ഒട്ടും സ്മാര്ട്ടല്ലാത്ത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം
ഡോ: ചന്ദന ഡി. കറത്തുളളി
21-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തമാണ് സ്മാര്‍ട്ട്ഫോണ്‍. ആദ്യം പരസ്പരം സംസാരിക്കാനും സന്ദേശങ്ങള്‍ കൈമാറാനും മാത്രം ഉപയോഗിച്ചു വന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് ചെറിയ ഒരു കമ്പ്യൂട്ടറിനെ പോലെ പ്രവര്‍ത്തിക്കുന്നു. പാട്ടു കേള്‍ക്കാനും സമയം നോക്കാനും അലാം ആയും ഉപയോഗിച്ചു വന്ന മൊബൈല്‍ വളരെ പെട്ടെന്നാണ് ആശയവിനിമയത്തിന്റെ നൂതന സാങ്കേതികവിദ്യയിലേക്ക് കുതിച്ചുയര്‍ന്നത്. ഇന്റര്‍നെറ്റിന്റെ ഉപയോഗം സാധാരണക്കാരിലേക്ക് വരെ എത്തി തുടങ്ങിയപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ അവിഭാജ്യഘടകമായി. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മുതല്‍ ലോകത്തിന്റെ പലഭാഗത്തും സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമാകാന്‍ വരെ ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും നമ്മെ സഹായിക്കുന്നു. ബാങ്കിംഗ്, പണമിടപാടുകള്‍, കുക്കറിഷോ, വിദ്യാഭ്യാസം, സംഗീതം, ഫോട്ടോഗ്രാഫി, ബിസിനസ്സ്, സാഹിത്യം എന്നിങ്ങനെ പല മേഖലകളും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് അതീതമല്ല. അതിനാല്‍ ന്നെ സ്മാര്ട്ട്ഫോണിനെയോ അതിന്റെ വ്യാപകമായ ഉപയോഗത്തേയോ കണ്ണടച്ച് കുറ്റം പറയാന്‍ വയ്യ. വിവിധതരം ആപ്ലിക്കേഷനുകള്‍ നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷമേറെയായി. എന്നാല്‍ നമ്മളില്‍ പലരും സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗത്തെ നിശിതമായി വിമര്‍ശിക്കുന്നവരാണ്. എന്താണ് നമ്മുടെയെല്ലാം പ്രിയതോഴനോ തോഴിയോ ആയ ഈ സ്മാര്‍ട്ട് ഉപകരണത്തിന്റെ ഇത്ര വലിയ കുറ്റം?
അമിതമായാല്‍ അമൃതും വിഷം എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാകുന്നത് ഇവിടെയാണ്. നമുക്ക് നډ ചെയ്യുന്ന എന്തുമായി കൊളളട്ടെ, അമിതമായാല്‍ അത് വിപരീതഫലം ചെയ്തേക്കാം എന്നതാണ് സാരംശം. എന്തെല്ലാമാണ് ഇത്തരമൊരു ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍?
1) കുഞ്ഞുങ്ങളിലെ അമിതമായ ഫോണ്‍ ഉപയോഗം:
കുഞ്ഞുങ്ങള്‍ പോലും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എന്നാല്‍ അമിതമായ ഉപയോഗം കുഞ്ഞുങ്ങളില്‍ വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാനിടയുണ്ട്.
ശ്രദ്ധക്കുറവ്:-
അമിതമായി ഫോണില്‍ ഗെയിമുകള്‍ കളിക്കുന്ന കുഞ്ഞുങ്ങളില്‍ ശ്രദ്ധക്കുറവ് കാണാറുണ്ട്. പഠനവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് സാധക്കാതെ വരുന്നതില്‍ അമിതമായ ഫോണ്‍ ഉപയോഗം ഒരു കാരണം തന്നെ. ഫോണില്‍ കളിക്കാനോ കാര്യങ്ങള്‍ ചെയ്യാനോ വേണ്ടി വരുന്നതിനേക്കാള്‍ വലിയതോതില്‍ പഠനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരുന്നതിനാല്‍ തന്നെയാണിത്. എഴുതാനും വായിക്കാനും ഉപന്യാസങ്ങള്‍ എഴുതാനുമെല്ലാം ഗെയിം കളിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘനേരം അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് സാധിക്കാതെ വരുന്നതില്‍ ഫോണ്‍ ഉപയോഗത്തിനും അമിതമായി ടി.വി. ഉപയോഗത്തിനും പങ്കുണ്ട്.
സംസാരപ്രശ്നങ്ങള്‍:-
ടി.വി.യോടും ഫോണിനോടൊന്നും അങ്ങോട്ട് സംസാരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ തന്നെ ചെറിയ കുട്ടികളിലെ സംസാരപ്രശ്നങ്ങള്ക്ക് അവയുടെ അമിതമായ ഉപയോഗം ഒരു കാരണം തന്നെ. ഫോണിലോ ടി.വി.യിലോ മുഴുകിയിരിക്കുന്ന ഒരു കുഞ്ഞ് മറ്റുളളവരോട് സംസാരിച്ചും അവര്‍ക്ക് പറയാനുളളത് കേട്ടും ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നില്ല. പദപരിചയം അങ്ങനെ കുറയുന്നതിനാല്‍ തന്നെ കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകുന്നു.
വായനാശീലവും സര്‍ഗ്ഗഭാവനയും:-
ഇന്ന് ഏവരുടെയും ഏറ്റവും വലിയ വിനോദോപാധി ഫോണ്‍ മാത്രമായി മാറുന്ന സാഹചര്യം ഉളവാകുന്നതിനാല്‍ കുഞ്ഞുങ്ങളിലെ വായനശീലം കുറയുന്നു എന്ന് പരാതിപെടുന്നതില്‍ അര്‍ത്ഥമില്ലല്ലോ. വലിയ ക്ലാസ്സുകളില്‍ എത്തിയിട്ടും എഴുതാനും വായിക്കാനും അറിയാത്ത കുട്ടികള്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. പണ്ട് വളരെ പ്രചാരത്തിലിരുന്ന ബാലമാസികകളും മറ്റും വായിക്കുന്ന കുഞ്ഞുങ്ങള്‍ ഇന്ന് ചുരുക്കമായിരിക്കും. ഒരു കഥ വായിച്ച് മനസ്സില്‍ സങ്കല്പ്പിക്കുമ്പോള് കുഞ്ഞുങ്ങളുടെ തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. എന്നാല്‍ ഈയൊരു അവസരം ഇന്നത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നല്ല.
കുഞ്ഞുങ്ങളിലെ അക്രമാസക്തിയ്ക്കും അമിതമായ ഗെയിം ഉപയോഗം ഒരു കാരണമാണ്. പുറത്ത് മറ്റ് കുട്ടികളോടൊത്ത് കളിച്ച് ചെലവഴിക്കേണ്ട സമയം മൊബൈല്‍ ഗെയിമില്‍ ചെലവഴിക്കുന്നതിനാല്‍ കുഞ്ഞുങ്ങളില്‍ അമിതവണ്ണം കൂടുന്നുവെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ അടക്കിയിരുത്താന്‍ മാതാപിതാക്കള്‍ സ്മാര്‍ട്ട്ഫോണിനെ ആശ്രയിക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കുകയും ചെയ്യുന്നു.
2) മുതിര്‍ന്നവരിലെ അമിതമായ ഫോണ്‍ ഉപയോഗം:
കുട്ടികളെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. നമ്മളില്‍ ഒരു വലിയ പങ്കും നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ അമിതമായ ഫോണ്‍ ഉപയോഗം പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വ്യക്തിബന്ധങ്ങളിലെ അകല്‍ച്ച:-
നാം ഫോണില്‍ മുഴുകിയിരിക്കുമ്പോള്‍ നമ്മുടെ മാത്രം ലോകത്താണ്. അപ്പോള്‍ നമ്മുടെയുളളില്‍ ആ വിഷയം മാത്രം. നമ്മുടെ ചുറ്റും എന്ത് നടക്കുന്നു എന്ന് നാം ചിന്തിക്കാറില്ല, ശ്രദ്ധിക്കാറുമില്ല. നമ്മുടെ കുഞ്ഞുങ്ങള്‍ എന്തു ചെയ്യുന്നു, നമ്മുടെ ശ്രദ്ധയില്‍പെടാറുമില്ല. നമ്മുടെ കുടുംബാംഗങ്ങളോടൊത്ത് ചെലവഴിക്കേണ്ട മൂല്ല്യമത്തായ നിമിഷങ്ങളാണ് അമിതമായ ഫോണ്‍ ഉപയോഗത്തിലൂടെ നഷ്ടമാകുന്നത്. ഭാര്യാഭര്‍ത്താക്കډാര്‍ക്കിടയിലെ അകല്‍ച്ചയ്ക്ക് അമിതമായ ഫോണ്‍ ഉപയോഗം ഒരു വലിയ കാരണമാണ്. രാവിലെ ഉണര്‍ന്ന് ഫോണ്‍ നോക്കുന്നതിന് മുമ്പ് അടുത്ത് കിടക്കുന്ന ഭാര്യയോടോ ഭര്‍ത്താവിനോടോ ഗുഡ്മോര്‍ണിംഗ് പറയുന്ന എത്ര പേരുണ്ടാകും. മിക്കവര്‍ക്കും അതിരാവിലെ നാട്ടുകാര്‍ക്ക് ഗുഡ്മോര്‍ണിംഗ് സന്ദേശം അയയ്ക്കാനായിരിക്കും ധൃതി. അമിതമായി ഫോണില്‍ സമയം ചെലവഴിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഇങ്ങനെയുളളവരില്‍ വിഷാദവും ഉത്കണഠയും കൂടുതലാവുന്നു എന്നതില്‍ അത്ഭുതപ്പെടേണ്ടതുണ്ടോ?
അഡിക്ഷന് – അഥവാ ലഹരി:-
സംശയിക്കേണ്ട. അമിതമായ ഫോണ്‍ ഉപയോഗം ഒരു ലഹരി തന്നെയാണ്. ഫോണില്‍ സന്ദേശം വന്ന നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോള്‍ തന്നെ ഫോണെടുത്ത് നോക്കണം എന്ന് വീണ്ടും വീണ്ടും തോന്നുന്നത് അതിനാലാണ്. മാനസികപ്രശ്നങ്ങളുടെ പട്ടികയില്‍ ഇത്തരം അമിതമായ ആശ്രയത്വത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതും അതിനാലാണ്. ഇത്തരമൊരു ആശ്രയത്വം മൂലമാണ് ഉപയോഗം കുറയ്ക്കണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ കൂടിയും അതിനായി സാധിക്കാത്തത്. ഉപയോഗിക്കാത്ത സമയങ്ങളില്‍ ബുദ്ധിമുട്ട് തോന്നുന്നതും ഇതേ ആശ്രയത്വം മൂലമാണ്. ഫോണ്‍ നല്കുന്ന വിനോദവും ആശയവിനിമയവുമാണ് യഥാര്‍ത്ഥത്തില്‍ ആശ്രയത്വം സൃഷ്ടിക്കുന്നത്. മനുഷ്യര്‍ക്കെല്ലാം തന്നെ വിനോദോപാധികളോട് ഒരു പ്രത്യേക അഭിനിവേശമുണ്ട്. ഏറ്റവും മികച്ച രീതിയിലും താരതമ്യേന കുറഞ്ഞ പണച്ചെലവിലും സ്മാര്‍ട്ട്ഫോണ്‍ ഇത്തരമൊരു വിനോദോപാധിയാവുന്നതിനാലാണ് അമിതമായ ഫോണ്‍ ഉപയോഗം ഉണ്ടാവുന്നത്.
പലര്‍ക്കും ഫോണ്‍ പലതാണ്. ചിലര്‍ക്ക് ഗെയിമുകള്‍ നല്കുന്ന മായാപ്രപഞ്ചമാണെങ്കില് ചിലര്‍ക്ക് സമൂഹമാധ്യമങ്ങള്‍ നല്കുന്ന തുറന്ന വേദിയാണ് സ്മാര്‍ട്ട്ഫോണ്‍. ചിലര്‍ക്ക് പ്രണയത്തിന്റെ ലഹരിയാണെങ്കില്‍ മറ്റു ചിലര്‍ക്ക് സ്വന്തം ഫോട്ടോ എടുത്ത് മറ്റുളളവരെ പ്രദര്‍ശിപ്പിക്കാനുളള ഗ്യാലറിയാണ്. മറ്റു ചിലര്‍ക്കോ ലൈംഗികതയാണ് സ്മാര്‍ട്ട്ഫോണ്‍. ഏതു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നോ അതില്‍ നിന്നും ലഭിക്കുന്ന ആനന്ദം, എത്രമാത്രം ആശ്രയത്വം സൃഷ്ടിക്കുന്നു എന്ന് തീരുമാനിക്കുന്നു. മറ്റുളളവര്‍ തന്നെ അംഗീകരിക്കുന്നു എന്ന തോന്നലാണ് മിക്ക സമൂഹമാധ്യമങ്ങളും നല്‍കുന്നത്. എന്നാല്‍ ഒരു പേരിനുളളില് ഒളിഞ്ഞിരുന്ന് മറ്റുളളവരെ അക്രമിക്കാനുളള ആയുധമാണ് പലര്‍ക്കും സമൂഹമാധ്യമങ്ങള്‍. നമ്മുടെ ആവശ്യമെന്നു തന്നെയാണെങ്കിലും വിവേകപൂര്‍ണ്ണവും മിതത്വം പാലിക്കുന്നതുമായ ഉപയോഗം അത്യന്താപേക്ഷിതം തന്നെ. തന്റെ അസ്ഥിത്വം ഫോണില്‍ മാത്രമാണ് എന്ന തരത്തിലുളള ഉപയോഗം തീര്‍ച്ചയായും ആശ്രയത്വം സൃഷ്ടിക്കുന്നതാണ്.
വിവാഹേതരബന്ധങ്ങള്‍ കൂടുമ്പോള്‍:-
നാമായിരിക്കുന്ന ജീവിതസാഹചര്യങ്ങള്‍ പലപ്പോഴും നമുക്ക് സംതൃപ്തി തരുന്നവയായിക്കൊളളണമെന്നില്ല. പലര്‍ക്കും തന്റെ അസംതൃപ്തമായ ജീവിതത്തില്‍ നിന്നുളള ഒളിച്ചോട്ടമാണ് സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട്ഫോണും. വ്യക്തിബന്ധങ്ങള്‍ രൂപപ്പെടാന്‍ വേണ്ട സ്വകാര്യതയും ആശയവിനിമയവും സ്മാര്‍ട്ട്ഫോണ്‍ ഇഷ്ടം പോലെ പ്രദാനം ചെയ്യുമ്പോള്‍ വിവാഹേതരബന്ധങ്ങളും പ്രണയങ്ങളും പെട്ടെന്ന് രൂപപ്പെടാന്‍ കാരണമാകുന്നു. തനിക്ക് ജീവിതപങ്കാളിയില്‍ നിന്നും ലഭിക്കാത്ത അംഗീകാരവും പ്രണയവും ജീവിതപങ്കാളിയിലില്ലാത്ത സ്വഭാവസവിശേഷതകള്‍ ഉളള മറ്റൊരാളില്‍ നിന്നും ലഭിക്കുമ്പോള്‍ അത്തരം ബന്ധങ്ങള്‍ അതിരുകള്‍ ഭേദിച്ച് വളരാനുളള സാധ്യതകളേറെ. എന്നാല്‍ ഈ വിവരം പങ്കാളി അറിയുമ്പോള്‍ മുതല്‍ പ്രശ്നങ്ങളുടെ പെരുമഴയായി. ഡിവോഴ്സില് എത്തി നില്ക്കുന്ന പല പ്രശ്നങ്ങളിലും മുന്‍പന്തിയില്‍ ഇതു തന്നെ. ബന്ധങ്ങള്‍ അടുക്കാനാവത്തവിധം അകലുന്നതും ഈയൊരു സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു.
കടമകള്‍ മറക്കുമ്പോള്‍:-
ഫോണില്‍ നിന്നും ലഹരികളില്‍ മുഴുകുമ്പോള്‍ നാം മറന്നു പോകുന്നത് പലപ്പോഴും നമ്മുടെ കടമകളായിരിക്കും. കുഞ്ഞുങ്ങളിലെ പല പ്രശ്നങ്ങളും മാതാപിതാക്കള്‍ തിരിച്ചറിയന്‍ വൈകാറുണ്ട്. പലപ്പോഴും അവര്‍ അവരുടേതായ ലോകത്തായിരിക്കും. കുഞ്ഞുങ്ങളുമൊന്നിച്ച് സമയം ചിലവിടാന്‍ ശ്രമിക്കാതെ എങ്ങനെ ആരോഗ്യകരമായ കുടുംബം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും? പലപ്പോഴും മാതാപിതാക്കളില്‍ നിന്നായിരിക്കും കുഞ്ഞുങ്ങള്‍ ഫോണ്‍ ഉപയോഗം ശീലിക്കുന്നത്. പങ്കാളിയെ ശ്രദ്ധിക്കാതെ ഫോണില്‍ മുഴുകുമ്പോള്‍ തിരിച്ചറിയാതെ പോകുന്നത് അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും പരിഭവങ്ങളുമായിരിക്കും. നമ്മുടെ ജീവിതം മെച്ചപ്പെടുത്താനായി വിനിയോഗിക്കേണ്ട സമയം അര്‍ത്ഥമില്ലാത്ത ഫോര്‍വേര്‍ഡുകളില്‍ മുക്കികളയുമ്പോള് നഷ്ടപ്പെടുന്നത് ചിലപ്പോള്‍ തിരിച്ചു പിടിക്കാന്‍ സാധിക്കാത്ത സന്തോഷങ്ങളാവാം.
വിഷാദത്തിന്റെ കൈപ്പിടിയില്‍:-
മറ്റുളളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പ്രദര്‍ശിപ്പിക്കുന്ന അവരുടെ ജീവിതചിത്രവുമായി തന്റെ അസംതൃപ്തമായ ജീവിതം താരതമ്യം ചെയ്ത് വിഷാദത്തിന്റെ കൈപ്പിടിയിലമരുന്നവരുടെ എണ്ണം വളരെയധികമാണ്. സ്വന്തം ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കാണാതെ കിട്ടാക്കനിയായ ജീവിതസാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിലപിച്ചിട്ട് എന്തുഫലം? സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുളളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുന്ന സ്വഭാവം തനിക്ക് ഉണ്ട് എന്നും അത് തനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ട് എന്നും തോന്നിയാല്‍ ഉടനടി ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുകയും പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.
ജീവിതത്തിലെ സന്തോഷം വലിയ വലിയ സൗഭാഗ്യങ്ങളിലല്ല, മറിച്ച് ചെറിയ ചെറിയ നിമിഷങ്ങളിലാണ്. അവ തിരിച്ചറിയണമെങ്കില്‍ ഓരോ നിമിഷവും നമുക്ക് ചുറ്റുമുളള ലോകത്തേക്ക് നാം കണ്ണ് തുറക്കണം. വൈകിട്ട് വീട്ടില്‍ വന്നതിന് ശേഷം അരമണിക്കൂറെങ്കിലും മറ്റ് വിനോദോപാധികള്‍ ഇല്ലാതെ കുടുംബവുമൊന്നിച്ച് സംസാരിച്ചും കളിച്ചും ചിരിച്ചും സമയം ചെലവിടാന്‍ സാധിക്കണം. ഒറ്റപ്പെട്ട തുരുത്തുകളാവമ്പോള് നമുക്ക് സന്തോഷമല്ല, മറിച്ച് വിഷാദവും നിരാശയുമാണ് ഉണ്ടാവുന്നത്. ഫോണ്‍ തീര്‍ത്തും ഉപേക്ഷിക്കണമെന്നല്ല, മറിച്ച് അതിന്റെ ഉപയോഗം മിതപ്പെടുത്താന്‍ നമുക്കെല്ലാം സാധിക്കുമല്ലോ. അതിനായുളള മന:ശക്തി കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.