എന്നെ ആരും മനസ്സിലാക്കുന്നില്ല
ഡോ: ചന്ദന ഡി. കറത്തുളളി
പലപ്പോഴും നാം പ്രകടിപ്പിക്കുന്ന പതിവു പരാതികളിലൊന്നാണ് ഇത്. നമ്മെ നമ്മുടെ വേണ്ടപ്പെട്ടവര്‍ ഒട്ടും മനസ്സിലാക്കുന്നില്ല എന്നും അവര്‍ നമ്മെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ് എന്നും നമുക്ക് തോന്നാറുണ്ട്. നമ്മുടെ ഭാഗത്തു നിന്നും നമ്മുടെ വികാരവിചാരങ്ങള്‍ എന്തായിരിക്കും എന്നും എന്തു കൊണ്ടാണ് നാം ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്നുമൊക്കെ എന്തുകൊണ്ടാണ് നമ്മെ സ്നേഹിക്കുന്നവര്‍ ചിന്തിക്കാത്തത് എന്ന് പലപ്പോഴും നാം ആശങ്കപ്പെടാറുണ്ട്. പരസ്പരം വഴക്കുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും. എന്തുകൊണ്ടാണ് ഇത്തരം പരാതികള്‍ നിരന്തരം ഉയര്‍ന്നു വരുന്നത്? എന്തുകൊണ്ടാണ് ആളുകള്‍ പരസ്പരം മനസ്സിലാക്കാതെ പോകുന്നത്?
നാം ഒരാളെ സ്നേഹിച്ചാല്‍ മാത്രം പോരാ, നാം സ്നേഹം ശരിയായി പ്രകടിപ്പിക്കുക കൂടി വേണമെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് പരസ്പരം മനസ്സിലാക്കുന്നതും. നമ്മുടെ ഭാര്യ/ഭര്‍ത്താവ് എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നു നാം മനസ്സിലാക്കുന്നുണ്ടാവാം, എന്നാല്‍ എത്ര മാത്രം നാം അവരെ മനസ്സിലാക്കുന്നു എന്നത് അവര്‍ തിരിച്ചറിയുന്നുണ്ട് എന്നതു കൂടെ പ്രധാനമാണ്.
മറ്റൊരാളുടെ വികാരവിചാരങ്ങളെ അയാളുടെ ഭാഗത്തു നിന്നും മനസ്സിലാക്കാനുളള കഴിവിനെയാണ് മന:ശാസ്ത്രത്തില്‍ എംമ്പതി എന്നു പറയുന്നത്. മലയാളത്തില്‍ ഈ കഴിവിനെ നമുക്ക് സഹാനുഭൂതി എന്നു വിളിക്കാമെങ്കിലും എത്രമാത്രം അര്‍ത്ഥം യോജിക്കുന്നു എന്നു ചിന്തിക്കേണ്ടതാണ്. നമ്മളുമായി ഇടപെടുന്ന വ്യക്തിയുടെ വികാരം എന്താണ്, എന്തു കൊണ്ടാണ് അയാള്‍ ഇങ്ങനെ പ്രതികരിക്കുന്നത്, എന്തായിരിക്കും അയാളുടെ മനസ്സില്‍ ഇപ്പോള്‍ എന്നു ചിന്തിക്കുന്നത് പലപ്പോഴും അനാവശ്യമായ വഴക്കുകള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കും.
നമ്മള് പലരും പലപ്പോഴും പ്രതികരിക്കുന്നത് നമ്മുടെ മാത്രം വികാരവിചാരങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും. എന്നാല്‍ മറ്റൊരാളുടെ കണ്ണിലൂടെ പ്രശ്നത്തെ കാണാന്‍ സാധിച്ചാല്‍ അയാള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ആ തിരിച്ചറിവ് ഫലപ്രദമായി ആശയവിനിമയം ചെയ്യുക എന്നതാണ് അടുത്തപടി. അതിലൂടെയാണ് ആ വ്യക്തിക്ക് നാമവരെ മനസ്സിലാക്കുന്നുണ്ട് എന്ന അറിവ് ലഭിക്കുന്നത്. എന്നെ ഈ വ്യക്തി മനസ്സിലാക്കുന്നുണ്ട് എന്ന അറിവ് തന്നെ പലര്‍ക്കും സമാധാനത്തിനിട നല്‍കിയേക്കും. ഞാന്‍ ഒറ്റപ്പെട്ടു എന്ന വിഷമം ദൂരികരിക്കാനും ഈ അറിവ് നമ്മെ സഹായിക്കുന്നു.
കുടുംബബന്ധങ്ങള്‍ അകലാനുളള ഒരു പ്രധാനകാരണം പരസ്പരം മനസ്സിലാക്കുന്നതില്‍ വരുന്ന വീഴ്ചകളാണ്. നമ്മെ മനസ്സിലാക്കുന്ന വരോടൊപ്പം സമയം ചെലവിടാനാണ് നമുക്കെല്ലാം താല്പര്യം. ഒരു പ്രശ്നം ജീവിതത്തിലുണ്ടായാലും നമ്മെ മനസ്സിലാക്കുന്നവരോടല്ലേ നാം തുറന്നു പറയുക. അതിലൂടെ സ്നേഹവും സൗഹാര്‍ദ്ദവും വര്‍ദ്ധിക്കുന്നു. അതു മാത്രമല്ല ഒറ്റപ്പെടലും വിഷാദവും വൈകാരിക പ്രശ്നങ്ങളും ഒരു പരിധിവരെ അകറ്റി നിര്‍ത്താനും പരസ്പരം മനസ്സിലാക്കി കൊണ്ടുളള പെരുമാറ്റരീതി നമ്മെ സഹായിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന തോന്നല്‍ തന്നെ നമ്മെ മനസ്സിലാക്കാന്‍ ആരുമില്ല എന്ന തോന്നലില്‍ നിന്നും വരുന്നതാണ്.
കുഞ്ഞുങ്ങളോടൊയാലും അവരുടെ പ്രശ്നങ്ങളും മാനസികാ വസ്ഥയും മനസ്സിലാക്കി കൊണ്ടുളള പെരുമാറ്റം വളരെയധികം ഗുണം ചെയ്യും. അത്തരത്തിലുളള പെരുമാറ്റത്തിലൂടെ മാതാപിതാക്കള്‍ കുഞ്ഞിന് നല്‍കുന്നത് നിനക്ക് എന്തു സംഭവിച്ചാലും കൂടെ ഞാനുണ്ട് എന്ന സന്ദേശമാണ്. തന്നെ നിബന്ധനകളില്ലാതെ തന്റെ അച്ഛനുമമ്മയും സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് അവരുടെ സ്വഭാവത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ എങ്ങനെയാണ് ഒരാളെ നാം പൂര്‍ണ്ണമായി മനസ്സിലാക്കി കൊണ്ട് പെരുമാറുക? അത് നാം പരിശീലിക്കേണ്ടതും സ്വായത്തമാക്കേണ്ടതുമായ ഒരു കഴിവാണ്. ഈ കഴിവ് വളര്‍ത്തിയെടുക്കാന്‍ രണ്ട് തലങ്ങളുണ്ട്.
1) മറ്റുളളവരുടെ വികാരവിചാരങ്ങള്‍ അറിയുക:
എന്താകൊണ്ടാണ് ഈ വ്യക്തി ഇത്തരത്തില്‍ പെരുമാറുന്നത് എന്നു ചിന്തിക്കുന്നത് അവരുടെ ഉളളിലെ വികാരവിചാരങ്ങളെ കുറിച്ചുളള ഒരു ഉള്‍ക്കാഴ്ച നമുക്ക് നല്‍കും. ഉദാഹരണത്തിന് ഭര്‍തൃഗൃഹത്തിലെ അന്തരീക്ഷത്തോട് യോജിക്കാനാവുന്നില്ല എന്ന് ഒരു ഭാര്യ പരാതിപ്പെടുമ്പോള്‍ എന്റെ വീട്ടിലെ എന്തു സാഹചര്യമാണ് അവള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്ന് ചിന്തിക്കാം. സംഭാഷണരീതിയോ, ആഹാരം ഉണ്ടാക്കുന്ന രീതിയോ, സ്നേഹം പ്രകടിപ്പിക്കുന്ന രീതിയോ അങ്ങനെ എന്തുമാകാം അവരെ വിഷമിപ്പിക്കുന്നത്. എന്തുകൊണ്ട് ഈ രീതി അവരെ ബുദ്ധിമുട്ടിക്കുന്നു എന്നത് രണ്ടാമത്തെ കാര്യം. ചിലപ്പോള്‍ ഭര്‍ത്താവ് തന്നെ കൂടുതല്‍ പരിഗണിക്കണം എന്ന വൈകാരിക ആവശ്യമാവാം അതിന് പിന്നില്‍. അല്ലെങ്കില്‍ അവരുടെ വ്യക്തിത്വത്തിനോ വളര്‍ന്നു വന്ന ജീവിതസാഹചര്യത്തിനോ വിപരീതമായിരിക്കും പുതിയ വീട്ടിലെ രീതികള്‍. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ ഉളളിലെ ഉള്‍ക്കാഴ്ചകളെ കുറിച്ച് ഒരു അവബോധം ഉണ്ടായാല്‍ തന്നെ അവരെ മനസ്സിലാക്കാന്‍ എളുപ്പമാണ്.
2) അനാവശ്യ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക:
മറ്റുളളവരെ മുറിപ്പെടുത്തുന്ന സംസാരരീതി ഒഴിവാക്കേണ്ടതു തന്നെയാണ്. ബന്ധങ്ങള്‍ അകലാനും തെറ്റിദ്ധാരണയും വാശിയും ഉളവാക്കാനും മാത്രമേ അതുകൊണ്ടുപകരിക്കൂ. നീ അഹങ്കാരിയാണ്, നീ തന്നിഷ്ടക്കാരിയാണ്, നിങ്ങള്‍ മടിയനും ഉത്തരവാദിത്വമില്ലാത്തവനുമാണ് എന്ന മുദ്ര ചാര്‍ത്തിയുളള സംസാരരീതി വെറുപ്പുളവാക്കുന്നതാണ്. ഏതു വിധേനയും ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണം.
3) ശരിയായ ആശയവിനിമയം:
നമ്മള് ഒരു വ്യക്തിയെ മനസ്സിലാക്കിയതു കൊണ്ട് മാത്രമായില്ല. നമ്മള് അവരുടെ ഉളളിലെ പ്രയാസം തിരിച്ചറിയുന്നു എന്നത് അവര്‍ക്ക് കൂടി തോന്നണം. അവിടെയാണ് ശരിയായ ആശയവിനിമയത്തിന്റെ പ്രസക്തി. നിന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോള്‍ നീ പറയുന്നത് ശരിയാണ്, എന്നു പറയുമ്പോള്‍ നമ്മള് അവിടെ തോറ്റു കൊടുക്കുകയല്ല, നമുക്ക് ആ വ്യക്തിയോടുളള സ്നേഹം ജയിക്കുകയാണ്. ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞാല്‍ അവരുടെ മുമ്പില്‍ തോല്‍ക്കുകയാണ് എന്ന തോന്നല്‍ നല്ലതിനല്ല. വ്യക്തിബന്ധങ്ങള്‍ ഒരു കോമ്പറ്റീഷന് ഐറ്റമല്ല എന്ന് നാം തിരിച്ചറിയണം.
നമ്മുടെ ഉളളിലെ വികാരവിചാരങ്ങള്‍ കുറ്റപ്പെടുത്തലിന്റെ മേമ്പൊടിയില്ലാതെ ആശയവിനിമയം ചെയ്യാന്‍ നമുക്ക് സാധിക്കണം. അതിനായി നമ്മെ ബാധിച്ച ഒരു കാര്യത്തെക്കുറിച്ച് ഒരു വ്യക്തിയോട് പറയുമ്പോള്‍ അതില്‍ മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. ആ വ്യക്തി ചെയ്ത കാര്യമെന്താണ്, അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് വികാരമാണ് തോന്നിയത്, എങ്ങനെ ഇനി മുതല്‍ ആ വ്യക്തി നിങ്ങളോട് പെരുമാറണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നിവയാണ് ആ മൂന്നു കാര്യങ്ങള്‍. ഉദാഹരണത്തിന്, ഭര്‍ത്താവ് നിങ്ങളുടെ ജډദിനം മറന്നു പോയതിന് മുഖം വീര്‍പ്പിച്ച് ഇരുന്നാല്‍ അയാള്‍ക്ക് അത് മനസ്സിലാവണം എന്നില്ല. നിങ്ങള്‍ക്ക് എന്നോട് സ്നേഹമില്ലچ എന്ന് പരാതിപ്പെട്ടാലും ഫലം കാണണമെന്നില്ല. ഈയവസരത്തില്‍ നിങ്ങള്‍ എന്റെ ജډദിനം മറന്നു പോയത് കൊണ്ട് എനിക്കാകെ സങ്കടമായി. അതിനാല്‍ ഇനി മുതല്‍ മറക്കാതെ ഗിഫ്റ്റ് തന്നേ പറ്റൂ എന്ന് പറയാം. നമ്മുടെ ആവശ്യങ്ങള്‍ ശരിയായി ആശയവിനിമയം ചെയ്യപ്പെട്ടാലേ വ്യക്തിബന്ധങ്ങളില്‍ കൂടുതല്‍ സ്നേഹവും അംഗീകാരവും വന്നു ചേരൂ. ഇന്ന് തകര്‍ച്ചയിലെത്തി നില്ക്കുന്ന നല്ലൊരു ഭാഗം കുടുംബബന്ധങ്ങളിലും ശരിയായ ആശയവിനിമയത്തിന്റെ പോരായ്മകള്‍ നിരീക്ഷിക്കാന്‍ സാധിക്കും.