സ്വയം അവബോധം സൃഷ്ടിക്കാം

സ്വയം അവബോധം സൃഷ്ടിക്കാം

ഡോ: ചന്ദന ഡി. കറത്തുളളി

സ്വയം തിരിച്ചറിവുണ്ടായിരിക്കുക എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. സ്വന്തം സ്വത്വത്തെപ്പറ്റിയുളള അവബോധമാണ് സ്വയം അവബോധം അഥവാ സെല്‍ഫ് അവയര്‍നെസ്സ്. സ്വന്തം വികാരങ്ങളെക്കുറിച്ചും തോന്നലുകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ തിരിച്ചറിവുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. മാത്രമല്ല, മാനസികാരോഗ്യത്തിന്‍റെ അളവുകോല്‍ കൂടിയാണ് ഈ തിരിച്ചറിവ്. ആത്മനിയന്ത്രണത്തിനായുളള അത്യന്താപേക്ഷിതഘടകം കൂടിയാണ് ഈ തിരിച്ചറിവ്.

എങ്ങനെയാണ് നമ്മുടെ ഉളളില്‍ എന്തു നടക്കുന്നു എന്ന അറിവ് നമ്മെ നിയന്ത്രിക്കുന്നത്? വൈകാരിക പക്വതയുടെ അടിസ്ഥാനഘടകമായി പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഗോള്‍മാന്‍ വിവരിച്ചിരിക്കുന്നത് ഈ ആത്മാവബോധത്തേയാണ്. അദ്ദേഹം അതിനെ സ്വന്തം ആന്തരികപരിസ്ഥിതി, താല്‍പര്യങ്ങള്‍, തിരിച്ചറിവുകള്‍ എന്നിവ അറിയുന്നതിനായി നാം ഉപയോഗപ്പെടുത്തുന്നു എന്ന് വിവരിച്ചിരിക്കുന്നു. എന്താണ് നമ്മുടെ ആന്തരികപരിസ്ഥിതി? നമ്മുടെ ഉളളിലെ ചിന്തകളും, അവ സൃഷ്ടിക്കുന്ന വികാരങ്ങളും, നമ്മുടെ ഓര്‍മ്മകളും അനുഭവങ്ങളും എല്ലാം ചേര്‍ന്നതാണ് നമ്മുടെ ആന്തരികപരിസ്ഥിതി. അതിനെക്കുറിച്ച് വ്യക്തമായ ധാരണ എല്ലാവര്‍ക്കും ഒരുപോലെ ഉണ്ടാവണമെന്നില്ല. നാം എങ്ങനെ ഓരോ സന്ദര്‍ഭത്തോടും പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചും ഓരോ സന്ദര്‍ഭവും നമ്മുടെ ഉളളില്‍ എന്തെല്ലാം വികാരവേലിയേറ്റങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചുമെല്ലാം നമ്മുടെ ഉളളില്‍ ഒരു ഏകദേശധാരണ ഉണ്ടായിരിക്കും. എന്നാല്‍ ഈ ധാരണയെക്കുറിച്ച് ചില ആളുകള്‍ ബോധവാډാരായിരിക്കും. ചിലരാകട്ടെ അതേക്കുറിച്ച് തീരെ ബോധവാډാരായിരിക്കുകയില്ല. ഇത്തരം ഒരു സ്വയം തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്. നമ്മെത്തന്നെ തിരിച്ചറിയാന്‍ സാധിക്കുക എന്നത് ചെറിയ കാര്യമല്ല.

എന്തെല്ലാമാണ് സ്വയം തിരിച്ചറിവിന്‍റെ ഗുണങ്ങള്‍? അതിന് ഉത്തരം നല്‍കണമെങ്കില്‍ ആദ്യം നമ്മുടെ പെരുമാറ്റത്തെക്കുറിച്ച് പറയണം. നാം നമ്മുടെ സാഹചര്യങ്ങളോട് രണ്ട് രീതിയിലാണ് പ്രതികരിക്കുന്നത്. ഒന്നാമത്, വളരെ യാന്ത്രികമായി ഒട്ടും ചിന്തിക്കാതെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം. അതായത്, എന്നോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ സങ്കടപ്പെടുന്നു, എനിക്കിഷ്ടമുളള കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു – എന്നിങ്ങനെ ഇങ്ങനെയുളളവര്‍ സ്വന്തം സന്തോഷവും സങ്കടവുമെല്ലാം തന്‍റെ സാഹചര്യങ്ങളെ മാത്രം ചുറ്റിപ്പറ്റി മാത്രമാണ് കെട്ടിപ്പൊക്കുന്നത്. സ്വന്തം വികാരങ്ങളുടെ മേല്‍ അവര്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകുന്നില്ല. ഇനി രണ്ടാമെത്തെതോ, പുറത്ത് നിന്നുളള പ്രേരണ എന്തുമായിക്കൊളളട്ടെ, അത്യാവശ്യം കെട്ടുറപ്പുളള വൈകാരികപരിസ്ഥിതി നിലനിര്‍ത്തുവാന്‍ സാധിച്ചുകൊണ്ടുളള പെരുമാറ്റമാണ്. അതായത് പുറത്തു നിന്നുളള പെരുമാറ്റം എന്തുമാവട്ടെ, സ്വന്തം വികാരങ്ങളുടെയും ചിന്തകളുടെയും കടിഞ്ഞാണ്‍ സ്വയം ഏറ്റെടുക്കുന്നതു വഴി സ്വന്തം സന്തോഷവും സങ്കടവും സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇങ്ങനെയുളളവര്‍ക്ക് മാനസികാരോഗ്യവും പോസിറ്റീവായി മനോഗതിയും കൂടുതലായി അനുഭവപ്പെടുന്നു. മാത്രമല്ല, ജീവിതത്തെ ആഴത്തില്‍ മനസ്സിലാക്കാനും അര്‍ത്ഥപൂര്‍ണ്ണമാകുന്ന കുടുംബബന്ധങ്ങള്‍ ആസ്വദിക്കാനും അവര്‍ക്ക് സാധിക്കുന്നു. ഇവിടെ രണ്ടാമതായി വിവരിച്ച പെരുമാറ്റത്തിന്‍റെ അടിസ്ഥാനം ആത്മാവബോധം തന്നെയാണ്. ഞാന്‍ എന്തുകൊണ്ട് ഇന്ന രീതിയില്‍ പെരുമാറുന്നു? എന്‍റെ ജീവിതാനുഭവങ്ങള്‍ എന്നെ എന്ത് പഠിപ്പിച്ചു? എന്നെ നയിക്കുന്ന വികാരങ്ങള്‍ എന്തെല്ലാമാണ്? അതിന് അനുസൃതമായി നില്‍ക്കുന്ന ചിന്തകളും മനോഭാവങ്ങളും എന്ത്? ഇവയില്‍ എന്തെല്ലാമാണ് പോസിറ്റീവായത്? ഇവയില്‍ നെഗറ്റീവായത് എങ്ങനെ നിയന്ത്രിക്കാം? എങ്ങനെ കുറച്ചു കൂടെ നല്ല രീതിയില്‍ എന്‍റെ ചുറ്റുപാടുകളോട് പ്രതികരിക്കാം? എന്നിങ്ങനെയുളള തിരിച്ചറിവുകള്‍ നല്ല ആത്മാവബോധത്തിന്‍റെ പ്രവര്‍ത്തനഫലമായാണ് നമുക്ക് ലഭിക്കുന്നത്.

ഉദാഹരണത്തിന്, നല്ല ആത്മാവബോധമുളള ഒരു വ്യക്തിക്ക് അയാളുടെ ചെറുപ്പകാലത്തെക്കുറിച്ചുളള ഒരു യഥാര്‍ത്ഥചിത്രം മനസ്സില്‍ ഉണ്ടായിരിക്കും. തന്‍റെ വൈകാരിക ആവശ്യങ്ങളെ കുറിച്ചുളള അവബോധവും, അത് തന്‍റെ സ്വഭാവത്തെ എങ്ങനെ നയിക്കുന്നു എന്ന തിരിച്ചറിവും ഉണ്ടായിരിക്കും. ഞാന്‍ എന്ന വ്യക്തി ആരാണ് എന്നും എന്താണ് എനിക്ക് ജവിതത്തില്‍ നിന്നും വേണ്ടത് എന്നും ഉളള അവബോധം ആ വ്യക്തിയുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. എന്‍റെ പെരുമാറ്റത്തില്‍ എന്തെല്ലാം ന്യൂനതകള്‍ ഉണ്ട് എന്നും എന്‍റെ നെഗറ്റീവ് വികാരങ്ങള്‍ എങ്ങനെ എന്നെയും എന്‍റെ ചുറ്റുമുളളവരെയും വേദനിപ്പിക്കുന്നു എന്നും ഉളള തിരിച്ചറിവ് സ്വയം തിരുത്തുന്നതിന് ആ വ്യക്തിയെ പ്രാപ്തനാക്കുന്നു. സാഹചര്യങ്ങളോട് യാന്ത്രികമായി പ്രതികരിക്കുന്നതിന് പകരം എങ്ങനെ അല്‍പ്പം കൂടെ മികച്ച രീതിയില്‍ പ്രതികരിക്കാം എന്ന് ആ വ്യക്തി ചിന്തിക്കുന്നു.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആത്മാവബോധ മെന്നത് ഒരു കഴിവ് തന്നെയാണ്. സ്വന്തം ജീവിതത്തില്‍ തിരിഞ്ഞു നോക്കി വിലയിരുത്താനുളള പ്രാഗത്ഭ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നില്ല. സ്വന്തം പെരുമാറ്റത്തിന്‍റെ വിധികര്‍ത്താവുകയെന്നാല്‍ അത്ര എളുപ്പവുമല്ല. എന്നാല്‍ അതിനു സാധിക്കുന്നവര്‍ക്ക് മാത്രമേ എന്നും ഇന്നലെത്തേക്കാള്‍ മികച്ചതായി പെരുമാറാനും സ്വയം മെച്ചപ്പെടാനും സാധിക്കൂ. അത്തരമൊരു തിരിച്ചറിവാകട്ടെ സ്വയം തിരുത്തുന്നതിലും തന്‍റെ തെറ്റുകുറ്റങ്ങളും കുറവുകളും തിരുത്തി മുന്നോട്ട് നയിക്കുന്നതില്‍ പ്രധാനമാണുതാനും. നാര്‍സിസം, ആന്‍റിസോഷ്യല്‍ പ്രവണത പോലെയുളള വ്യക്തിത്വവൈകല്ല്യങ്ങള്‍ ഉളളവര്‍ക്ക് ഒരിക്കലും ഈയൊരു കഴിവ് ഉണ്ടാവുകയില്ല എന്നും അവരെന്നും സ്വന്തം സ്വഭാവത്തിന്‍റെ പ്രശ്നങ്ങള്‍ തിരിച്ചറിയാതെയും സമ്മതിച്ചു നല്‍കാതെയും മുന്നോട്ടു പോകുമെന്നും പറയപ്പെടുന്നു. വ്യക്തിത്വവികസനത്തിലും വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും സ്വവം തിരിച്ചറിവിനുളള പങ്ക് വിവരിക്കാതെ വയ്യ. എന്‍റെ പെരുമാറ്റം എങ്ങനെ മറ്റുളളവരെ വേദനിപ്പിക്കുന്നു എന്നും, എങ്ങനെ അല്‍പ്പം കൂടെ മികച്ചതായി പെരുമാറാം എന്നും സ്വയം തിരിച്ചറിയുന്നതില്‍ നിന്നുമാണ് വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത്. ഇത്തരമൊരു മനോഭാവമില്ലായെങ്കില്‍ പ്രശ്നപരിഹാരം ഒരു പ്രഹേളികയായി അവസാനിക്കുകയും ചെയ്യും. എന്നാല്‍ ആത്മാവബോധമുളള വ്യക്തികള്‍ ചെറിയൊരു മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ തന്നെ തന്‍റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതില്‍ വ്യാപൃതരാവുകയും തന്‍റെ കൂടെയുളളവരുടെ മാനസികാരോഗ്യത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നു.

എങ്ങനെ സ്വന്തം വികാരവിചാരങ്ങളെ കുറിച്ചുളള അവബോധം വളര്‍ത്തിയെടുക്കാം? സ്വന്തം അനുഭവങ്ങള്‍ ഡയറിയില്‍ കുറിച്ചെടുക്കുന്നത് ഇതിന് നല്ല ഒരു തുടക്കമാണ്. പതിവായി ഡയറിയെഴുതുകയും ഇടയ്ക്ക് പിന്നിലെ പേജുകള്‍ വായിച്ചു നോക്കുകയും ചെയ്യുന്നത് സ്വന്തം മനസ്സിലേക്കൊരു നേര്‍ക്കാഴ്ച തുറന്നു തരുന്നു. ആത്മാര്‍ത്ഥമായ വിവരങ്ങള്‍ വേണം ഡയറിയില്‍ എഴുതാനെന്നു മാത്രം. അര്‍ത്ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ് മറ്റൊരു വഴി. സ്വന്തം ജീവിതത്തെക്കുറിച്ചും, നടന്നു വന്ന വഴികളെക്കുറിച്ചും, ആഗ്രഹങ്ങളെക്കുറിച്ചും, സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം തുറന്നു സംസാരിക്കുന്നത് നമ്മുടെ ഉളളില്‍ എന്തു നടക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് അറിവ് പകരുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴും സ്വന്തം വികാരവിചാരങ്ങളെ കുറിച്ച് അവര്‍ ബോധവാډാര്‍ ആണെന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ട്. പുറത്തെ സാഹചര്യങ്ങളോട് യാന്ത്രികമായി പെരുമാറാതെ അവര്‍ സ്വയം തിരിച്ചറിയുന്നുണ്ടോ എന്ന് ഉറപ്പാക്കാം. കുഞ്ഞുങ്ങളോട് കൂടുതല്‍ സംസാരിക്കുന്നതും അവരുടെ അനുഭവങ്ങള്‍ക്കായി ചെവി നല്‍കുന്നതും വളരെ നല്ലതാണ്. അവരുടെ ഉളളിെ ലോകത്തെക്കുറിച്ച് അവര്‍ വാചാരരാകുമ്പോള്‍ സ്വയമേ തന്നെയും അവര്‍ക്ക് തിരിച്ചറിവ് ലഭിക്കുന്നു. വാക്കുകളിലൂടെ തന്‍റെ ഉളളിലെ ഉളളിനെ തുറന്നു കാട്ടാന്‍ അവര്‍ പഠിക്കുന്നു. നമ്മുടെ ജീവിതാനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നതു വഴിയും അവരെ നമുക്ക് അതിന് പ്രാപ്തരാക്കാം. നമ്മുടെ ചെറുപ്പകാലത്തെ കഥകളും അനുഭവങ്ങളും അവര്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചും അവബോധം നല്‍കുമെന്ന് തീര്‍ച്ച. അനവധി പുസ്തകങ്ങള്‍ വായിക്കുന്നതു വഴിയും കുഞ്ഞുങ്ങള്‍ക്ക് മറ്റുളളവരുടെ മനസ്സ് തുറന്നു കാണാന്‍ സാധിക്കുന്നു. കഥകളും നോവലുകളും കുഞ്ഞുങ്ങളുടെ മുന്നില്‍ നിറയ്ക്കുന്ന ലോകം മറ്റുളളവരുടെ വികാരവിചാരങ്ങളെ ക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാമാണല്ലോ? തന്‍റെ സ്വന്തം അനുഭവങ്ങളും വികാരവിചാരങ്ങളും താരതമ്യം ചെയ്യാനും തന്‍റെ ഉളളില്‍ എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാനും വിശദമാക്കാനും നല്ല വായനാശീലമുളള കുട്ടികള്‍ക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. നല്ല ആത്മാവബോധമുളളവര്‍ക്കോ, സ്വയം തിരിച്ചറിവിലൂടെ പ്രശ്നപരിഹാരത്തിനും സ്വയം മെച്ചപ്പെടുത്താനും സാധിക്കുന്നു. ആയതു വഴി ജീവിതസംതൃപ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നു.