്ത വിഷയമാണ് – എന്നിരിക്കിലും ഏവര്‍ക്കും ഉപകാരപ്രദമാകട്ടെ എന്നാശംസിക്കുന്നു.