വൈകാരിക ചൂഷണം അഥവാ Emotional Abuse

വൈകാരിക ചൂഷണം അഥവാ Emotional Abuse

ഡോ: ചന്ദന ഡി. കറത്തുളളി

വൈകാരിക ചൂഷണം എന്നത് നമുക്ക് അത്രയധികം പരിചയമില്ലാത്ത ഒരു വിഷയമാണ്. ലൈംഗികമായ ചൂഷണവും ശാരീരികമായ ഉപദ്രവവും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുമെങ്കിലും വൈകാരികമായ ചൂഷണത്തെ കുറിച്ച് നമുക്കത്ര പിടിപാടില്ല. പുറമെ കാണത്തക്ക വലിയ മുറിവുകൾ അവശേഷിപ്പിക്കാത്തത് കൊണ്ട് തന്നെയാകാം. ഉള്ളിൽ എത്ര ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കപ്പെട്ടാലും കൂടെയുള്ളവർ അത് തിരിച്ചറിയണം എന്ന് തന്നെയില്ല. അതിനാൽ തന്നെ വൈകാരിക ചൂഷണത്തിന് ഇരയായ വ്യക്തിക്ക് വേണ്ടത്ര സാമൂഹിക പിന്തുണ ലഭിക്കാതെ പോകുന്നു. മാത്രമല്ല പഴി കേൾക്കേണ്ടി വരുകയും ചെയ്യുന്നു. ‘നീ ശരിയല്ലാഞ്ഞിട്ടാണ്’ ‘നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാഞ്ഞിട്ടാണ്’ ‘ഇതൊക്കെ എന്തിനാണ് ഇത്ര സീരിയസ് ആയി എടുക്കുന്നത്’ ‘കുറച്ചൊക്കെ ക്ഷമിക്കാനും സഹിക്കാനും പഠിക്കണം’ ‘നീ ഈ ചെറിയ കാര്യങ്ങൾ ഒക്കെ ഓർത്തു വെക്കുന്നത് എന്തിനാണ്’ എന്നിങ്ങനെ ചുറ്റുമുള്ളവരും വൈകാരികമായി ചൂഷണം ചെയ്യുന്നവരുടെ കൂടെ കൂടും. ഇനി ഇത്തരം ചൂഷകർ സ്വന്തം കുടുംബത്തിൽ തന്നെയുള്ളവരോ, സ്വന്തം മാതാപിതാക്കളോ മറ്റോ ആണെങ്കിലോ? ഇവർ ചൂഷണം ചെയ്യുകയാണ് എന്ന തിരിച്ചറിവ് പോലും നമുക്ക് ഉണ്ടാവണം എന്നില്ല. കൂടുതൽ കൂടുതൽ മാനസിക സംഘർഷത്തോടെ മുന്നോട്ട് പോകുമെങ്കിലും തന്റെ കൂടെയുള്ളവർ തന്നെയാണ് തന്റെ മാനസിക സംഘർഷത്തിന് കാരണം എന്ന തിരിച്ചറിവ് പോലും ഉണ്ടാവില്ല. കാരണം, കണ്ടു പിടിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് വൈകാരിക ചൂഷണം. സമൂഹം ഏറെ ന്യായീകരിക്കുന്ന ഒന്നും.

എന്താണ് വൈകാരിക ചൂഷണം?

ഒരു വ്യക്തിയെ അയാളുടെ വികാരങ്ങൾ അഥവാ ഫീലിങ്ങ്സ് ഉപയോഗിച്ചു് നിയന്ത്രിക്കുക എന്നതാണ് അത്. അതായത് ഒരു വ്യക്തിയെ നിയന്ത്രിക്കാൻ ആയി, അയാളെ നമ്മുടെ വരുതിയിലാക്കാൻ ആയി അയാളുടെ ഫീലിങ്ങ്സ് മുതലെടുക്കുക, അയാളുടെ വികാരങ്ങളെ ഉപയോഗിച്ചു ചൂഷണം ചെയ്യുക. നമുക്ക് ഒട്ടനവധി വികാരങ്ങൾ ഉണ്ട്, ദേഷ്യം സങ്കടം നിരാശ സന്തോഷം ഉത്സാഹം പ്രത്യാശ അത്ഭുതം എന്നിങ്ങനെ ചിലതെ നമുക്കറിയാവൂ. എന്നാൽ ഇനിയും ആഴത്തിലുള്ള വികാരങ്ങൾ നമുക്ക് ഉണ്ട്. Confused ആവുക, insecure ആവുക, insignificant ആയി തോന്നുക, inadequate ആയി തോന്നുക, discouraged ആയി തോന്നുക, helpless ആയി തോന്നുക, rejected ആയി തോന്നുക, lonely ആയി തോന്നുക, ashamed ആയി തോന്നുക, guilty ആയി തോന്നുക, കുറ്റബോധം തോന്നുക, irritated ആവുക, frustrated ആവുക, relaxed ആവുക, trusting ആവുക, proud ആവുക, confident ആവുക, content ആവുക എന്നിങ്ങനെ അനവധി നിരവധി ഫീലിങ്ങ്സ് ഉണ്ട്. ഇവയെല്ലാം നാം നിരന്തരം അനുഭവിക്കുന്നതുമാണ്. ഇത് പോലെ ഉള്ള ഫീലിങ്ങ്സ് ആണ് വൈകാരികമായി ചൂഷണം ചെയ്യുന്ന ആളിന്റെ ആയുധം. ഇരയുടെ ഇത്തരം വികാരങ്ങളെ കൃത്യമായി manipulate ചെയ്തു ഇരയെ വരുതിയിൽ കൊണ്ട് വരാനോ, നിയന്ത്രിക്കാനോ ആണ് ചൂഷകർ ശ്രമിക്കുക.

എങ്ങനെ?

അതിനായി ചൂഷകർ പല രീതിയിലും ശ്രമിക്കുന്നുണ്ട്. വിമർശനം, കളിയാക്കൽ, കുറ്റപ്പെടുത്തൽ, ബഹളം വെക്കുക, ഒറ്റപ്പെടുത്തുക, അവരെ പറ്റി നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞു പരത്തുക, അവനവന്റെ ആവശ്യങ്ങൾക്കായി മാത്രം സ്നേഹം പ്രകടിപ്പിക്കുക, ദേഷ്യം വന്നാൽ അകലം കാണിക്കുക, മിണ്ടാതെയും പറയാതെയും ദിവസങ്ങൾ മുന്നോട്ട് പോവുക, മറ്റുള്ളവരുടെ മുൻപിൽ വെച്ചു താഴ്ത്തി സംസാരിക്കാനും പരിഹസിക്കാനും മടി കാണിക്കാതിരിക്കുക, എതിർത്ത് സംസാരിക്കുന്നവരുടെ മാനസിക ധൈര്യം ചോർത്തുന്ന രീതിയിൽ സംസാരിക്കുക, അവരെ മറ്റുള്ളവരുടെ മുൻപിൽ മോശക്കാരാക്കി സംസാരിക്കുക, ഉണ്ടായ സംഭവങ്ങൾ നിരാകരിച്ചു കൊണ്ട് സംസാരിക്കുക, വളരെ ചെറിയ പെരുമാറ്റ ശൈലികൾ ഉപയോഗിച്ച് ഇരയുടെ മാനസിക ധൈര്യം ചോർത്തുക, സ്വയം തന്നെ സംശയം തോന്നുന്ന രീതിയിൽ സംസാരിക്കുക, ‘ഇനി എന്‍റെ കുഴപ്പം കൊണ്ടാണോ എനിക്ക് ഇങ്ങനെ തോന്നുന്നത്’ എന്ന കൺഫ്യൂഷൻ ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുക, ഒരിക്കലും സ്വന്തം പെരുമാറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുക എന്നിങ്ങനെ പല രീതിയിലും ഇങ്ങനെ ഉള്ളവർ പെരുമാറുന്നു. വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഇത്തരക്കാർ ഇരയുടെ ആത്മവിശ്വാസം തകർത്തു അവരെ തന്റെ വരുതിയിൽ നിർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. Effective ആയ communication എന്നത് അവർക്ക് ഒട്ടും സാധ്യമായ കാര്യമല്ല. ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ മറ്റുള്ളവർ ആണ് ചൂഷണം ചെയ്യുന്നത് എന്നോ താനല്ല മറ്റുള്ളവരാണ് കുറ്റക്കാർ എന്നോ ഞാൻ നന്മക്കു വേണ്ടി ചെയ്തതോ പറഞ്ഞതോ ആയ കാര്യം മറ്റുള്ളവർ വളച്ചൊടിച്ചു എന്നോ ഒക്കെ ഇവർ പറഞ്ഞു ഫലിപ്പിച്ചേക്കാം. ഇടയ്ക്കിടെ ഇവർ ഇരകളെ സ്നേഹം കൊണ്ട് മൂടുകയും, ഞാൻ ഈ ചെയ്യുന്നതെല്ലാം നിനക്ക് വേണ്ടി അല്ലെ എന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നതിനാലും നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടല്ലേ ഞാൻ ഇങ്ങനെ എന്നും മറ്റും തട്ടി വിടുന്നതിനാലും അനുഭവിക്കുന്നവർ സ്വന്തം യാഥാർഥ്യത്തെ ചോദ്യം ചെയ്തു കൊണ്ടേ ഇരിക്കും. കൂടുതൽ കൺഫ്യൂസ്ഡ് ആയി ഇത്രയും സ്നേഹമുള്ള ആളെ തെറ്റിദ്ധരിച്ചല്ലോ എന്ന് സ്വയം കുറ്റപ്പെടുത്തും. എന്നാൽ വീണ്ടും വിമർശനവും കുറ്റപ്പെടുത്തലും തുടരുകയും ചെയ്യും. പിന്നെയും പ്രതികരിച്ചാൽ നമ്മളാണ് കുറ്റം ചെയ്തത് എന്നോ നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാഞ്ഞിട്ടാണ് എന്നോ വരുത്തി തീർക്കും.

ഇത്തരത്തിലുള്ള ബന്ധങ്ങൾ സുഹൃത്ബന്ധങ്ങൾ, marital relationships, കുടുംബബന്ധങ്ങൾ, മാതാപിതാക്കൾ എന്നിങ്ങനെ ഒരുപാട് scenarioകളിൽ കാണാറുണ്ട്. ദീർഘകാലമായി, ചെറിയ രീതിയിൽ ആണെങ്കിലും consistent ആയി കാണാൻ സാധിക്കുന്ന ഇത്തരം പെരുമാറ്റ ശൈലികൾ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുമെന്നതിൽ സംശയം ഇല്ല. ബന്ധങ്ങളിൽ ഇത്തരം പ്രയാസം അനുഭവിക്കുന്നവർ അനുഭവിക്കുന്ന മാനസിക വ്യഥ ചെറുതല്ല. പതിയെ പതിയെ അവരുടെ സ്വന്തം ആത്മവിശ്വാസം തകരുകയും, താൻ എന്താണ്, തനിക്കുള്ള സ്ഥാനമോ കഴിവുകളോ എന്താണ് എന്നത് പോലും അവർ സ്വയം സംശയിച്ചു പോകുന്നു. പിന്നീടങ്ങോട്ട് ഈ വ്യക്തിയെ തന്റെ കഴിവും പ്രാപ്തിയും സ്നേഹവും ബോധിപ്പിക്കാൻ വേണ്ടി പിന്നാലെ നടക്കാൻ നിർബന്ധിതരായേക്കാം, തന്നെ ഒഴിവാക്കാതിരിക്കാനായി ഇത്തരം വ്യക്തികളെ പ്രീതിപ്പെടുത്താനായി നിരന്തരം ശ്രമിച്ചേക്കാം, ഈ ബന്ധത്തിൽ കുടുങ്ങി പോയതായി അനുഭവപ്പെട്ടേക്കാം, സഹിക്കാനും വയ്യ എന്നാൽ ഓടാനും വയ്യ എന്ന നിലയിൽ ആയിരിക്കാം ഇങ്ങനെ ഉള്ളവരുടെ അവസ്ഥ. തനിക്ക് പോകാൻ ഒരിടമില്ല എന്ന തോന്നലും വിശ്വാസവുമാണ് ഇരകളിൽ ഈ അവസ്ഥക്ക് കാരണം. മാത്രമല്ല, ഇത്തിരി ദേഷ്യം ഒക്കെ ഉണ്ടെന്നല്ലേ ഉള്ളൂ, ആൾക്ക് നിന്നോട് സ്നേഹം തന്നെയല്ലേ, സ്നേഹം കൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്ന അബദ്ധ ധാരണകൾ വേറെ. പലപ്പോഴും വൈകാരിക ചൂഷണത്തിന് ഇരയാകുന്നവർ മുറിവേറ്റവരായും, frustrated ആയും, confused ആയും, വിഷാദം, ഉൽക്കണ്ഠ എന്നിവ അനുഭവിക്കുന്നവരായും കാണപ്പെടാറുണ്ട്. എല്ലായ്പ്പോഴും സ്വയമേ സംശയിക്കുകയും, ഇനി എന്‍റെ കുഴപ്പം കൊണ്ടാണോ എന്ന് കുറ്റബോധം തോന്നുന്നവരായും അവർ മാറാറുണ്ട്. അത് ഇങ്ങനെ ചൂഷണം ചെയ്യുന്നവർ അനാവശ്യ കുറ്റബോധം ഉണ്ടാകുന്ന രീതിയിൽ മാത്രം ഇവരോട് ഇടപെടുന്നതിനാലാണ്. അതായത്, എന്തിനും ഏതിനും വിമർശിക്കുകയും താഴ്ത്തി കെട്ടി സംസാരിക്കുകയും ഇരക്കെന്തോ മാനസിക തകരാർ ഉള്ളത് കൊണ്ടാണ് അവർക്ക് വിഷമം തോന്നുന്നത് എന്ന രീതിയിൽ പെരുമാറുകയും ഒക്കെ ചെയ്യുന്നതിനാൽ ആണ് അങ്ങനെ. ഒരു വ്യക്തിയിൽ അമിതമായി ആശ്രയത്വ മനോഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ആ രീതിയിൽ പെരുമാറുകയും ചെയ്യുന്നത് വൈകാരിക ചൂഷണത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്വന്തം സാമ്പത്തിക തീരുമാനങ്ങൾ പോലും സ്വയം എടുക്കാൻ സാധിക്കാത്ത അവസ്ഥ, ചൂഷകരെ കൂടാതെ എങ്ങും പോകാനോ, എന്തും ചെയ്യാനോ സാധിക്കാത്ത അവസ്ഥ, അങ്ങനെ ചെയ്താൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഭയക്കുക, ചൂഷകരുടെ അമിതമായ പൊട്ടിത്തെറിയും വിമർശനവും നിരന്തരം ഭയക്കുക, എന്ത് വന്നാലും തന്റെ ഭാഗത്തു ഈ വ്യക്തി നിൽക്കും എന്ന വിശ്വാസം നഷ്ടപ്പെടുക, അതിനാൽ തന്നെ നിരന്തരം അത്തരം ഒരു വിശ്വാസം സൃഷ്ടിച്ചെടുക്കാൻ വേണ്ടി പെടാപാട് പെടുക എന്നിങ്ങനെ വൈകാരിക ചൂഷണത്തിന്റെ തലങ്ങൾ ഒരുപാടാണ്.

ഇത്തരം രീതികൾ കൈക്കൊള്ളുന്നവർ പ്രധാനമായും നർസിസിസ്റ്റിക് പ്രകൃതം ഉള്ളവർ, അമിത വൈകാരികത കൊണ്ട് നടക്കുന്നവർ, ആന്റി സോഷ്യൽ പ്രവണത ഉള്ളവർ എന്നിങ്ങനെ ഉള്ളവരായി കാണാറുണ്ട്. അമിത സ്വാർത്ഥത, കുറ്റബോധം ഇല്ലായ്ക, സ്വയം അവബോധം ഇല്ലായ്ക, മറ്റൊരാൾക്ക് എന്ത് ഫീൽ ചെയ്യും എന്ന് ചിന്തിക്കാൻ സാധിക്കാതെ ഇരിക്കുക, സ്വന്തം പ്രവൃത്തികൾ മറ്റൊരാളിൽ ആരോപിക്കുക, ഇപ്പോഴും സ്വന്തം ഇമേജ് മാത്രം ചിന്തിച്ചു പെരുമാറുക, എല്ലായ്പ്പോഴും സ്വന്തം ഇമേജ് പൊക്കി പിടിക്കുക, അമിതമായ ഈഗോ, manipulation എന്നിവയൊക്കെ ഇങ്ങനെ ഉള്ളവരുടെ മുഖമുദ്രയാണ്. മേല്പറഞ്ഞ ഓരോ ഘടകവും ഒരുപാടു വിശദീകരിക്കേണ്ടതാണു. അത്രയും വിപുലമാണ് വൈകാരികമായി ചൂഷണം ചെയ്യുന്നവരുടെ സ്വഭാവ രീതികൾ.

എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയുന്നതോ, സ്വരച്ചേർച്ചയില്ലാത്ത കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതോ, ഇടക്ക് സങ്കടമോ വിഷമമോ കൊണ്ട് പൊട്ടിത്തെറിച്ചു പോകുന്നതോ ഒന്നും വൈകാരിക ചൂഷണമായി കണക്കാക്കാൻ ആവില്ല. നിരന്തരമായി ഇരയിൽ മേല്പറഞ്ഞ വികാരങ്ങൾ സൃഷ്ടിക്കുകയും, manipulate ചെയ്തു കൊണ്ട് സ്വന്തം അധികാരം ഉറപ്പിക്കുകയും, നിരന്തരം ആയി ഇരയെ ഇൻവാലിഡേറ്റ് ചെയ്യുകയും ഒക്കെ consistent ആയി ചെയ്യുമ്പോൾ മാത്രമേ നമുക്ക് വൈകാരിക ചൂഷണം ആണ് എന്ന് പറയുവാൻ സാധിക്കൂ. അതിനാകട്ടെ ഈ വ്യക്തിയുടെ വ്യക്തിത്വം ഗാഢമായി അനലൈസ് ചെയ്യണം, അതിനാകട്ടെ ഒരു വിദഗ്ധ മനഃശാസ്ത്രഞ്ജന് സാധിക്കും. അല്ലാതെ വെറുതെ കേറി നമുക്ക് diagnose ചെയ്യാൻ പറ്റില്ല.

മേൽപ്പറഞ്ഞ ചൂഷണം അവലംബിക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. എന്നാൽ ഇത്രയും ഡീറ്റൈൽ ആയി ചിന്തിക്കാനോ തിരിച്ചറിയാനോ കുട്ടികൾക്ക് സാധിക്കാത്തതിനാൽ പലപ്പോഴും അവർ ഹെൽപ്‌ലെസ്സ് ആണ്. ഒരു വൈവാഹിക ജീവിതത്തിൽ പങ്കാളി ഈ രീതിയിൽ പെരുമാറിയാൽ നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചേക്കും, എന്നാൽ കുഞ്ഞുങ്ങൾക്ക് അതിനു സാധിക്കില്ല. വളർന്നു വരുമ്പോൾ പലർക്കും ഇത് ഓർമയും ഉണ്ടാകില്ല. എന്നാൽ അവരുടെ വ്യക്തിത്വത്തെ ഈ ഒരു രീതി ഹാനികരമായി ബാധിച്ചു കഴിഞ്ഞിരിക്കും. ഒന്നിനും ആത്മവിശ്വാസം ഇല്ലാതിരിക്കുക, അല്ലെങ്കിൽ അമിതമായി ഞാനെന്ന ഭാവം ഉണ്ടാവുക, എന്തിനും മറ്റുള്ളവരുടെ അംഗീകാരം അമിതമായി വേണമെന്ന അവസ്ഥ വരിക, നിരന്തരം സ്വയം സംശയം തോന്നുക, ഞാൻ ഇങ്ങനെ ചെയ്താൽ ശരിയാകുമോ എന്നൊക്കെ ഒരു നൂറു വട്ടം സംശയിക്കുക,
അമിതമായ വിധേയത്വം അല്ലെങ്കിൽ അധികാരമനോഭാവം, അമിതമായ കുറ്റബോധം തോന്നുക, സ്വയം കുറ്റപ്പെടുത്തുക, അമിതമായ ഉത്തരവാദിത്വബോധം തോന്നുക, അല്ലെങ്കിൽ സ്വയമേ തന്നെ വൈകാരിക ചൂഷണം നടത്തുന്ന ഒരു വ്യക്തിയാവുക എന്നിങ്ങനെ പല രീതിയിലും വളർന്നു വരുമ്പോൾ കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടാം. അതിനാൽ തന്നെയാണ് പാരന്റിങ് എന്നത് ഇത്രമേൽ ആഴമേറിയ വിഷയം ആകുന്നതും.