കുട്ടികളെ സ്വതന്ത്രരാക്കാം

കുട്ടികളെ സ്വതന്ത്രരാക്കാം

ഡോ: ചന്ദന ഡി. കറത്തുളളി,

ജനിക്കുമ്പോള്‍ ഏതൊരു കുഞ്ഞിന്‍റെയും നിലനില്‍പ്പ് അതിന്‍റെ മാതാപിതാക്കളെ ആശ്രയിച്ചിരിക്കുന്നു. ആഹാരത്തിനും, സുരക്ഷിതത്വ ത്തിനും എല്ലാ ഇത്രയുമധികം മാതാപിതാക്കളെ ആശ്രയിക്കുന്ന ജീവി മനുഷന്‍ മാത്രമായിരിക്കുമെന്ന് തോന്നുന്നു. സ്വന്തം ചലനസ്വാതന്ത്ര്യം പോലും ഒരു കുഞ്ഞിന് ഒരു വര്‍ഷത്തിനു ശേഷമേ ലഭിക്കുന്നുളളൂ. അതിനാല്‍ തന്നെ അച്ഛനമ്മമാരുടെ മനസ്സില്‍ എത്ര വലുതായാലും മക്കള്‍ തങ്ങളെ ആശ്രയിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ മക്കളുടെ മനസ്സില്‍ അങ്ങനെയായണം എന്നില്ലല്ലോ. തങ്ങള്‍ വളര്‍ന്നു വലുതായി കഴിഞ്ഞു, ഇനി എങ്ങനെ വേണമെന്ന് തങ്ങള്‍ക്കറിയാമെന്ന് മക്കള്‍ ചിന്തിക്കുന്നതില്‍ തെറ്റ് പറയാനാവുമോ? ഇത്രയും കാലം എന്തിനുമേതിനും തങ്ങള്‍ വേണമായിരുന്നു, ഇപ്പോള്‍ മക്കള്‍ക്ക് തങ്ങളെ വേണ്ട എന്ന തോന്നലില്‍ വേദനിക്കുന്ന മാതാപിതാക്കളെയും തെറ്റു പറയാനാവില്ല.

എന്നെങ്കിലും കൂട് വിട്ട് പറന്ന് പുതിയ ആകാശങ്ങള്‍ തേടേണ്ടവരാണ് മക്കള്‍ എന്ന വിശ്വാസത്തില്‍ വേണം നാം മക്കളെ വളര്‍ത്താന്‍. അങ്ങനെ പറന്നകലാന്‍ വേണ്ട കരുത്തും ആര്‍ജ്ജവവും കഴിവും നല്‍കി മക്കളെ വളര്‍ത്തുക എന്നതാണ് ഏതൊരു അച്ഛന്‍റെയും അമ്മയുടെയും ദൗത്യം. കേള്‍ക്കുമ്പോള്‍ വളരെ സാധാരണമെന്ന് തോന്നാമെങ്കിലും വളരെയധികം അര്‍ത്ഥവും വ്യാപ്തിയും ഈ വിഷയത്തിനുണ്ട്. ജീവിതത്തിന്‍റെ ആദ്യവര്‍ഷങ്ങള്‍ നമ്മുടെ ആശ്രിതരായി ജീവിച്ചുവെങ്കിലും മക്കള്‍ ജവിതകാലം മുഴുവന്‍ നമ്മെ ആശ്രയിച്ചു ജീവിക്കണം എന്ന വാശി നന്നല്ല. കുഞ്ഞുങ്ങള്‍ വലുതാവുന്നതിന് അനുസരിച്ച് അവര്‍ക്ക് വലുപ്പം കൂടിയ പുത്തനുടുപ്പുകള്‍ നാം വാങ്ങി നല്‍കാറില്ലേ, അതുപോലെ അവര്‍ വളരുന്നതിന് അനുസരിച്ച് അവര്‍ക്ക് വേണ്ട സ്വയംപര്യാപ്തതയും നാം നല്‍കണം. എന്നാലേ വിശാലമായ ആകാശത്ത് പറന്നുയരുവാനും നേട്ടങ്ങള്‍ കൊയ്യാനും അവര്‍ക്ക് സാധിക്കൂ. എന്നും നമുക്ക് അവരുടെ പിന്നാലെ കാര്യങ്ങള്‍ ചെയ്തു നല്‍കാനായി പോകാന്‍ സാധിക്കുകയില്ലല്ലോ. സ്വന്തം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനും, സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് കൃത്യനിര്‍വ്വഹണം നടത്തുവാനും, ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കുവാനും കുഞ്ഞുങ്ങള്‍ക്ക് സാധിക്കണമെങ്കില്‍ അവരെ നാം അതിന് പ്രാപ്തരാക്കുക തന്നെ വേണം. എത്ര വളര്‍ന്നാലും അവരുടെ പിന്നാലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വരെ സഹായഹസ്തവുമായി നാം നടന്നാല്‍ ഒരിക്കലും അവര്‍ സ്വയംപര്യാപ്തരാവുകയില്ല. കുഞ്ഞുങ്ങളെ സ്വാതന്ത്രരാ ക്കുവാനും സ്വയംപര്യാപ്തത വളര്‍ത്തുവാനും വേണ്ട നിര്‍ദ്ദേശങ്ങളാണ് ഈയാഴ്ച.

1) നമ്മുടെ മനോഭാവം മാറ്റിയെടുക്കാം:

ഞാന്‍ എന്‍റെ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ചെയ്തു നല്‍കിയില്ലെങ്കില്‍ ആകെ അവതാളത്തിലാകും എന്ന ചിന്ത മാറ്റിയെടുക്കാം. ജനിച്ച ആദ്യവര്‍ഷങ്ങളില്‍ എന്തിനും ഏതിനും നമ്മെ ആശ്രയിച്ചിരുന്നു എന്നു കരുതി വലുതായാലും അവരുടെ ഭക്ഷണകാര്യങ്ങളിലും പഠനകാര്യങ്ങളിലും അമിതമായി ഇടപെടുകയും, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പ്രവണത നാം മാറ്റണം. കുഞ്ഞുങ്ങള്‍ തെറ്റുകള്‍ വരുത്തട്ടെ, അത് പോസിറ്റീവായി ചൂണ്ടി കാട്ടുവാനും അവ തിരുത്താന്‍ വേണ്ട ഫലപ്രദമായ അഭിപ്രായങ്ങള്‍ നല്‍കുകയും മാത്രമാണ് നാം ചെയ്യേണ്ടത്. നാമില്ലാത്ത ഒരു ലോകത്തിലും ആത്മവിശ്വാസ ത്തോടെ അവര്‍ക്ക് മുന്നോട്ട് നീങ്ങണമെങ്കില്‍ എന്തിനും ഏതിനും നമ്മെ തൃപ്തിപ്പെടുത്തി മാത്രം അവര്‍ ജീവിച്ചാല്‍ പോരല്ലോ. ഒരു നേതാവിന്‍റെ ചാതുര്യത്തോടെ തന്‍റെ കൂടെയുളളവരെ നന്നായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുകയാണ് മാതാപിതാക്കള്‍ വേണ്ടത്. അല്ലാതെ കുഞ്ഞുങ്ങളുടെ തലയില്‍ കയറി ഇരുന്ന് ഭരിക്കുകയോ, അവരെ കളിയാക്കുകയോ, എല്ലാം അവര്‍ക്കായി ചെയ്തു നല്‍കുകയോ ഒന്നും ഗുണം ചെയ്യുകയില്ല.

കുഞ്ഞുങ്ങളുടെ തലയില്‍ കയറി ഭരിക്കുന്നത് അവര്‍ക്ക് ആത്മവിശ്വാസം ഇല്ലാതാക്കുകയും, എന്തിനും നമ്മെ തൃപ്തിപ്പെടുത്തിയാലേ അവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ സാധിക്കൂ എന്നും, നമ്മുടെ എതിരഭിപ്രായം അവരുടെ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിനെ ബാധിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. നാം എതിര്‍ക്കാന്‍ സാധ്യതയുളള കാര്യങ്ങള്‍ അവര്‍ നമ്മില്‍ നിന്നും മറച്ചു വയ്ക്കാനും കളളം പറയുവാനും ഇത് ഇടയാക്കുന്നു.

ചില മാതാപിതാക്കള്‍ കളിയാക്കിയും മറ്റുളളവരുമായി താരതമ്യപ്പെടുത്തിയും കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അയ്യേ, ഇങ്ങനെ ചെയ്യല്ലേ മോനേ, ആ കുട്ടി ചെയ്യുന്ന കണ്ടോ? അതുപോലെ മിടുക്കനാവാന്‍ ശ്രമിക്കണേ! എന്ന സംസാരം വിപരീതഫലം ചെയ്യുമെന്നതില്‍ അതിശയമില്ല. അത് കുഞ്ഞിന്‍റെ ആത്മവിശ്വാസം കെടുത്തിക്കളയുകയും, എപ്പോഴും മറ്റുളളവര്‍ തന്നെ കളിയാക്കുമെന്ന ചിന്ത മൂലം എല്ലായിപ്പോഴും മറ്റുളളവര്‍ എന്ത് കരുതും എന്ന ചിന്തയാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യും. മാത്രമല്ല, മറ്റുളളവരുടെ വിജയങ്ങള്‍ കുട്ടിയില്‍ അസൂയ ഉളവാക്കുകയും, തന്‍റെ തോല്‍വികള്‍ അമിതമായ നാണക്കേട് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെ വളരുന്ന കുട്ടികളും തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മറ്റുളളവരില്‍ നിന്ന് മറച്ചു വയ്ക്കുവാനും കളളം പറയുവാനും ശ്രമിക്കുമെന്നതില്‍ അതിശയപ്പെടേണ്ടതില്ലല്ലോ.

ഇനി കുഞ്ഞുങ്ങള്‍ക്കായി എന്തു കാര്യങ്ങളും ചെയ്തു നല്‍കുന്ന മാതാപിതാക്കളാവട്ടെ അവരെ യഥാര്‍ത്ഥത്തില്‍ ഒന്നിനും കൊളളാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത്. തന്‍റെ കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുവാനോ, തന്‍റെ കടമകള്‍ എന്തെന്ന് അറിയാതെ മറ്റുളളവര്‍ തനിക്കായി എല്ലാം ചെയ്തു നല്‍കണമെന്ന കടുംപിടുത്തം ഉപേക്ഷിക്കുവാനോ ശ്രമിക്കാതെ, ഒരിക്കലും ഉത്തരവാദിത്വബോധത്തോടെ മുന്നോട്ട് നീങ്ങി വിജയം നേടുവാനോ ശ്രമിക്കാതെ മഹാ ഉഴപ്പډാരായി അവര്‍ മാറുന്നു. അങ്ങനെയുളള കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അച്ഛനമ്മമാര്‍ക്കും ഭാര്യഭര്‍ത്താക്കډാര്‍ക്കും അവരൊരു ബാധ്യതയാകും എന്നത് തീര്‍ച്ച.

ഇതൊന്നും പാടില്ലെങ്കില്‍ പിന്നെ എങ്ങനെ കുട്ടികളെ പ്രചോദിപ്പിക്കും?

2) ചെറിയ ഉത്തരവാദിത്വങ്ങള്‍ നേരത്തെ ശീലിപ്പിച്ചു തുടങ്ങാം:

പ്രായത്തിന് അനുസൃതമായുളള കടമകള്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് തുടങ്ങണം. സ്വന്തം കളിപ്പാട്ടങ്ങള്‍ എടുത്തു മാറ്റി വയ്ക്കുവാനും, പാത്രങ്ങള്‍ ഭക്ഷണശേഷം അടുക്കളയില്‍ കൊണ്ട് വന്നു നല്‍കുവാനും, ഉറങ്ങിയെഴുന്നേറ്റാല്‍ പുതപ്പ് മടക്കി വയ്ക്കുവാനും, രാവിലെ പത്രം എടുത്തു കൊണ്ട് വരാനുമെല്ലാം കുഞ്ഞുങ്ങളെ ചുമതലപ്പെടുത്താം. അവര്‍ അത് നിര്‍വ്വഹിക്കുമ്പോള്‍ ഹായ്, എന്‍റെ മോന്‍/മോള്‍ മിടുക്കനായല്ലോ! എന്നെ സഹായിക്കുന്നത് കണ്ടോ? എന്ന് അവരെ അഭിനന്ദിക്കാം. അങ്ങനെ അഭിനന്ദനം ഏറ്റു വാങ്ങുന്ന കുഞ്ഞ് പിന്നെയും കൃത്യനിര്‍വ്വഹണങ്ങളില്‍ പങ്കാളികളാകുമെന്നതില്‍ സംശയം വേണ്ട. നിത്യേന നമ്മുടെ ജോലികളില്‍ അവരെ ഭാഗഭാക്കുകളാക്കുകയും, അതിനായി അവരെ പ്രചോദിപ്പിക്കുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.

3) പ്രശ്നപരിഹാരങ്ങള്‍ക്കായി അവരെ തന്നെ ചുമതലപ്പെടുത്താം:

അവര്‍ എന്തു ചെയ്യണം എന്ന് നാം നിര്‍ദ്ദേശിക്കുന്നതിന് പകരം അവരോട് ഇങ്ങനെ ചോദക്കാം – മോന്‍/മോള്‍ ഇങ്ങനെ ചെയ്യുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്നുണ്ട്. ഈ പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാം. ഈ പ്രശ്നം പരിഹരിക്കാന്‍ മോന്/മോള്‍ക്ക് എന്ത് നടപടി എടുക്കുവാന്‍ സാധിക്കും? തീര്‍ച്ചയായും കുട്ടി ചില അഭിപ്രായങ്ങളുമായി മുന്നോട്ട് വരും. പരസ്പരം അങ്ങനെ ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങളുമായി നമുക്ക് മുന്നോട്ട് നീങ്ങാം. അല്ലാതെ നീ അങ്ങനെ ചെയ്യ്, നീ ഇങ്ങനെ ചെയ്യ് എന്ന് ആജ്ഞാപിക്കരുത്. കുഞ്ഞിന് ഈ വിഷയത്തെ കുറിച്ച് പറയുവാനുളളത് മുഴുവനായി കേള്‍ക്കണമെന്നു കൂടി പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

4) കുഞ്ഞിന്‍റെ പ്രയാസങ്ങളെ ബഹുമാനിക്കാം:

നാം പറയുന്ന കാര്യങ്ങള്‍ അണുവിട തെറ്റാതെ പ്രവര്‍ത്തിക്കാനായി കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഉദാഹരണത്തിന്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു കുട്ടി പെട്ടെന്ന് തന്നെ മുന്നിലേക്ക് എത്തണമെന്ന് വാശിപിടിക്കരുത്. ആ കുട്ടിയുടെ അധ്വാനം, ശ്രമം എന്നിവയെല്ലാം നാം കണക്കാക്കണം. ഇന്നലെത്തേക്കാള്‍ മികച്ചതായി ഈ കുട്ടി അധ്വാനിക്കുന്നുണ്ടോ എന്നത് നാം എടുത്തു പറയണം. അല്ലാതെ എപ്പോഴും നെഗറ്റീവ് മാത്രം പറഞ്ഞു കൊണ്ടിരുന്നാല്‍ കുട്ടിക്ക് എങ്ങനെ പ്രതിസന്ധികളെ നേരിടാന്‍ സാധിക്കും?

5) നെഗറ്റീവായ സംസാരരീതി ഒഴിവാക്കാം:

കുട്ടിയുടെ പോരായ്മകള്‍ മാത്രമായിരിക്കും നാമെപ്പോഴും എടുത്തു പറയുന്നത്. അത് ശ്രദ്ധിച്ച് സംസാരത്തില്‍ നിന്ന് നെഗറ്റീവ് കാര്യങ്ങള്‍ ഒഴിവാക്കി കുഞ്ഞിന്‍റെ നല്ല കാര്യങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കാം. അതിനായി നാം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മാത്രം. കുഞ്ഞിന്‍റെ നല്ല വശങ്ങള്‍ നാം കാണണമെങ്കില്‍ അതിനു മാത്രമായി ശ്രദ്ധിക്കണം. അല്ലാതെ, കുറ്റങ്ങള്‍ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടമാവുക?

ഇവയെല്ലാം ചെറിയ സൂചനകള്‍ മാത്രമാണ്. ചെറിയ രീതിയിലെങ്കിലും അവ നമ്മുടെ പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും കൊണ്ടു വന്നാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകൂ. ആദ്യം മാറ്റം വരുത്തേണ്ടത് നമ്മുടെ പ്രവര്‍ത്തനങ്ങളിലാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.