ബോഡി ഷെയിമിങ്ങിനെ എതിർക്കാം!

ബോഡി ഷെയിമിങ്ങിനെ എതിർക്കാം

ഡോ: ചന്ദന ഡി. കറത്തുളളി

എനിക്ക് സൗന്ദര്യമില്ല എന്ന് കരുതി വിഷമിക്കുന്ന ഒരുപാട് ഒരുപാട് മനുഷ്യർക്ക് വേണ്ടി.

ബോഡി ഷെയിമിങ്ങിനെ പറ്റിയും ആത്മവിശ്വാസത്തെക്കുറിച്ചുമെല്ലാം ഇത്രയധികം തുറന്നു സംസാരിക്കുന്ന ഒരു കാലഘട്ടം മുന്നോട്ടുണ്ടായിരുന്നോ എന്ന് സംശയമാണ്. ഈ പ്രശ്നം നേരിടുന്നതിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഉണ്ട് എന്നതാണ് സത്യം. ബോഡി ഷെയിമിങ് എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, നമ്മുടെ വികലമായ സൗന്ദര്യ സങ്കൽപ്പങ്ങളും അഭിപ്രായ പ്രകടനങ്ങളും. നിറം കുറഞ്ഞവർ മാത്രമാണോ ഇവിടെ വേട്ടയാടപ്പെടുന്നത്, അല്ല. നല്ല നിറം ഉള്ളവരും ഇവിടെ വിമർശനം നേരിടുന്നുണ്ട്. വണ്ണം ഉള്ളവർ മാത്രമാണോ ഇവിടെ വിമർശിക്കപ്പെടുന്നത്, അല്ല. തീരെ മെലിഞ്ഞവരും ഇവിടെ വേട്ടയാടപ്പെടുന്നുണ്ട്. അപ്പോൾ നിറമോ വണ്ണക്കൂടുതലോ വണ്ണക്കുറവോ ഒന്നും അല്ല പ്രശ്നം. നോർമൽ എന്ന് നാം കരുതുന്നതിനും അപ്പുറത്തുള്ള ആളുകളെ അംഗീകരിക്കാനുള്ള മടിയാണ്. സ്വന്തം അഭിപ്രായം, അത് മറ്റൊരാളെ വേദനിപ്പിച്ചായാലും എഴുന്നള്ളിക്കാനുള്ള മടി ഇല്ലായ്മ ആണ്. അത് തന്നെയാണ് ഇന്ന് LGBTQ കമ്മ്യൂണിറ്റി നേരിടുന്ന വേർതിരിവുകളും.

ആത്യന്തികമായി ‘എന്നെ കാണാൻ കൊള്ളില്ല’ എന്ന ഒരു അപകർഷതാബോധം പേറുന്ന ആളുകളെ സൃഷ്ടിക്കുന്നത് നമ്മുടെ സമൂഹം തന്നെയാണ്, എങ്ങനെയെന്നോ? അനാവശ്യമായ അഭിപ്രായ പ്രകടനങ്ങളിലൂടെ. ഒരു വ്യക്തിയുടെ ബാഹ്യ സൗന്ദര്യത്തെ കുറിച്ച് ഇത്രമേൽ നാം അഭിപ്രായപ്രകടനം നടത്തേണ്ട ആവശ്യമെന്താണ്? നമ്മെ സ്കൂളിൽ ഒരുങ്ങാൻ പഠിപ്പിക്കുന്നുണ്ടോ, ആകാര സൗന്ദര്യം എങ്ങനെ സൂക്ഷിക്കാം എന്ന് ആരെങ്കിലും പറഞ്ഞു തരുന്നുണ്ടോ, വ്യായാമത്തെ കുറിച്ചോ, ഡ്രസിങ് സെൻസിനെ കുറിച്ചോ, നമ്മുടെ സ്കിൻ ടോണിന് അനുസരിച്ചുള്ള കളർ സെൻസിനെ പറ്റിയോ, ഫാഷന്റെ അടിസ്ഥാനത്തെ കുറിച്ചോ, ഹെയർ സ്റ്റൈലിങ്ങിനെ പറ്റിയോ എന്തെങ്കിലും ചുക്കും ചുണ്ണാമ്പും ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?? ഇല്ല.ആകെ കിട്ടിയിട്ടുള്ളത് അവരും ഇവരും നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ മാത്രം. എന്നാൽ ഈ പറഞ്ഞതൊക്കെ ഒരു മിനിമം രീതിയിൽ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ടതല്ലേ. “അയ്യേ, അതൊന്നും കുടുംബത്തിൽ പിറന്ന പിള്ളേർക്ക് പറഞ്ഞിട്ടുള്ളതല്ല, ബാഹ്യ സൗന്ദര്യത്തിലാണോ കാര്യമുള്ളത്?”

പിന്നെന്തിനാണ്, നീ വണ്ണം കുറക്കണം, നിന്‍റെ ഹെയർ സ്റ്റൈൽ ശരിയല്ല, നിന്‍റെ കൈക്കു വണ്ണമാണ്, നിന്‍റെ കാലിനു വണ്ണമാണ്, നിന്‍റെ മുടിക്ക് കനം കുറവാണു, നിന്‍റെ കണ്ണ് ചെറുതാണ്, നിനക്ക് ഫാഷൻ സെൻസും ഡ്രസിങ് സെൻസും ഇല്ല, നിന്‍റെ കമ്മലിന്റെ നീളം കൂടുതൽ ആണ്, നിനക്ക് ഫോട്ടോക്ക് പോസ് ചെയ്യാനറിയില്ല, നിനക്ക് ചിരിക്കാൻ അറിയില്ല, നിന്‍റെ പല്ലിനു മഞ്ഞനിറം കൂടുതലാണ്, നിന്‍റെ മുടിയുടെ വകച്ചിൽ നേരെയല്ല, നിനക്ക് വെളുപ്പ് കൂടുതൽ ആണ്, നിനക്ക് കറുപ്പ് കൂടുതൽ ആണ്, ഈ കളർ നീ ഇട്ടാൽ കൊള്ളില്ല, നിന്‍റെ ബ്രായുടെ സ്ട്രാപ്പ് പുറത്തു കണ്ടു, അയ്യോ ലോകം ഇടിഞ്ഞു വീണേ എന്നൊക്കെ പറയുന്നത്.

ഈ പറയുന്നവരുടെ അഭിപ്രായം ആരെങ്കിലും ചോദിച്ചോ? ഇത്രയും വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അത്രയും വേണ്ടപ്പെട്ടവർ ആണെങ്കിൽ പോട്ടെ, ഇത് അങ്ങനെ ആണോ? വഴിയിൽ കൂടെ പോകുന്നവർ വരെ അഭിപ്രായം വെച്ച് കാച്ചും. ഈ പറയുന്നവർക്ക് ആളാവാൻ വേണ്ടി എന്തെങ്കിലും ഒക്കെ പറയണമല്ലോ. എന്തിനാണ് ഒരു വ്യക്തിയുടെ ബാഹ്യസൗന്ദര്യത്തെ കുറിച്ചും ഡ്രസ്സിങ്ങിനെ കുറിച്ചും ഇത്രയധികം കമന്റ് പറയുന്നത്. നമുക്ക് ഇതിലൊക്കെ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ? ഇതൊക്കെ അയാളുടെ ഏറ്റവും വ്യക്തിപരമായ കാര്യം അല്ലെ. ഇതേ രീതിയിൽ അഭിനന്ദനം പറയാറില്ലല്ലോ? ഈ കാര്യങ്ങളെല്ലാം നന്നായി എന്ന് പറയാറുണ്ടോ? ഇല്ല. അവൾക്ക് അല്ലെങ്കിൽ അവനു തലക്കനം വന്നാലോ?

അതാണ് കുഴപ്പം, നല്ല കാര്യങ്ങൾ ഇന്നേ വരെ പറഞ്ഞിട്ടില്ല, മുടി ഒന്ന് പിന്നിലേക്ക് വലിച്ചു കെട്ടിയാൽ അപ്പൊ കമന്റ് വരും. ഒരു വ്യക്തിയുടെ ബാഹ്യമായ അപ്പിയറൻസ് വൾഗർ അല്ല, എങ്കിൽ പിന്നെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു അയാളുടെ തലയിൽ കേറണം? ഇവിടെ പ്രത്യേകിച്ച് സ്ത്രീകളോടും അല്പസ്വല്പം കോൺഫിഡൻസ് കുറവുള്ള പുരുഷന്മാരോടും കമന്റ് പറഞ്ഞു ആളാവുക എന്നത് ഒരു നാട്ടുനടപ്പാണ്. Rude എന്ന വാക്കിന്റെയോ, മര്യാദകേട് എന്ന വാക്കിന്റെയോ, പേർസണൽ സ്പേസ് എന്ന വാക്കിന്റെയോ അർഥം നമുക്ക് ഇന്നും അന്യമാണ്. അപ്പോൾ പലരും പറയും ഒരു തെറ്റ് ചൂണ്ടിക്കാട്ടുന്നത് അത് തിരുത്താൻ അല്ലെ. ഡ്രസ്സിങ്ങിൽ വരുന്ന അപാകതകൾ പറഞ്ഞാൽ അല്ലെ അത് മാറ്റാൻ ആകൂ, വണ്ണത്തെ കുറിച്ചു പറഞ്ഞാൽ അല്ലെ അവർ അത് കുറക്കൂ. എന്നാൽ ഈ വിമർശിക്കുന്നവർ പരിഹാരം കൂടെ പറഞ്ഞു തരാൻ ശ്രദ്ധിക്കണ്ടേ. വ്യായാമം എന്നതിന് അപ്പുറം, ഇന്ന വ്യായാമം, ഉദാഹരണത്തിന്, ഇന്ന വർക്ക് ഔട്ട്, ഇന്ന തരം വ്യായാമം എന്ന് കൃത്യമായി പറഞ്ഞാൽ മാത്രമല്ലെ അത് ഒരു ഉപകാരമപ്രദമാകൂ. ഇനി എല്ലാവരോടും എല്ലായ്‌പോഴും നാം നമ്മുടെ അഭിപ്രായം പറയേണ്ട കാര്യമുണ്ടോ? ചിന്തിക്കേണ്ട വിഷയം ആണ്.

ഇനി ഇപ്പോൾ കൈയ്യിനോ കാലിനോ അൽപ്പം വണ്ണം ഉണ്ടെങ്കിലും ഇപ്പോൾ എന്താണ്? മോർബിഡ് ഒബീസിറ്റി ഇല്ലെങ്കിൽ പിന്നെ എന്താണ് പ്രശ്നം? ഈ കാര്യത്തിൽ ബോഡി ഷെയിമിങിന് സ്വന്തം വീട്ടുകാരെ കഴിഞ്ഞേ ആൾ ഉള്ളൂ. നീ എന്താ കൊച്ചെ ഇങ്ങനെ എന്ന ചോദ്യം നേരിടാത്തവർ ഇല്ല, അതിപ്പോൾ വണ്ണം ഉള്ളവർ ആണെങ്കിലും ഇല്ലാത്തവർ ആണെങ്കിലും. സദാ സമയവും ഇത്തരത്തിൽ കുറ്റവും കുറവും കേൾക്കുന്ന ഒരു വ്യക്തിക്ക് ആത്മവിശ്വാസം ആരെങ്കിലും കൊറിയർ ചെയ്തു കൊടുക്കുമോ? ഒരു വ്യക്തിക്ക് എന്തെല്ലാം കഴിവുകൾ ഉണ്ടാകും, ബുദ്ധി ഉണ്ടാകും, സ്‌കിൽസ് ഉണ്ടാകും, നല്ല മനസ്സ് ഉണ്ടാകും, അതൊന്നും ആർക്കും അറിയേണ്ട. പെൺകുട്ടികളോട് ആണെങ്കിൽ ഒരു നൂറു നോ ഉണ്ട്, ജനിക്കുമ്പോൾ തൊട്ടു ഇങ്ങനെ ഇരിക്കണം, ഇങ്ങനെ നടക്കണം, ഡ്രസ്സ് ഇടുമ്പോൾ കഴുത്തു കാണരുത്, സ്ലിറ്റ് ഇറങ്ങരുത്, കൈ കാണരുത്, കാൽ കാണരുത്, ജീൻസ്‌ ഇൻ ചെയ്യരുത്, ചെരുപ്പ് ഇത് പാടില്ല, അത് പാടില്ല, ഇതൊക്കെ കേട്ട് വളരുന്ന ഒരു പെൺകുട്ടി ഇതൊക്കെ ശ്രദ്ധിച്ചു നൂറു തവണ ചെക്ക് ചെയ്തു വേണം ഒന്ന് റെഡി ആവാൻ, അത് കഴിഞ്ഞാലോ, അപ്പോൾ തുടങ്ങും, ഈ കളർ ചേരില്ല, ഈ ഷോൾ ചേരില്ല, നിനക്ക് ഡ്രസ്സ് ചെയ്യാൻ അറിയില്ല. ഇതൊക്കെ കേട്ട് ആത്മവിശ്വാസം കൂടി കൂടി എവിടെ കൊണ്ട് വെക്കും എന്ന് അറിയാതെ ഇരിക്കുമ്പോൾ പറയും ഹോ, നിനക്ക് ഫോട്ടോക്ക് പോസ് ചെയ്യാൻ അറിയില്ല എന്ന്. കേരളത്തിലെ പെൺകുട്ടികൾക്ക് ആത്മവിശ്വാസം വരാൻ ഇനി എവിടെ പോകണം.

ഇങ്ങനെ നഷ്ടപ്പെടുന്ന ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ അത്ര എളുപ്പമല്ല. നന്നായിട്ടുണ്ട് എന്ന രണ്ടു ഭംഗിവാക്ക് പറഞ്ഞാൽ തിരികെ കിട്ടുന്നതല്ല ഈ self esteem, self confidence, self concept, self efficacy എന്നതൊക്കെ. അതിനു കുറച്ചു പണിയെടുക്കണം.എന്നിട്ട് ഫേസ്ബുക്കിൽ ഇരുന്നു make up ഇല്ലാതെ വീഡിയോ എടുക്കാൻ ധൈര്യം കാണിച്ച നടിയുടെ ധൈര്യത്തെ പുകഴ്‌ത്താൻ എത്ര പേരാണ്. ഇതേ ആളുകൾ തന്നെ പ്രസവശേഷം വണ്ണം വെച്ചു ആത്മവിശ്വാസം തകർന്ന അവരുടെ അവസ്ഥ കണ്ടിട്ടുണ്ടോ? ഇതേ മലയാളികൾ തന്നെയല്ലേ പല നടിമാരുടെയും ഫോട്ടോക്ക് താഴെ വണ്ണം വെച്ചു, മോശമായി എന്ന് കമന്റ് ഇടുന്നത്. അഭിപ്രായം പറയാൻ എളുപ്പമാണ്. എന്നാൽ നമ്മുടെ അഭിപ്രായം കേൾക്കുന്ന വ്യക്തിക്ക് ഗുണകരമാണോ എന്ന് കൂടെ ഓർക്കണം. അല്ലെങ്കിൽ ഗുണകരമാകും വിധം പറയണം, അതും കരുണയുടെയും സ്നേഹത്തോടെയും. അല്ലാതെ വിമർശിച്ചിട്ട് നന്മക്ക് വേണ്ടിയാണു എന്ന ഉടായിപ്പ് പറയരുത്. ഇനി അഭിപ്രായം പറയാനും മാത്രം അടുപ്പം ഈ വ്യക്തിയുമായുണ്ടോ എന്നും ചിന്തിക്കണം, അടുപ്പം ഇല്ലാതെ വെറുതെ ആളാവാൻ വേണ്ടി അഭിപ്രായം പറയരുത്. ഗുണകരമാകുന്ന ടിപ്പുകളും, രീതികളും പറഞ്ഞു കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. അത് കരുണയുടെയും കേൾക്കുന്നയാളുടെ മനസ്സ് കൂടെ പരിഗണിച്ചും ആവണം എന്ന് മാത്രം.

പലപ്പോഴും ഇത് പോലെ കുറ്റപ്പെടുത്തുന്നവരിൽ കൂടുതലും ഇത് പോലെയുള്ള മറ്റു രീതിയിലുള്ള ഷെയിമിങ്ങിനു ഇരയായവർ ആയിരിക്കാം. നമ്മുടെ സമൂഹത്തിൽ കുറ്റപ്പെടുത്തൽ ഒരു നേരംപോക്കാണല്ലോ. അതിനാൽ തന്നെ തനിക്ക് മറ്റുള്ളവരെ ഇത് പോലെ ജഡ്ജ് ചെയ്യാനുള്ള പ്രവണത എവിടെ നിന്നും വന്നു എന്ന് ചിന്തിക്കാം. തന്നെ ഇത് പോലെ മറ്റാരെങ്കിലും ജഡ്ജ് ചെയ്തിട്ടുണ്ടോ എന്നോർക്കാം. അങ്ങനെയുണ്ടെങ്കിൽ നമുക്കറിയാമല്ലോ അതെത്ര മാത്രം വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്ന്. പിന്നെ നാം അത് ആവർത്തിക്കാമോ? നമ്മുടെ ലോകം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ നമുക്കും കടമയില്ലേ? ആളുകളോട് നമ്മുടെ മനസ്സിൽ തോന്നുന്ന എല്ലാ അഭിപ്രായങ്ങളും തുറന്നു പറയേണ്ടതുണ്ടോ? കരുണയോടെ പെരുമാറാൻ നാം മറന്നു പോയോ?

പ്രിയപ്പെട്ടവരെ, നിങ്ങൾക്ക് ഇങ്ങനെ ഒരു തോന്നൽ ഉണ്ടെങ്കിൽ:
നമുക്ക് ഒരു പ്രവണതയുണ്ട്, മറ്റുള്ളവരുടെ കണ്ണിലൂടെ ആണ് നാം സ്വയം കാണാൻ ശ്രമിക്കുന്നത്. അത് ജനിതകമായി നാം അങ്ങനെ ആണ്. അതൊന്നും മാറ്റാൻ പറ്റില്ല. ഈ പറയുന്ന ആളുകൾ നിർത്തുകയും ഇല്ല. അപ്പോൾ എന്ത് ചെയ്യും?

ആദ്യം തന്നെ സ്വയം സ്നേഹിക്കാൻ നാം പേടിക്കണ്ട. വണ്ണം വെച്ചിരുന്നാലും, നിറം ഏതായാലും നാം മരിക്കുന്നതു വരെ നാം മാത്രമല്ലെ ഉണ്ടാകൂ, എങ്ങനെ ഇരുന്നാലും നീയെൻ മോഹവല്ലി എന്ന് നമുക്ക് കണ്ണാടിയിൽ തന്നെ നോക്കി പറയാൻ സാധിക്കണം. സ്വയമേ തന്നെ നാം നൽകാത്ത സ്നേഹം നമുക്ക് ആർക്കും തരാൻ സാധിക്കില്ല. നാം നമ്മെ തന്നെ സ്നേഹിക്കാൻ ശ്രമിച്ചേ തീരൂ. മറ്റുള്ളവരുടെ വാക്കുകൾക്കും അപ്പുറം നമ്മെ കുറിച്ച് നമുക്ക് തന്നെ ഒരു സ്നേഹവും മതിപ്പും ഉണ്ടാക്കി എടുക്കണം. പറയുന്നത് പോലെ അത്ര എളുപ്പം അല്ലെങ്കിലും ശ്രമിക്കണം. നമ്മുടെ ഗുണങ്ങൾ നമ്മുടെ നേട്ടങ്ങളിൽ അല്ല, നാം ഉള്ളിന്റെ ഉള്ളിൽ എന്താണ് ആരാണ് എന്നതിൽ ആണ്. ആ നമ്മെ നമുക്ക് കാണാനും അറിയാനും ശ്രമിക്കണം. സ്നേഹിക്കാനും.

സ്വയം ഡെവലപ്പ് ചെയ്യുക, ഇമ്പ്രൂവ് ചെയ്യുക, ആരെയും കാണിക്കാനോ ആരെയും ബോധിപ്പിക്കാനോ അല്ല. സ്വയം കാണാൻ, സ്വയം കണ്ണാടിയിൽ നോക്കി ഒരു ഫ്ലയിങ് കിസ് കൊടുക്കാൻ, സ്വന്തം ഫോട്ടോ എടുത്ത് വോൾപേപ്പർ ഇടാൻ. ആത്മവിശ്വാസക്കുറവിൽ കിടന്നു വിഷമിക്കരുത്, വ്യായാമം ചെയ്യണം, അത്യാവശ്യം ഫാഷൻ അറിഞ്ഞിരിക്കണം, ഒരുങ്ങാനും സ്വയം കെയർ ചെയ്യാനും മുൻകൈ എടുക്കണം. ജോലിത്തിരക്കുകൾക്കിടയിലും സ്വയം ശ്രദ്ധിക്കാൻ സമയം കണ്ടെത്തണം.

എന്ന് വെച്ചു സദാ സമയം കണ്ണാടിയുടെ മുന്നിൽ നിൽക്കണം എന്നോ, ഹിസ്ടറിയോണിക്കും അറ്റെൻഷൻ സീക്കിങ്ങും ആവണം എന്നോ, ഇതാ എന്നെ ശ്രദ്ധിക്കൂ എന്ന് പറയാതെ പറയണം എന്നോ അല്ല. ഇത് സ്വയം ശ്രദ്ധിക്കാത്ത, I am valuable എന്ന് ഉള്ളിൽ വിശ്വസിക്കാത്ത, ഒരുപാട് ഇൻസെക്യൂരിറ്റികൾ ഉള്ള ആളുകളോടാണ്. എന്‍റെ അനുഭവങ്ങൾ പങ്കു വെച്ചതും നിങ്ങൾക്കായാണ്, നിങ്ങൾ ഒറ്റക്കല്ല എന്ന് പറയുവാനായി.

Never say to yourself that you are ugly, never believe that voice in your head that says you are ugly. Feel it in your core that you are unique, no matter what others say! And make self care a priority!!