കുഞ്ഞുങ്ങള്‍ക്ക് നാം നല്‍കുന്ന സന്ദേശങ്ങള്‍
ഡോ: ചന്ദന ഡി. കറത്തുളളി
കുഞ്ഞുങ്ങള്‍ എന്തും പഠിക്കുന്നത് അവരുടെ ചുറ്റുമുളള ലോകത്തില്‍ നിന്നാണ്. ജനിക്കുമ്പോള്‍ ജനിതകമായി അവര്‍ക്ക് ലഭിക്കുന്ന വ്യക്തിത്വഘടകങ്ങളൊഴിച്ചാല്‍ ബാക്കി അവരുടെ എല്ലാ ശീലങ്ങളും, ശൈലികളും, രീതികളും, സ്വഭാവങ്ങളുമൊക്കെ അവര്‍ പഠിച്ചെടുക്കുന്നതാണ്. ജനിച്ച ആദ്യദിനം മുതല്‍ അവര്‍ക്ക് ചുറ്റുമുളള അനുഭവങ്ങളില്‍ നിന്ന് അവര്‍ സ്വരുക്കൂട്ടുന്നതാണ് അവയെല്ലാം. കുഞ്ഞുങ്ങള്‍ ഭാഷ എങ്ങനെ പഠിക്കുന്നു? അവര്‍ക്ക് ചുറ്റുമുളളവരുടെ സംസാരത്തില്‍ നിന്നാണ് കേരളത്തിലുളള ഒരു കുഞ്ഞ് മലയാളവും അമേരിക്കയിലുളള ഒരു കുഞ്ഞ് ഇംഗ്ലീഷും പഠിക്കുന്നത്. നമ്മുടെ സംസാരം, പെരുമാറ്റം, മുഖഭാവം, പ്രശ്നങ്ങളെ നേരിടുന്ന രീതികള്‍ അങ്ങനെ എല്ലാ കുഞ്ഞുങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്, പഠിക്കുന്നുണ്ട്, നാം പോലും അറിയാതെ അവയില്‍ നിന്നൊല്ലാം കുട്ടികള്‍ പല സന്ദേശങ്ങളും സ്വാംശീകരിച്ചെടുക്കുന്നുമുണ്ട്. അത്തരം സന്ദേശങ്ങള്‍ അവരുടെ പെരുമാറ്റത്ത സ്വഭാവത്തെ സംസാരത്തെയെല്ലാം സ്വാധീനിക്കുന്നു. നല്ലതായാലും ചീത്തയായാലും എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ.
ഉദാഹരണത്തിന്, വീട്ടില്‍ ഒരു കുഞ്ഞ് ചെയതു നല്‍കുന്ന നല്ല കാര്യങ്ങള്‍ക്കെല്ലാം കൂടെയുളളവര്‍ താങ്ക്യൂ എന്ന് പറഞ്ഞു ശീലിച്ചാല്‍, ആ കുഞ്ഞ് മറ്റുളളവരോടും നന്ദി പറയാന്‍ ശീലിക്കുന്നു. ആ കുഞ്ഞിന് നന്ദി പറയാന്‍ വിമുഖത തോന്നുകയുമില്ല. ആ മര്യാദ അവന്‍റെ അല്ലെങ്കില്‍ അവളുടെ സ്വഭാവത്തിന്‍റെ ഭാഗമാകുന്നു. അതുപോലെ തന്നെയാണ് വൃത്തിയുടെയും അടുക്കും ചിട്ടയുടെയും കാര്യവും. കുഞ്ഞിന്‍റെ സാധനങ്ങള്‍ മാത്രമല്ല, വീട്ടിലെ മറ്റുളളവരുടെയും, വീട്ടിലെ മുറിയിലെ വസ്തുക്കളും വൃത്തിയായും അടുക്കും ചിട്ടയോടെയും വയ്ക്കുവാന്‍ നാം ശ്രദ്ധിച്ചാല്‍ കുട്ടിയും അതുപോലെ വയ്ക്കാന്‍ ശ്രദ്ധിക്കും. മാത്രമല്ല, ആ കുഞ്ഞിനെക്കൊണ്ട് അതുപോലെ വയ്ക്കുവാന്‍ ചെറിയ പ്രായം തൊട്ടേ ശീലിപ്പിച്ചാല്‍ എത്ര വലുതായാലും ആ കുട്ടി അതിന് ശ്രദ്ധിക്കും എന്നതിന് സംശയമില്ല. ഇത് നാം അറിഞ്ഞു കൊണ്ട് നല്‍കുന്ന സന്ദേശങ്ങള്‍.
ഇനി നാം അറിയാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ ഉണ്ട്. നാം അങ്ങനെ ഉദ്ദേശിച്ചില്ലെങ്കിലും കുഞ്ഞുങ്ങള്‍ നമ്മുടെ പെരുമാറ്റത്തില്‍ നിന്ന് പഠിച്ചെടുക്കുന്നവ. അവയിലൊന്നാണ് ദേഷ്യം പ്രകടിപ്പിക്കുന്ന രീതി. നാം പലപ്പോഴും കുഞ്ഞുങ്ങളോട് ദേഷ്യപ്പെടാറുണ്ട്, വഴക്ക് പറയാറുണ്ട്, അവരെ ശിക്ഷിക്കാറുമുണ്ട്.
എന്നാല്‍ പലപ്പോഴും നമ്മുടെ ദേഷ്യം തീരുന്നതു വരെയാണ് നമ്മുടെ ശാസനയും ശിക്ഷയുമെല്ലാം. നമ്മുടെ നല്ല മൂഡാണെങ്കില്‍ കുഞ്ഞുങ്ങള്‍ ചെയ്യുന്ന എത്ര വലിയ തെറ്റും നാം ക്ഷമിച്ചേക്കാം. എന്നാല്‍ നമ്മുടെ മോശം മൂഡാണെങ്കില്‍ ചെറിയ തെറ്റുകള്‍ക്ക് പോലും കുഞ്ഞുങ്ങളെ നാം അതിര് കടന്ന് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ട്. നാം ബഹളം വച്ചും ചീത്ത വിളിച്ചും അധിക്ഷേപിച്ചും കുഞ്ഞുങ്ങളോട് പെരുമാറുമ്പോള്‍ അവര്‍ക്ക് നാം നല്‍കുന്ന സന്ദേശം എന്തെന്നോ? ഒരാള്‍ ചെയ്ത കാര്യം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇങ്ങനെ ബഹളം വച്ചാണ് നാം പ്രതികരിക്കേണ്ടത് എന്ന്. കുഞ്ഞ് ഇങ്ങനെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ നമ്മോടും, മറ്റു കുട്ടികളോടും, സഹോദരങ്ങളോടും ആ കുട്ടി അങ്ങനെയേ പെരുമാറൂ. വഴക്കാളിയും ദേഷ്യക്കാരനുമായ ഒരു കുട്ടി ആ സ്വഭാവം കണ്ട് പഠിച്ചതാവാനേ തരമുളളൂ എന്നര്‍ത്ഥം.
ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല സ്വഭാവം പഠിപ്പിച്ചു കൊടുക്കാനായി നാം മറ്റു കുട്ടികളെ ഉപമിക്കാറുണ്ട്. കണ്ടോ, ആ കുട്ടി എത്ര മനോഹരമായാണ് ഇത് ചെയ്തത് എന്ന്. എത്ര നല്ല രീതിയില്‍ പറഞ്ഞാലും ഉപമിക്കല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമിതാണ് – നീ മോശക്കാരനാണ്, മറ്റേ കുട്ടിയാണ് മിടുക്കന്‍, അതുകൊണ്ട് എനിക്ക് മറ്റേ കുട്ടിയെയാണ് ഇഷ്ടം. എത്ര നല്ല വാക്കു കൊണ്ട് പറഞ്ഞാലും കുഞ്ഞ് മേല്‍പ്പറഞ്ഞ സന്ദേശം മാത്രമേ ശ്രദ്ധിക്കൂ. ജീവിതാവസനം വരെ കുട്ടിയുടെ മേല്‍ ആത്മവിശ്വാസക്കുറവിന്‍റെ നിഴല്‍ വീഴ്ത്താന്‍ ഇതു മാത്രം മതി. പകരം, കുഞ്ഞിന് നല്ല സ്വഭാവങ്ങള്‍ നമുക്ക് ചെയ്ത് കാണിച്ചു കൊടുക്കാം, ഇങ്ങനെ അത്തരം ശീലങ്ങള്‍ പകര്‍ത്തണമെന്ന് വഴി കാട്ടിയാവാം – കുറ്റപ്പെടുത്തലിന്‍റെ മുള്‍മുനയില്ലാതെ.
മറ്റൊരുദാഹരണം നല്‍കാം – ചിലപ്പോള്‍ നമ്മുടെ മക്കള്‍ തമ്മില്‍ വഴക്ക് കൂടുമ്പോള്‍ നാം വഴക്ക് പറയുന്നത് മുതിര്‍ന്ന കുട്ടിയെയായിരിക്കും. മൂത്ത കുട്ടി കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്ത് നമുക്ക് മന:സമാധാനം നല്‍കണമെന്നാണ് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനു വിപരീതമായി രണ്ട് കുട്ടികള്‍ കൂടി വഴക്കിടുമ്പോള്‍ നാം ആദ്യം തല്ലുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് മൂത്ത കുട്ടിയെയാവാം. എന്നാല്‍ നമ്മുടെ ഉദ്ദേശ്യശുദ്ധിയൊന്നും ആ കുഞ്ഞിന് മനസ്സിലാവണമെന്നില്ല. ഈ സാഹചര്യത്തില്‍ കുഞ്ഞിന് ലഭിക്കുന്ന സന്ദേശം ഇതായിരിക്കും – എന്നെ ആര്‍ക്കും ഇഷ്ടമില്ല, അതാണ് എല്ലാവരും എന്നെ മാത്രം തല്ലുകയും വഴക്കു പറയുകയും ചെയ്യുന്നത്. വാവയെ ആരും വഴക്ക് പറയുന്നില്ലല്ലോ. ഈ സാഹചര്യത്തില്‍ ലഭിക്കുന്ന ഈ സന്ദേശം കുഞ്ഞിന്‍റെ മനസ്സില്‍ ദീര്‍ഘകാലം കിടക്കും. അതൊഴിവാക്കാന്‍ ചെയ്യേണ്ടത് ഇതാണ് – വഴക്കിടുന്ന രണ്ടു പേരെയും രണ്ട് മുറികളിലേക്ക് അയയ്ക്കുക, വഴക്കും ദേഷ്യവും ആറിതണുത്ത ശേഷം സമാധാനമായി പരിഹാരം ഉണ്ടാക്കുക. നമ്മള്‍ ഇടപ്പെട്ട് സ്ഥിതി കുളമാക്കുന്നതിലും നല്ലത് തല്‍ക്കാലത്തേക്ക് രണ്ടാളേയും മാറ്റി ഇരുത്തുന്നതാണ്.
ചില അവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ തെറ്റുകള്‍ ചെയ്യും, ചില അവസരങ്ങളില്‍ അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യും – എന്നാല്‍ നമുക്കൊരു കുഴപ്പമുണ്ട്. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ നമ്മള്‍ പെട്ടെന്ന് മറക്കും – അവരെ നാം അതിന് പ്രശംസിക്ക പോലും ചെയ്യാറില്ല. എന്നാല്‍ അവര്‍ ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ നാമൊരിക്കലും മറക്കില്ല. എപ്പോഴും നാം അതേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. മന:ശാസ്ത്രവിദഗ്ദര്‍ പറയുന്നത് ഒരു കുഞ്ഞിന്‍റെ ഒരു കുറ്റം ചൂണ്ടി കാണിച്ച് നാം തിരുത്തണമെങ്കില്‍ അന്നേദിവസം അതിനു പകരമായി മൂന്നു തവണയെങ്കിലും നാം ആ കുഞ്ഞിനെ പ്രശംസിക്കണമെന്നാണ്. അതിന് നാം ചെയ്യാറുളളത് പലപ്പോഴും നേരെ തിരിച്ചായിരിക്കും – മൂന്നല്ല, മുപ്പതു തവണ കുറ്റം പറയലും, ഒരു തവണ പ്രശംസിക്കലും. ഇങ്ങനെ വരുമ്പോള്‍ നാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമിതാണ് – നീ ഒരു മോശപ്പെട്ട വ്യക്തിയാണ് – നീ ചെയ്യുന്നതെല്ലാം അബദ്ധവും മോശവുമാണ്. കുട്ടികള്‍ ഇത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും എന്നെ എപ്പോഴും കുറ്റപ്പെടുത്തുന്നു എന്ന് പറയുന്നത്. അതിനാല്‍ കുഞ്ഞുങ്ങളുടെ നല്ല വശങ്ങള്‍ കണ്ടെത്താം – പ്രശംസിക്കാം.
ചില കുട്ടികള്‍ പൊതുവെ വാശിക്കാരായിരിക്കും. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ബഹളം വച്ചും കരഞ്ഞും വാശി പിടിച്ചും അവര്‍ അവരാഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യും. എന്നാല്‍ കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ ഉടന്‍ തന്നെ അവ സാധിച്ചു കൊടുത്താല്‍ അത് കുഞ്ഞിന് സന്ദേശമെന്തെന്നാല്‍ – നിനക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഉണ്ടായാല്‍ വാശി പിടിച്ച് മറ്റുളളവരെ ശല്ല്യപ്പെടുത്തിയാല്‍ മതി – വേണ്ട കാര്യം ശല്ല്യം സഹിക്ക വയ്യാതെ അവര്‍ നടത്തിത്തരും എന്നതാണ്. ഈ പാഠം പഠിച്ചു വയ്ക്കുന്ന കുട്ടി വലുതാവും തോറും തന്‍റെ ബഹളത്തിന്‍റെ കാഠിന്യം കൂട്ടികൊണ്ട് വന്ന് തന്‍റെ വലിയ വലിയ ആഗ്രഹങ്ങള്‍ വരെ നേടിയെടുക്കാന്‍ തുടങ്ങും. വലുതാവുന്തോറും ആ കുട്ടിയെ നിയന്ത്രിക്കാനും ബുദ്ധിമുട്ട് ഏറി വരും.
പല അച്ഛനമ്മമാരും ഒരുപാട് കഷ്ടതകള്‍ സഹിച്ചും ദുരിതങ്ങള്‍ അനുഭവിച്ചുമായിരിക്കും വളര്‍ന്നു വന്നത്. അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ തങ്ങള്‍ അനുഭവിച്ച കഷ്ടതകള്‍ ഒന്നും കുഞ്ഞ് അനുഭവിക്കരുത് എന്ന മനോഭാവത്തോടെ കുഞ്ഞിന്‍റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു നല്‍കിയും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒന്നും അറിയിക്കാതെയും എല്ലാം കുഞ്ഞിനെ വളര്‍ത്തുന്നു. ഇങ്ങനെ വളരുന്ന കുഞ്ഞ് മുതിര്‍ന്നാലും അച്ഛനമ്മമാരുടെ ബുദ്ധിമുട്ടുകള്‍ വക വയ്ക്കാതെ വരും. ആ കുഞ്ഞിന്‍റെ മനസ്സില്‍ തന്നെ ബുദ്ധിമുട്ടിക്കാതെ വളര്‍ത്തുക എന്നതാണ് തന്‍റെ അച്ഛനമ്മമാരുടെ കടമ എന്നായിരിക്കും. തനിക്ക് അവകാശങ്ങള്‍ മാത്രമല്ല തന്‍റെ കുടുംബത്തോട് കടമകളും ഉണ്ട് എന്ന സന്ദേശം നല്‍കി വേണം കുഞ്ഞുങ്ങളെ വളര്‍ത്താന്‍.
കുഞ്ഞുങ്ങള്‍ മിടുക്കരായും നല്ല മനോഭാവത്തോടെയും വളരണമെങ്കില്‍ നമ്മുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒട്ടേറെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നാം നേരിടുന്ന പല പ്രശ്നങ്ങളും ചെറുപ്പത്തിലെ നമ്മുടെ മാതാപിതാക്കളില്‍ നിന്നും നാം നേരിട്ട അനുഭവങ്ങളുടെ ബാക്കിപത്രമാവാം. അതിനാല്‍ ശ്രദ്ധയോടെ പെരുമാറാം, കുഞ്ഞുങ്ങളെ മിടുക്കരാക്കി വളര്‍ത്താം.