കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോള്‍
ഡോ: ചന്ദന ഡി. കറത്തുളളി
ഈ കാലഘട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒരു വിഷയമാണ് കുഞ്ഞുങ്ങളുമായുളള ആശയവിനിമയം. പഴയ കാലങ്ങളിലെ പോലെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ ഇന്ന് സാധ്യമല്ല. വീട് വിട്ട് ഇറങ്ങി പോവുകയും, മറ്റ് അപകടങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്ന ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും പരാതി തങ്ങളെ സ്വന്തം അച്ഛനമ്മമാര്‍ പോലും മനസ്സിലാക്കുന്നില്ല എന്നതാണ്. സ്നേഹം വാരിക്കോരി നല്‍കിയിട്ടും എന്ത്കൊണ്ട് കുഞ്ഞുങ്ങള്‍ ഇങ്ങനെ കരുതുന്നു? തങ്ങളെ വഴക്ക് പറയുകയും അടിക്കുകയും ചെയ്യുന്നത് തങ്ങളുടെ നډയ്ക്കാണ് എന്ന് എന്തുകൊണ്ട് അവര്‍ മനസ്സിലാക്കാതെ പോകുന്നു?
ഈ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തെ കുറിച്ചാണ്. ചെറുപ്രായത്തിലുളള കുട്ടികള്‍ വൈകാരികമായി മാത്രമാണ് ചിന്തിക്കുന്നത്. അതായത് അവരുടെ തീരുമാനങ്ങളും നിഗമനങ്ങളുമെല്ലാം വികാരങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്ര മായിരിക്കും. തങ്ങളെ വഴക്ക് പറയുന്ന വ്യക്തി അവര്‍ക്ക് അപ്പോള്‍ ശത്രുവും തങ്ങള്‍ക്ക് മിഠായി വാങ്ങി തരുന്ന വ്യക്തി അവര്‍ക്ക് അപ്പോള്‍ കണ്‍കണ്ട ദൈവവുമായിരിക്കും. കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് കാര്യകാരണസഹിതം വിവരങ്ങള്‍ വിശകലനം ചെയ്യാനുളള ലോജിക്കല്‍ ബുദ്ധി വളര്‍ന്നു വരുന്നു. ഏതാണ്ട് പ്രായപൂര്‍ത്തിയാകുമ്പോഴേക്കാണ് അത്തരമൊരു ബുദ്ധിവികാസം പൂര്‍ണ്ണതോതിലെത്തുന്നത്. അതു വരെ അവരുടെ പ്രവര്‍ത്തിയും പെരുമാറ്റവുമെല്ലാം രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഒന്ന്, അവരുടെ വികാരങ്ങളും; രണ്ട്, അവരുടെ ശീലങ്ങളും. അതിനാല്‍ തന്നെ കുഞ്ഞുങ്ങളെ മിടുക്കരാക്കി വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് അവരുടെ ശീലങ്ങളും പോസിറ്റീവ് ആയ മനോഗതിയുമാണ് എന്ന് പറയുന്നത്.
എന്ത് കൊണ്ടാണ് എത്ര ഉപദേശിച്ചിട്ടും കുട്ടികള്‍ നന്നാവാത്തത്? പല അച്ഛനമ്മമാരെയും അലട്ടുന്ന ചോദ്യമാണിത്. എത്ര പറഞ്ഞു കൊടുത്താലും ഇവന്‍ അല്ലെങ്കില്‍ ഇവള്‍ നന്നാവില്ല എന്ന് പരാതിപ്പെടുന്ന അച്ഛനമ്മമാര്‍ അനവധിയാണ്. കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറാന്‍ അറിവായിട്ടില്ലാത്ത കുട്ടികള്‍ എങ്ങനെ ഉപദേശം കേട്ട് സ്വയം നന്നാവും? പിന്നെ കുറച്ചു കൂടി വളര്‍ന്ന കുട്ടികളാവുമ്പോള്‍ അവര്‍ പെരുമാറുന്നത് ശീലങ്ങള്‍ക്ക് അനുസൃതമായായിരിക്കും. അതായത് അടുക്കും ചിട്ടയും വൃത്തിയും ചെറുപ്പത്തിലെ ശീലിച്ച കുട്ടികളാണെങ്കില്‍ വലുതായാലും അവര്‍ അതുപോലെ ചെയ്യാന്‍ ശ്രമിക്കും. അഥവാ, അവര്‍ വൃത്തിയായി പരിസരം സൂക്ഷിച്ചില്ലെങ്കിലും പറഞ്ഞു കൊടുത്താല്‍ അവര്‍ അത് അനുസരിക്കാനിടയുണ്ട്. എന്നാല്‍, ചെറുപ്പത്തിലെ അത് ശീലിക്കാത്ത കുട്ടിയെ വൃത്തിയുടെയും അടുക്കും ചിട്ടയുമായി ജീവിക്കേണ്ടതിന്‍റെയും ആവശ്യകതയെ കുറിച്ച് ഉപദേശിച്ചിട്ട് എന്ത് ഫലം? അതിനാല്‍ നല്ല ശീലങ്ങള്‍ ചെറുപ്പത്തിലെ ചെയ്ത് കാണിച്ചു കൊടുത്തും അവരെക്കൊണ്ട് ചെയ്യിച്ചും ശീലിപ്പിച്ചെടുക്കാന്‍ ശ്രമിക്കേണ്ടതാണ്.
എങ്കിലും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ നേര്‍വഴി കാട്ടി കൊടുക്കുമ്പോഴുമെല്ലാം അവര്‍ നമ്മെ അനുസരിക്കേണ്ടേ? അതിനായി കുഞ്ഞുങ്ങളുമായി മികച്ച ഒരു വൈകാരികബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിഹാരം. അച്ഛനമ്മമാരും കുട്ടികളും തമ്മിലുളള ആത്മബന്ധമാണ് അവരെ നേര്‍വഴിക്ക് നയിക്കാനും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും സഹായിക്കുന്ന കാതല്‍. ഏതു പ്രശ്നവും അവര്‍ നമ്മോട് തുറന്നു പറയുകയും നമുക്ക് എന്തിനെക്കുറിച്ചും അവരോട് തുറന്ന് സംസാരിക്കുകയും ചെയ്യാനായി അത്തരമൊരു തുറന്ന ആത്മബന്ധം സൃഷ്ടിച്ചടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്. അതിനായുളള ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിതാ.
1) അവര്‍ക്ക് പറയാനുളളത് കേള്‍ക്കാം, തുറന്ന മനസ്സോടെ.
സംസാരിച്ച് തുടങ്ങുന്ന പ്രായം മുതല്‍ക്കേ കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരുമായി കാര്യങ്ങള്‍ പങ്കിടാന്‍ ശ്രമിക്കും. എന്നാല്‍ നാം അതിനായുളള അവസരം നല്‍കണമെന്ന് മാത്രം. ചെറുപ്രായം തൊട്ടേ കുട്ടികളോട് അച്ഛനമ്മമാര്‍ നന്നായി സംസാരിക്കണം. അവരുടെ ഭാഷയില്‍ കൊഞ്ചിയും പുന്നാരിച്ചും നാം സംസാരിക്കുമ്പോള്‍ അവരും നമ്മോട് സംവദിക്കാന്‍ ശ്രമിക്കുന്നു. വലുതാവുംതോറും അവരുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ അച്ഛനമ്മമാരുമായി പങ്ക് വയ്ക്കും. അപ്പോള്‍ അതിന് ചെവി കൊടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്. അവര്‍ എന്തെങ്കിലും നമ്മോട് മിണ്ടാന്‍ വരുമ്പോള്‍ ടി.വി. യിലോ മൊബൈലിലോ മറ്റുളള സംഭാഷണങ്ങളിലോ ശ്രദ്ധ ചെലുത്തിയിരുന്നാല്‍ അവര്‍ക്ക് നമ്മോട് വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതിലുളള താല്‍പര്യം ഇല്ലാതാകും. നാം കുഞ്ഞുങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവരുടെ കൂടെ സമയം ചിലവഴിച്ചാല്‍ മാത്രമേ അവര്‍ക്കും നമ്മോട് മാനസികമായ അടുപ്പം ഉണ്ടാകൂ. കുഞ്ഞുങ്ങളോടൊത്ത് കളിക്കാനും ചിരിക്കാനുമെല്ലാം മാതാപിതാക്കള്‍ സമയം കണ്ടെത്താനും ശ്രമിക്കണം. അടുക്കളജോലികളും മറ്റ് ജോലി തിരക്കുകളും പിന്നീടായാലും കുഴപ്പമില്ല, എന്നാല്‍ കുഞ്ഞുങ്ങളോടൊത്തുളള കളിചിരികളുടെ നിമിഷങ്ങള്‍, അവയെത്ര ചെറുതായാലും അവരുടെ മാനസിക വികാസത്തിന് അത്രമേല്‍ പ്രധാനപ്പെട്ടതാണ്.
സ്കൂളില്‍ പോയി തുടങ്ങുന്ന പ്രായം മുതല്‍ക്കേ സ്കൂളിലെ വിശേഷങ്ങള്‍ കുഞ്ഞുങ്ങളോട് ചോദച്ചറിയണം. താല്‍പര്യത്തോടെ അവര്‍ക്ക് പറയാനുളളത് കേട്ടിരിക്കണം. ഇടയ്ക്ക് കയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ, പരിഹാരങ്ങളോ പറഞ്ഞ് അവരെ പിന്തിരിപ്പിക്കാതെ സമാധാനപൂര്‍വ്വം കേട്ടിരിക്കാം.
2) വികാരങ്ങളെ നിസ്സാരവത്ക്കരിക്കാതിരിക്കാം.
കുഞ്ഞുമനസ്സിനെ വിഷമിപ്പിക്കുന്നത് നിസ്സാര കാര്യങ്ങളാ യിരിക്കാം. നമുക്ക് ചെറുതായി തോന്നുന്ന പലകാര്യങ്ങളും കുട്ടികള്‍ക്ക് വലിയ വിഷമമുണ്ടാക്കുന്നവയാകാം. അവര്‍ അതേക്കുറിച്ച് പറയുമ്പോള്‍ സാരമില്ല, ഇത്ര ചെറിയ കാര്യമാണോ എന്നിങ്ങനെ പറഞ്ഞ് അവരുടെ വിഷമത്തെയോ ദേഷ്യത്തെയോ നിസ്സാരവത്ക്കരിക്കുന്നത് തങ്ങളുടെ വിഷമം അച്ഛനുമമ്മയും മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ കുഞ്ഞുമനസ്സില്‍ ഉണ്ടാക്കും.
3) പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉടനടി നല്‍കാതിരിക്കാം.
കുഞ്ഞുങ്ങള്‍ പലപ്പോഴും നമ്മോട് വിഷമങ്ങള്‍ പങ്ക് വയ്ക്കുന്നത് പലപ്പോഴും അവരുടെ പ്രശ്നത്തിന് ഒരു പരിഹാരം തേടാനല്ല. അവരുടെ വിഷമം പങ്ക് വയക്കാനാണ്. ആ സമയം എടുത്തു ചാടി പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന്, തന്നെ സ്കൂളില്‍ ഒരു കുട്ടി കളിയാക്കി എന്ന് നമ്മുടെ കുഞ്ഞ് പരാതി പറയുമ്പോള്‍ സാരമില്ല, ഇനി കളിയാക്കുമ്പോള്‍ കേട്ടില്ലെന്ന് നടിച്ചാല്‍ മതി, തന്നെ നിര്‍ത്തിക്കോളളൂം എന്ന് ചാടിക്കയറി ഉപദേശിക്കുന്നത് കുഞ്ഞിന്‍റെ വിഷമത്തെ ദൂരികരിക്കുന്നില്ല. സമാധാനത്തോടെ തന്‍റെ വികാരങ്ങള്‍ തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിക്കും. കൂടാതെ, എല്ലാവരുടെയും മുന്നില്‍ വച്ച് കളിയാക്കിയപ്പോള്‍ മേന്/മോള്‍ക്ക് നാണക്കേടായോ? എന്ന് ചോദിക്കാം. തനിക്കുണ്ടായ വിഷമത്തെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ കുഞ്ഞിനെ അത് സഹായിക്കും. വൈകാരികപക്വതയുടെ ആദ്യപാഠങ്ങളാണിവ.
അതോടൊപ്പം ശ്രദ്ധിക്കേണ്ടത് കുഞ്ഞിനെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത് എന്നതാണ്. ഉദാഹരണത്തിന്, തന്‍റെ പുസ്തകം കാണാതെ പോയി എന്ന് ഒരു കുട്ടി പരാതി പറഞ്ഞാല്‍, നിനക്കെന്തങ്കിലും സൂക്ഷിക്കാന്‍ പറ്റുമോ? എന്ന് കളിയാക്കുകയോ, ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഇങ്ങനെ പറ്റുന്നത് എന്ന് കുറ്റപ്പെടുത്തുന്നതോ പരിഹാരമല്ല. അങ്ങനെയുളള പ്രതികരണം കുട്ടിയില്‍ അനാവശ്യ കുറ്റബോധവും ആത്മനിന്ദയും സൃഷ്ടിക്കും. പിന്നീട് ഒരു തെറ്റു പറ്റിയാല്‍ കുട്ടി ഒരിക്കലും നമ്മോട് തുറന്നു പറയാന്‍ പിന്നെ സാധ്യതയില്ല. തെറ്റുകള്‍ മറച്ചു വയ്ക്കാനും നുണ പറയാനുമേ കുഞ്ഞ് പിന്നെ ശ്രമിക്കൂ.
4) വികാരങ്ങള്‍ക്ക് പേര് നല്‍കാം.
വികാരങ്ങളെ കുറിച്ചാളള അവബോധം നമ്മള്‍ മലയാളികള്‍ക്ക് കുറവ് തന്നെയാണ്. വികാരങ്ങളെ അടിച്ചമര്‍ത്താനും മൂടി വയ്ക്കാനുമാണ് നാമെല്ലാവരും ശ്രമിക്കുക. ഉദാഹരണത്തിന്, തന്‍റെ പൂച്ച ചത്തുപോയി എന്നു കരഞ്ഞു കൊണ്ട് പറയുന്ന തന്‍റെ കുഞ്ഞിനോട് നമ്മുടെ പ്രതികരണം എന്തായിരിക്കും എന്ന് ചിന്തിക്കാം. സാരമില്ല നമുക്ക് വേറെ പൂച്ചയെ വാങ്ങാം, പൂച്ചയല്ലേ, മനുഷ്യനൊന്നുമല്ലല്ലോ എന്നൊക്കെയാവാം നാം പ്രതികരിക്കുന്നത്. എന്നാല്‍ ഈ പ്രതികരണങ്ങളെല്ലാം കുഞ്ഞിന്‍റെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നവയാണ്. അവയ്ക്ക് പകരം ആണോ, എന്നിട്ട്?, മോള്‍ക്ക്/മോന് വിഷമമായോ?, നിങ്ങള്‍ നല്ല കൂട്ടൂകാരായിരുന്നു, അല്ലേ? എന്നെല്ലാം പറഞ്ഞ് കുഞ്ഞിനെ കൂടുതല്‍ അവരുടെ സങ്കടത്തെ കുറിച്ച് തുറന്ന് പറയാനും സംസാരിക്കാനും പ്രോത്സാഹിപ്പിക്കാം. തന്‍റെ സുഹൃത്തായ പൂച്ചയെ നഷ്ടപ്പെട്ടത് നികത്താനാവാത്ത സങ്കടമാണ് എന്നും ആ സങ്കടമാണ് തനിക്കിപ്പോള്‍ മനസ്സില്‍ തോന്നുന്നത് എന്നും തിരിച്ചറിയാന്‍ കുഞ്ഞിനെ അത് സഹായിക്കുന്നു. ആ സങ്കടം തന്‍റെ മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നുണ്ട് എന്ന തിരിച്ചറിവാണ് കുഞ്ഞിനെ സമാധാനിപ്പിക്കുക, അല്ലാതെ വേറെ പൂച്ചയെ വാങ്ങിത്തരാം എന്ന ആശ്വാസവാക്കല്ല.
കുഞ്ഞിനോട് സംസാരിക്കുമ്പോഴുളള മനോഭാവമാണ് ഏറ്റവും പ്രധാനം. ആര്‍ദ്രമായതും അനുഭാവപൂര്‍ണ്ണവുമായ മനോഭാവത്തോ ടെയാണ് നാം സംസാരിക്കുന്നത് എങ്കില്‍ കുഞ്ഞിന് കൂടുതല്‍ കാര്യങ്ങള്‍ നമ്മോട് പങ്ക് വയ്ക്കാന്‍ പ്രചോദനമാകും. കുഞ്ഞുങ്ങളുടെ മനസ്സ് മനസ്സിലാക്കി അവരോട് ആശയവിനിമയം ചെയ്യാനുളള അച്ഛനമ്മമാരുടെ കഴിവ് തന്നെയാണ് അച്ഛനമ്മമാരും കുഞ്ഞുങ്ങളും തമ്മിലുളള ആത്മബന്ധത്തിന്‍റെ അടിസ്ഥാനം. തന്‍റെ മനസ്സ് മനസ്സിലാക്കുന്ന അച്ഛനോ അമ്മയോ പറയുന്നത് അംഗീകരിക്കാനും അനുസരിക്കാനും കുഞ്ഞുങ്ങള്‍ തയ്യാറാവും. അവര്‍ കടന്നു പോകുന്ന വഴികള്‍ തിരിച്ചറിയുന്ന മാതാപിതാക്കള്‍ക്കാകട്ടെ നല്ല രീതിയില്‍ അവരെ നയിക്കാനും നിയന്ത്രിക്കാനും സാധിക്കുന്നു. കുറ്റപ്പെടുത്തലിന്‍റെയും കളിയാക്കലിന്‍റെയും മുള്‍മുനയില്ലാതെ സംസാരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.