കളിക്കാം, കൂട്ടു കൂടാം

കളിക്കാം, കൂട്ടു കൂടാം

ഡോ: ചന്ദന ഡി. കറത്തുളളി

കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടങ്ങളില്‍ കളികള്‍ക്ക് പ്രാധാന്യമേറെയുണ്ട്. പല പഠനങ്ങളും കുട്ടിക്കാലത്തെ കളികളുടെ ഫലങ്ങളെ വിശദമാക്കുന്നു. തലച്ചോറിന്‍റെ വികാസത്തിലും പലവിധ കഴിവുകള്‍ സ്വായത്തമാക്കുന്നതിലും കളികളുടെ പങ്ക് ചെറുതല്ല. ഇന്ന് ടി.വി. യുടെയും മൊബൈലിന്‍റെയും കാലഘട്ടത്തില്‍ കുട്ടികളുടെ കളികള്‍ അകത്തളങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. പുറത്തുളള കളിയെന്നാല്‍ ആകെ ഫുട്ബോളും ക്രിക്കറ്റും മാത്രമായിരിക്കും. ഈ ലേഖനത്തില്‍ കളികള്‍ എന്നുദ്ദേശിക്കുന്നത് ഗെയിമുകള്‍ മാത്രമല്ല. ഭാവന ഉപയോഗിച്ച് കളിക്കുന്ന ചെറുകളികള്‍ (ഉദാ: മണപ്പം ചുടുക, അനുകരണത്തോടെയുളള കളികള്‍ (ഉദാ: കളളനും പോലീസും കളിക്കുക), വെറുതെ ഓടികളിക്കുക, യുക്തി ഉപയോഗിച്ചുളള കളികള്‍ (ഉദാ: കവിടി കളിക്കുക), വിരലുകള്‍ കൊണ്ടുളള കളികള്‍ (ഉദാ: കല്ലുകളി), സാമാന്യ അറിവുകള്‍ വച്ചുളള കളികള്‍ (ഉദാ: പേര്, സ്ഥലം, മൃഗം, വസ്തു എന്നിവ എഴുതിയുളള കളി, അന്താക്ഷരി) തുടങ്ങിയവയെല്ലാം കളികളില്‍ ഉള്‍പ്പെടുന്നു. ഇന്ന് കുട്ടികള്‍ക്ക് വിനോദോപാധികള്‍ ഏറെയുളളതിനാല്‍ കളികളുടെ സ്ഥാനവും വായനാശീലത്തോടൊപ്പം പിറകില്‍ തന്നെ.

ഏറ്റവും പ്രധാനമായി കൂട്ടു ചേര്‍ന്നുളള കളികളില്‍ നിന്നുളള പ്രയോജനം കുട്ടികളുടെ സാമൂഹികവളര്‍ച്ചയിലാണ്. അതായത് മറ്റു കുട്ടികളോടൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ കളിക്കുമ്പോള്‍ സാമൂഹികജീവിതത്തില്‍ മറ്റുളളവരോട് ഇടപെടുന്നതിന്‍റെ ബാലപാഠങ്ങള്‍ കുഞ്ഞ് പഠിക്കുന്നു. ആശയങ്ങള്‍ പങ്കിടാനും, മറ്റുളളവരുടെ വികാരങ്ങള്‍ക്ക് അനുസൃതമായി പെരുമാറാനും, പൊരുത്തക്കേടുകള്‍ രമ്യമായി പരിഹരിക്കാനും, സ്വന്തം ആഗ്രഹങ്ങള്‍ക്ക് വേണ്ടി നിലകൊളളാനും, മറ്റുളളവരുടെ താല്‍പര്യങ്ങള്‍ കൂടെ കണക്കിലെടുക്കാനും മറ്റും കുഞ്ഞ് കൂട്ടായ കളികളില്‍ നിന്നും പഠിക്കുന്നുണ്ട്. നേതൃത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നതിലും ആത്മവിശ്വാസം നേടുന്നതിലും കൂട്ടുകാരുമൊത്തുളള ശരിയായ രീതിയിലുളള ഇടപെടലുകള്‍ അത്യന്താപേക്ഷിതം തന്നെ.

കുഞ്ഞുങ്ങളുടെ ചിന്താശേഷിയില്‍ കളികളിലൂടെ ലഭിക്കുന്ന പുരോഗതി ടി.വി.ക്കോ മൊബൈലിനോ നല്‍കാനാവുതല്ല. ക്രിയാത്മകമായി ചിന്തിക്കാന്‍ പല കളികളും കുട്ടികളെ പരിശീലിപ്പിക്കുന്നു. ഉദാഹരണത്തിന്, അന്താക്ഷരിയോ തന്നിരിക്കുന്ന അക്ഷരമുപയോഗിച്ച് പേര്, സ്ഥലം, മൃഗം, വസ്തു എന്നിവ എഴുതുന്ന കളിയോ ഒക്കെ കുട്ടികളെ കൂടുതല്‍ ചിന്തിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുമെല്ലാം പരിശീലിപ്പിക്കും. മാത്രമല്ല തന്‍റെ ആശയങ്ങളെ മറ്റുളളവര്‍ക്ക് മനസ്സിലാകത്തക്ക വിധത്തില്‍ ആശയവിനിമയം നടത്താനും അവര്‍ പരിശീലിക്കുന്നു. കവിടി കളി, പാമ്പും കോണിയും എന്നീ കളികളിലൂടെ എണ്ണാനും, യുക്തിപൂര്‍വ്വം ചിന്തിക്കാനും കുട്ടികള്‍ പഠിക്കുന്നുണ്ട്. പല ഓപ്ഷനുകളെ കുറിച്ച് ചിന്തിച്ച് ഏറ്റവും ഉചിതമായത് കണ്ടെത്തി അത് പ്രശ്ന പരിഹാരത്തിനായി ഉപയോഗിക്കുക എന്നത് ചിന്താശേഷിയിലെ ഒരു സുപ്രധാന ഘടകമാണ്. ഇത്തരം ചെറുകളികളിലൂടെ അതിനുളള പരിശീലനം തന്നെയാണ് ലഭിക്കുന്നത്.

ശ്രദ്ധക്കുറവ് ഇന്ന് ഒരുപാട് കുട്ടികളെ ബാധിക്കുന്ന പ്രശ്നമാണ്. അമിതമായ ടി.വി. കാണലും മൊബൈല്‍ ഉപയോഗവും ദീര്‍ഘനേരം ഒരു പ്രത്യേക കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കഴിവിനെ ബാധിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് അമിതമായ ടി.വി., മൊബൈല്‍ ഉപയോഗം കുട്ടികളുടെ ശ്രദ്ധക്കുറവിന് കാരണമാകുന്നു എന്ന്. എന്നാല്‍ ചിന്തിച്ചും ഭാവനയില്‍ ആശയം കണ്ടും മറ്റും കളിക്കേണ്ട സ്ക്രീനിലല്ലാത്ത കളികള്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വിവിധതരം പസിലുകള്‍, ചെസ്സ് എന്നിവയെല്ലാം ഇത്തരം കളികളുടെ ഉദാഹരണമാണ്.

വൈദ്യശാസ്ത്രത്തില്‍ വിരലുകള്‍ ഉപയോഗിച്ച് ചെയ്യേണ്ട സൂക്ഷമമായ പ്രവര്‍ത്തനങ്ങളെ ഫൈന്‍ മോക്കോര്‍ സ്കില്‍സ് എന്നു പറയുന്നു. പല കളികളും ഇത്തരം സ്കില്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന് ഈര്‍ക്കില്‍, വളകള്‍ എന്നിവ കുടഞ്ഞിട്ടതിനു ശേഷം അനക്കാതെ ഓരോന്നായി വേര്‍പ്പെടുത്തുന്ന കളി. ഇത്തരം കളികളും ശ്രദ്ധയും, മേല്‍പറഞ്ഞ സൂക്ഷമമായ മോട്ടോര്‍ സ്കില്ലുകളും പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നു.

കൂട്ടായുളള കളികള്‍ക്ക് കുട്ടികളുടെ വൈകാരികപക്വതയെ സ്വാധീനിക്കാന്‍ കഴിവുണ്ട്. പ്രശ്നങ്ങളെ സമചികത്തതയോടെ നേരിടാനും, വൈകാരികമായ സംയമനം കാത്തു സൂക്ഷിക്കാനും, വിജയങ്ങളെ പോലെ തന്നെ തോല്‍വികളെയും അംഗീകരിക്കാനും ഒക്കെ കൂട്ടുകാരില്‍ നിന്നും കുട്ടികള്‍ പഠിക്കുന്നു. എന്നാല്‍ കൂട്ടുകാര്‍ തന്നെ വൈകാരികപക്വതയില്ലാത്തവരാണെങ്കില്‍ പിന്നെ എന്തു ചെയ്യും? കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ കൂട്ടുകാര്‍ ചെലുത്തുന്ന പങ്ക് ചെറുതല്ല.

ഇതിനെക്കാളെല്ലാം പ്രധാനപ്പെട്ട കാര്യം അച്ഛനമ്മമാരും കുട്ടികളും ഒന്നിച്ച് കളിക്കുന്നുണ്ടോ എന്നതാണ്. മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധം ഊഷ്മളമാക്കാനും കുടുംബബന്ധങ്ങളിലെ ഇഴയടുപ്പം മെച്ചപ്പെടുത്താനും അത് സഹായിക്കും. മാത്രമല്ല കുഞ്ഞിന്‍റെ പല സ്വഭാവരീതികളും കഴിവുകളും നിരീക്ഷിക്കാനും വേണ്ട ഇടപെടലുകള്‍ നടത്താനും അച്ഛനമ്മമാരെ സഹായിക്കുകയും ചെയ്യും. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ അച്ഛനമ്മമാര്‍ക്കും കുഞ്ഞുങ്ങളോടൊത്തുളള കളികള്‍ ഫലം ചെയ്യും. കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ലഭിക്കുന്ന ഉത്സാഹവും ഉേډഷവുമെല്ലാം ദൂരീകരിക്കുന്നതില്‍ സഹായിക്കും . കുഞ്ഞിന്‍റെ കുറവുകള്‍ മാത്രം കണ്ട്പിടിച്ച് അവ തിരുത്തനായി തത്രപ്പെട്ട് കഴിക്കുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ അംഗീകരിക്കുന്നു എന്നും, അവരുടെ കഴിവുകള്‍ തങ്ങള്‍ തിരിച്ചറിയുന്നു എന്നുമുളള സന്ദേശം നല്‍കാനും മനസ്സ് തുറന്ന് അവരെ അഭിനന്ദിക്കാനുമെല്ലാം അവരോടൊത്ത് കളിക്കുമ്പോള്‍ അവസരം ലഭിക്കുന്നു.

കുട്ടികളുടെ സ്വതവേയുളള പ്രകൃതം ആഹ്ലാദത്തിന്‍റെയും ഉത്സാഹത്തിന്‍റെയുമാണ്. അത് തല്ലിക്കെടുത്തുന്നതും അതിന്‍റെ സ്ഥാനത്ത് ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവുമെല്ലാം അടിച്ചേല്‍പ്പിക്കുന്നതുമെല്ലാം അച്ഛനമ്മമാരും ചുറ്റുപാടുമാണ്. എന്നാല്‍ കുഞ്ഞുങ്ങളോടൊത്ത് സന്തോഷപൂര്‍വ്വം കളിക്കുന്നതും അവരോടൊത്ത് ആഹ്ലാദത്തിമര്‍പ്പില്‍ പങ്കു ചേരുന്നതുമെല്ലാം അവരുടെ ബുദ്ധിവികാസത്തിനും, മനോഭാവം പോസിറ്റീവായി സൂക്ഷിക്കുന്നതിനു മെല്ലാം സഹായകമാകുമെന്നതില്‍ സംശയമില്ല.

എന്നാല്‍ ഇന്ന് എത്രമാത്രം മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം പ്രായോഗികമാകുമെന്നതില്‍ സംശയം തോന്നിയാല്‍ അതില്‍ അത്ഭുതമില്ല. കാരണം കുഞ്ഞുങ്ങളോടൊത്ത് കളിക്കാനെല്ലാം ഇന്ന് അച്ഛനമ്മമാര്‍ക്ക് എവിടെ സമയം. ഉദ്യോഗത്തിരക്കും, അടുക്കളജോലിയും, വാട്സാപ്പ്, ഫേസ്ബുക്ക് നിരിക്ഷീണം, ഗെയിം കളി എന്നിവയെല്ലാം കഴിഞ്ഞ കിട്ടുന്ന തുച്ഛമായ സമയം കുട്ടിയെക്കൊണ്ട് ഹോംവര്‍ക്ക് ചെയ്യിക്കാനും സ്കൂളിലെ പാഠങ്ങള്‍ പഠിപ്പിക്കാനും മാത്രമല്ലേ തികയൂ. പിന്നെ ഔട്ടിംഗ് എന്നു പറയുന്നത് സിനിമ കാണലോ, ഹോട്ടല്‍ ഭക്ഷണമോ, ഷോപ്പിംഗ്മാള്‍ കറക്കമോ മാത്രമായിരിക്കും. എന്തിനധികം കുട്ടിയ്ക്ക് കഥ വായിച്ചു നല്‍കാന്‍ പോലും സമയമില്ല എന്ന് പറയുന്ന അച്ഛനമ്മമാരുടെ നാടാണിത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ബാങ്ക് ബാലന്‍സും വലിയ വീടും കെട്ടിയിടുന്നതും മാത്രമാണ് അവരോടുളള സ്നേഹപ്രകടനം എന്ന തെറ്റായ ധാരണ മാറ്റണം. അവര്‍ക്ക് ഏറ്റവും വേണ്ടത് അച്ഛനമ്മമാരുടെ അംഗീകാരവാക്കുകളും, അഭിനന്ദനവും, സാമീപ്യവും, പരിഗണനയും, കരുതലും എല്ലാമാണ്. അതിനുളള നല്ല ഒരു ഉപാധിയാണ് അവരോടൊത്ത് കളികളിലേര്‍പ്പെടുക എന്നത്. തന്‍റെ കൂടെ കളിക്കാനും ചിരിക്കാനും തെറ്റുകള്‍ പറഞ്ഞു തന്ന് മനസ്സിലാക്കി പെരുമാറാനുമെല്ലാം കൂട്ടു കൂടുന്ന അച്ഛനമ്മമാരോട് അവര്‍ക്ക് തന്‍റെ എന്തു വിഷമവും തുറന്നു പറയാനുളള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതുവഴി തങ്ങളുടെ കുഞ്ഞിനെ നിരീക്ഷിക്കാനും മനസ്സിലാക്കാനും അവര്‍ക്ക് പറയാനുളളത് കേള്‍ക്കാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമെല്ലാം അച്ഛനമ്മമാര്‍ക്ക് സാധിക്കുന്നു.

ഇന്നത്തെ കുട്ടികള്‍ ചെറുപ്രായത്തിലെ മുതിര്‍ന്നവരെ പോലെയാണ് പെരുമാറുന്നതും സംസാരിക്കുന്നതുമെല്ലാം. മുതിര്‍ന്നവരോട് പെരുമാറുന്നതുപോലെ കുട്ടികളോട് അച്ഛനമ്മമാര്‍ പെരുമാറുന്നത കൊണ്ടാണിത്. അവരോടൊത്ത് കൂട്ടു കൂടുകയും പലതരം കളികള്‍ കളിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് കഥ പറഞ്ഞ് കൊടുത്തും അവരുടെ കൂടെ കളിച്ചും എല്ലാം അവരുടെ കുട്ടിത്തം കാത്തു സൂക്ഷിക്കാം. സ്കൂളിലെ പാഠങ്ങള്‍ പഠിച്ചു മാത്രമല്ല കുട്ടികള്‍ വളരുന്നതും കാര്യപ്രാപ്തി നേടുന്നതും. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല മാനസികസംഘര്‍ഷം. കുട്ടികളുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിലും കളികള്‍ വലിയ പങ്ക് വഹിക്കുന്നു.

എന്നാല്‍ പുറത്ത് പോയി കളിക്കാന്‍ വിടുമ്പോള്‍ കുട്ടികളുടെ മേല്‍ അച്ഛനമ്മമാരുടെ ശ്രദ്ധയും അത്യന്താപേക്ഷിതമാണ്. മുതിര്‍ന്ന കുട്ടികളോടൊത്ത് ദൂരെ പോയി കളിക്കുമ്പോള്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നാം അറിഞ്ഞിരിക്കണം. മാത്രമല്ല, കളി കൂടി പഠനം ഉഴപ്പാനും പാടില്ല. അതിനാല്‍ നിശ്ചിതസമയം കളികള്‍ക്കായി മാറ്റി വയ്ക്കാം. ചിട്ടയോടെയുളള ജീവിതക്രമം പാലിക്കാനും കുട്ടികളെ ശീലിപ്പിക്കാം.