പണം മാത്രമാണോ യഥാര്‍ത്ഥ സമ്പത്ത്

പണം മാത്രമാണോ യഥാര്‍ത്ഥ സമ്പത്ത്

ഡോ: ചന്ദന ഡി. കറത്തുളളി

ജീവിക്കാന്‍ പണം അത്യന്താപേക്ഷിതം തന്നെ. സാധനങ്ങള്‍ വാങ്ങുവാനും, വേണ്ട സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുമെല്ലാം ആവശ്യത്തിന് പണം ഉണ്ടായേ തീരൂ. അതില്ലാത്ത അവസ്ഥയെ ദാരിദ്ര്യം എന്ന് നാം വിശേഷിപ്പിക്കുന്നു. പണ്ട് കാലത്ത് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആവശ്യത്തിന് പണം സ്വരൂപിക്കാനായി ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ വിപുലമായി വിദ്യാഭ്യാസ-പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടതും, വിദ്യാഭ്യാസം നേടേണ്ടത് നമ്മുടെ അടിസ്ഥാന ആവശ്യമായി മാറിയതും, കേരളീയര്‍ അധികമായി പുറംനാടുകളില്‍ ജോലിക്ക് പോകാനാരംഭിച്ചതും, അതുവഴി ജീവിതചെലവിനാവശ്യായ പണം സമ്പാദിക്കാന്‍ സാധിച്ചതും നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ മാറ്റി മറിച്ചു. ഇന്ന് നമ്മില്‍ ഭൂരിഭാഗം പേരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുളളവരും, മികച്ച ജോലി സമ്പാദിച്ച് ജീവിക്കുന്നവരുമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടി ബിസിനസ്സ് ചെയ്യുന്നവരും നമ്മുടെ നാട്ടില്‍ ഒരുപാട് പേരുണ്ട്. എന്തു തന്നെയായാലും നമ്മുടെ നാടിന്‍റെ മാറിയ സമ്പദ്ഘടന ആളുകളുടെ ജീവിതശൈലിയിലും ചിന്താശൈലിയിലുമെല്ലാം വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്.

ഈ മാറിയ ചിന്താശൈലിയുടെ ഒരു ഭാഗമാണ് സ്റ്റാറ്റസ് എന്നത്. മികച്ച സാമ്പത്തിക സുരക്ഷിതത്വം ഉളളവരും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുളളവരും ഉയര്‍ന്ന സ്റ്റാറ്റസ് ഉളളവരായി പറയപ്പെടുന്നു. വിവാഹകാര്യങ്ങളില്‍ മാത്രമല്ല, മറ്റ് പല ആവശ്യഘട്ടങ്ങളിലും ഈ തരംതിരിവ് നമ്മുടെ മനസ്സില്‍ കയറി കൂടിയിട്ടുണ്ട്. സമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിച്ച് കാണുന്നത് ഇന്നോ ഇന്നലയോ നമ്മുടെ സംസ്കൃതിയില്‍ അലിഞ്ഞ് ചേര്‍ന്നതല്ല, അതിന് ഒരുപാട് കാലത്തെ പഴക്കമുണ്ട്. ഈയൊരു ചിന്താഗതി അച്ഛനമ്മമാരുടെ മനസ്സില്‍ ഇത്ര കാശ് സമ്പാദിച്ചാലേ എന്‍റെ കുട്ടി മികച്ചതാകൂ,ഇന്ന ജോലി/കോഴ്സ് നേടിയാലേ എന്‍റെ കുട്ടി ജീവിതവിജയം നേടി എന്ന് പറയാനാകൂ എന്ന ധാരണകള്‍ക്ക് ജډം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ചെറുപ്പത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുളള അച്ഛനമ്മമാരില്‍. എന്നാല്‍ ഈ രീതിയില്‍ മക്കളെ വളര്‍ത്തുന്നതില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ആദ്യമായി, മറ്റുളളവരുടെ മുന്നില്‍ സ്റ്റാറ്റസ് പ്രവര്‍ത്തിപ്പിക്കാനുളള ഉപാധികളായി മക്കള്‍ മാറി പോയി. എന്‍റെ സഹോദരങ്ങളുടെ മക്കള്‍ ഇന്ന
കോളേജില്‍ അല്ലെങ്കില്‍ ഇന്ന കോഴ്സിന് ചേര്‍ന്നിരിക്കുന്നു. എന്‍റെ കുട്ടിക്ക് സമാനമായ വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചില്ല എങ്കില്‍ എനിക്ക് മോശമാണ് എന്ന ധാരണയില്‍ കഴിയുന്ന മാതാപിതാക്കള്‍ കുറവല്ല. ഇങ്ങനെ വളരുന്ന കുട്ടിയുടെ മനസ്സില്‍ താന്‍ ജീവിക്കുന്നത് അച്ഛനമ്മമാരുടെ യശസ്സ് ഉയര്‍ത്തനാണ്, തനിക്ക് അതിന് സാധിക്കുന്നില്ല എങ്കില്‍ താനൊരു തോല്‍വിയാണ് എന്ന ചിന്ത ഉണ്ടാകുന്നു. എന്‍റെ ആത്മവിശ്വാസത്തിന് ആധാരം എന്‍റെ കഴിവുകളും സ്വഭാവവുമായിരിക്കണം, അല്ലാതെ എന്‍റെ അച്ഛനുമമ്മയും എന്‍റെ കഴിവിനേക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും എന്തു പറയുന്നു എന്നതാവരുത്. അതായത് സ്റ്റാറ്റസ് ചിന്ത അമിതമായി കുത്തി നിറച്ചു വളര്‍ത്തുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസകുറവ് ഉണ്ടാകാം. അങ്ങനെയുളള കുട്ടികള്‍ ഭാവിയില്‍ നങ്ങളുടെ ജീവിതത്തില്‍ ഒരു വീഴ്ച സംഭവിച്ചാല്‍ അതില്‍ നിന്ന് കരകയറി വരാന്‍ ബുദ്ധിമുട്ട് അനുഭവിച്ചേക്കാം. കാരണം ഉയര്‍ന്ന് വരാനുളള തന്‍റെ കഴിവിലെ വിശ്വാസമില്ലായ്മ തന്നെ.

പണത്തിന് മാത്രം മൂല്ല്യം നല്‍കുകയും സ്വഭാവശുദ്ധിക്കോ നല്ല ബന്ധങ്ങള്‍ക്കോ നല്ല പെരുമാറ്റത്തിനോ പ്രാധാന്യം നല്‍കാതെ മക്കളെ വളര്‍ത്തുന്നത് പണത്തിന് വേണ്ടി കുട്ടികള്‍ എന്തും ചെയ്യുന്ന അവസ്ഥക്ക് കാരണമാകുന്നു. അതായത് സ്വന്തം ആഗ്രഹങ്ങള്‍ നേടാനായി എന്ത് കളളത്തരവും കാണിക്കുന്നതിന് മടിയുണ്ടാകില്ല. നല്ല മാര്‍ക്ക് നേടുന്നതോ, എല്ലാത്തിനും ഒന്നാമതാവുന്നതോ അല്ല, മറിച്ച് നല്ല സ്വഭാവത്തോടെ നിലകൊളളുന്നതാണ് ഏറ്റവും വലിയ വിജയം എന്ന് മക്കളെ പഠിപ്പിക്കാന്‍ അച്ഛനമ്മമാര്‍ ചിലപ്പോള്‍ മറന്നു പോകാറുണ്ട്. ഫലമോ, തന്‍റെ വിജയം കുട്ടികള്‍ അളക്കുന്നത് ഞാന്‍ എന്താണ് എന്നതിന് അനുസൃതമായല്ല, മറിച്ച് എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്ത് നേടുന്നു എന്നതിന് അനുസൃതമായാണ്. തന്‍റെ ജീവിതസാഹചര്യങ്ങളിലൂടെ മാത്രം തന്‍റെ കഴിവിനെയും വിജയത്തെയും അളക്കുന്ന കുട്ടികള്‍ എങ്ങനെ സത്ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തും, എങ്ങനെ വീഴ്ചകളില്‍ നിന്നും കഠിനാധ്വാനം ചെയ്ത് ഉയര്‍ന്നു വരും?

ഒരാളെ അളക്കുന്നത് പണത്തിന്‍റെയും സ്റ്റാറ്റസിന്‍റെയും മാത്രം അളവ് കോലിലായാല്‍ അയാളുടെ കഴിവുകളും സ്വഭാവവുമെല്ലാം നാം കാണാതെ പോകാനിടയുണ്ട്. സ്വഭാവമഹിമയും സത്ഗുണങ്ങളും പെരുമാറ്റ ശൈലിയുമെല്ലാമാണ് ഒരാളെ നാം അളക്കുന്നതിന്‍റെ പ്രാഥമിക അളവുകോല്‍. എന്നാല്‍ ഇന്ന് കണ്ട് വരുന്ന പ്രവണത കാശും സ്വാധീനവുമെല്ലാം ആണ് ഒരാളുടെ മേډയ്ക്ക് ആധാരം എന്ന ചിന്താഗതിയാണ്. അതിനാല്‍ തന്നെ ഇല്ലാത്തത് ഉണ്ടെന്ന് കാട്ടി മേډ കാണിക്കാന്‍ ഇന്ന് പലരും പല വഴികളും തെരഞ്ഞെടുക്കുന്നു. കുറ്റകൃത്യങ്ങളുടെ അളവും താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ നിരാശയിലേക്ക് കൂപ്പുകുത്തുന്ന ആളുകളുടെ എണ്ണവും ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. സ്വന്തം കഴിവിലുളള വിശ്വാസമില്ലായ്യാണ് ആത്മഹത്യകളുടെ തോത് വളരെയധികം കൂട്ടുന്നത്. ക്രിയാത്മകതയും അര്‍പ്പണബോധവുമെല്ലാം കഴിവിന്‍റെ ആധാരമല്ലാതായിട്ട് ഇപ്പോള്‍ നാളുകളേറെയായി. ഇതിനൊരു മാറ്റം വേണമെങ്കില്‍ പണത്തിനും സ്വാധീനത്തിനുമെല്ലാം അമിതപ്രാധാന്യം നല്‍കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.

പിന്നെ എന്തിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്? ആദ്യമായി, കുട്ടികളുടെ റിസള്‍ട്ടിനെ പ്രശംസിക്കുന്ന രീതി മാറ്റി, അവരുടെ അധ്വാനത്തിനെ പ്രശംസിക്കുന്ന മനോഭാവം ഉണ്ടാക്കിയെടുക്കണം. അതായത്, കുട്ടിയെ മുഴുവന്‍ മാര്‍ക്കും കിട്ടുമ്പോള്‍ മാത്രം പ്രശംസിക്കുന്ന പ്രവണത മാറ്റി വച്ച്, പഠനത്തിയായി കുട്ടി കൂടുതലായി അധ്വാനിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശംസിക്കാം. ഓരോ കുട്ടിയുടെയും നൂറു ശതമാനം ആത്മാര്‍ത്ഥതയും അധ്വാനവും കാണിക്കുമ്പോള്‍ കുട്ടിയെ അംഗീകരിക്കാം.

നല്ല സ്വഭാവശൈലികള്‍ക്ക് പ്രാധാന്യം നല്‍കാം. മറ്റുളളവരെ സഹായിക്കുക, സത്യം പറയുക, മറ്റുളളവരുടെ വിഷമം മനസ്സിലാക്കി നല്ലത് പറയുക, നന്നായി പെരുമാറുക, വിനയം കാത്തു സൂക്ഷിക്കുക എന്നിങ്ങനെയുളള നല്ല പെരുമാറ്റങ്ങള്‍ക്ക് കുട്ടിയെ പ്രശംസിക്കാം. അത്തരം സ്വഭാവരീതികള്‍ പ്രചോദിപ്പിക്കാം. നമ്മുടെ കൂടെ വീട്ടിലെ മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ കൂടെ കൂട്ടാം. അങ്ങനെ ചെയ്യുമ്പോള്‍ കുഞ്ഞിനെ അകമഴിഞ്ഞ് അഭിനന്ദിക്കാം. കുഞ്ഞിന്‍റെ ഭാഗത്ത് നിന്നും വന്ന തെറ്റുകള്‍ ഏറ്റു പറയാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കാം. അങ്ങനെ സ്വന്തം തെറ്റുകള്‍ ഏറ്റു പറയുമ്പോള്‍ കുഞ്ഞിനെ അഭിനന്ദിക്കുകയും ശിക്ഷയില്‍ ഇളവ് നല്‍കുകയും ചെയ്യാം. മറ്റുളളവരോട് സൗമ്യമായ ഭാഷയില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കാം. എടാ, പോടാ, എടീ, പോടീ എന്നിങ്ങനെയുളള അഭിസംബോധനകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കാം. അങ്ങനെ വേണമെങ്കില്‍ ആദ്യം നാം അത്തരം പരുഷമായ സംസാരരീതി ഒഴിവാക്കണം. സ്വയം ഒഴിവാക്കാതെ, കുഞ്ഞിനെ ശകാരിച്ചിട്ട് എന്തു ഫലം? സ്നേഹത്തോടെ മറ്റുളളവരോട് പെരുമാറാന്‍ ശീലിപ്പിക്കാം. അതിന് ആദ്യം കുഞ്ഞിനോട് നാം സ്നേഹത്തില്‍ പെരുമാറേണ്ടിയിരിക്കുന്നു. വാക്കിലും നോക്കിലും നാമാദ്യം സ്നേഹവും പരിഗണനയും പ്രകടിപ്പിക്കേണ്ടി യിരിക്കുന്നു.

പണം മാത്രമല്ല യഥാര്‍ത്ഥ സമ്പത്ത്. ആരോഗ്യമുളള ശരീരം സമ്പത്താണ്. കാരണം അസുഖം ബാധിച്ച് കിടപ്പിലായാല്‍ സമ്പാദിച്ച പണം കൊണ്ട് എന്തു ഫലം? പണം നല്‍കിയാല്‍ ആരോഗ്യം ഉണ്ടാകണമെന്നില്ല. ചിട്ടയായ ജീവിതരീതി, ആരോഗ്യകരമായ ആഹാരശൈലി, വ്യായമം എന്നിവയെല്ലാമാണ് ആരോഗ്യം നല്‍കുന്നത്. ഇതെല്ലാം പണം കൊടുത്ത് വാങ്ങേണ്ടതല്ല. ചിട്ടയായി ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്.

ആരോഗ്യമളള മനസ്സ് സമ്പത്താണ്. അസൂയയും, കുശുമ്പും, ആക്രമവാസനയും, അഹങ്കാരവും, ആര്‍ത്തിയും നിറഞ്ഞ മനസ്സ് ആരോഗ്യകരമാണോ? ഒരിക്കലുമല്ല. സങ്കടങ്ങളെയും നിരാശകളെയും മനോബലം കൊണ്ട് വിജയിച്ച്, സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും പരോപകാരം ചെയ്തും എല്ലാം മുന്നോട്ട് പോകാന്‍ ആര്‍ജ്ജവം തരുന്നതാണ് ആരോഗ്യമുളള മനസ്സ്. അതില്ലാതെ, എത്ര കാശ് സമ്പാദിച്ചിട്ട് എന്ത് ഫലം? സ്വയമേ വേദനിക്കാനും, മറ്റുളളവരെ വേദനിപ്പിക്കാനും മാത്രം ഗുണം ചെയ്യും.

നമ്മുടെ എല്ലാ കുറവുകളും അംഗീകരിച്ചു കൊണ്ട് നമ്മെ സ്നേഹിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങളും സമ്പത്ത് തന്നെയാണ്. നമ്മെ ഭയന്നും കാര്യം കാണാന്‍ വേണ്ടിയും കൂടെ നില്‍ക്കുന്നവര്‍ നല്ല ബന്ധങ്ങളല്ല. നമ്മുടെ അധികാരവും പണവും ഇല്ലാതായാല്‍ തീരുന്നതേ ഉളളൂ അത്തരം ബന്ധങ്ങള്‍. അതിനുമപ്പുറം നമ്മുടെ എല്ലാ മോശവശങ്ങളും അംഗീകരിച്ചു കൊണ്ട് തന്നെ നമ്മുടെയൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങളാണ് നമുക്കാശ്വാസമേകുന്നത്. ഇട്ടു മൂടാന്‍ സ്വത്തുണ്ട് എങ്കിലും അത് പങ്ക് വയ്ക്കാന്‍ സ്നേഹം നിറഞ്ഞ ഒരാളില്ലായെങ്കില്‍ എന്തെങ്കിലും പ്രയോജനമുണ്ടോ?

ആത്മീയമായി ഉയര്‍ന്നു ചിന്തിക്കാനും, തന്നോട് തെറ്റ് ചെയ്തവരോട് പോലും പൊറുക്കാനും അവരുടെ മനസ്സ് മനസ്സിലാക്കി ക്ഷമിക്കാനും സാധിക്കുന്നതും, പണത്തിനുമപ്പുറം ആളുകള്‍ക്ക് അവരുടെ സ്നേഹത്തിന് ആത്മാര്‍ത്ഥതയ്ക്ക് വില നല്‍കുകയും, ബഹുമാനത്തോടും കരുണയോടും മാത്രം ആളുകളെ നോക്കി കാണുന്ന മനസ്സല്ലേ യഥാര്‍ത്ഥ സമ്പത്ത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ചുറ്റിലുമുളള പലരും ശോച്യര്‍ തന്നെ.