കുഞ്ഞുങ്ങള്‍ കളളംപറയുന്നതെന്തുകൊണ്ട്?

കുഞ്ഞുങ്ങള്‍ കളളംപറയുന്നതെന്തുകൊണ്ട്?

ഡോ: ചന്ദന ഡി. കറത്തുളളി

“എന്നെ തല്ലല്ലേ അച്ഛാ..” ഹരിക്കുട്ടന്‍ അച്ഛന്‍റെ മുന്നില്‍ നിന്നും വിറച്ചു. അച്ഛനാകട്ടെ അരിശം പൂണ്ട് രൗദ്രഭാവത്തില്‍ നില്‍ക്കുകയാണ്. തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത രീതിയിലാണ് മകന്‍റെ പ്രവര്‍ത്തികള്‍. കാറിന്‍റെ ചില്ല് പൊട്ടിച്ചതു പോട്ടെ, അത് മറച്ച് വച്ച് കളളം പറഞ്ഞതും അനിയനെ കുറ്റപ്പെടുത്തിയതുമോ?

സ്വന്തം മക്കള്‍ എല്ലാം കൊണ്ടും പെര്‍ഫെക്റ്റ് ആവണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെതായ പ്രശ്നങ്ങള്‍ മൂലം അതിനു കഴിയാതെ വരാം. അതു തിരിച്ചറിഞ്ഞ് എങ്ങനെ അവരെ സഹായിക്കണമെന്ന് കഴിഞ്ഞ ലേഖനത്തില്‍ നാം കണ്ടു. എന്നാല്‍ അതിനു സാധിക്കാതെ വന്നാല്‍ എന്തു സംഭവിക്കുമെന്നാണ് ഇന്ന് നാം ചര്‍ച്ച ചെയ്യുന്നത്.

രണ്ട് തരത്തിലാണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പ്രശന്ങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒന്നുകില്‍ അമിതമായ ശിക്ഷണരീതികള്‍ അവലംബിക്കുകയോ അല്ലെങ്കില്‍ അവരുടെ തെറ്റുകള്‍ നിസ്സാരവത്കരിച്ച് അവരില്‍ ഉത്തരവാദിത്വബോധം വളര്‍ത്താതിരിക്കുകയോ ആണ് മിക്ക മാതാപിതാക്കളും ചെയ്യുന്നത്. അമിതമായി കുഞ്ഞുങ്ങളെ ശിക്ഷിക്കുകയും അവര്‍ ചെയ്യുന്ന എന്തിനെയും വിമര്‍ശിക്കുകയുമാണ് പൊതുവെ അധികാരമനോഭാവം കൂടുതലുളള മാതാപിതാക്കള്‍ ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ څതാന്‍ ഒന്നിനും കൊളളാത്തവനാ ണെന്നും താന്‍ മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ പെരുമാറിയില്ലെങ്കില്‍ അവര്‍ തന്നെ സ്നേഹിക്കുകയില്ലെന്നും കുഞ്ഞിന് തോന്നിയേക്കാം. അത്തരം ചിന്താഗതി ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് ഒരു കാരണമാണ്. ഇത്തരം തോന്നലുകളാണ് കളളം പറയുന്നതിനും തെറ്റുകള്‍ മറച്ചു വയ്ക്കുന്നതിനും കാരണമാവുന്നത്. തെറ്റുകള്‍ വരുത്തുന്ന തന്നെ തന്‍റെ അച്ഛനുമമ്മയും അംഗീകരിച്ചേക്കില്ല എന്ന ഉറച്ച വിശ്വാസമാണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കുന്നതെങ്കില്‍ അവര്‍ അവരുടെ കുറവുകള്‍ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കും. അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥപ്രശ്നം അച്ഛനമമ്മമാര്‍ അറിയാതെ പോവുകയും പിന്നീട് അവ വളരെ വലിയ പ്രശ്നങ്ങളിലേക്ക് എത്തി ചേരുകയും ചെയ്യും.

കുഞ്ഞുങ്ങളെ അവരുടെ തെറ്റുകള്‍ക്ക് കുറ്റപ്പെടുത്തുകയും വമര്‍ശിക്കുകയും ചെയ്യുമ്പോള്‍ കുറവുകളുളള തന്നെ ആരും അംഗീകരിക്കില്ല എന്ന തോന്നല്‍ കുഞ്ഞുങ്ങളില്‍ ശക്തിപ്പെടും. അത്തരം അനാരോഗ്യകരമായ ചിന്തകള്‍ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും ചെയ്യും. മതിര്‍ന്നതിനു ശേഷം അവരുടെ പെരുമാറ്റ രീതികളേയും പ്രശ്നങ്ങളെ സമീപിക്കുന്ന രീതികളേയുമെല്ലാം അത് സ്വാധീനിക്കുകയും ചെയ്യും. അത് എങ്ങനെയെന്ന് നോക്കാം:-

1) കളളം പറയുക – തെറ്റുകള്‍ മറച്ചു വയ്ക്കുക:

തെറ്റുകളും കുറവുകളും പുറത്ത് കാണിക്കുന്നതിലും നല്ലത് അവ മറച്ചു വയ്ക്കുകയും ഒളിച്ചു വയ്ക്കുകയുമാണ് എന്ന ചിന്ത കുട്ടികളില്‍ ഉടലെടുത്തേക്കാം. സത്യം അച്ഛനമ്മമാര്‍ അറിയുമ്പോള്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ അഭിമുഖികരി ക്കാനുളള വിമുഖതയാണ് കളളം പറയുന്നതിലേക്ക് നയിക്കുന്നത്. തന്‍റെ യഥാര്‍ത്ഥമുഖം കാണിക്കാതെ അച്ഛനുമമ്മയ്ക്കും കൂടുതല്‍ സ്വീകാര്യമായ മുഖംമൂടിയണിഞ്ഞ് അവരെ പ്രീതിപ്പെടുത്താനുളള മനോഭാവം കുഞ്ഞുങ്ങളില്‍ വളര്‍ന്ന് വരുന്നത് ഇങ്ങനെയാണ്. നമ്മളില്‍ തന്നെ പലരും വളരെ വലുതായിട്ടും ഇത്തരം മുഖംമൂടിയ്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സത്യം മറ്റുളളവരറിഞ്ഞാല്‍ അവര്‍ എന്തു വിചാരണക്കും? എന്ന് ചിന്തിക്കുന്നവരാണ്. അത് നമ്മുടെ ഉളളിലെ ഈയൊരു അരക്ഷിതാവസ്ഥ മറയ്ക്കാനായുളള മനോഭാവമാണ്. ഇത്തരം മനോഭാവം കുഞ്ഞുങ്ങളെ തന്‍റെ വികാരവിചാരങ്ങള്‍ മുതിര്‍ന്നവരുമായി പങ്കു വയ്ക്കുന്നതില്‍ നിന്നും അവരുടെ സഹായം സ്വീകരിക്കുന്നതില്‍ നിന്നും വലിക്കുന്നു. പക്ഷേ, ഒരു കുഞ്ഞിന് ഒരു മികച്ച മാനസികാരോഗ്യവ്യവസ്ഥയിലേക്ക് വളര്‍ന്നു വരാന്‍ മാതാപിതാക്കളുടെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അത്യന്താപേക്ഷിതമാണ്. അതിന് മാതാപിതാക്കളും കുഞ്ഞുങ്ങളുമായി എന്തം തുറന്നു സംസാരിക്കാവുന്ന ഒരു തുറന്ന ബന്ധം അനിവാര്യമാണ്. കുഞ്ഞിന് പേടി കൂടാതെ അച്ഛനമ്മമാരോട് തുറന്ന് സംസാരിക്കാനുളള സാഹചര്യവും എന്ത് തന്നെ സംഭവിച്ചാലും അവരുടെ പിന്തുണ തനിക്ക് നഷ്ടപ്പെടില്ല എന്ന വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ അത്തരമൊരു ബന്ധം സംജാതമാവൂ.

2) മറ്റുളളവരെ കുറ്റപ്പെടുത്താനുളള പ്രവണത:

“ഞാനല്ല അമ്മേ അതു പൊട്ടിച്ചത്. ഇവനാണ്. ഇവനെന്നെ ഉന്തിയിട്ടതു കൊണ്ടാണ് ആ ചില്ലുപാത്രം ഉടഞ്ഞത്.”

“അവളെന്നെ അങ്ങനെ പറഞ്ഞതു കൊണ്ടാണ് ഞാനവളെ തല്ലിയത്.”

“എന്‍റെ ജീവിതത്തില്‍ ഇത് സംഭവിച്ചത് കൊണ്ടാണ് ഞാനിങ്ങനെ ആയി പോയത്. അല്ലായിരുന്നെങ്കില്‍ ഞാന്‍ എവിടെ എത്തേണ്ടതാണ്.”

ഇത്തരം ന്യായീകരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം തെറ്റുകള്‍ മറച്ചു വയ്ക്കാനും അവയ്ക്ക് മറ്റൊരാളെ ഉത്തരവാദിയാക്കാനും അങ്ങനെ സ്വയം തെറ്റുകളില്‍ നിന്നും ഒളിച്ചോടാനുമുളള പ്രവണതയില്‍ നിന്നാണ് വരുന്നത്. ഇത്തരം മനോഭാവം പിന്നീട് അവരുടെ വ്യക്തിജീവിതത്തിലും വൈവാഹിക ജീവിതത്തിലും വരെ വിളളലുകള്‍ വീഴ്ത്തിയേക്കാം. തന്‍റെ പ്രശ്നങ്ങള്‍ക്ക് അനാവശ്യമായി ഭാര്യയേയും സഹപ്രവര്‍ത്ത കരേയും മറ്റും കുറ്റപ്പെടുത്തുന്ന വ്യക്തി എങ്ങനെ ഒരു പ്രശ്നപരിഹാരത്തിന് മുതിരും? തന്‍റെ പ്രവര്‍ത്തികളുടെ അനന്തരഫലത്തെ ഭയക്കുകയും അതില്‍ നിന്ന് ഒളിച്ചോടാനും ശ്രമിക്കുന്ന ഒരു കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കും. എന്നാല്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും തന്‍റെ ഭാഗത്ത് നിന്നും വരുന്ന തെറ്റുകുറ്റങ്ങള്‍ തിരുത്തുകയാണെന്ന് വേണ്ടതെന്നുമുളള സന്ദേശമാണ് മാതാപിതാക്കള്‍ നല്‍കുന്നതെങ്കില്‍ ഒരിക്കലും ഇത്തരമൊരു മനോഭാവം ഉടലെടുക്കുകയില്ല. സ്വന്തം ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം നാം സ്വയം ഏറ്റെടുത്താല്‍ മാത്രമേ അവ പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ നാം തേടൂ.

3) ആത്മവിശ്വാസക്കുറവ്:

തന്‍റെ പ്രവര്‍ത്തികള്‍ മറ്റുളളവര്‍ അംഗീകരിക്കും എന്ന വിശ്വാസമാണ് നമുക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നത്ന്ന താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുളളവരില്‍ സന്തോഷവും സ്വീകാര്യതയും സൃഷ്ടിക്കുന്നു എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ മിടുക്കനാണ്, എനിക്ക് ഇത്തരം കഴിവുകള്‍ ഉണ്ട് എന്ന ആത്മവിശ്വാസം ഉടലെടുക്കുന്നത്. എന്നാല്‍ മാത്രമേ അവര്‍ക്ക് ജീവിതത്തില്‍ മുന്നേറാനും നേട്ടങ്ങള്‍ നേടിയെടുക്കാനും സാധിക്കൂ. എന്നാല്‍ നിരന്തരമായി തന്‍റെ കുറവുകളെ കുറിച്ചു മാത്രം സംസാരിക്കുകയും പരാതിപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന മാതാപിതാക്കള്‍ കുഞ്ഞിന് നല്‍കുന്നത് സ്വീകാര്യതയല്ല, മറിച്ച് അവന്‍റെ കഴിവുകേടുകളെ കുറിച്ചുളള ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമാണ്. എന്നാല്‍ അവന്‍റെ തെറ്റുകള്‍ തിരുത്താനുളള അവസരം മാതാപിതാക്കള്‍ സൃഷ്ടിക്കുകയും, അങ്ങനെ ചെയ്യാനുളള മനസ്സിനെ അഭിനന്ദിക്കുകയും ചെയ്താല്‍ ഈ പ്രശ്നം ഒഴിവാക്കാനാവുന്നതാണ്. കൂടാതെ അവന്‍റെ മറ്റു കഴിവുകളെയും നډകളെയും അംഗീകരിച്ച് പ്രോത്സാഹിപ്പിച്ചാല്‍ അവന്‍ അവന്‍റെ കുറവുകള്‍ മറികടന്ന് ഉയരങ്ങളിലേക്ക് കുതിക്കാന്‍ സാധിക്കും. മറിച്ച് ഒരു സമീപനം ഭാവിയില്‍ ഉത്കണ്ഠയ്ക്കും വിഷാദത്തിനുമെല്ലാം ഇടയായേക്കും. അതിനാല്‍ നമ്മുടെ കുഞ്ഞിന്‍റെ കുറവുകള്‍ തിരുത്താനുളള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് നാമല്ലേ? അതല്ലാതെ ലോകത്തോടൊപ്പം ചേര്‍ന്ന് അവര്‍ കുറ്റപ്പെടുത്തുന്നതല്ലല്ലോ നമ്മുടെ കടമ.