സ്നേഹത്തിന്‍റെ ആശയവിനിമയം

സ്നേഹത്തിന്‍റെ ആശയവിനിമയം

ഡോ: ചന്ദന ഡി. കറത്തുളളി

കുടുംബബന്ധങ്ങളില്‍ സ്നേഹത്തിന്‍റെ പ്രാധാന്യം വിശദമാക്കേണ്ട ആവശ്യമില്ല. സ്നേഹം കൂടാതെ ബന്ധങ്ങള്‍ നിലനില്‍ക്കില്ലല്ലോ. എന്നാല്‍ സ്നേഹമുണ്ടായതു കൊണ്ട് മാത്രമായോ? പ്രകടിപ്പിക്കപ്പെടാത്ത സ്നേഹം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം? അതിനാല്‍ തന്നെയാണ് ആശയവിനിമയം എന്നതിന് പ്രാധാന്യമേറുന്നത്.

ഒരുപാട് ഭാര്യമാരുടെ പരാതിയാണ് തന്‍റെ ഭര്‍ത്താവിന് തന്നോട് സ്നേഹമില്ല എന്നത്. ഒരുപാട് മക്കളുടെ പരാതിയാണ് തന്‍റെ മാതാപിതാക്കാള്‍ക്ക് തന്നോട് സ്നേഹമില്ല എന്നത്. തങ്ങള്‍ക്ക് സ്നേഹമുണ്ടെന്ന് അത് എന്താണ് തിരിച്ചറിയാത്തത് എന്നും ഇവരോട് ചോദിച്ച് വഴക്കിട്ടിട്ട് ഫലമില്ല. അവര്‍ക്ക് നമ്മുടെ ഉളളിലെ സ്നേഹം തിരിച്ചറിയത്തക്ക വിധം പെരുമാറുകയും, അവര്‍ക്ക് അതുവഴി നമ്മുടെ സ്നേഹവും കരുതലും അനുഭവപ്പെടുകയും ചെയ്യുകയും വേണമെന്നതാണ് ഇതിനുളള പരിഹാരം. എന്നാല്‍ പറയാനേറെ എളുപ്പമാണെങ്കിലും പ്രവൃത്തിയില്‍ കൊണ്ടു വരാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. എന്നാല്‍ അസാദ്ധ്യവുമല്ല.

എനിക്ക് സ്നേഹമുണ്ട് എന്നത് പറഞ്ഞ് മനസ്സിലാക്കേണ്ട ഒന്നല്ല, അത് അനുഭവപ്പെടേണ്ടതാണ്. എത്ര പറഞ്ഞു കൊടുത്താലും എന്‍റെ സ്നേഹം തിരിച്ചറിയുന്നില്ല എന്ന പരാതി തോന്നുന്നുണ്ടെങ്കില്‍ പെരുമാറ്റത്തിലാണ് സ്നേഹവും പരിഗണനയും കൊണ്ട് വരേണ്ടത്. അല്ലാതെ പ്രഭാഷണത്തിലല്ല. ഒരു വ്യക്തിയെ നാം സ്നേഹിക്കുന്നുണ്ട് എങ്കില്‍ എങ്ങനെ അത് പെരുമാറ്റത്തിലൂടെ പ്രകടമാക്കാം എന്നതാണ് നാം ചിന്തിക്കേണ്ടത്.

സ്നേഹം എന്നത് മുന്‍ഗണന കൂടിയാണ്. ഒരു വ്യക്തിയെ നാം സ്നേഹിക്കുന്നുണ്ട് എങ്കില്‍ അയാളുടെ താല്‍പര്യങ്ങള്‍ക്കും വികാരവിചാരങ്ങള്‍ക്കും നാം മുന്‍ഗണന കൊടുക്കേണ്ടതാണ്. പല ഭാര്യമാര്‍ക്കും ഭര്‍ത്താക്കډാര്‍ക്ക് തങ്ങളോട് സ്നേഹമില്ല എന്ന് തോന്നുന്നതിന്‍റെ പ്രധാന കാരണം അവരുടെ ആഗ്രഹങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ മുന്‍ഗണന ലഭിക്കാത്തതു കൊണ്ടാണ്. ഈയവസരത്തില്‍ നല്ല കേള്‍വിക്കാരാകുക എന്നതാണ് സ്നേഹം പ്രകടമാക്കുന്നതിന്‍റെ അടിസ്ഥാനം. നാം സ്നേഹിക്കുന്നവരുടെ പരാതികള്‍ക്കും വികാരവിചാരങ്ങള്‍ക്കും ചെവി കൊടുക്കുക. തിരുത്തലുകളോ വാഗ്വാദങ്ങളോ കൂടാതെ അവരുടെ ഉളളിലുളളത് സമാധാനപൂര്‍വ്വം കേള്‍ക്കാം. ഭാര്യമാരുടെ പരാതികള്‍ ചിലപ്പോള്‍ ഭര്‍ത്താക്കډാരില്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണ് എന്ന ചിന്ത ഉളവാക്കിയേക്കാം. അതിനാല്‍ തന്നെ അവര്‍ ഭാര്യമാര്‍ പരാതിപ്പെട്ടി തുറക്കുമ്പോള്‍ തന്നെ ഒഴിഞ്ഞു മാറാറുണ്ട്. എന്നാല്‍ ഈ പ്രവണത തങ്ങളെ സനേഹിക്കുന്നില്ല എന്ന തോന്നല്‍ ഭാര്യമാരില്‍ ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, സാമ്പത്തികപ്രയാസങ്ങള്‍ നേരിടുന്ന കുടുംബങ്ങളില്‍ താന്‍ അനുഭവിക്കുന്ന പ്രയാസം ഭര്‍ത്താവുമൊത്ത് പങ്ക് വയ്ക്കണമെന്ന് ഭാര്യ ആഗ്രഹിക്കുന്നുണ്ടാകും. അതിന് മുതിരുമ്പോളെല്ലാം ഭര്‍ത്താവ് ഒഴിഞ്ഞി മാറുന്നതായി തോന്നാം. എന്നാല്‍ തന്‍റെ കഴിവില്ലായ്മ മൂലമാണ് സാമ്പത്തിക പ്രയാസം നേരിടുന്നത് എന്നാണ് ഭാര്യ ഉദ്ദേശിക്കുന്നത് എന്ന് കരുതുന്ന ഭര്‍ത്താവ് ഒഴിഞ്ഞു മാറുന്നതില്‍ അതിശയമില്ലല്ലോ. അതിനാല്‍ തന്നെയാണ് കുടുംബജീവിതത്തിലെ ആശയവിനിയമത്തിലെ പോരായ്മകള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

കുറ്റപ്പെടുത്തലിന്‍റെ മുള്‍മുനയില്ലാതെ സംസാരിക്കാന്‍ ഭാര്യയും മുന്‍വിധികളില്ലാതെ വാക്കുകളാല്‍ സമാധാനമൊരുക്കാന്‍ ഭര്‍ത്താവും പഠിക്കുന്നിടത്ത് ഈ ആശയക്കുഴപ്പം പരിഹരിക്കാം. ഭാര്യ തന്‍റെ ആശങ്ക പങ്ക് വയ്ക്കുന്നിടത്ത് ശരിയാണ്, നിനക്ക് ഉത്കണ്ഠ തോന്നുന്നതില്‍ ഒട്ടും തെറ്റില്ല, എനിക്കും നല്ല ടെന്‍ഷന്‍ ഉണ്ട് എന്ന ഭര്‍ത്താവിന്‍റെ വാക്കുകള്‍ ഭാര്യയ്ക്ക് നല്‍കുന്ന കരുതല്‍ ചെറുതല്ല. എന്നാല്‍ ആ സമയത്ത് ഭാര്യ കരുതലേകാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെ തിരിച്ച് ആക്രമിക്കരുത് എന്ന് മാത്രം. ഇവിടെ പ്രാവര്‍ത്തികമാകുന്നത് എമ്പതി എന്ന തത്വമാണ്. അതായത് വിഷമിക്കുന്ന ഒരു വ്യക്തിയുടെ വിഷമം താന്‍ മനസ്സിലാക്കുന്നു, അത് പൂര്‍ണ്ണമായും താന്‍ ഉള്‍ക്കൊളളുന്നു എന്ന രീതിയില്‍ ഉളള പെരുമാറ്റം. യാതൊരു വിധ തിരുത്തലുകളോ ഉപദേശങ്ങളോ കുറ്റപ്പെടുത്തലോ ഇല്ലാതെ പ്രതികരിക്കുന്ന രീതിയാണ് ഇത്. മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ കരയുന്ന കുട്ടിയോട് എല്ലാവരും കളിയാക്കുന്നുണ്ടാകും എന്ന് തോന്നിയപ്പോള്‍ മോന് നാണക്കേടായോ, അമ്മയ്ക്കാണെങ്കിലും അങ്ങനെയോര്‍ത്ത് സങ്കടമായേനേ എന്ന് പറയാം, സാരമില്ല, അടുത്ത തവണ മാര്‍ക്ക് വാങ്ങാം എന്ന ഉപദേശത്തേക്കാള്‍ അത് ഫലം ചെയ്യും.

സ്നേഹം പ്രകടിപ്പിക്കേണ്ടത് വലിയ വലിയ സമ്മാനങ്ങളിലൂടെയോ ജീവിതസൗകര്യങ്ങളിലൂടെയോ അല്ല. ചെറിയ നിമിഷങ്ങളാണ് സ്നേഹത്തിന്‍റെ കരുതല്‍ പ്രകടമാക്കുന്നത്. ഉദാഹരണത്തിന്, ഓര്‍ത്തു വച്ചൊരു പിറന്നാള്‍ ആശംസ, എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും ചേര്‍ത്ത് നിര്‍ത്തിയൊരു സമാശ്വാസം, മുഖത്തെ ചെറിയൊരു മാറ്റം പോലും തിരിച്ചറിഞ്ഞുളള അന്വേഷണം, മനസ്സറിഞ്ഞൊരു ചെറുപുഞ്ചിരി എന്നിവയ്ക്കെല്ലാം വളരെയധികം ശക്തിയുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ചെറുനിമിഷങ്ങളെല്ലാം ഒരു വലിയ സമ്പാദ്യമായി മാറുന്നു. ഇത്തരത്തില്‍ സ്നേഹം തുളുമ്പുന്ന നിമിഷങ്ങളുടെ സമ്പാദ്യമാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്. എത്ര വലിയ വഴക്കുകളും തെറ്റിദ്ധാരണകളും ഈ സ്നേഹസമ്പാദ്യം കൊണ്ട് മാറ്റിയെടുക്കാം. പരാതികളുടെയും പരിഭവങ്ങളുടെയും സമ്പാദ്യമാണ് നമുക്കെല്ലാം കൈനിറയെ ഉണ്ടാവുക. എന്നാല്‍ അവിടെ ദൈനംദിന ജീവിതത്തില്‍ നിന്നും ലഭിക്കുന്ന ചെറിയ നിമിഷങ്ങള്‍ ചേര്‍ത്തു വച്ച സ്നേഹസമ്പാദ്യം സൃഷ്ടിക്കാനാണ് നാം ശ്രദ്ധലക്കേണ്ടത്.

കുഞ്ഞങ്ങളോടുമതെ, ഒരു ചെറുപുഞ്ചിരിയ്ക്കും, കെട്ടിപിടിച്ചൊരു ഉമ്മയ്ക്കും, മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി എന്നൊരു പ്രോത്സാഹനത്തിനുമെല്ലാം നല്‍കുന്ന ഊഷ്മളത ഒരു മാളിനും, ഐസ്ക്രീമിനും, സിനിമയ്ക്കും, സമ്മാനത്തിനും നല്‍കാനാവില്ല. സ്നേഹം വില കൊടുത്ത് വാങ്ങാനാവില്ല എന്നത് പലപ്പോഴും മാതാപിതാക്കള്‍ ഓര്‍ക്കാറില്ല. വില കൂടിയ സമ്മാനങ്ങളും, മുന്തിയ സൂകൂളിലെ അഡ്മിഷനും, ചോദിക്കുന്നതെല്ലാം വാങ്ങി നല്‍കുന്ന ഉദാരമായ മനസ്സും കൊണ്ട ചെന്നാല്‍ കുട്ടികളുടെ സ്നേഹം വാങ്ങാനാകില്ല. ചിലപ്പോള്‍ അവരെ വഷളാക്കാന്‍ മാത്രമേ അവ ഉപകരിക്കൂ. സ്നേഹിക്കപ്പെടുന്നുണ്ട് എന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ അവരുടെ കൂടെ സമയം ചിലവിടണം. അവരുടെ കൂടെ കളിച്ചും ചിരിച്ചും സംസാരിച്ചും മാത്രമേ കുഞ്ഞുങ്ങളുടെ സ്നേഹം പിടിച്ചു പറ്റാന്‍ സാധിക്കൂ. കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റേണ്ടത് അവര്‍ പറയുന്ന കാര്യങ്ങള്‍ നടത്തി കൊടുത്തല്ല, വാശിപിടിക്കലും ബഹളം വയ്ക്കലുമെല്ലാം കഴിഞ്ഞ് അവര്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്തിയാണ്. ഉദാഹരണത്തിന്, കടയില്‍ കണ്ട കളിപ്പാട്ടത്തിനായി കുഞ്ഞ് കരഞ്ഞു എന്നിരിക്കട്ടെ. കിട്ടില്ല എന്ന് നാം തറപ്പിച്ച് പറഞ്ഞപ്പോള്‍ കുട്ടി വാശി പിടിക്കുന്നു. അപ്പോള്‍ നാം അത് വാങ്ങി കൊടുക്കുന്നില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയും, കുട്ടി വാശിയില്‍ തന്നെ പെരുമാറുകയും ചെയ്യുന്നു. തന്‍റെ ബഹളമെല്ലാം ആരും കാണുന്നില്ല എന്ന് കാണുന്ന കുട്ടി അവസാനം ആശ്വാസത്തിനായി നമ്മുടെ അടുത്ത് തന്നെ വരും. അപ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാം. അല്ലാതെ വാശികളെല്ലാം സാധിച്ചു നല്‍കുന്നത് സ്നേഹമല്ല, സ്വാര്‍ത്ഥതയാണ്, കുട്ടിയെ നേര്‍വഴി കാണിച്ച് നടത്താന്‍ ശ്രമിക്കാത്ത അലസതയാണ്. കാരണം, ഭാവിയില്‍ എല്ലാ കാലവും അവര്‍ക്ക് അവരുടെ വാശി പോലെ കാര്യങ്ങള്‍ നടത്തി കൊണ്ട് പോകാന്‍ സാധിക്കില്ല. അന്ന് തന്നെ അടുക്കും ചിട്ടയും പഠിപ്പിക്കാത്ത മാതാപിതാക്കളെ കുട്ടി അവഗണിക്കൂ. കതിരില്‍ വളം വച്ചിട്ട് ഫലമില്ല എന്ന് തിരിച്ചറിയുന്ന മാതാപിതാക്കള്‍ തങ്ങളെ സ്നേഹിക്കാത്ത മക്കളെ കുറിച്ചോര്‍ത്ത് വിലപിക്കും. ചിട്ടയോടെ മക്കളെ വളര്‍ത്തണമെന്നതിനു സാരം അവര്‍ക്ക് സ്നേഹം പകര്‍ന്നു നല്‍കണ്ട എന്നല്ല. ആവോളം അവരെ ഓമനിച്ചും, കെട്ടി പിടിച്ചുമെല്ലാം സ്നേഹം നല്‍കാം, എന്നാല്‍ ഒപ്പം ചിട്ടയോടെയും അനുസരണയോടെയും അവര്‍ വളരരുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രം.

കൂടെയുളളവരുടെ വികാരവിചാരങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കു മെല്ലാം ചെവി കൊടുക്കാം. അവര്‍ക്ക് പറയാനുളളതും സമാധനപൂര്‍വ്വം കേള്‍ക്കാം. ഉളളിലുളള സ്നേഹം പ്രകടിപ്പിക്കാം. യാന്ത്രികമായ ജീവിതരീതിയില്‍ നിന്നും മാറി മനസ്സ് തുറന്ന് ജീവിക്കാം. കളിക്കാം, ചിരിക്കാം, പാട്ടു പാടാം – കാരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ജീവന്‍ മാത്രമാണ്.