ദേഷ്യം നിയന്ത്രിക്കാം
ഡോ: ചന്ദന ഡി. കറത്തുളളി
ദേഷ്യം വരാത്ത മനുഷ്യരുണ്ടാവില്ല. ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, ചിലര്‍ക്കാകട്ടെ അത്ര പെട്ടെന്നൊന്നും ദേഷ്യം വരില്ല. ആദ്യത്തെ ഗണത്തില്‍പെടുന്നവരെ മുന്കോപി/ശുണ്ഠിക്കാരന്‍/ശുണ്ഠിക്കാരി എന്നെല്ലാം നാം അഭിസംബോധന ചെയ്യാറുണ്ട്. ഇത്തരക്കാരുമായി ഇടപെടാന്‍ തന്നെ നാം ഭയക്കാറുണ്ട്. ദേഷ്യക്കാരല്ലാത്തവരുമായി ഇടപെടാന്‍ താരതമ്യേന എളുപ്പമായി നാം കണക്കാക്കാറുമുണ്ട്. നമ്മുടെയെല്ലാം ജീവിതത്തില്‍ ചില ദേഷ്യക്കാരെയെല്ലാം നമുക്കറിയാമായിരിക്കും. എന്താണ് യഥാര്‍ത്ഥത്തില്‍ ദേഷ്യം? പ്രാഥമികമായി ദേഷ്യം എന്നത് ഒരു വൈകാരിക പ്രതികരണമാണ്. നമ്മുടെ ചുറ്റുപാടിലുളള എന്തോ ഒരു ഘടകം നമ്മിലുണര്ത്തിയ പ്രതികരണമാണ് ദേഷ്യമായി പുറത്തേക്ക് വരുന്നത്. ഇത് ശരിയല്ല എന്ന ചിന്ത നമ്മിലുണര്‍ത്തുന്ന എന്തും നമ്മില്‍ ദേഷ്യം ഉണ്ടാക്കിയേക്കാം. അത് പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടി മുതല്‍ സാമ്പത്തിക, ജീവിതപ്രശ്നങ്ങള്‍ വരെ എന്തുമാകാം. മാത്രമല്ല, നാമായിരിക്കുന്ന ആ സാഹചര്യത്തില്‍ ആ ഘടകത്തെ എനിക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന തിരിച്ചറിവും നമ്മുടെ ദേഷ്യം പതിډടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ചെറിയ അസ്വസ്ഥത മുതല്‍ കലിതുളളല്‍ തൊട്ട് കൊലപാതകം വരെ ദേഷ്യം കൊണ്ട് ഉണ്ടാകുന്നു. എല്ലായിപ്പോഴും ദേഷ്യം ഒരു മോശം വികാരമാണ് എന്ന് നാം തെറ്റിദ്ധരിക്കരുതേ. തെറ്റിനോട് പ്രതികരിക്കാനും വേണ്ട നടപടി കൈക്കൊളളാനും നമ്മെ ഒരുക്കുന്നത് ദേഷ്യമാണ്. താന്തോന്നിയായി നടക്കുന്ന മകന്റെ നിലപാടുകളോട് ദേഷ്യപ്പെടുന്ന മാതാപിതാക്കാള്ക്കല്ലേ അവനെ നേര്‍വഴിക്ക് കൊണ്ടു വരാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ വേണ്ട സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ദേഷ്യമാണെന്നതില് സംശയിക്കേണ്ട.
എന്നാല്‍ അതിന് പല പാര്‍ശ്വഫലങ്ങളുമുണ്ട് എന്നതില്‍ അതിശയിക്കേണ്ടല്ലോ. ഏതൊരു വികാരമെന്നതു പോലെയും ദേഷ്യം എന്നത് ചിന്താശക്തിക്ക് അതീതമാണ്. അതായത് പല വികാരങ്ങളും നമ്മെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത് ബുദ്ധിപരമായല്ല. അതിനാല്‍ തന്നെ അത്തരം സമയങ്ങളില്‍ വേണ്ട രീതിയില്‍ ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിക്കാനും പെരുമാറാനും നമുക്ക് സാധിക്കാതെ വരുന്നു.
തല്‍ഫലമായി ദേഷ്യം വരുമ്പോള്‍ കണ്ണു കാണാതെ നാം പെരുമാറി പോകുന്നത്. ഈ സമയങ്ങളില്‍ നമ്മെ ആരെങ്കിലും ഉപദേശിക്കാനോ തെറ്റു ചൂണ്ടിക്കാട്ടി തിരുത്താനോ ശ്രമിച്ചാലോ? അസ്സലായി. പിന്നെ ആ വ്യക്തിയോടായിരിക്കും നമ്മുടെ ദേഷ്യം മുഴുവനും. അത്കൊണ്ട് തന്നെയാണ് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതരുത് എന്ന് പറയപ്പെടുന്നത്. കൊലപാതകമോ അതിനു തുല്ല്യമായതോ ആയ പല തെറ്റുകുറ്റങ്ങളും വേദനിപ്പിക്കലുകളും ഒക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ ദേഷ്യം എങ്ങനെ നിയന്ത്രിക്കണമെന്നത് നാമെല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയമാണ്.
എന്തെല്ലാമാണ് ദേഷ്യത്തിന്റെ അനന്തരഫലങ്ങള്‍:-
ബുദ്ധിപൂര്വ്വമല്ലാതെയുളള ചിന്താശൈലിയാല് ഉണ്ടാകുന്ന എല്ലാ തെറ്റുകുറ്റങ്ങളും ദേഷ്യവും ഉണ്ടാക്കുന്നു. ആദ്യമായി കൂടെയുളളവരെ വേദനിപ്പിക്കുന്ന സംസാരരീതിയിയാണ്. അതായത് വന്ന ദേഷ്യം തീര്‍ക്കാന്‍ വേണ്ടി നാമാദ്യം ഉപയോഗിക്കുക നമ്മുടെ വാക്കുകളയായിരിക്കും. കേള്‍ക്കുന്നയാള്‍ക്ക് എന്ത് തോന്നുമെന്നോ ആരെയെല്ലാം വേദനിപ്പക്കുമെന്നോ നോക്കാതെ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുന്ന സ്വഭാവമുളളവര്‍ നമ്മുടെ ചുറ്റില്‍ ഒരുപാടുണ്ട്. ചിലരാകട്ടെ ഉളളിലുളള ദേഷ്യം കുത്തിനോവിക്കുന്ന പല കമന്റുകളായായിരിക്കും പുറത്തേക്ക് വിടുന്നത്. വാക്കാല്‍ മാത്രമല്ല ദേഹോപദ്രവത്തിലും ദേഷ്യത്തിന് വലിയ പങ്കുണ്ട്. തല്ലി തോല്‍പ്പിച്ചാല്‍ എതിരാളിയെ പെട്ടെന്ന് കീഴ്പെടുത്താം, അതുവഴി അയാളുടെ മേല്‍ തന്റെ അധികാരം സ്ഥാപിക്കാം എന്ന മനോഗതിയാണ് പലരെയും അക്രമങ്ങളിലേക്ക് എത്തിക്കുന്നത്. മറ്റു ചിലരാകട്ടെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മനോഭാവം വച്ചു പുലര്‍ത്തുന്നവരാണ്. അവര്‍ മറ്റെന്തെങ്കിലും ദേഷ്യം നിരുപദ്രവകാരി കളായവരുടെ ദേഹത്ത് തീര്‍ക്കുന്നതില്‍ വിദഗ്ദ്ധരാണ്. പലപ്പോഴും കുഞ്ഞുങ്ങളായിരിക്കും ഇത്തരം പെരുമാറ്റത്തിന്റെ മുഖ്യ ഇരകള്‍. പാവങ്ങള്‍ എന്തിനെന്നോ ഏതിനെന്നോ അറിയാതെ ചീത്തയും ബഹളവുമെല്ലാം സഹിക്കും. തുടര്‍ച്ചയായി ഉണ്ടാകുന്ന അത്തലം പെരുമാറ്റം കുഞ്ഞുങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ദേഷ്യം കൊണ്ട് കണ്ണും ബുദ്ധിയുമെല്ലാം മൂടപെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളില്‍ അടുത്തതാണ് വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയെ തന്നെ അപകടത്തിലാക്കുന്ന ഇത്തരം അബദ്ധങ്ങള്‍ നമ്മെ പ്രതിസന്ധികളിലെത്തിക്കാറുണ്ട്. ഒരു ദേഷ്യത്തിന് കിണറ്റിലേക്ക് എടുത്ത് ചാടിയാല്ക്ക മറ്റൊരു ദേഷ്യത്തിന് കരയ്ക്ക് കേറാന്‍ സാധിക്കില്ല എന്നു പറഞ്ഞ് കേട്ടിട്ടില്ലേ. ശാന്തമായ മനസ്സിന് മാത്രമേ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാനും ഉചിതമായ തീരുമാനങ്ങളെടുത്ത് മൂന്നോട്ട് പോകാനും സാധിക്കൂ.
എങ്ങനെ നിയന്ത്രിക്കാം:-
പലരും ദേഷ്യം നിയന്ത്രിക്കുന്നത് ഉളളില്‍ അത് കുത്തിനിറച്ചു കൊണ്ട് പുറമെ കാട്ടാതെയായിരിക്കും. നെഗറ്റീവ് വികാരങ്ങളെ അത്ര കണ്ട് അനുവദനീയമായി കാണാത്ത ഒരു സമൂഹമായതിനാല്‍ നമ്മുടെ ഇടയില്‍ ഇങ്ങനെ പെരുമാവുന്നവര് കൂടുതലായിരിക്കും. ദേഷ്യം ഇങ്ങനെ സപ്രസ് ചെയ്യുന്നത് കൊണ്ട് പലപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. ഒരു ഉളളിലടുക്കിയ ദേഷ്യം മറ്റൊരു സാഹചര്യത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ പുറത്ത് ചാടാന്‍ ഇടയുണ്ട്. മാത്രമല്ല ദേഷ്യം ഉളളിലടക്കുന്നവര്ക്ക് ഹൃദ്രോഗം മുതല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ വരാന്‍ സാധ്യതയേറൊണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഉളളിലടക്കാതെ പുറത്തേക്ക് പ്രകടിപ്പിക്കുക എന്നതാണ് പലരും ഉപയോഗിക്കുന്ന അടുത്ത മാര്‍ഗ്ഗം. എന്നാല്‍ എത്ര കണ്ട് പ്രകടിപ്പിച്ച് തീര്‍ത്താലും ഉളളിലുളള ദേഷ്യം മാഞ്ഞു പോകില്ല എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ കൊണ്ട് തീയണക്കാന്‍ ശ്രമിക്കുന്ന് പോലെ ദേഷ്യമാകുന്ന തീയെ ദേഷ്യപ്രകടനം ആളിക്കത്തിക്കുകയേ ഉളളൂ. മാത്രമല്ല, അമിതമായി ദേഷ്യപ്രകടനം നടത്തുന്നത് കണ്ടു വളരുന്ന ഒരു കുട്ടി ദേഷ്യം വരുമ്പോള്‍ ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പഠിക്കുന്നു. മക്കള്‍ ദേഷ്യക്കാരാകുന്നതിന്റെ ഏറ്റവും ഒന്നാമതായ കാരണം അച്ഛനമ്മമാരുടെ ദേഷ്യം തന്നെയാണ്.
ദേഷ്യം എങ്ങനെ ഫലപ്രദമായി നേരിടം എന്ന് കുട്ടികള്‍ പഠിക്കുന്നത് അച്ഛനമ്മമാരില്‍ നിന്നാണ്. നാം സ്വയം ദേഷ്യം നിയന്ത്രിച്ച് കാണിച്ചു കൊടുത്ത് പഠിപ്പിച്ചാല്‍ സ്വഭാവികമായും കുട്ടിയും ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കും. അതിനായി ആദ്യം ചെയ്യേണ്ടത് ആദ്യം ശരീരത്തെ ശാന്തമാക്കുക എന്നതാണ്. ഏത് വികാരാവേശം പോലെയും ദേഷ്യവും നമ്മുടെ ശ്വാസനാളത്തിലും ഹൃദയനാളത്തിലും രക്തചംക്രമണത്തിലും വേഗത സൃഷ്ടിക്കുന്നു. നാം സ്വയം ആ വേഗത കുറച്ചു കൊണ്ട് വന്ന് ശരീരത്തെ ശാന്തമാക്കണം. ദീര്‍ഘമായി ശ്വസിക്കുന്നതും, ഒന്നു മുതല്‍ നൂറ് വരെ എണ്ണുന്നതുമെല്ലാം ശരീരത്തെ ശാന്തമാക്കാന്‍ നമ്മെ സഹായിക്കുന്നു.
പ്രതികരണം കുറയ്ക്കാന്‍ ദേഷ്യം ഉണ്ടാക്കിയ സാഹചര്യത്തില്‍ നിന്നും തല്ക്കാലം മാറി പോവുക എന്നതാണ് പിന്നെ ചെയ്യാവുന്നത്. എഴുന്നേറ്റ് മറ്റൊരു മുറിയില്‍ പോയിരിക്കുന്നത് ഫലം ചെയ്യും. എന്നിട്ട് മനസ്സിനെ ശാന്തമാക്കി ഉണ്ടായ സംഭവത്തെക്കുറിച്ച് ചിന്തിക്കാം. തന്നെ വേദനിപ്പിച്ച വ്യക്തിയുടെ ഭാഗത്ത് നിന്നും ചിന്തിക്കാം. അങ്ങനെ പ്രശ്നത്തെ മറ്റൊരു കോണിലൂടെ കാണുന്നത് മാനസികസംഘര്‍ഷം ലഘൂകരിക്കും.
മനസ്സൊന്ന് തണുത്തതിനു ശേഷം മറ്റ് ആഹ്ലാദകരമാകുന്ന കാര്യങ്ങളിലേക്ക് മനസ്സിനെ തിരിച്ച് വിടാം. ശാന്തമായ സംഗീതം ശ്രവിക്കുന്നതും, ടി.വി. കാണുകയോ, പുസ്തകം വായിക്കുകയോ, മറ്റ് ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതും ഫലം ചെയ്യും. അങ്ങനെ സ്വസ്ഥമായി ചിന്തിക്കാവുന്ന മാനസികാവസ്ഥയിലെത്തിയതിന് ശേം വിവേകബുദ്ധിയോടെ പ്രശ്നത്തെ സമീപിക്കാം. നമ്മുടെ ആവശ്യങ്ങള്‍ തുറന്ന് പറയുകയും നാം ഇടപെടുന്നവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യാം. ദേഷ്യം വന്ന് കണ്ണു കാണാതെ നില്‍ക്കുമ്പോഴും യുക്തിയോടെ തീരുമാനങ്ങള്‍ എടുക്കാനും പെരുമാറാനും സാധിക്കുവാന്‍ നല്ല പരിശീലനം വേണം. അര്‍പ്പണബോധത്തോടെ സ്വന്തം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ.