ഞാന്‍, എന്‍റെ, എനിക്ക്
ഡോ: ചന്ദന ഡി. കറത്തുളളി
പൊതുവെ അഹങ്കാരിയും, മറ്റുളളവരോട് ആധിപത്യത്തോടെയും മേല്‍ക്കോയ്മയോടെയും പെരുമാറുകയും, തന്‍റെ തെറ്റുകള്‍ അംഗീകരിക്കാത്തവരെയും വിശേഷിപ്പിക്കാന്‍ നാം ഉപയോഗിക്കുന്ന വാക്കാണ് ഈഗോ. നമ്മുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ ശ്രമിക്കാതെ നമ്മെ എപ്പോഴും പഴി ചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെയാണ് ഈഗോ ഉളളവരായി നാം കണക്കാക്കുന്നത്. അത് നമ്മുടെ മേലധകാരിയാവാം, ഭര്‍ത്താവാകാം, ഭാര്യയാകാം, അച്ഛനോ, അമ്മയോ, അമ്മാവനോ ആകാം. എന്നാല്‍ എന്താണ് ഈഗോ യാഥാര്‍ത്ഥ്യത്തില്‍?
മന:ശാസ്ത്രത്തില്‍ ഈഗോയെ കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നത് ഫ്രോയിഡിന്‍റെ രചനകളിലാണ്. നമ്മുടെ ഉളളിലെ ഞാന്‍ എന്ന ഭാവത്തെ തന്നെയാണ് അദ്ദേഹം ഈഗോ എന്ന് വിളിച്ചത്. എന്നാല്‍ നാം കരുതുന്ന ഈഗോ അല്ല അത്. നമ്മുടെ എല്ലാവരുടെ ഉളളിലും ഈഗോ ഉണ്ട്. ഞാന്‍ എന്നു നാം പറയുമ്പോളെല്ലാം ഈ ഈഗോയെ ആണ് നാം സൂചിപ്പിക്കുന്നത്. ഞാന്‍, എന്‍റെ, എനിക്ക് എന്നെല്ലാം പറയുന്നത് ഈഗോയെ തന്നെയാണ്. മനസ്സിനെ മുന്നോട്ട് നയിക്കുന്ന തേരാളിയായി നമുക്ക് ഈഗോയെ കാണാം. നാം തീരുമാനങ്ങള്‍ എടുക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ഈഗോയുടെ നിര്‍ദ്ദേശപ്രകാരമാണ്. നമ്മുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ചുറ്റുപാടുകളുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ട് പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈഗോയുടെ ജോലിയാണ്.
നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ ഈഗോ വളര്‍ന്നു വരുന്നതേ ഉണ്ടാവൂ. ഒരു വയസ്സിന് താഴെയുളള കുഞ്ഞുങ്ങളില്‍ ഞാന്‍ എന്താണ്, എനിക്ക് എന്തുവേണം, എന്‍റെ എന്നു പറയാവുന്നത് എന്താണ് എന്ന ബോധം വളര്‍ച്ച പ്രാപിക്കുന്ന കാലഘട്ടമാണ്. തനിക്ക് വിശക്കുമ്പോളും ഉറക്കം വരുമ്പോളും അസ്വാസ്ഥ്യം തോന്നുമ്പോളും കരയുക എന്നതിന് അപ്പുറം ആ കുഞ്ഞിന് അത്തരമൊരു മനോഭാവം ഉണ്ടാവുകയില്ല. എന്നാല്‍ ഒരു വയസ്സ് കഴിയുന്നതോടെ കുഞ്ഞ് പതുക്കെ എനിക്ക് എന്തെല്ലാം വേണം എന്നു പതിയെ തിരിച്ചറിയാന്‍ തുടങ്ങും. പതിയെ പതിയെ ഈഗോ വളരുകയാണ്. വ്യക്തമായി ആശയവിനിമയം നടത്താന്‍ പഠിച്ചു കഴിഞ്ഞാല്‍ കുഞ്ഞ് അത് പ്രകടിപ്പിക്കാന്‍ തുടങ്ങും. തീരുമാനങ്ങള്‍ എടുക്കുന്നു. സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനും മനസ്സ് പഠിക്കുന്നതോടെ ഈഗോയും വളരും. യഥാര്‍ത്ഥ്യത്തില്‍ ഊന്നിയുളള പ്രവര്‍ത്തനശൈലിയാണ് ഈഗോയുടെ. ഉദാഹരണത്തിന്, ഒരു വ്യക്തി ജോലിക്കു പോകും വഴി മനസ്സ് പറഞ്ഞു ഹാ, ഒരു ബിയര്‍ കഴിക്കാമായിരുന്നു എന്ന്. ഉടനെ തന്നെ മനസ്സിന്‍റെ മറ്റൊരു അറ്റത്തു നിന്നും ഒരു മറുശബ്ദം ജോലിക്ക് പോകും വഴിയാണോ ബിയര്‍ കഴിക്കുന്നത്, അതും ഇത്ര രാവിലെ. വൈകിട്ട് വരും വഴി ആവാം. അതും മിതമായി. ഈ രണ്ട് ശബ്ദവും നമ്മുടെ മനസ്സിന്‍റെ തന്നെയല്ലേ. എന്നാല്‍ എന്തു തീരുമാനം നാമെടുക്കും എന്നത് നാമീ രണ്ട് അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും. വളരെ ലോജിക്കല്‍ ആയി തീരുമാനം എടുക്കുന്നു. അതാണ് ഈഗോ. നമ്മുടെ ആവശ്യങ്ങളെയും സാഹചര്യത്തേയും പരിഗണിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈഗോയുടെ ദൗത്യം.
ജീവിതത്തിലെ ആവശ്യങ്ങളും കടമകളും സാഹചര്യങ്ങളും നമ്മുടെ ബന്ധങ്ങളും എല്ലാം ചേര്‍ത്ത് സന്തുലിതമായി മുന്നോട്ട് കൊണ്ടു പോകാന്‍ നമുക്ക് ശക്തമായ ഒരു ഈഗോ ഉണ്ടായേ തീരൂ. പ്രതിസന്ധികളെ തരണം ചെയ്യാനും ഔചിത്യപൂര്‍വ്വം ചിന്തിക്കാനും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാനും അതിനോടൊപ്പം നമ്മുടെ കൂടെയുളളവരുടെ ആവശ്യങ്ങള്‍ കൂടെ ചിന്തിക്കാനും ആരോഗ്യകരമായ ഈഗോ നമുക്ക് അത്യാവശ്യമാണ്. നമ്മെ തന്നെ തിരിച്ചറിഞ്ഞിട്ടാണ് ആരോഗ്യകരമായ ഈഗോ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചിലപ്പോഴെല്ലാം ഈഗോ അനാരോഗ്യകരമായി പ്രവര്‍ത്തിക്കും. അപ്പോഴാണ് മറ്റുളളവര്‍ക്കും നമുക്കു തന്നെയും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ നാം പെരുമാറുന്നത്.
നമ്മുടെ സ്വഭാവശൈലിയും ചെറുപ്പത്തിലെ നമുക്കുണ്ടാവുന്ന അനുഭവങ്ങളുമാണ് നമ്മുടെ ഈഗോയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത്. കുഞ്ഞുങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ അനാവശ്യമായ കുറ്റപ്പെടുത്തലുകളും വ്രണപ്പെടുത്തലുകളും ഇല്ലാതെ തന്നെ അവരെ തിരുത്താന്‍ സാധിക്കുന്നവരാണ് വിജയികളായ മാതാപിതാക്കള്‍. അത്തരം ഇടപെടലിലൂടെ എനിക്ക് തെറ്റു പറ്റുന്നത് സ്വാഭാവികമാണെന്നും, അത് തിരുത്തുന്നതിലാണ് എന്‍റെ വിജയമെന്നും കുഞ്ഞുങ്ങള്‍ പഠിക്കുന്നു. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ കുഞ്ഞുങ്ങളുടെ ഈഗോയില്‍ മുറിപ്പാടുകള്‍ വീഴ്ത്തുന്നു. താന്‍ ഒന്നിനും കൊളളാത്തവനാണെന്നും താന്‍ മറ്റുളളവരെക്കാളും മോശമാണെന്നുമുളള സന്ദേശം കുഞ്ഞിന്‍റെ ഈഗോയ്ക്ക് ലഭിക്കുന്നു. വളര്‍ച്ചയെത്താത്ത കുഞ്ഞിന്‍റേ ഈഗോയാവട്ടെ ഇത്തരം അസുഖകരമായ സന്ദേശത്തോട് പ്രതികരിക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. താന്‍ മോശക്കാരനാണ് എന്ന സന്ദേശം ലഭിക്കാനിടയുളള സാഹചര്യങ്ങളില്‍ നിന്നും രക്ഷ നേടാനായി നമ്മുടെ ഈഗോ പല തന്ത്രങ്ങളും മെനയുന്നു. ഇത്തരം തന്ത്രങ്ങള്‍ മൂലമാണ് വളര്‍ന്നു വരുമ്പോള്‍ ബന്ധങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഈഗോ വില്ലനാവുന്നത്. അവിടെയെല്ലാം പ്രശ്നക്കാരുടെ ഈഗോ തന്നെ കുറ്റപ്പെടുത്താനിടയായേക്കാവുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ രീതിയില്‍ പെരുമാറുന്നത് എന്നത് അടിവരിയിട്ട് ഓര്‍മ്മിക്കണം. അത്തരം ചിലരുടെ സ്വഭാവ സവിശേഷതകള്‍ ഇവയാണ്.
1) എന്തും നിയന്ത്രിക്കാനുളള പ്രവണത:
എന്‍റെ വീട്ടിലെ എല്ലാവരും ഞാന്‍ പറയുന്നതു പോലെ തന്നെ പെരുമാറണം എന്നു വാശി പിടിക്കുന്നത് അനാരോഗ്യകരമായ ഈഗോ ഉളളവരുടെ പ്രത്യേകതയാണ്. കുട്ടികള്‍ മുതല്‍ തന്‍റെ ഭാര്യയോ ഭര്‍ത്താവോ എന്‍റെ വയസ്സായ അച്ഛനമ്മമാര്‍ വരെ എല്ലാവരും താന്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും വേണമെന്ന് അവര്‍ വാശി പിടിച്ചേക്കാം. തന്നെ മറ്റുളളവര്‍ എതിര്‍ക്കുന്നത് ഇവര്‍ക്ക് സഹിക്കാനാവില്ല.
2) തന്‍റെ തെറ്റ് തുറന്നു സമ്മതിക്കാനുളള വിമുഖത :
തനിക്ക് ഒരു തെറ്റു പറ്റിയെന്ന് പലര്‍ക്കും സമ്മതിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. എങ്ങനെയെങ്കിലും കുറ്റം മറ്റൊരാളുടെ തലയില്‍ കെട്ടി വയ്ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുക. തന്‍റെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവര്‍ ഇവരുടെ ഏറ്റവും വലിയ ശത്രുക്കളായിരിക്കും. അവരോട് നിര്‍ദ്ദാക്ഷിണ്യം പെരുമാറാന്‍ ശ്രമിക്കുന്നതോടെ ബന്ധങ്ങള്‍ അകലും.
3) മറ്റൊരാളുടെ ഭാഗത്ത് നിന്നും ചിന്തിക്കാനുളള കഴിവില്ലായ്മ:
ഏതൊരാളുടെയും ബന്ധങ്ങള്‍ക്ക് മാറ്റു കൂട്ടുന്നത് മറ്റൊരാളുടെ ഭാഗത്ത് നിന്നും ചിന്തിക്കാനുളള കഴിവാണ്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കാതെ വരും. എപ്പോഴും ഞാന്‍ എനിക്ക് എന്ന സ്വാര്‍ത്ഥബുദ്ധിയോടെ പെരുമാറുന്ന ഇക്കൂട്ടര്‍ മറ്റൊരാളുടെ വിഷമം മനസ്സിലാക്കി പെരുമാറാതെ തന്നെ സ്നേഹിക്കുന്നവരെ തോല്‍പ്പിക്കാനായിരിക്കും ശ്രമിക്കുന്നത്. അവരുടെ മേല്‍ കുറ്റം ചാരുകയും അവരെ പഴി പറഞ്ഞും ജീവിക്കും എന്നല്ലാതെ എനിക്ക് പ്രശ്നപരിഹാരത്തിന് എന്തു സാധിക്കും. എന്തു കൊണ്ടായിരിക്കാം അവര്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് ഇക്കൂക്കര്‍ ചിന്തിക്കാറില്ല.
4) ഞാന്‍ പിടിച്ച മുയലിന് പത്ത് കൊമ്പ്:
ഞാന്‍ പറഞ്ഞതു മാത്രമാണ് ശരി എന്ന നിര്‍ബന്ധബുദ്ധിയോടെ പെരുമാറുന്നവര്‍ അനാരോഗ്യകരമായ ഈഗോ ഉളളവരായിരിക്കും. നേരത്തെ സൂചിപ്പിച്ചതു പോലെ മറ്റൊരാളുടെ കണ്ണിലൂടെ ലോകം കാണാന്‍ ഇവര്‍ക്ക് സാധിക്കില്ല.
സ്വന്തം ഈഗോയുടെ പ്രശ്നങ്ങള്‍ക്ക് അതീതമായി ഇവര്‍ക്ക് കാണാന്‍ സാധിക്കുകയില്ല. അതിനാലാണ് അവര്‍ക്ക് മറ്റൊരാളുടെ മാനസികനിലയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ കുറ്റപ്പെടുത്തല്‍ വീണ്ടും പ്രശ്നങ്ങള്‍ വഷളാക്കുകയേ ഉളളൂ. അവരുടെ ഭാഗത്തു നിന്നും ചിന്തിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിച്ചേക്കും. ഇത്തരം ആളുകളോട് ഇടപെടുമ്പോള്‍ ഉപയോഗിക്കാവുന്ന ചില നിര്‍ദ്ദേശങ്ങളിതാ:
1) താങ്കള്‍ പറയുന്നത് ശരിയാണ്, എന്നാലും എനിക്ക് പറയാനുളളത് കേള്‍ക്കാമോ? എന്നു ചോദിക്കുന്നത് നാം അവരെ കുറ്റപ്പെടുത്താനോ കടന്നാക്രമിക്കാനോ വരുന്നതല്ല എന്ന സന്ദേശം അവര്‍ക്കു നല്‍കുന്നു. നാം പറയുന്നത് അവര്‍ക്ക് സ്വീകാര്യമാവാന്‍ ഇത്തരം ഒരു നിലപാട് സഹായിക്കും.
2) താങ്കള്‍ താങ്കളെ കുറ്റപ്പെടുത്തുകയല്ല. താങ്കളുടെ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെ ചെയ്തേനെ എന്ന അംഗീകാരം അവരെ കുറച്ചു കൂടെ നമ്മോടടുപ്പിക്കാന്‍ സഹായിക്കും. അതിന് ശേഷം നമുക്ക് പറയാനുളളത് കുറ്റപ്പെടുത്തിലിന്‍റെ മുള്‍മുനയില്ലാതെ പറയുന്നത് ബന്ധങ്ങള്‍ അകലാതെ സഹായിക്കും.
ആരും പെരുമാറുന്നത് മറ്റൊരാളെ വേദനിപ്പിക്കാനല്ല. നാമെല്ലാം നമ്മളെ കൊണ്ടാവുന്നതു പോലെ പെരുമാറുന്നു. പ്രശ്നങ്ങളുണ്ടാവാം. പരസ്പരം കുറ്റപ്പെടുത്താതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നതിലല്ലേ നമ്മുടെ വിജയം.