അബോധമനസ്സിന്‍റെ മായാജാലങ്ങള്‍

അബോധമനസ്സിന്‍റെ മായാജാലങ്ങള്‍

ഡോ: ചന്ദന ഡി. കറത്തുളളി

മന:ശാസ്ത്രത്തിലെ തന്നെ വ്യക്തിത്വ വികസനത്തെ കുറിച്ചുളള ആദ്യ ഉപജ്ഞാതാവും സൈക്കോഡയനാമിക്ക് തിയറിയുടെ പിതാവുമായ സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ സംഭാവനയാണ് അബോധമനസ്സിനെ കുറിച്ചുളള വിവരണങ്ങള്‍. 1900 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ഇന്‍റര്‍പ്രറ്റേഷന്‍ ഓഫ് ഡ്രീംസ് എന്ന പുസ്തകത്തിലാണ് അദ്ദേഹം ആദ്യമായി അബോധമനസ്സിനെ കുറിച്ച് വിശദമായി വിവരിക്കുന്നത്. മനസ്സിനെ അദ്ദേഹം മൂന്നായി തിരിക്കുന്നു. ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്ക് എന്നിങ്ങനെ നാമിപ്പോള്‍ എവിടെയാണെന്നും, എന്തു ചെയ്യുന്നുവെന്നുമെല്ലാം ബോധമനസ്സ് തിരിച്ചറിയുമ്പോള്‍, ഓര്‍മ്മയില്‍ നിന്നും അനുഭവങ്ങളും വിവരണങ്ങളുമെല്ലാം നമുക്ക് പകുത്തു നല്‍കുന്നത് ഉപബോധമനസ്സാണ്. എന്നാല്‍ നമ്മുടെ മനസ്സിന്‍റെ ഭൂരിഭാഗവും മനസ്സിന്‍റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും അബോധമനസ്സിന്‍റെ കൈപിടിയിലാണ് എന്ന് അദ്ദേഹം വാദിച്ചു. ഒരു മഞ്ഞുമലയുടെ സമുദ്രത്തില്‍ മുങ്ങികിടക്കുന്ന ബൃഹത്തായ ഭാഗം പോലെ നമ്മുടെ മനസ്സിന്‍റെ വലിയൊരു ഭാഗവും അബോധമനസ്സാണത്രെ. മഞ്ഞുമലയുടെ പുറമെ കാണുന്ന ചെറിയ അംശം പോലെയേ ബോധമനസ്സും ഉപബോധമനസ്സും വെളിയില്‍ ദൃശ്യമാകുന്നുളളൂ.

അബോധമനസ്സില്‍ എന്താണ് ഉളളത്? നമുക്ക് അതറിയാന്‍ നിര്‍വ്വാഹമില്ല. കാരണം അബോധമനസ്സിനുളളിലെ വിവരങ്ങള്‍ ബോധമനസ്സിന് അപ്രാപ്യമാണ്. നമ്മെ നയിക്കുന്ന പല ഓര്‍മ്മകളും, താല്‍പര്യങ്ങളും, പ്രചോദനങ്ങളും അബോധമനസ്സില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെയാണ് നാം ചില കാര്യങ്ങള്‍ എന്തിന് ചെയ്തു എന്ന് നമുക്ക് അറിയാത്തതും. ബോധമനസ്സിന് മുറിവേല്‍പ്പിച്ചിരുന്ന പല ഓര്‍മ്മകളും, വികാരങ്ങളും അബോധ മനസ്സിലേക്ക് തളളപ്പെടുന്നുവത്രെ. അവയെ ബോധമനസ്സിലേക്ക് കൊണ്ടു വരാതിരിക്കാന്‍ അബോധമനസ്സ് വളരെയധികം പണിപ്പെടുന്നുമുണ്ട്. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമല്ല, ബോധമനസ്സിന്‍റെ കണ്ണില്‍പെടാത്ത വിവരങ്ങള്‍, വിശകലനങ്ങള്‍, ചിന്തകള്‍, ശീലങ്ങള്‍, പെരുമാറ്റരീതികള്‍, ആഗ്രഹങ്ങള്‍, കോംപ്ലക്സുകള്‍ എന്നിങ്ങനെ പലതും അബോധമനസ്സിന്‍റെ കലവറയില്‍ ഒളിച്ചിരിപ്പുണ്ട്. നമ്മുടെ പെരുമാറ്റത്തെ വലിയ രീതിയില്‍ ഇവ സ്വാധീനിക്കുന്നുമുണ്ട്. നമുക്ക് അത് അറിയില്ല എന്നു മാത്രം.

സ്വപ്നങ്ങളുടെയും, ചില തരത്തിലുളള ചിന്താപ്രവാഹത്തിന്‍റെയും, നാമറിയാതെ തന്നെ നമ്മുടെ പെരുമാറ്റത്തില്‍ കടന്നു കൂടുന്ന സംഭാഷണരീതികള്‍, പ്രതികരണശൈലികള്‍ എന്നിവയുടെയുമെല്ലാം ഉറവിടം അബോധമനസ്സാണ് എന്ന് പറയപ്പെടുന്നു. നമ്മുടെ ബാല്യകാല അനുഭവങ്ങളില്‍ നിന്നു രൂപപ്പെടുന്ന അബോധമനസ്സ്, പിന്നീടുണ്ടാവുന്ന ഓരോ അനുഭവങ്ങള്‍ക്കനുസരിച്ച് വളരുന്നു. നമ്മുടെ പെരുമാറ്റ രീതികളിലൂടെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഊഹിക്കാം എന്നു മാത്രം.

നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്നതാണ് അബോധമനസ്സിന്‍റെ ഇന്ദ്രജാലം. ആറാം ഇന്ദ്രിയം എന്ന പേരിലും ഇന്‍റ്യൂഷന്‍ എന്ന പേരിലും കൃത്യമായ ഊഹങ്ങള്‍ നാം നടത്തുന്നത് അബോധമനസ്സിന്‍റെ കണക്ക് കൂട്ടലുകള്‍ കൊണ്ടാണത്രേ. നമ്മുടെ നിയന്ത്രണത്തിനും അതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ അബോധമനസ്സിനെ കൈപിടിയിലൊതുക്കാന്‍ പ്രയാസമാണ്. ഉദാഹരണത്തിന്, ചില സമയങ്ങളില്‍ നാം പതിവിലേറെ വിഷാദമൂകരായി കാണപ്പെട്ടേക്കാം. എന്നാല്‍ അതിന് കൃത്യമായ കാരണമൊന്നും നമ്മുടെ ബോധമനസ്സിന് കണ്ടെത്താന്‍ സാധിക്കണമെന്നില്ല. എന്നാല്‍ നമ്മുടെ ചിന്താധാര ആ സമയങ്ങളില്‍ എങ്ങനെയാണ് എന്ന് നാം സൂക്ഷമമായി വിശകലനം ചെയ്യുന്നതിലൂടെ എന്തു തരം പ്രശ്നമാണ് നമ്മുടെ അബോധമനസ്സ് നേരിടുന്നത് എന്ന് നമുക്ക് തിരിച്ചറയാന്‍ സാധിക്കും. ഉദാഹരണത്തിന്, സുഹൃത്ത് വിളിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞ ഒരു വാക്ക് നമ്മുടെ അബോധമനസ്സില്‍ ഉറങ്ങി കിടന്ന ഒരു വികാരത്തെ വ്രണപ്പെടുത്തിയതിനാലാകാം നാം മൂഡ് ഓഫ് ആയത്. എന്നാല്‍ അത് എന്താണെന്നോ എന്തു കൊണ്ടന്നോ പലപ്പോഴും നാം അറിയാറില്ലെന്നു മാത്രം. മറ്റൊരുദാഹരണം പറയാം. സ്ഥിരമായി വിമര്‍ശനങ്ങള്‍ മാത്രം കേട്ട് വളര്‍ന്ന ഒരു കുട്ടിയാണെന്നിരിക്കട്ടെ, ആ കുഞ്ഞിന്‍റെ മനസ്സില്‍ എന്നെ എല്ലാവരും മോശപ്പെട്ടവനായി കാണുന്നു എന്ന തോന്നല്‍ രൂപമെടുത്തേക്കാം. ഈ തോന്നല്‍ കൊണ്ട് നടന്നാല്‍ അത് ബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ആ തോന്നല്‍ അബോധമനസ്സിലേക്ക് തളളപ്പെടുന്നു. പുറമെ തീര്‍ത്തും നോര്‍മല്‍ ആയി പെരുമാറുന്ന കുട്ടി, വളര്‍ന്നു കഴിഞ്ഞും അബോധമനസ്സില്‍ ആ തോന്നല്‍ കൊണ്ടു നടക്കുന്നു. എന്നാല്‍ അയാളുടെ കര്‍മ്മമണ്ഡലത്തിലോ വ്യക്തിജീവിതത്തിലോ അയാളുടെ ഏതെങ്കിലും രീതിയിലുളള ഒരു തെറ്റ് ആരെങ്കിലും ചൂണ്ടി കാണിച്ചാല്‍ അത് അംഗീകരിക്കാതെ അയാള്‍ അത്യധികം വികാരവിക്ഷോഭത്തോടെ ആ സാഹചര്യത്തെ നേരിട്ടേക്കാം. ആ സന്ദര്‍ഭത്തില്‍ അയാളുടെ അബോധമനസ്സിന്‍റെ ഉളളില്‍ ഉറങ്ങി കിടന്ന തോന്നലും അതിനോടനുബന്ധിച്ചുളള വികാരങ്ങളും പുറത്തേക്കൊഴുകുന്ന തിനാലാണ് ഈയൊരു പ്രതികരണശൈലി രൂപപ്പെടുന്നത്. ഞാനിത്രയല്ലേ പറഞ്ഞൂളളൂ, അതിന് ഇയാള്‍ എന്തിനാണ് ഇത്ര ബഹളം വയ്ക്കുന്നത് എന്ന് മറ്റുളളവര്‍ ചിന്തിച്ചേക്കാം. ഈ വ്യക്തിയ്ക്ക് പോലും തന്‍റെ ഉളളിലെ ഇത്തരം ഉറങ്ങി കിടക്കുന്ന ചിന്തകളെയോ വികാരങ്ങളെയോ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍ അബോധമനസ്സ് നമ്മെ നിയന്ത്രിക്കുന്ന സാഹചര്യങ്ങള്‍ അനവധിയാണ്.

ബോധമനസ്സിനെ മാനസികസംഘര്‍ഷത്തില്‍ നിന്നും രക്ഷിക്കുക എന്നത് അബോധമനസ്സിന്‍റെ വലിയ ഒരു ജോലിയാണ്. ഫ്രോയ്ഡിന്‍റെ മറ്റൊരു സംഭാവനയായ ഡിഫെന്‍സ് മെക്കാനിസങ്ങളുടെ പ്രവര്‍ത്തനമാണ് ഇത്. സത്യത്തെ വളച്ചൊടിച്ച് ബോധമനസ്സിന് വിഷമമുണ്ടാക്കാത്ത രീതിയില്‍ സ്വയം വിശ്വസിപ്പിക്കുന്നതാണ് ഇത്. നാമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പലവിധ ഡിഫെന്‍സുകള്‍ ഉപയോഗിക്കുന്നുവത്രെ. ഉദാഹരണത്തിന്, നമ്മുടെ പലവിധ പ്രവര്‍ത്തികള്‍ക്ക് അനാവശ്യ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതും, സ്വന്തം തെറ്റ് മറ്റൊരാളില്‍ ആരോപിക്കുന്നതും, ഒരാളോടുളള ദേഷ്യവും വിദ്വേഷവുമെല്ലാം മറ്റൊരാളില്‍ തീര്‍ക്കുന്നതുമെല്ലാം അബോധമനസ്സിന്‍റെ മായാജാലങ്ങളാണ്. ഞാന്‍ തെറ്റ് ചെയ്തു എന്ന കുറ്റബോധം ഒഴിവാക്കാനും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുമാണ് അബോധമനസ്സ് നമ്മളെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്.

എന്നാല്‍ എല്ലായിപ്പോഴും ഇത് നമുക്ക് ശുഭകരമായി വരണമെന്നില്ല. പല മാനസികബുദ്ധിമുട്ടുകള്‍ക്കും പിന്നില്‍ അനാരോഗ്യകരമാ ഡിഫെന്‍സുകളുടെ പ്രവര്‍ത്തനമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അനവധി ഡിഫെന്‍സുകളെ കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്, അവ എങ്ങനെയെല്ലാം നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു എന്നും വിശദമാക്കിയിട്ടുമുണ്ട്.

സന്തോഷകരമല്ലാത്ത ജീവിതസാഹചര്യങ്ങള്‍ക്കിടയിലും പ്രത്യാശയോടെ നമ്മെ മുന്നോട്ട് നയിക്കാനും അബോധമനസ്സിന് സാധിക്കും. മാനസിക സംഘര്‍ഷത്തെ തമാശയിലൂടെ നേരിടാനും, സഹജീവികള്‍ക്ക് നډ വരുത്തുന്ന കാരുണ്യപ്രവര്‍ത്തികളിലേര്‍പ്പെടാനും, ഉളളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് പുതിയ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്താനും വിഷമഘട്ടങ്ങളില്‍ അബോധമനസ്സ് നമ്മെ പ്രേരിപ്പിച്ചേക്കാം.

ഫ്രോയ്ഡിന്‍റെ കാലത്തെ മന:ശാസ്ത്ര ചികത്സകള്‍ ഭൂരിഭാഗവും അബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ ബോധമനസ്സിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിച്ചുളളവയായിരുന്നു. സ്വയം തിരിച്ചറിവുണ്ടാവുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു എന്ന നിഗമനത്തിലാണത്. അതിനായി പല രീതികളും അവലംബിച്ചിരുന്നു. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുക, രോഗിയുടെ സംസാരം സസൂക്ഷമം വിലയിരുത്തുക എന്നു തുടങ്ങിയ രീതികള്‍ പലതും ഫ്രോയ്ഡ് ആവിഷ്കരിച്ചിരുന്നു. ഫ്രോയ്ഡിന്‍റെ ശിഷ്യരില്‍ പലരും അദ്ദേഹം അബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യത്തെ വിമര്‍ശിച്ചിരുന്നു. ബോധമനസ്സിനും അതിന്‍റെ അധികാരത്തിനും പ്രാധാന്യം നല്‍കി കൊണ്ട് അവരില്‍ പലരും പുതിയ മന:ശാസ്ത്രനിയമങ്ങള്‍ ആവിഷ്കരിച്ചു.

എങ്കിലും അബോധമനസ്സിന്‍റെ പ്രാധാന്യം ബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങളോളം തന്നെയുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ന്യൂറോ സയന്‍സിലെ പുത്തന്‍ ഗവേഷണങ്ങളും ഇത് ശരി വയ്ക്കുന്നു. മനസ്സിന്‍റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും തലച്ചോറിലാണെന്നിരിക്കെ നമ്മുടെ ബോധമനസ്സിന് പിടിതരാത്ത പല പ്രവര്‍ത്തനങ്ങളും ആശയവിനിമയവും തലച്ചോറില്‍ നടക്കുന്നുവത്രേ.

ഇന്ന് പരസ്പരമുളള ആശയവിനിമയത്തില്‍ വരുന്ന പല പാളിച്ചകളും അബോധമനസ്സ് ഏര്‍പ്പെടുത്തിയിട്ടുളള ഡിഫെന്‍സുകള്‍ മൂലമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. നാം നമ്മുടെ സ്വന്തം പെരുമാറ്റരീതികള്‍ നിരീക്ഷിക്കുകയും അവയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ ആശയവിനിമയത്തിലെ പാളിച്ചകള്‍ ഒരു പരിധി വരെ നികത്താന്‍ സാധിക്കും. മനസ്സിന്‍റെ മാന്ത്രികചെപ്പ് നാം കരുതുന്നത്ര നിസ്സാരമല്ലെന്നും വ്യക്തിത്വ രൂപീകരണത്തില്‍ ബാല്യകാല അനുഭവങ്ങള്‍ക്ക് ഏറെ പങ്കുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു കൊളളട്ടെ.