എന്തുകൊണ്ട് പേരന്‍റിംഗ്

എന്തുകൊണ്ട് പേരന്‍റിംഗ്

ഡോ: ചന്ദന ഡി. കറത്തുളളി

പേരന്‍റിംഗ് ഇന്ന് വളരെ പ്രാധാന്യമേറിയ വിഷയമാണ്. എന്നാല്‍ പൊതുജനങ്ങക്ക് അത്രയധികം അവബോധമില്ലാത്ത വിഷയവും അതു തന്നെയാണ്. ഒട്ടേറെ കാര്യങ്ങള്‍ പലരും പറഞ്ഞു കേട്ട് നമുക്കറിയാം. എന്നിരിക്കലും ഇത്രയും വലിയ വിഷയത്തിന്‍റെ ആഴവും വ്യാപ്തിയും അറിയുന്നവര്‍ ചുരുക്കം.

ഇന്നത്തെ നമ്മുടെ സ്വഭാവം എന്താണോ അതിന് വലിയ ഒരു കാരണം നമ്മെ വളര്‍ത്തിയ രീതിയാണ്. സ്വഭാവത്തിന്‍റെ ഒരു പങ്ക് നമുക്ക് ജനിതകമായി ലഭിച്ചതാണെങ്കില്‍ കൂടിയും, വലിയൊരു പങ്ക് നമ്മുടെ ചുറ്റുപാടുകളുടെ സ്വാധീനമാണ്. ചുറ്റുപാടുകള്‍ എന്നാല്‍ നമ്മെ വളര്‍ത്തുന്നവരുടെ സംസാരരീതിയും, വൈകാരികപക്വതയും, പെരുമാറ്റശൈലിയും, മനോഭാവവും എല്ലാം ഉള്‍പ്പെടും. ഈ ഘടകങ്ങള്‍ എല്ലാം തന്നെയും ചെറുതായും വലുതായും എല്ലാം നമ്മുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുന്നു.

അതായത് നമുക്കറിയുന്ന ഒരു വ്യക്തി ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ആണെങ്കില്‍ അവരുടെ ദേഷ്യത്തിന്‍റെ ഒരു ഭാഗം അവര്‍ക്ക് ജനിതകമായി കിട്ടിയതായിരിക്കാം. എന്നാല്‍ അതിന്‍റെ വലിയ ഒരു ഭാഗവും അവരുടെ ചുറ്റുപാടുകളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്തതും ആയിരിക്കും. ഉദാഹരണത്തിന്, ആ വ്യക്തിയുടെ മാതാപിതാക്കള്‍ വൈകാരിക പക്വതയില്ലാതെ ആ കുഞ്ഞിന്‍റെ തലയില്‍ തങ്ങളുടെ ദേഷ്യവും വിഷമവും എല്ലാം തീര്‍ക്കുന്നവരാണ് എങ്കില്‍ തീര്‍ച്ചയായും ആ കുട്ടിയുടെ വൈകാരികപക്വത അവതാളത്തിലായിരിക്കും. അതിനാല്‍ തന്നെ നമ്മുടെ ഇന്നത്തെ പെരുമാറ്റം കുട്ടിയുടെ നാളെയെ ഗണ്യമായി സ്വാധീനിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.

ഇന്ന് പല മന:ശാസ്ത്രവിദഗ്ദ്ധരുടെയും അടുക്കലെത്തുന്ന കേസുകളിലും ശരിയല്ലാത്ത രീതിയിലുളള പേരന്‍റിംഗ് രീതികള്‍ കണ്ടു വരാറുണ്ട്. മുതിര്‍ന്നവരിലെ അത്തരം പ്രശ്നങ്ങള്‍ എല്ലാം തന്നെ ചെറുപ്പകാലത്തിന്‍റെ ബാക്കിപത്രമാണ് എങ്കില്‍ നല്ല ഒരു തലമുറയുടെ തുടക്കം ഇന്നത്തെ അച്ഛനമ്മമാരില്‍ നിന്നല്ലേ തുടങ്ങേണ്ടത്? ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അതിന്‍റെ ഭാവി നിര്‍ണ്ണയിക്കാന്‍ തക്ക പ്രാപ്തിയുളള ഈ വിഷയത്തെക്കുറിച്ച് നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും അജഞരാണ് എന്നത് ഒരു വികസിതസമൂഹത്തിന് നാണക്കേടാണ്.

നമുക്ക് പുതിയ എന്തു വസ്തു കൈയില്‍ കിട്ടിയാലും അതിന്‍റെ പ്രവര്‍ത്തനരീതികളെ കുറിച്ചും അത് ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും നമ്മെ നയിക്കാനും നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പ്രാപ്തിയുളളവരുടെ സഹായം നാം തേടാറുണ്ട്. എന്നാല്‍ യാതൊരു പരിശീലനവും വേണ്ടാത്ത, എന്നാല്‍ വളരെയധികം പ്രധനപ്പെട്ട ഒരു ജോലിയാണ് ഒരു രക്ഷിതാവിന്‍റെ മികച്ച ഒരു രക്ഷിതാവാകാന്‍ നമുക്ക് ഒര നിര്‍ബന്ധിത പരിശീലനമൊന്നും ലഭിച്ചിട്ടില്ല. എങ്കിലും തട്ടിയും മുട്ടിയും നാം അങ്ങനെ മുന്നോട്ട് പോകുന്നു. എന്നാല്‍ വളരെയധികം ശാസ്ത്രാധിഷ്ഠിതമായ, മികച്ച പരിശീലനം വേണ്ടി വരുന്ന ഒരു സിദ്ധിയാണ് രക്ഷാകര്‍തൃത്വം. ഒരു കുഞ്ഞിന്‍റെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ നമുക്ക് യാതൊരു ബുദ്ധിമുട്ടും വരാന്‍ ഇടയില്ല. നേരത്തിന് ആഹാരം, വെളളം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുഞ്ഞിന്‍റെ മാനസികമായ ആവശ്യങ്ങള്‍ക്ക് നമുക്ക് എന്ത് പരിഹാരമാണ് നല്‍കാന്‍ സാധിക്കുക? വിഷമിച്ചിരിക്കുന്ന കുഞ്ഞിനെ എങ്ങനെ ആശ്വസിപ്പിക്കണം, വാശി പിടിക്കുന്ന കുഞ്ഞിനെ എങ്ങനെ നിയന്ത്രിക്കണം, കുഞ്ഞിന്‍റെ ദേഷ്യത്തിന് എങ്ങനെ പരിഹാരം കണ്ടെത്തണം, സഹോദരങ്ങള്‍ തമ്മില്‍ നിരന്തരം അടി പിടിച്ചാല്‍ എങ്ങനെ നിയന്ത്രിക്കണം, അനുസരണക്കേടുളള കുഞ്ഞിനെ എങ്ങനെ മാറ്റിയെടുക്കാം, കുഞ്ഞുങ്ങളില്‍ എങ്ങനെ ഉത്തരവാദിത്വബോധം വളര്‍ത്താം എന്നിങ്ങനെ പ്രാധാന്യമേറിയ പല സന്ദര്‍ഭങ്ങളും കുഞ്ഞുങ്ങളുളള ഭാര്യാഭര്‍ത്താക്കന്‍മാരുടെ നിത്യജീവിതത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭങ്ങളിലെല്ലാം എങ്ങനെ പ്രതികരിക്കണം എന്ന് ശാസ്ത്രീയമായ പരിശീലനം കിട്ടിയിട്ടുളളവര്‍ എത്ര കുറവാണ്. അതിനാല്‍ തന്നെ അച്ഛനമ്മമാര്‍ അവര്‍ക്ക് സാധിക്കുന്ന രീതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളെ നേരിടുന്നു. ഫലമോ? വളര്‍ന്നു കഴിഞ്ഞാലും വൈകാരികപക്വത കൈവരിക്കാന്‍ സാധിക്കാത്ത, സഹോദരങ്ങളോട് വിദ്വേഷം വച്ചു പുലര്‍ത്തുന്ന, ദേഷ്യമോ സങ്കടമോ നിയന്ത്രിക്കാന്‍ സാധിക്കാത്ത, ഒന്നു പറഞ്ഞാല്‍ രണ്ടിന് അക്രമാസക്തത പുലര്‍ത്തുന്ന ആളുകള്‍ നമ്മുടെ മുന്നില്‍ വളരെയധികമാണ്.

നമ്മുടെ കുഞ്ഞിന് ഒരു അത്യാവശ്യ ശസ്ത്രക്രിയ വേണ്ടി വന്നാല്‍ നമുക്കുളള അറിവ് വച്ച് എങ്ങനെയെങ്കിലും ചെയ്തു കൂട്ടാന്‍ നാം ശ്രമിക്കുമോ? ഒരിക്കലുമില്ല. അല്ലേ? പിന്നെ കുഞ്ഞിന്‍റെ മനസ്സിന്‍റെ കാര്യം വരുമ്പോള്‍ എന്തേ നാം മടിക്കുന്നു? നമുക്കുളള അറിവ് വച്ച് കുഞ്ഞിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്താണ് നാം ശ്രമിക്കുന്നത്? കൂടുതല്‍ അറിവുളളവരുടെ അഭിപ്രായം മുഖവിലക്ക് എടുക്കാന്‍ എന്താണ് നാം മടി കാണിക്കുന്നത്? കുഞ്ഞിന്‍റെ ശരീരികാരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയും പരിചരണവും കുഞ്ഞിന്‍റെ മാനസികാരോഗ്യത്തിനും കിട്ടാന്‍ സമയമായി. ശാസ്ത്രീയമായി തന്നെ പേരന്‍റിംഗ് ശൈലികളിലുളള അറിവു നേടുവാനും, മേല്‍പറഞ്ഞ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ എങ്ങനെ പക്വതയോടെ പെരുമാറാം എന്ന ശാസ്ത്രീയ അവബോധം നേടിയെടുക്കാനും, അറിഞ്ഞ കാര്യങ്ങള്‍ ജവിതത്തില്‍ പകര്‍ത്തുവാനും നാം ശുഷ്കാന്തി കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പല കുട്ടികളും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ആത്മവിശ്വാസക്കുറവ്. എന്‍റെ കഴിവിനെ ഞാന്‍ തിരിച്ചറിയുന്നുല്ല, എന്‍റെ പ്രാപ്തിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, എനിക്ക് എന്തെങ്കിലും മൂല്ല്യമുളളതായി എനിക്ക് തോന്നുന്നില്ല എന്ന അവസ്ഥയാണ് ആത്മവിശ്വാസക്കുറവ് നിറഞ്ഞ ചിന്താശൈലിക്ക് ആധാരം. ഇതിന് പ്രധാനകാരണം അച്ഛനമ്മമാര്‍ ആ കുഞ്ഞിനെ മൂല്ല്യമുളള വ്യക്തിയായി കാണുന്നില്ല, അല്ലെങ്കില്‍ ആ കുഞ്ഞിന്‍റെ കഴിവുകളെ കുറിച്ചോ മൂല്ല്യത്തെ കുറിച്ചോ ആ കുഞ്ഞിനെ ധരിപ്പിക്കാന്‍ സാധിക്കാതെ വന്നു എന്നതാണ്. അത് ഒരു പക്ഷേ, കുഞ്ഞിന്‍റെ ദോഷങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഗുണങ്ങളില്‍ ശ്രദ്ധ നല്‍കാതെ പോകുന്നതു കൊണ്ടാകാം, കൂടുതല്‍ കഴിവുകള്‍ ഉളള മറ്റു കുട്ടികളെ വച്ച് താരതമ്യം ചെയ്യുന്നതു കൊണ്ടാകാം, കുഞ്ഞിനെ അമിതമായി വിമര്‍ശിക്കുന്നതു കൊണ്ടാകാം, തന്‍റെ സ്വതസിദ്ധമായ കഴിവുകള്‍ തന്‍റെ അച്ഛനമ്മമാര്‍ അംഗീകരിക്കാതെ പോകുന്നതു കൊണ്ടാകാം – അങ്ങനെ പല കാരണങ്ങള്‍ ആത്മവിശ്വാസക്കുറവിന് പിന്നില്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇതൊന്നും അച്ഛനമ്മമാര്‍ ബോധപൂര്‍വ്വം ചെയ്യുന്നതാവണം എന്നില്ല. ഉദാഹരണത്തിന്, തന്‍റെ മൂത്തകുട്ടിയുടെ ഒരു നല്ല സ്വഭാവം ഉദാഹരണമായി പറഞ്ഞു കൊണ്ട് ഒരു അമ്മ/അച്ഛന്‍ ഇളയകുഞ്ഞിനെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്ന തായിരിക്കാം. എന്നാല്‍ ഫലത്തില്‍ തന്നേക്കാള്‍ കഴിവും പ്രാപ്തിയും തന്‍റെ ചേട്ടനോ ചേച്ചിക്കോ ആണ് എന്നാണ് തന്‍റെ മാതാപിതാക്കള്‍ കരുതുന്നത് എന്ന് തെറ്റിദ്ധരിച്ചേക്കാം. ഈ ഒരു തെറ്റായ സന്ദേശം കുഞ്ഞിന്‍റെ മനസ്സില്‍ അടിയുറച്ചു പോയാല്‍ കുട്ടിക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടാകില്ല എന്നു മാത്രമല്ല, ചേച്ചയുടെയോ, ചേട്ടന്‍റെയോ നേട്ടങ്ങളില്‍ അസൂയയും ഉണ്ടായേക്കാം. അങ്ങനെ അച്ഛന്‍റെയോ അമ്മയുടെയോ ബോധപൂര്‍വ്വമല്ലാത്ത ഒരു സംഭാഷണരീതി കുഞ്ഞിന്‍റെ സ്വഭാവത്തിന്‍റെ താളം കെടുത്തുന്നു.

ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്നു. അത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണം എന്ന അവബോധം മാതാപിതാക്കള്‍ക്ക് ലഭ്യമാക്കേണ്ടതല്ലേ? വൈകാരികപക്വത നിറഞ്ഞ ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ അത്തരം ഒരു ശാസ്ത്ര പരിശീലനം അത്യന്താപേക്ഷിതമല്ലേ?