വാക്കും വിവേകവും
ഡോ: ചന്ദന ഡി. കറത്തുളളി
ആശയവിനിമയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ് വാക്കുകള്‍. നാം നമ്മുടെ കൂടെയുളളവരുമായി ആശയവിനിമയം നടത്തുന്നത് കേവലം ആശയങ്ങളല്ല, നമ്മുടെ ചിന്തകളും വികാരങ്ങളും കൂടെയാണ്. അതിനാല്‍ തന്നെ നമ്മുടെ ഉളള് തുറന്ന് കാട്ടുന്നതില്‍ ആശയവിനിമയത്തിനുളള പങ്ക് വളരെയധികം തന്നെ. വാക്കുകളോടൊപ്പം നമ്മുടെ ശബ്ദത്തിലൂടെയും, മുഖഭാവങ്ങളിലൂടെയും, ശരീരചലനങ്ങളിലൂടെയുമാണ്. ഇവയെല്ലാം ചേര്‍ന്ന് വരുമ്പോഴാണ് ആശയവിനിമയം പൂര്‍ണ്ണമാകുന്നത്. നമ്മുടെ മാനസികാവസ്ഥ മാത്രമല്ല, നമ്മോട് ഇടപെടുന്നവരുടെ വാക്കുകളും ചലനങ്ങളും മുഖഭാവങ്ങളുമെല്ലാം നാം എങ്ങനെ ഒരു സാഹചര്യത്തില്‍ പ്രതികരിക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനോടൊപ്പം തന്നെ പ്രാധാന്യമാണ് നമ്മോട് ഇടപെടുന്നവര്‍ക്ക് എന്ത് സന്ദേശമാണ് നമ്മില്‍ നിന്നും ലഭിക്കുന്നത് എന്നത്. പലപ്പോഴും നാം പറയുന്ന വാക്കുകളാവില്ല നമ്മുടെ കൂടെയുളളവര്‍ക്ക് മനസ്സിലാകുന്നത്. അവര്‍ക്ക് ലഭിക്കുന്ന സന്ദേശമനുസരിച്ചായിരിക്കും അവര്‍ പ്രതികരിക്കുന്നതും.
ഉദാഹരണത്തിന്, നമ്മുടെ ഒരു തെറ്റ് ഒരു വ്യക്തി ചൂണ്ടി കാണിക്കുന്നുവെന്നിരിക്കട്ടെ, ആ വ്യക്തി നമ്മെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന സന്ദേശം നമുക്ക് ലഭിച്ചേക്കാം, അല്ലാതെ എന്റെ തെറ്റ് തിരുത്താന്‍ അയാളെന്നെ സഹായിക്കുകയാണ് എന്ന സന്ദേശവും നമുക്ക് ലഭിച്ചേക്കാം. ഇതിലേതാണ് നമുക്ക് ലഭിക്കുന്നത് എന്നത് ആ വ്യക്തി ഉപയോഗിക്കുവാന്‍ തിരഞ്ഞെടുക്കുന്ന വാക്കുകളെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ അല്ലെങ്കിലും എപ്പോഴും ഇത്തരത്തില്‍ ചെയ്യും, ഇങ്ങനെയാണോ ചെയ്യുന്നത്? എന്ന ചോദ്യം പലപ്പോഴും എന്നെ ഇയാള്‍ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? എന്ന ചിന്ത നമ്മളില്‍ ഉണര്‍ത്താം. അതിനുപകരം താങ്കള്‍ ഇങ്ങനെ ചെയ്യുന്നതിന് പകരം ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അല്‍പ്പം കൂടെ നന്നായിരുന്നു എന്ന് പറയന്നത് നല്കുന്ന സന്ദേശം അല്‍പ്പം കൂടെ പോസിറ്റീവ് ആണ്. ഇത് കേള്‍ക്കുന്ന വ്യക്തിയിലും അല്‍പ്പം പോസിറ്റീവ് ചിന്താഗതി ഉണ്ടാകും.
പരസ്പരമുളള വഴക്കുകളില്‍ തെറ്റായ ആശയവിനിമയരീതികള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നാം ഉദ്ദേശിച്ച അര്‍ത്ഥം കേള്‍വിക്കാരില്‍ എത്താതെ പോകുകയും, ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ എത്തുകയും ചെയ്യുമ്പോള്‍ തെറ്റിദ്ധാരണയും വഴക്കുകളും ഉടലെടുക്കുമെന്നതില്‍ തെരഞ്ഞെടുക്കുക എന്നതു മാത്രമാണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം. അതോടൊപ്പം തന്നെ ഞാനിങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്ന വ്യക്തിക്ക് എന്ത് തോന്നുമെന്നു ചിന്തിച്ചു കൊണ്ട് പ്രതികരിക്കാം. പലപ്പോഴും നാം നമ്മുടെ മാത്രം വികാരങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും പ്രതികരിക്കുന്നത്. എന്നാല്‍ നമ്മുടെ വികാരങ്ങളുടെയത്ര തന്നെ പ്രാധാന്യം കേള്‍വിക്കാരുടെ മാനസികാവസ്ഥയ്ക്കുമുണ്ട്. അതേക്കുറിച്ച് ചിന്തിച്ച് കൊണ്ട് മാത്രം സംസാരിക്കുന്നതും പെരുമാറുന്നതും വ്യക്തിബന്ധങ്ങള്‍ മികവുറ്റതാക്കാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന്, ജോലി സ്ഥലത്തെ ഏതെങ്കിലും പ്രശ്നം കാരണം ടെന്‍ഷനിലിരിക്കുന്ന ഭാര്യയോട് അവരുടെ മാനസികാവസ്ഥയ്ക്ക് അനുസൃതമായും അവരെ പിന്തുണയ്ക്കുന്നു എന്ന രീതിയിലുമുളള സംസാരരീതി അവലംബിക്കാം. മറ്റു കാര്യങ്ങള്‍ പറഞ്ഞ് കുറ്റപ്പെടുത്താതെയും മറ്റും അത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറുന്നത് കുടുംബത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കും. എല്ലാവരും അവരവരുടെ ടെന്‍ഷന്‍ മാത്രം മുന്‍നിര്‍ത്തി പെരുമാറിയാല്‍ എങ്ങനെ അര്‍ത്ഥവത്തായതും പരസ്പരം താങ്ങും തണലുമായതുമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും? മറ്റൊരു കാര്യം – തന്നോട് സ്നേഹത്താടെ പെരുമാറാന്‍ ശ്രമിക്കുന്ന പങ്കാളിയോട് തിരിച്ചും അതേ രീതിയില്‍ തന്നെ പ്രതികരിക്കാന്‍ ശ്രമിക്കണമെന്നതാണ്. നമ്മുടെ ടെന്‍ഷന്‍ തിരിച്ചറിഞ്ഞ് പെരുമാറാന്‍ ശ്രമിച്ച പങ്കാളിയെ ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ അത്തരമൊരു പെരുമാറ്റത്തിനുളള സാധ്യത കുറവായിരിക്കും. അതിനാല്‍ തന്നെയാണ് നമ്മുടെ വിവേകത്തോടെ തിരഞ്ഞെടുക്കണമെന്ന് പറയുന്നത്. അത്തരം സാഹചര്യങ്ങളിലും നേരത്തെ സൂചിപ്പിച്ചതു പോലെ നാം നമ്മുടെ പങ്കാളിയെ വേദനിപ്പിക്കുന്നത് മന:പൂര്വ്വമാവണമെന്നില്ല. അപ്പോഴത്തെ ദേഷ്യത്തിന് പറയുന്ന ഒരു വാക്കോ മറ്റോ മതിയാകും, അവരെന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു മുറിപ്പാടുണ്ടാകാന്.
ജീവിതപങ്കാളികള്‍ക്ക് എപ്പോഴും ആശയവിനിമയത്തില്‍ ഉപയോഗിക്കാവുന്ന ഒരു സൂത്രമെന്നത്, നാം ദേഷ്യത്തിലോ മറ്റോ ഇരിക്കുന്ന സമയത്ത് പങ്കാളിയെ അഭിസംബോധന ചെയ്യാനായി ഓമനപേര് ചേര്‍ത്ത് വിളിക്കുകയും എന്നിട്ട് കാര്യം പറയുകയും ചെയ്യുക എന്നതാണ്. അല്‍പ്പം പൈങ്കിളിയായി തോന്നാമെങ്കിലും എപ്പോഴും ഫലപ്രദമാകുന്ന ഒരു നുറുങ്ങു വിദ്യയാണ് ഇത്. ഓമനപേര് ചേര്‍ത്ത് വിളിച്ചു കൊണ്ട് നമുക്കൊരിക്കലും പരുഷമായി പെരുമാറാന്‍ എളുപ്പമല്ല എന്നതാണ് ഇതിന്റെ പിന്നിലെ മന:ശാസ്ത്രം. അതിനാല്‍ തന്നെ കേള്‍ക്കുന്നയാളില്‍ അത് നെഗറ്റീവ് വികാരങ്ങള്‍ സൃഷ്ടിക്കുകയുമില്ല, വിമര്ശിക്കാനായാല് പോലും ഇത്തരത്തില്‍ ഓമനപേര് ചേര്‍ത്ത് പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ക്ക് വലിയ വിഷമമുണ്ടാവുകയില്ല.
ഇതേ സൂത്രം നമുക്ക് കുട്ടികളോടും ഉപയോഗിക്കാം. മോനെ, മോളെ എന്ന് വിളിച്ചു കൊണ്ട് നമുക്കവരോട് പരുഷമായി പെരുമാറാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ നാം അവരോട് അമിതമായി ദേഷ്യപ്പെടാന്‍ സാധ്യതയുളള അവസരങ്ങളില്‍ അവരെ ഓമനപേര് എടുത്ത് വിളിച്ച് അഭിസംബോധന ചെയ്യാന്‍ ശ്രമിക്കാം. അങ്ങനെ നമ്മുടെ ദേഷ്യം പൂര്‍ണ്ണമായി കേള്‍ക്കുന്ന കുട്ടിയില്‍ എത്താതെ നോക്കാനും നമുക്ക് സാധിക്കും.
കുഞ്ഞുങ്ങളോടുളള ആശയവിനിമയം വളരെയേറെ പ്രധാനപ്പെട്ടതാണ്. കാരണം മുതിര്‍ന്നവരെ പോലെ പറയുന്നയാളിന്റെ വികാരം മനസ്സിലാക്കി കാര്യങ്ങള്‍ ഉള്‍ക്കൊളളാനുളള കഴിവ് കുഞ്ഞുങ്ങള്ക്കായിട്ടില്ല എന്നതു തന്നെ. തന്നോട് ദേഷ്യപ്പെടുന്നവര്‍ക്ക് തന്നോട് ദേഷ്യമാണെന്നും തന്നോട് സ്നേഹത്തോടെ പെരുമാറുന്നവര്‍ക്കെല്ലാം തന്നോട് വലിയ കാര്യമാണെന്നുമായിരിക്കും കുഞ്ഞിന്റെ മനസ്സില്‍. അതിനാല്‍ തന്നെയാണ് തെറ്റുകള്‍ തിരുത്തുകയും, ശാസിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളെ ഓമനിക്കാനും ലാളിക്കാനും സ്നേഹം പ്രകടിപ്പിക്കാനുമെല്ലാം സമയം കണ്ടെത്തണമെന്നു പറയുന്നത്. എന്നാല്‍ തെറ്റികള്‍ കണ്ടാല്‍ ശാസിക്കാന്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും നമുക്ക് അവരുടെ നډകള്‍ കണ്ടാല്‍ അഭിനന്ദിക്കാനും സ്നേഹത്തോടെ രണ്ട് വാക്ക് സംസാരിക്കാനും ഉണ്ടാവാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഫലമോ, എന്റെ മാതാപിതാക്കള്‍ക്ക് എന്നോട് സ്നേഹമില്ല എന്ന് പരാതി പറയുന്ന കുട്ടികളും. സ്നേഹമുണ്ട് എന്ന് നമുക്ക് അറിയാം, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അത് തോന്നണ്ടേ. ഇന്നത്തെ മാതാപിതാക്കള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും വസ്തുക്കളും ആഹാരപദാര്‍ത്ഥങ്ങളും വാങ്ങി നല്കിയിട്ടായിരിക്കും. എന്നാല്‍ അവരോടൊത്ത് നാം ചിലവിടുന്ന സമയമാണ് നാം എത്ര മാത്രം അവരെ സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് തിരിച്ചറിവ് നല്‍കുന്നത്.
അതുപോലെ തന്നെയാണ് അവര്‍ തെറ്റ് ചെയ്യുമ്പോള്‍ നാം അവരോട് പറയുന്ന വാക്കുകളും. തെറ്റ് മനസ്സിലാക്കി അവരത് തിരുത്തണമെങ്കില്‍ പലപ്പോഴും അവരോട് സൗമ്യമായും വ്യക്തമായും പറഞ്ഞു മനസ്സിലാക്കേണ്ടി വരും, എന്നാല്‍ അതിന് ശ്രമിക്കാതെ അവരെ കുറ്റം മാത്രം പറഞ്ഞിരുന്നിട്ട് എന്തു ഫലം. നല്ല കുട്ടികളായി പെരുമാറാനുളള അവസരം സൃഷ്ടിച്ചു നല്‍കുകയും, മനസ്സ് തുറന്ന് അവരെ അഭിനന്ദിക്കുകയും, അവരുടെ വാശികള്‍ക്ക് കൂട്ടു നില്‍ക്കാതിരിക്കുകയും ചെയ്യാം. വിവേകത്തോടെ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് മാന്ത്രികശക്തിയുണ്ട്. ഏതു പ്രശ്നവും പരിഹരിക്കാനും വഷളാക്കാനും വാക്കുകള്‍ക്ക് സാധിക്കും. നല്ല മാറ്റങ്ങള്‍ക്കായി വാക്കുകള്‍ ഉപയോഗിക്കാന്‍ നാം ബോധപൂര്‍വ്വം ശ്രമിക്കണമെന്ന് മാത്രം.