കുഞ്ഞുങ്ങളുമായി അടുക്കാം

കുഞ്ഞുങ്ങളുമായി അടുക്കാം

ഡോ: ചന്ദന ഡി. കറത്തുളളി,

നാമെല്ലാം നമ്മുടെ കുഞ്ഞുങ്ങളെ അതിരറ്റ് സ്നേഹിക്കുന്നവരാണ്. അവരുടെ ആവശ്യങ്ങള്‍, അത് എന്ത് തന്നെയായാലും അത് നമ്മളാല്‍ ആവുന്നവിധം നിറവേറ്റി കൊടുക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. എന്നാല്‍ അവരുടെ മനസ്സിന്‍റെ ആവശ്യങ്ങള്‍ എത്ര കണ്ട് നാം നിറവേറ്റി കൊടുക്കാറുണ്ട്? അവര്‍ ആഗ്രഹിക്കുമ്പോള്‍ അവരുടെ കൂടെയിരുന്ന് കളിക്കാനോ പ്രോത്സാഹിപ്പിക്കാനോ നമുക്ക് എപ്പോഴും സാധിക്കാറുണ്ടോ? കുഞ്ഞുങ്ങളുടെ മാനസികസന്തോഷം എന്നത് നാം വാങ്ങി നല്‍കുന്ന കളിപ്പാട്ടങ്ങളിലും കാണിക്കാന്‍ കൊണ്ടു പോകുന്ന സിനിമകളിലും മാളുകളിലും ആണെന്ന മിഥ്യാധാരണ നമുക്കുണ്ട്. അവയെല്ലാം കുഞ്ഞുങ്ങള്‍ക്ക് സന്തോഷം കൊടുക്കുന്നവ തന്നെ. എന്നാല്‍ അതിനുമപ്പുറം അവര്‍ക്ക് മാനസികമായി സുരക്ഷിതത്വവും ആഹ്ലാദവും നല്‍കുന്ന മറ്റു പലതും നമുക്ക് നല്‍കാനുണ്ട്. നമ്മോടൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍, നാം ചേര്‍ത്തുനിര്‍ത്തി നല്‍കുന്ന സ്നേഹം, നാം ഓര്‍ത്തു വച്ചു നല്‍കുന്ന അംഗീകാരം, ശ്രദ്ധയോടെ കരുതലോടെ നല്‍കുന്ന സുരക്ഷിതത്വം – ഇവയെല്ലാം കുഞ്ഞുമനസ്സില്‍ പരിണാമത്തിന് അത്യന്താപേക്ഷിതം തന്നെ.

എന്നാല്‍ തിരക്കിട്ട ജീവിതത്തില്‍ നാം അതിനു സമയം കണ്ടെത്തുന്നുണ്ടോ? ജോലിത്തിരക്കുകളുമായി നാം ഓടുന്നു, ശേഷം വീട്ടിലെത്തുമ്പോള്‍ വീട്ടിലെ തിരക്കുകളും, ജോലികളുമായി. അത് കഴിഞ്ഞ് മൊബൈലിലെ വിശേഷങ്ങളെല്ലാം നോക്കി, സോഷ്യല്‍ മീഡിയയിലെല്ലാം വിവരങ്ങള്‍ തിരക്കി കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ എത്തുമ്പോഴേക്ക് അവര്‍ ഉറങ്ങിയിട്ടുണ്ടാകും. അല്ലേ? എന്നാല്‍ ഈ ബഹുളത്തിനിടയിലും കുഞ്ഞുങ്ങള്‍ക്കായി വേറെ അജണ്ടയുമില്ലാതെ, അവരെ പഠപ്പിക്കാനോ, നേര്‍വഴിക്ക് നടത്താനോ നോക്കാതെ, അവരോടൊത്ത് സ്നേഹം പങ്കിടാന്‍ നാം എത്ര സമയം ചിലവിടാറുണ്ട്? ഒന്നിച്ച് സിനിമ കാണുന്നതും മാളില്‍ കറങ്ങുന്നതുമൊന്നും ഒന്നിച്ച് ചിലവിടല്‍ അല്ല. നാമും കുഞ്ഞും മാത്രമായ ലോകത്ത് രണ്ടു പേരുടെയും ശ്രദ്ധ പോസിറ്റീവായ രീതിയില്‍ പരസ്പരം മാത്രമാകുന്ന പോലെ സമയം ചിലവിടണം എന്നാണ് ഉദ്ദേശിച്ചത്. കഥ പറഞ്ഞു കൊടുത്തും, കളികള്‍ കളിച്ചും, വിശേഷങ്ങള്‍ പങ്ക് വച്ചും ഒക്കെ ഇത്തരത്തില്‍ ഒന്നിച്ചുളള സമയം കണ്ടെത്താം. ദിവസവും ഒരു അരമണിക്കൂറെങ്കിലും നമ്മുടെ മക്കള്‍ക്കായി ഇത്തരത്തില്‍ സമയം ചിലവിടാന്‍ നമുക്ക് സാധിക്കണം. അല്ല, എന്‍റെ ജോലിയും എന്‍റെ ആവശ്യങ്ങളും മാത്രമാണ് മുന്‍ഗണന അര്‍ഹിക്കുന്നത്. എന്നാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, നിങ്ങളുടെ മക്കളുടെ വിധി എന്നേ പറയാന്‍ സാധിക്കൂ.

എന്തെല്ലാമാണ് നമുക്കും കുഞ്ഞുങ്ങള്‍ക്കും ഇടയില്‍ പ്രതിബന്ധമായി നില്‍ക്കുന്നത്? ആദ്യത്തെ ഘടകം നമ്മുടെ പേരന്‍റിംഗ് മനോഭാവം തന്നെ. ഞാന്‍ പറയുന്നത് അനുസരിക്കാന്‍ മാത്രമുളളതാണ് കുഞ്ഞുങ്ങളെന്നും, അവരെ അധികം ഓമനിച്ചാല്‍ അവര്‍ തന്‍റെ തലയില്‍ കയറിയിരിക്കുമെന്നും കരുതുന്ന ചില അച്ഛനമ്മമാര്‍ ഉണ്ട്. അവര്‍ ഒരു പരിധിക്ക് അപ്പുറം കുഞ്ഞുങ്ങളുമായി അടുക്കാന്‍ ആഗ്രഹിക്കുന്നവരല്ല. കുഞ്ഞുങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് അക്കൂട്ടര്‍ക്ക് താല്‍പര്യം. അധികാരമനോഭാവമുളള അത്തരം മാതാപിതാക്കള്‍ തന്‍റെ മനസ്സ് തുറന്ന് കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ മടിക്കാറുണ്ട്. പക്ഷേ, അത്തരം സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ രൂപപ്പെടുന്ന ധാരണ എന്തെന്നാല്‍ അച്ഛനും അമ്മയും ഭയപ്പെട്ട് മാറി നില്‍ക്കാനുളളവരാണ്. എന്‍റെ ഒരു തോല്‍വി അവര്‍ അറിഞ്ഞാല്‍ എന്നെ അവര്‍ വിലകുറച്ചോ, മോശക്കാരനായോ കാണും, അതില്‍ തന്നെ എന്‍റെ കാര്യങ്ങള്‍ അവരെ അറിയിക്കാതെ മറച്ചു വയ്ക്കുന്നതാണ് നല്ലത് അതിനാല്‍ തന്നെ വളര്‍ന്നു വരുമ്പോള്‍ അവര്‍ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ദൂരെ മാറിപ്പോയി ജീവിക്കാന്‍ താല്‍പര്യപ്പെട്ടേക്കാം. അവരുടെ ജീവിതത്തിലെ പല കാര്യങ്ങളും വളരെ വൈകി മാത്രമായിരിക്കും നാം അറിയുന്നതും. ഇത്തരം അധികാരമനോഭാവം മാറ്റി വച്ച് കുഞ്ഞുങ്ങളുമൊത്ത് സമയം ചിലവിടാനും ഒന്നിച്ച് സ്നേഹം പങ്കിടാനും തല്‍ഫലമായി ഒരു സൗഹൃദം കുഞ്ഞുങ്ങളുമായി നിലനിര്‍ത്താനും അച്ഛനമ്മമാര്‍ ശ്രദ്ധ ചെലുത്തണം.

രണ്ടാമതായി കുഞ്ഞുങ്ങളില്‍ നിന്നും നമ്മെ അകറ്റുന്ന ഘടകം നമ്മുടെ ദേഷ്യവും നിര്‍ബന്ധബുദ്ധിയുമാണ്. നമുക്ക് ദേഷ്യപ്പെടാന്‍ പല കാരണങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അതെല്ലാം പുറത്തെടു ക്കേണ്ടതും തീര്‍ക്കേണ്ടതും കുഞ്ഞുങ്ങളുടെ തലയില്‍ അല്ല. നമ്മുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കേണ്ട ചുമതലയും ബാധ്യതയും നമുക്ക് മാത്രമാണ്. അത് കുഞ്ഞുങ്ങളുടെ കടമയല്ല. അതിനാല്‍ തന്നെ നിങ്ങളെ ദേഷ്യം പിടിപ്പിക്കാതെ നോക്കേണ്ടത് നിങ്ങളുടെ ബാധ്യതയുമല്ല. ദേഷ്യം മുഖമുദ്രയായി കൊണ്ടു നടക്കുന്ന അച്ഛനോടൊ അമ്മയോടോ കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും. എപ്പോള്‍ ബോംബു പൊട്ടും എന്ന് ഭയന്നായിരിക്കും കുട്ടികള്‍ അത്തരക്കാരോട് ഇടപെടുന്നത്. അതുകൊണ്ട് സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കുന്നത്, കുഞ്ഞുങ്ങളോട് അടുത്തിടപെടാന്‍ നമ്മെ സഹായിക്കും.

കുട്ടികള്‍ ഒരു കാര്യം തന്നെ തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. അവര്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ തേടാനും അറിയാനും ശ്രമിക്കും. അതിന് അവരെ സഹായിക്കുകയും അവരുടെ പര്യവേഷണങ്ങളില്‍ അവരുടെ കൂടെ നില്‍ക്കുകയും ചെയ്യുന്ന അച്ഛനമ്മമാരെയാണ് അവര്‍ക്ക് വേണ്ടത്. ശാസ്ത്രകൗതുകങ്ങളും പുതിയ ലോകവും അറിവും അവര്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരോട് ചേര്‍ന്ന് നില്‍ക്കാന്‍ നമ്മെ സഹായിക്കും. അതിനു പകരം ഏതു സമയവും പണം എന്നു മാത്രം നാമം ജപിക്കുന്ന മാതാപിതാക്കള്‍ കുട്ടികളെ ശ്വാസം മുട്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. സ്വന്തം നിര്‍ബന്ധബുദ്ധി വെടിഞ്ഞ് കുട്ടികളോട് അവരുടെ താല്‍പ്പര്യങ്ങള്‍ കൂടെ കണ്ടറിഞ്ഞും ചോദിച്ചറിഞ്ഞും കൂട്ടു കൂടി നോക്കൂ. അവര്‍ നമ്മുടെ കൂടെ നില്‍ക്കും, മാത്രമല്ല, പുറത്തുളള സന്തോഷങ്ങളിലേക്ക് അവര്‍ അധികം ആകര്‍ഷിക്കപ്പെടുകയുമില്ല.

ഇക്കാലത്ത് എല്ലാ കുട്ടികള്‍ക്കും മൊബൈല്‍ ഒരു അഡിക്ഷന്‍ തന്നെയാണ്. ഫോണ്‍ ഉപയോഗിക്കരുത് എന്ന് വാശി പിടിക്കുന്നതി നോടൊപ്പം അച്ഛനമ്മമാര്‍ പകരം കുട്ടികള്‍ എന്തു ചെയ്യും എന്നതിനും കൂടെ പരിഹാരം നല്‍കണം. അവരുടെ ചുറ്റുപാടുകളില്‍ നിന്നും അവര്‍ക്ക് ലഭിക്കാത്ത ഉണര്‍വ്വും ഉഷാറും ഫോണില്‍ നിന്നും അവര്‍ കണ്ടെത്തുന്നുണ്ടാകാം. അതിനാല്‍ ഫോണ്‍ മാറ്റി വയ്ക്കണം എന്നു പറയുന്നതിനൊപ്പം പകരം അവരുടെ കൂടെ കളിക്കാനോ സമയം ചിലവിടാനോ അച്ഛനമ്മമാര്‍ തയ്യാറാകണം.

കുഞ്ഞിനോട് എന്ത് സംസാരിക്കും എന്ന് ആശങ്കപ്പെടുന്നവരുണ്ട്. രസകരമായ അനുഭവങ്ങള്‍ മാത്രമല്ല നമ്മുടെ ലോകപരിചയവും അനുഭവങ്ങളും എല്ലാം പ്രായാനുസേൃണ കുഞ്ഞുങ്ങളുമായി പങ്ക് വയ്ക്കാം. ആശയങ്ങളും അനുഭവങ്ങളും കുഞ്ഞുങ്ങള്‍ക്ക് വഴികാട്ടിയാകുമെന്നതിനൊപ്പം അവരുടെ മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്താന്‍ അതുകൊണ്ട് സാധിക്കും. ജീവിതത്തില്‍ നമുക്കുണ്ടായ ദുരനുഭവങ്ങളും പങ്ക് വയക്കാം. മാനസികമായി തകര്‍ന്ന നിമിഷങ്ങളില്‍ നിന്നും നാം എങ്ങനെ പിടിച്ചു കയറി എന്ന അറിവ് കുഞ്ഞുങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. ഇനി അതു മാത്രമല്ല, നമുക്ക് സംഭവിച്ചിട്ടുളള തെറ്റുകുറ്റങ്ങളും അവരുമായി പങ്ക് വയ്ക്കാം. അച്ഛനുമമ്മയും എല്ലാം അറിയുന്ന പെര്‍ഫെക്റ്റ് ആളുകളാണ് എന്ന ധാരണ കുട്ടികള്‍ക്ക് നല്‍കാനാണ് നമ്മിലേറെ പേര്‍ക്കും ഇഷ്ടം. അതു മാറി നമുക്ക് കുറ്റങ്ങളും കുറവുകളും ഉണ്ട് എന്ന് മക്കളോട് തുറന്നു സമ്മതിക്കുന്നത് അവരെ പോലെത്തന്നെ നമുക്കും വികാരവിചാരങ്ങള്‍ ഉണ്ട് എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കും. അത് നമ്മെ അവരിലേക്ക് കൂടുതല്‍ അടുപ്പിക്കും. മാത്രമല്ല, സ്വന്തം കുറവുകള്‍ നാം അംഗീകരിക്കുന്നതും തുറന്നു സമ്മതിക്കുന്നതും കുട്ടികള്‍ക്ക് നല്ലൊരു മാതൃക കൂടിയാണ്. കാരണം, അവര്‍ക്ക് സ്വന്തം കുറ്റങ്ങളും കുറവുകളും അംഗീകരിക്കാനും തുറന്നു സമ്മതിക്കുവാനും നാം മാതൃകകളാവു കയാണല്ലോ.

കുഞ്ഞുങ്ങളെ നാം നമ്മുടെ മനസ്സോട് ചേര്‍ത്ത് നിര്‍ത്തണം. എന്നാല്‍ മാത്രമേ അവരുടെ ഏതു കാര്യത്തിനും നമുക്ക് അവരെ സഹായിക്കാന്‍ സാധിക്കൂ. ദൂരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ ഒരിക്കലും നമ്മെ ഒരു സഹായത്തിനോ, മാനസികമായ ആശ്വാസത്തിനോ സമീപിക്കുകയില്ല. നാം അവരുടെ കൂടെ ഉണ്ടായില്ലെങ്കില്‍ മറ്റാരാണ് ഉണ്ടാവുക.

**************