ആളുകളെ നാം ജഡ്ജ് ചെയ്യുമ്പോൾ..!!

ആളുകളെ നാം ജഡ്ജ് ചെയ്യുമ്പോൾ..!!

ഡോ: ചന്ദന ഡി. കറത്തുളളി

നമ്മുടെ ചുറ്റിലുമുള്ള എന്തിനെയും ഏതിനെയും ജഡ്ജ് ചെയ്യാനുള്ള പ്രവണത നമുക്കുണ്ട്. നാം പരിചയപ്പെടുന്ന മനുഷ്യർ, അവരുടെ ജീവിത സാഹചര്യങ്ങൾ, അവരുടെ ബന്ധങ്ങൾ എന്ന് തുടങ്ങി നാം പങ്കെടുക്കുന്ന ഒരു കല്യാണത്തിനെ കുറിച്ച് വരെ നമുക്ക് അഭിപ്രായങ്ങൾ ആണ്. നല്ലത് ചീത്ത എന്നിങ്ങനെ എന്തിനെയും വിലയിരുത്താൻ നാം എപ്പോഴും മറക്കാറില്ല. ഈ ഒരു സ്വഭാവം നമുക്കേവർക്കും ഉണ്ട്. എന്നാൽ ഇത് ചില സമയങ്ങളിൽ വില്ലനായി ഭവിക്കാറുണ്ട്.ഉദാഹരണത്തിന്, നമുക്ക് വേണ്ടപ്പെട്ട ഒരാൾ നമ്മോട് പരുഷമായി പെരുമാറിയെന്നിരിക്കട്ടെ. നാം ആദ്യം തന്നെ എന്ത് കരുതും? അയാൾക്ക് എന്നോട് ഇഷ്ടമില്ല, അയാൾ എന്തൊരു പരുക്കൻ സ്വഭാവക്കാരനാണ്, എന്നിങ്ങനെ. എന്നാൽ നാം ഒരിക്കലും അയാൾ എന്ത് കൊണ്ട് അപ്പോൾ ദേഷ്യപ്പെടാനിടയായി, അയാൾ മറ്റു സാഹചര്യങ്ങളിൽ ഇങ്ങനെയല്ലല്ലോ പെരുമാറാറുള്ളത്, ഇപ്പോൾ എന്താണ് കാരണം എന്നൊന്നും ചിന്തിക്കാറില്ല. എന്നാൽ അയാളുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ അല്ലെ നമുക്ക് അയാളുടെ സത്യം എന്തെന്ന് അറിയാൻ കഴിയൂ! ഇത്തരത്തിൽ നമുക്ക് അന്യം വന്നു പോകുന്ന ബന്ധങ്ങൾ എത്രയെന്നു അറിയാമോ?

ചിലപ്പോൾ ഒരാളെ നാം ആദ്യമായി പരിചയപ്പെടുമ്പോൾ നമുക്ക് അയാളെ കുറിച്ചു ഒരു മുൻവിധി ഉണ്ടായേക്കാം. എന്നാൽ അത് എപ്പോഴും സത്യമാവണം എന്നില്ല. ചില ആളുകൾ ചില രീതിയിൽ പ്രവർത്തിക്കുമ്പോൾ അവരുടെ മനസ്സിൽ എന്താണ് എന്ന് നമുക്ക് അറിയണമെന്നില്ല. നമ്മുടെ ഏറ്റവും ചില വേണ്ടപ്പെട്ടവർ തന്നെ ചില തീരുമാനങ്ങൾ എടുക്കുമ്പോൾ, എന്ത് കൊണ്ട് അവർ അങ്ങനെ ചെയ്യുന്നു എന്ന് നമുക്ക് മനസ്സിലാവണം എന്നില്ല. അങ്ങനെ സംഭവിക്കുമ്പോൾ നിഗമനങ്ങളിലേക്ക് എടുത്ത് ചാടാതെ, ഒറ്റയടിക്ക് അവരെ വിലയിരുത്താതെ അവരോട് മനസ്സ് തുറന്നു ഒന്ന് സംസാരിച്ചു നോക്കൂ. എത്ര മാത്രം അവരെ കുറിച്ചു നമ്മുടെ ഉള്ളിൽ തെറ്റിദ്ധാരണകൾ ഉണ്ട് എന്ന് നമുക്ക് തിരിച്ചറിയാനാകും. ഉദാഹരണത്തിന്, ഒരാളുടെ ദേഷ്യത്തിന് പിന്നിൽ സങ്കടമുണ്ടാകാം, പരിഭവത്തിനു പിന്നിൽ വേദനയുണ്ടാകാം, ചില തീരുമാനങ്ങൾക്ക് പിന്നിൽ ശക്തമായ ജീവിത അനുഭവങ്ങൾ ഉണ്ടാകാം, ഒഴിഞ്ഞു മാറലുകൾക്ക് പിന്നിൽ ഒറ്റപ്പെടുത്തിയെന്ന സങ്കടമുണ്ടാകാം. ഇതൊന്നും കാണാതെ അയാളെ കുറിച്ചു തെറ്റായി വ്യാഖ്യാനിക്കുന്നതും പരദൂഷണം പറയുന്നതും ശരിയാണോ?

മാത്രമല്ല, ചില ആളുകൾ നമ്മെ പല വിധ പരദൂഷണങ്ങളാൽ അത്തരത്തിൽ ചിന്തിക്കാനും പ്രേരിപ്പിച്ചേക്കാം. അവർക്കാകട്ടെ അവരുടേതായ സ്വാർത്ഥ താല്പര്യങ്ങളും ഉണ്ടായിരിക്കും. ഉദാഹരണത്തിന്, നർസിസിസ്റ്റിക് വ്യക്തിത്വത്തിന് ഉടമകളായിട്ടുള്ളവർ അവരുടെ താല്പര്യങ്ങൾക്കു വഴങ്ങാത്തവരെ കുറിച്ചു ഇല്ലാക്കഥകൾ പറഞ്ഞു പരത്താൻ മിടുക്കരാണ്. അവരുടെ സ്വന്തം ഇൻസെക്യൂരിറ്റി മറക്കാനായി, അവർ മറ്റുള്ളവരെ നുണക്കഥകൾ പറഞ്ഞു വിശ്വസിപ്പിക്കും, വളച്ചൊടിച്ച യാഥാർഥ്യങ്ങളാണ് അവർ ഉപയോഗിക്കുക എന്നതിനാൽ ആർക്കും ഒരു സംശയവും തോന്നുകയില്ല. പതിയെ അവർ പറയുന്നത് വിശ്വസിക്കുന്ന മറ്റുള്ളവർ കള്ളക്കഥകളിലെ നായകനോ നായികയോ ആകേണ്ടി വന്ന വ്യക്തിയെ തെറ്റിദ്ധരിക്കുകയും, അവരിൽ നിന്നും അകലുകയും ചെയ്യും. ഇത്തരം വ്യക്തികളെ തിരിച്ചറിയണമെങ്കിൽ അവരുടെ യഥാർത്ഥ സ്വഭാവത്തിന് നാം ഇരകളായി മാറേണ്ടി വരും. അങ്ങനെ വന്നാലോ നമുക്ക് പ്രിയപ്പെട്ടവരെല്ലാം പതിയെ ഇവരുടെ കള്ളക്കഥകൾ വിശ്വസിച്ചു നമ്മിൽ നിന്നും അകന്നു പോകുന്നത് കാണേണ്ടി വരും. ഇത്തരം ആളുകളെ തിരിച്ചറിഞ്ഞാൽ അവരിൽ നിന്നും അകന്നു നിൽക്കുക എന്നത് മാത്രമാണ് പോംവഴി. വ്യക്തിത്വ വൈകല്യമായതിനാൽ തന്നെ ഈ സ്വഭാവം മാറാനും ബുദ്ധിമുട്ടാണ്. ഈ രീതി കൈക്കൊള്ളുന്ന മാധ്യമങ്ങളും ഇന്ന് ഒട്ടനവധിയാണ്. അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ നമ്മിൽ അടിച്ചേൽപിക്കാൻ തക്ക രീതിയിൽ പ്രേഷകനെ മാനിപുലേറ്റ് ചെയ്യുക എന്നതാണ് ഇവരുടെ ജോലി. ചില വാർത്തകൾ തെറ്റായി വ്യാഖ്യാനിക്കുക, വളച്ചൊടിച്ചു വാർത്തകൾ നൽകുക, ഒരു നല്ല വാർത്ത പ്രേക്ഷനെ മറു പക്ഷത്തേക്ക് ചാടിക്കാൻ സാധ്യത ഉണ്ടെങ്കിൽ അതിന്റെ കൂടെ തെറ്റായതും എന്നാൽ നല്ല വാർത്തയുടെ എഫക്ട് കളയുന്നതുമായ ഒരു മോശം വാർത്ത കൊടുക്കുക എന്നതൊക്കെ ഉദാഹരണങ്ങളാണ്. ഇതെല്ലാം പ്രേക്ഷകനെ തെറ്റായ രീതിയിൽ എടുത്തു ചാടി സാഹചര്യങ്ങളെ വിലയിരുത്തുവാൻ പ്രേരിപ്പിക്കുന്നു.മീഡിയയെ കുറിച്ചു പറയുമ്പോൾ സോഷ്യൽ മീഡിയയെ കുറിച്ചു പറയാതെ നിവൃത്തി ഇല്ലല്ലോ. ആളുകളുടെ ജഡ്ജിങ് സ്വഭാവം ശരിക്കും അറിയണമെങ്കിൽ വിവാദ പരമായ പോസ്റ്റുകളുടെ കമെന്റ്സ് നോക്കിയാൽ മതി. നമുക്ക് യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത ആളുകളെ കുറിച്ച് പോലും നമുക്ക് എന്തെല്ലാം അഭിപ്രായമാണ്. എന്തിനാണ് അറിയാത്ത ആളുകളിൽ എല്ലാം കുറ്റം കണ്ടു പിടിക്കേണ്ടതിന്റെയും അഭിപ്രായം പറയേണ്ടതിന്റെയും ആവശ്യം? നമുക്ക് അറിയാത്ത എത്രയോ ജീവിതങ്ങൾ, അവർ നിത്യേന കടന്നു പോകുന്നതും പോയിക്കൊണ്ടിരിക്കുന്നതും ഏതു സാഹചര്യങ്ങളിലൂടെ ആണെന്ന് നമുക്കറിയില്ല, പിന്നെന്തിനു അഭിപ്രായം പറയണം. നമ്മുടെ ഒരു വാക്കു കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന ഒരാൾക്ക് ഉപകാരപ്പെടില്ല എന്നുണ്ടെങ്കിൽ നാം എന്തിനു അതിനു മുതിരണം.

നമ്മുടെ ഓരോ മുൻവിധിയും മനസ്സിൽ വെച്ചു നാം പടർത്തുന്ന പല വിഷങ്ങളും ഉണ്ട്. പുച്ഛം, പരിഹാസം, അവഗണന, വെറുപ്പ്, വിദ്വേഷം എന്നിവയൊക്കെ. മറ്റൊരാളോട് നാം സംസാരിക്കുമ്പോൾ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുമ്പോളൊക്കെ നാം ഇത്തരം വിഷം ചീറ്റി വിടാറുമുണ്ട്. എന്തിനാണ് മറ്റുള്ളവരുടെ തീരുമാനങ്ങളെയും ജീവിതത്തെയും നാം വിലയിരുത്തി ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ നാമറിയാതെ തന്നെ നാം തന്നെ അത്തരം വിഷത്തിനു പാത്രമാവുകയാണ്. അവരുടെ യാഥാർഥ്യം അതവരുടെ ജീവിതമല്ലേ. നാമെന്തിന് അതിൽ എത്തി നോക്കണം. ഇനി നമ്മോട് അത്രയും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണെങ്കിൽ, നമുക്കവരെ സഹായിക്കണമെന്ന് അത്രയും ആഗ്രഹമുണ്ടെങ്കിൽ, അവരെ നേരിട്ട് വിളിച്ചു ചോദിക്കാം, എന്താണ് സത്യമെന്നു. കുറ്റപ്പെടുത്തലിന്റെ മുൾമുനയില്ലാതെ അവർക്ക് പറയാനുള്ളത് കേൾക്കാം. ആത്മാർഥമായി അവരോട് ചോദിക്കാം, എന്‍റെ ഭാഗത്തു നിന്നും എന്ത് സഹായമാണ് വേണ്ടതെന്നു. അല്ലാതെ അവരില്ലാത്തപ്പോൾ അവരെ കുറിച്ചു അപവാദം പറയുന്നതും, സത്യമാണെങ്കിൽ കൂടിയും അതെ കുറിച്ചു പറഞ്ഞു പരിഹസിക്കുന്നതും ശരിയല്ല. സാഹചര്യങ്ങളെയും ആളുകളെയും ജഡ്ജ് ചെയ്യാനും വിലയിരുത്താനും ഉള്ള പ്രവണത നമുക്ക് ഉണ്ടെന്നു അറിയുമ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്. ഉള്ളിൽ നെഗറ്റീവ് ആയ വിലയിരുത്തൽ തല പൊക്കുമ്പോൾ തന്നെ അതിനെ പോസിറ്റീവ് ആയി മാറ്റിയെഴുതുക. ‘എന്‍റെ മെസ്സേജ് കണ്ടിട്ടും എനിക്ക് മറുപടി ഇട്ടില്ലല്ലോ, എന്നോട് സ്നേഹമില്ലാഞ്ഞിട്ടാണ്’ എന്നതിന് പകരം ‘ഈയിടെയായി ആൾക്ക് നല്ല ജോലിത്തിരക്കാണ്, അതാണ് മറുപടി ഒന്നും കാണാത്തത്’ എന്ന് ചിന്തിക്കാം. ‘അവനു ഈയിടെയായി എന്തൊരു ദേഷ്യമാണ്’ എന്ന് ചിന്തിക്കുന്നതിനു പകരം ‘അവനു എന്‍റെ സഹായം ഇപ്പോൾ കൂടുതൽ ആവശ്യമാണ്, അവനെ എന്തോ അലട്ടുന്നുണ്ട്’ എന്ന് ചിന്തിക്കാം. ഇങ്ങനെ നാം തന്നെ മുൻകൈ എടുത്ത് നമ്മുടെ വിലയിരുത്തലുകളെ പോസിറ്റീവ് ആക്കി മാറ്റിയെഴുതണം. തത് ഫലമോ, മനസ്സിൽ പോസിറ്റിവിറ്റി നിറയും, ആളുകളോടുള്ള നമ്മുടെ മനോഭാവം പോസിറ്റീവ് ആവുകയും ചെയ്യും, ഈ ലോകം കൂടുതൽ നന്മ നിറഞ്ഞ ഒരിടം ആവുകയും ചെയ്യും.

എടുത്തു ചാടി ആളുകളെ വിലയിരുത്തുകയും അവരെ ജഡ്ജ് ചെയ്യുകയും ഒക്കെ മനുഷ്യ സഹജമാണ്. എന്നാൽ അതിനോടൊപ്പം തന്നെ അയാളുടെ യാഥാർഥ്യം തിരിച്ചറിയാനും നാം ശ്രമിക്കണം. നല്ല ആളുകളെ ചീത്തയായി വ്യാഖ്യാനിക്കാൻ എളുപ്പമാണ്, അതോടൊപ്പം തന്നെ ആട്ടിൻതോലിട്ട ചെന്നായ്ക്കളും അനവധിയാണ്. ചിലപ്പോൾ നാം ജീവൻ കൊടുത്തും സംരക്ഷിക്കുന്നത് അങ്ങനെ ഒരു ചെന്നായിനെ ആവാം. ആളുകളെ അവരെ നമുക്ക് അറിയുന്ന കാലം മുതൽക്കേയുള്ള അനുഭവങ്ങൾ ചേർത്ത് വെച്ച് വിലയിരുത്തുകയും, അവരോട് മനസ്സ് തുറന്ന് സംസാരിക്കുകയും, അവരുടെ ഓരോ ചെറിയ സംഭാഷണങ്ങളും പെരുമാറ്റങ്ങളും ചേർത്ത് വെച്ച് മാത്രം അവരെ കുറിച്ചു അഭിപ്രായം സൂക്ഷിക്കുകയും ചെയ്യാം. മറ്റുള്ളവർ പറഞ്ഞു കേട്ട അഭിപ്രായങ്ങൾ പിഴുതെറിഞ്ഞു നമ്മുടെ സ്വന്തം അനുഭവങ്ങൾ മാത്രം മനസ്സിൽ സൂക്ഷിക്കാം. ആളുകളെ ജഡ്ജ് ചെയ്യാതെ അവരെ അവരായി അംഗീകരിക്കാം.

താങ്കൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും ഈ പോസ്റ്റ് like ചെയ്യുക, മറ്റു സുഹൃത്തുക്കൾക്ക് ഉപകാരപ്രദമാകാനായി share ചെയ്യുക.