മാതാപിതാക്കളുടെ ദേഷ്യവും സങ്കടവും

മാതാപിതാക്കളുടെ ദേഷ്യവും സങ്കടവും

ഡോ: ചന്ദന ഡി. കറത്തുളളി

ദേഷ്യം, സങ്കടം, ഭയം എന്നീ നെഗറ്റീവ് വികാരങ്ങള്‍ നാം സര്‍വ്വസാധാരണയായി പ്രകടിപ്പിക്കുന്നവയാണ്. പോസിറ്റീവായ വികാരങ്ങളായ സന്തോഷം, ഉത്സാഹം, വാത്സല്യം എന്നിവയേക്കാള്‍ കരുത്തേറിയതും വിര്യമേറിയതുമാണ് നെഗറ്റീവ് ആയ വികാരങ്ങള്‍. അത്തരം വികാരങ്ങള്‍ പ്രകടിപ്കിക്കുമ്പോള്‍ കാഴ്ചക്കാരില്‍ അവ സൃഷ്ടിക്കുന്ന മനോവികാരങ്ങളും കരുത്തേറിയതായിരിക്കും. പ്രത്യേകിച്ചും കാഴ്ചക്കാര്‍ കുട്ടികളാവുമ്പോള്‍. പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പോലും അച്ഛനമ്മമാര്‍ അസ്വസ്ഥരാകുമ്പോള്‍ അത് തിരിച്ചറിയാനുളള കഴിവുണ്ട്. ഒന്നോ രണ്ടോ വയസ്സുളള കുഞ്ഞുങ്ങള്‍ക്ക് പോലും പുഞ്ചിരിയും കരച്ചിലും വ്യസനവും ദേഷ്യവുമെല്ലാം തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. അതിനാല്‍ തന്നെയാണ് അച്ഛനമ്മമാര്‍ പ്രകടിപ്പിക്കുന്ന നെഗറ്റീവ് വികാരങ്ങള്‍ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പറയുന്നത്. കുഞ്ഞുങ്ങളില്‍ അച്ഛനമ്മമാരുടെ ദേഷ്യവും സങ്കടവുമെല്ലാം വലിയ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ അവരുടെ വികാരങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ച് വയ്ക്കാനും അവരോട് കളളം പറയാനും തുടങ്ങുന്നു.

പൊതുവെ അച്ഛനമ്മമാര്‍ ഇത്രയൊന്നും ചിന്തിക്കാതെയാണ് കുഞ്ഞുങ്ങളോട് പെരുമാറുന്നത്. നാം സന്തോഷവാډാരും സമാധാനമുളളവരും ആയിരിക്കുന്ന അവസരങ്ങളില്‍ കുഞ്ഞുങ്ങളോടും നാമങ്ങനെ തന്നെ പ്രതികരിക്കുന്നു. അവരുടെ തെറ്റുകളോട് നാം ക്ഷമയോടെയും അനുഭാവപൂര്‍വ്വവും പ്രതികരിക്കുന്ന നമ്മള്‍, എന്നാല്‍ എല്ലാ സമയവും ക്ഷമയും സഹനശീലവും ഉളളവരാണോ? ജോലിത്തിരക്കുകളില്‍പ്പെടുമ്പോള്‍, മറ്റു പ്രശ്നങ്ങളില്‍പെട്ട് അസ്വസ്ഥരാ യിരിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങള്‍ കുറുമ്പ് കാട്ടുമ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്? നേരത്തെ സൂചിപ്പിച്ചതുപോലെ കുഞ്ഞുങ്ങളോട് ക്ഷമയോടെയും സഹനശക്തിയോടെയും സമാധാനപൂര്‍വ്വവുമാണോ നാം പ്രതികരിക്കുന്നത്? അങ്ങനെ പ്രതികരിക്കുന്നുവെങ്കില്‍ നല്ലതു തന്നെ, എന്നാല്‍ നമ്മില്‍ ഭൂരിഭാഗം പേരും മനസ്സിലുളള അതേ ദേഷ്യത്തോടെയും അസ്വസ്ഥതയോടെയുമായിരിക്കും ആ സമയങ്ങളില്‍ പ്രതികരിക്കുക. എന്നാല്‍ കുട്ടികള്‍ക്ക് നാം എന്തുകൊണ്ട് അസ്വസ്ഥരാണ് എന്നത് അറിയില്ല. അവര്‍ കരുതുക അവരോടുളള ദേഷ്യമോ സങ്കടമോ കാരണമാണ് നാം അങ്ങനെ പറയുന്നത് എന്നാണ്. അമിതമായ ശിക്ഷാനടപടികളും ഇവിടെ ബാധകം തന്നെ. ചെയ്ത തെറ്റിനേക്കാള്‍ അവരെ ശാസിക്കാനും ശിക്ഷിക്കാനുമുളള സാധ്യത നാം അസ്വസ്ഥരായിരിക്കുമ്പോള്‍ കൂടുതലാണ്.

കുഞ്ഞുങ്ങളെ വൈകാരികപക്വത പഠിപ്പിക്കുന്നതിന് മുമ്പ് നാം സ്വയം വൈകാരികമായി പക്വതയുളളവരായിരിക്കണം. നമ്മുടെ സ്വന്തം വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ അറിഞ്ഞെങ്കില്‍ മാത്രമേ കുഞ്ഞുങ്ങളെ അവരുടെ വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ നമുക്ക് പരിശീലിപ്പിക്കാന്‍ സാധിക്കൂ. നമ്മുടെ സ്വന്തം മാനസികസംഘര്‍ഷം പരിഹരിച്ചെങ്കില്‍ മാത്രമേ നമുക്ക് സമചിത്തതയാടെ കുഞ്ഞുങ്ങളെ തിരുത്താനും ശാസിക്കാനുമൊക്കെ സാധിക്കൂ. അല്ലാതെ നമ്മുടെ മനസ്സിന്‍റെ അസ്വസ്ഥതകള്‍ കുട്ടികളുടെ തലയില്‍ വച്ച് പ്രയോഗിക്കുന്നത് ഒട്ടും നല്ലതിനല്ല. അത് കുട്ടികളില്‍ വൈകാരികമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. അവര്‍ക്ക് ഒരു പ്രശ്നമുണ്ടായാല്‍ അതിനു പരിഹാരം കണ്ടെത്തുന്നതിനായി അവര്‍ ഒരിക്കലും അച്ഛനമ്മമാരുടെ അടുത്തേക്ക് തിരിയാത്ത രീതിയില്‍ കുഞ്ഞുങ്ങള്‍ സ്വന്തം വികാരങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇടയാകുകയും ചെയ്യുന്നു.

പല മാതാപിതാക്കളും തങ്ങളുടെ ദേഷ്യവും സങ്കടവും പ്രകടിപ്പിച്ചാണ് കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. അടിച്ചും ബഹളം വച്ചും കരഞ്ഞും വിഷമം പറഞ്ഞുമൊന്നും കുഞ്ഞുങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കില്ല. താല്‍ക്കാലികമായി അവ ഫലം ചെയ്തേക്കാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവ വിപരീതഫലം മാത്രമേ ചെയ്യൂ. ആത്യന്തികമായി ഭയം മൂലം മാത്രമാകരുതല്ലോ ഒരു കുഞ്ഞ് നമ്മെ അനുസരിക്കുന്നത്, ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുളള ധാര്‍മ്മികബോധം കുഞ്ഞില്‍ ഉളളതു കൊണ്ടാവണം. ഭയം മൂലം മാത്രം കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നാമറിയാതെ തെറ്റുകള്‍ ചെയ്യും, നമ്മില്‍ നിന്നും സത്യം മറച്ചു വയ്ക്കുകയും, കളളം പറയുകയും ചെയ്യും. അതവരെ കൂടുതല്‍ ആപത്തുകളിലേക്ക് തളളി വിടുകയും ചെയ്യും. ചില കുട്ടികളാവട്ടെ, സ്വന്തം വികാരങ്ങള്‍ ഉളളിലൊതുക്കുകയും അച്ഛനമ്മമാരുടെ ഇഷ്ടത്തിനു മാത്രം പ്രവര്‍ത്തിക്കുന്ന ചിന്താശേഷിയില്ലാത്ത പാവകളായി മാറുകയും ചെയ്യും. എന്തിനും ഏതിനും അച്ഛനമ്മമാരുടെ അഭിപ്രായം ചോദിക്കുകയും അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന പ്രവണത കുട്ടിക്കാലത്തെല്ലാം ശോഭനമാണെങ്കിലും, വളര്‍ന്നു വന്ന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കേണ്ട അവസരങ്ങളില്‍ അതിന് സാധിക്കാത്ത തരത്തില്‍ കുട്ടികള്‍ വിധേയത്വമുളളവരായും ആജ്ഞാനുവര്‍ത്തികളായും വളരുന്നത് അവരുടെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ചില അമ്മമാര്‍ കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ എപ്പോഴും തന്‍റെ സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞും കരഞ്ഞും വിലപിച്ചും പെരുമാറാറുണ്ട്. തന്‍റെ മാനസികസംഘര്‍ഷം കുറയ്ക്കേണ്ടത് കുട്ടിയുടെ കടമയാണ് എന്ന മട്ടിലാണ് ഇവരുടെ പെരുമാറ്റം. څനീ ഇങ്ങനെ ചെയ്താല്‍ അമ്മ വിഷമിക്കില്ലേ? എന്ന രീതിയില്‍ കുട്ടിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇത്തരത്തില്‍ ഇടപെടുന്നത് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് ആണ്‍കുട്ടികളെയായിരിക്കും. അവര്‍ അമ്മമാരില്‍ നിന്നും കൂടുതല്‍ അകന്നു പോവുകയും, തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാത്തവരായി മാറുകയും ചെയ്തേക്കാം. അതിനാല്‍ തന്നെയാണ് അമ്മമാരോട് തങ്ങളുടെ വികാരങ്ങള്‍ ഉപയോഗിച്ച് മക്കളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത് എന്നു പറയുന്നത്. ഇതുപോലെ തന്നെ അച്ഛډാര്‍ അമിതമായി ഭയപ്പെടുത്തുന്നതും ഗുണത്തെക്കാളേറെ ദേഷം ചെയ്തേക്കാം. കുഞ്ഞുങ്ങളോട് അമിതമായി ദേഷ്യപ്പെടുന്നതും അവരെ അമിതമായി ശിക്ഷിക്കുന്നതും അവരെ വികാരങ്ങളെ തെറ്റായ രീതിയില്‍ പ്രകടിപ്പിക്കാനാണ് പഠിപ്പിക്കുന്നത്. മനസ്സിന് അസ്വസ്ഥത തോന്നിയാല്‍ കൂടെയുളളവരോട് ദേഷ്യപ്പെട്ടും ബഹളം വച്ചുമാണ് അത് പ്രകടിപ്പിക്കേണ്ടത് എന്ന തെറ്റായ സന്ദേശമാണ് അത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. അങ്ങനെയുളള കുഞ്ഞുങ്ങള്‍ക്ക് വീട്ടിലും സ്കൂളിലും കളിസ്ഥലത്തുമെല്ലാം മറ്റുളളവരോട് ഇതുപോലെ ദേഷ്യം പ്രകടിപ്പിച്ചേക്കാം. ദേഷ്യം വന്നാല്‍ മക്കളെ തല്ലി ആ ദേഷ്യം തീര്‍ക്കുന്ന മാതാപിതാക്കള്‍ ആ കുഞ്ഞിനെയും അതു തന്നെയാണ് ചെയ്യാന്‍ ശീലിപ്പിക്കുന്നത്. അവര്‍ തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെയും സഹോദരങ്ങളെയും നിയന്ത്രിക്കാന്‍ ആ രീതി തന്നെ പിന്തുടര്‍ന്നേക്കാം.

വികാരങ്ങളെ പക്വതയോടെ കൈകാര്യം ചെയ്തു കാണിച്ചു കൊടുത്ത് അത് ശീലിപ്പിക്കുക എന്നതാണ് അച്ഛനമ്മമാര്‍ ചെയ്യേണ്ടത്. ദേഷ്യം വരുമ്പോള്‍ പരുഷമായി സംസാരിക്കാതെ, മാറി നിന്ന് ദേഷ്യം നിയന്ത്രണവിധേയമായതിനു ശേഷം ഫലപ്രദമായി സൗമ്യമായ വാക്കുകളിലൂടെ ആശയവിനിമയം ചെയ്ത് കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് മാതൃകകളാവാം. സങ്കടം വരുമ്പോള്‍ അമിതമായി അലമുറയിട്ടും ബഹളം വച്ചും തീര്‍ക്കാതെ, അല്‍പ്പനേരം ശാന്തമായിരുന്ന് അതിനെ നിയന്ത്രണവിധേയമാക്കി കൊണ്ട് കാര്യം പറഞ്ഞ് തീര്‍ക്കാം. എന്തിനാണ് കരയുന്നത് എന്ന് കുഞ്ഞ് ചോദിച്ചാല്‍ ڇഈ കാര്യം കൊണ്ട് സങ്കടം വന്നിട്ടാണ് കരയുന്നത്, സാരമില്ല, കുറച്ച് കഴിയുമ്പോള്‍ സങ്കടം മാറുമെന്ന് പറഞ്ഞ് കുഞ്ഞിനെ സമാശ്വസിപ്പിക്കാം. അല്ലാതെ ജീവിതത്തിലെ കഷ്ടതകളെ കുറിച്ച് പരിവേദനം പറഞ്ഞ് കുഞ്ഞിനെ വിഷമിപ്പിക്കരുത്. എന്നാല്‍ കുഞ്ഞിനെ വളര്‍ത്തനായി അച്ഛനമ്മമാര്‍ എന്തെല്ലാം കഷ്ടതകള്‍ നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും വേണം. അച്ഛനമ്മമാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി അതനുസരിച്ച് പെരുമാറാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. എന്നാല്‍ അതൊരിക്കലും അവരെ വൈകാരികമായി തളര്‍ത്തിയിട്ടാവരുത് എന്നു മാത്രം.

കുഞ്ഞുങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ സമചിത്തതയോടെ നേരിടണം. തെറ്റുകള്‍ വരുത്തുന്നത് സ്വാഭാവികമാണ് എന്നും, അത് തിരുത്തുന്നതിലാണ് നډയെന്നും പറഞ്ഞു കൊടുക്കണം. അച്ഛനമ്മമാര്‍ക്കും തെറ്റുകള്‍ സംഭവിക്കാമെന്നും, തെറ്റുകള്‍ തിരുത്തുകയാണ് ആരായാലും ചെയ്യേണ്ടത് എന്നും അവര്‍ക്ക് മനസ്സിലാവണം. അതിന് ഈഗോ മാറ്റി വച്ച് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ അച്ഛനമ്മമാര്‍ തയ്യാറാവണം. തന്‍റെ തെറ്റുകള്‍ ഏറ്റു പറയാന്‍ കുട്ടികളെ ചെറുപ്പം തൊട്ടേ ശീലിപ്പിക്കണം. അതിന് സുരക്ഷിതമായ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. എന്‍റെ ഏതു പ്രശ്നത്തിലും എന്‍റെ കൂടെ എന്‍റെ മാതാപിതാക്കള്‍ ഉണ്ട് എന്ന ബോധ്യം കുഞ്ഞുങ്ങളില്‍ വളര്‍ത്തണം, അതിന് അനാവശ്യഭയവും മറ്റും കുഞ്ഞുങ്ങളില്‍ സൃഷ്ടിക്കുകയല്ല വേണ്ടത്, മറിച്ച് ഞങ്ങള്‍ കൂടെയുണ്ട് എന്ന സുരക്ഷിതത്വബോധമാണ് സൃഷ്ടിക്കേണ്ടത്. അപ്പോള്‍ തെറ്റുകള്‍ മറച്ചു വയ്ക്കാതെ അതിന് പരിഹാരം ചെയ്യാന്‍ കുട്ടികള്‍ തയ്യാറാവും.