പുതുയുഗത്തിലെ പേരന്‍റിംഗ് ശൈലികള്‍

പുതുയുഗത്തിലെ പേരന്‍റിംഗ് ശൈലികള്‍

ഡോ: ചന്ദന ഡി. കറത്തുളളി

ആയൂര്‍വേദ ഫിസിഷ്യന്‍ & കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റ്.

കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ ജീവിതനിലവാരത്തിലും സംസ്കാരത്തിലും വന്ന മാറ്റങ്ങള്‍ ചെറുതല്ല. ജീവിതത്തിന്‍റെ എല്ലാ മേഖലകളേയും ഈ മാറ്റങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വിനോദോപാധികള്‍ മുതല്‍ സാമൂഹിക സമ്പര്‍ക്കരീതികള്‍ വരെ മാറിക്കഴിഞ്ഞിരിക്കുന്നു. മാറിയ ഈ കാലഘട്ടത്തില്‍ വളരുന്ന കുഞ്ഞുങ്ങളും വ്യത്യസ്ഥര്‍ തന്നെ. അവര്‍ വളരുന്ന മാറിയ ചുറ്റുപാടുകള്‍ അവരുടെ വ്യക്തിത്വവികസനത്തേയും സ്വഭാവരൂപീകരണത്തേയും വളരെയേറെ സ്വധീനിക്കുന്നു. ഇന്നത്തെ കുഞ്ഞുങ്ങള്‍ കൂടുതല്‍ സ്വതന്ത്രരും മികച്ച ചിന്താശേഷിയുളളവരും വളരെ വലിയ ലോകത്ത് ജീവിക്കുന്നവരുമാണ്. അതിനാല്‍ തന്നെ അവരുടെ വൈകാരികവും ബുദ്ധിപരവുമായ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. മാത്രമല്ല, പുതുയുഗത്തിലെ അച്ഛനമ്മമാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷവും വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ജോലിത്തിരക്കും കുടുംബത്തിലെ മറ്റ് ഉത്തരവാദിത്വങ്ങളും മൂലം നെട്ടോട്ടമോടുന്ന അച്ഛനമ്മമാര്‍ നിരവധിയാണ്. അതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും ഇന്ന് സര്‍വ്വസാധാരണമാണ്.

കാലം മാറിയതിനനുസരിച്ച് നാമെല്ലാം പുതിയ ടെക്നോളജി ഉപയോഗിക്കാന്‍ ശീലിച്ചവരാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനും, വീഡിയോ കോളിംഗ് ചെയ്യാനും, പുത്തന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുമെല്ലാം നാം ശീലിച്ചു കഴിഞ്ഞു. എന്നാല്‍ ഈ മാറിയ കാലഘട്ടത്തിലും കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതികളില്‍ മാത്രം നമ്മുടെ അറിവ് അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്തിലെ ഏത് ജോലിക്കും കൃത്യമായ ട്രെയിനിംഗ് ആവശ്യമാണെന്നിരിക്കെ, ഏറ്റവും പ്രധാനപ്പെട്ട ഫുള്‍ടൈം ജോലിയായ പേരന്‍റിംഗന് മാത്രം ആര്‍ക്കും ട്രെയിനിംഗ് ലഭിക്കുന്നില്ല. നാം ഏത് തരം ഉപകരണം പുതുതായി ഉപയോഗിക്കുമ്പോഴും നമ്മെ സഹായിക്കാന്‍ അതോടൊപ്പം തന്നെ ആ ഉപകരണത്തിന്‍റെ പ്രവര്‍ത്തനങ്ങളും മറ്റും വിശദീകരിക്കുന്ന څയൂസര്‍ മാനുവല്‍چ നമുക്ക് ലഭിക്കുന്നു. എന്നാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ ശരിയും തെറ്റും നമ്മെ അറിയിക്കാനും, ട്രബിള്‍ ഷൂട്ടിംഗ് രീതികളില്‍ നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തരാനും, കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തില്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും മറ്റും വിശദമാക്കാനും ഒന്നും ഒരു യൂസര്‍ മാനുവലും കുഞ്ഞുങ്ങളോടൊപ്പം നമുക്ക് ലഭിക്കുന്നില്ല. അങ്ങനെ യാതൊരു ട്രെയിനിംഗും കൂടാതെ, ഒരു മാനുവലിന്‍റെയും സഹായമില്ലാതെയാണ് നാം ഏറ്റവും പ്രധാനപ്പെട്ട പേരന്‍റിംഗ് ജോലി ഏറ്റെടുക്കുന്നത്.

എന്ത് കൊണ്ടാണ് പേരന്‍റിംഗ് എന്നതിന് പ്രസക്തിയേറുന്നത്? ജീവിത വിജയത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഇന്ന് നടക്കുന്നതും നടന്നിട്ടുളളതുമായ എല്ലാ പഠനങ്ങളും വിരല്‍ ചൂണ്ടുന്നത് മികച്ച അക്കാദമിക് പരിജ്ഞാനം മാത്രമല്ല അതിന് നിര്‍ണ്ണായകമായ ഘടകമെന്നതാണ്. നമ്മുടെ പ്രശ്നപരിഹാര രീതികള്‍, ആത്മവിശ്വാസം, വൈകാരികപക്വത, മാനസികാരോഗ്യം, സ്വയം മതിപ്പ്, ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍, മനോഭാവംക്ക ഇത്തരം വ്യക്തിത്വ ഘടകങ്ങളാവട്ടെ ഒരു കുഞ്ഞ് ജനിക്കുന്ന അന്നു മുതല്‍ പതിയെ പതിയെ അതിന്‍റെ ചുറ്റുപാടുകളുമായുളള സമ്പര്‍ക്കം വഴി ആര്‍ജ്ജിച്ചെടുക്കുന്നതാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വമെന്നത് നാല്‍പ്പതു ശതമാനം മാത്രമാണ് ജനിതകമായി ആര്‍ജ്ജിക്കുന്നത് എന്നും ബാക്കി അറുപതു ശതമാനവും അയാളുടെ ചുറ്റുപാടുകളാല്‍ രൂപീകൃതമാവുന്നതാണ് എന്നും ഗവേഷകര്‍ ചൂണ്ടി കാട്ടുന്നു. ഒരു കുഞ്ഞിന്‍റെ ചുറ്റുപാട് എന്നത് പ്രധാനമായും മാതാപിതാക്കളുമായുളള സമ്പര്‍ക്കവും, അല്ലെങ്കില്‍ കുടുംബത്തിലെ മറ്റംഗങ്ങളുമായുളള സമ്പര്‍ക്കവുമാണെന്നിരിക്കെ തന്നെയാണ് ശരിയായ പേരന്‍റിംഗ് ശൈലികള്‍ക്ക് ഇത്രമേല്‍ പ്രാധാന്യമേറുന്നത്.

ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ തന്നെ അമ്മയുടെ ശീലങ്ങളും ആഹാരരീതികളും മാനസികവ്യാപാരങ്ങളുമെല്ലാം കുഞ്ഞിനെ സ്വാധീനിക്കുമെന്നത് നമുക്കെല്ലാം അറിവുളള കാര്യം തന്നെയാണ്. ജനിച്ചു കഴിഞ്ഞാലും, അതിവേഗം വളരുന്ന കുഞ്ഞിന്‍റെ തലച്ചോര്‍ ഒരു സ്പോഞ്ച് പോലെ ചുറ്റുപാടുകളില്‍ നിന്നുളള വിവരങ്ങള്‍ സ്വാംശീകരിച്ചെടുക്കുന്നുവത്രേ. ആ വിവരങ്ങളനുസരിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളിലും ന്യൂറോ കണക്ഷനുകളിലും മാറ്റം വരുന്നു. ഉദാഹരണത്തിന്, നവജാതശിശുവിനോട് കൊഞ്ചിച്ചു കൊണ്ട് നാം സംസാരിക്കുന്നതും ആ കുഞ്ഞ് വളര്‍ന്ന് വരുമ്പോഴുണ്ടായേക്കാവുന്ന ചിന്താശക്തിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

എല്ലാ കുഞ്ഞുങ്ങളും ഒരുപോലെയല്ല. ജനിതകമായി കുഞ്ഞിന് ഒരു പ്രത്യേകതരം പെരുമാറ്റശൈലിയുണ്ടായിരിക്കും. ആ പെരുമാറ്റ ശൈലിക്ക് അനുസൃതമായിരിക്കണം കുഞ്ഞുങ്ങളുമായുളള സമ്പര്‍ക്കശൈലിയും കുഞ്ഞിനെ വളര്‍ത്തുന്ന രീതിയും. അതായത് ഒരു അമ്മയ്ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടെന്നിരിക്കട്ടെ, അവര്‍ രണ്ട് സ്വഭാവക്കാരായിരിക്കുകയും, അവരെ വളര്‍ത്തേണ്ട രീതിയും രണ്ടായിരിക്കുമെന്നുമാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന്, ചില കുഞ്ഞുങ്ങള്‍ പെട്ടെന്ന് കൂട്ടുകൂടുവരും, അത്രവേഗം അസ്വസ്ഥരാകാത്ത വരുമായിരിക്കും. അത്തരം കുഞ്ഞുങ്ങളുമായി ഇടപെടാനും അവരെ വളര്‍ത്താനും താരതമ്യേന എളുപ്പവുമായിരിക്കും. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ പെട്ടെന്ന് സങ്കടം വരുന്നവരുമാണെന്നിരിക്കട്ടെ, അവരെ നിയന്ത്രിക്കാന്‍ എളുപ്പമാകണമെന്നില്ല. കൂടെ ജോലി തിരക്കുളള അമ്മയും കൂടെയാണെങ്കില്‍, കുഞ്ഞ് അമ്മയുടെ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ആവശ്യപ്പെട്ടേക്കാം. അതിന് സാധിക്കാതെ വരുമ്പോള്‍ കുഞ്ഞ് കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും, ഒപ്പം തന്നെ അമ്മയും മറ്റ് കുടുംബാംഗങ്ങളും അസ്വസ്ഥരാകുകയും ചെയ്തേക്കാം. കുഞ്ഞുമായുളള സമ്പര്‍ക്കം കൂടുതല്‍ നെഗറ്റീവാകുന്നതിന് അനുസൃതമായി കുഞ്ഞിന്‍റെ സ്വഭാവവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതായി മാറാനിടയുണ്ട്. വളര്‍ന്നു വരുമ്പോള്‍ ആ സ്വഭാവം അതിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകം കുഞ്ഞിന് ചുറ്റിലുമുളളവരുമായുളള, പ്രധാനമായും അച്ഛനും അമ്മയുമായുളള വൈകാരികബന്ധമാണ്. അതാകട്ടെ ജനിക്കുമ്പോള്‍ മുതല്‍ വളര്‍ന്നു വരുകയും ചെയ്യുന്നു. കുഞ്ഞ് കരയുമ്പോഴും അസ്വസ്ഥനാകുമ്പോഴുമെല്ലാം കുഞ്ഞിനെ സമാശ്വസിപ്പിക്കുകയും കൊഞ്ചിക്കലും കളിയും ചിരിയുമെല്ലാമായി പോസിറ്റീവ് ആയ ഒരു അന്തരീക്ഷം കുഞ്ഞിനു ചുറ്റും ഉണ്ടാകുന്നുവെന്നിരിക്കട്ടെ, കുഞ്ഞ് സ്വന്തം വികാരങ്ങളെ പോസിറ്റീവായി നേരിടാനും ചുറ്റിലുമുളളവരോട് വൈകാരിക അടുപ്പം സൂക്ഷിക്കാനും പഠിക്കുന്നു. അതല്ലത്തപക്ഷം, കുഞ്ഞ് വാശിക്കാരാവുകയും ചുറ്റിലുമുളളവരുടെ കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ നിരന്തരം കരയുകയും ചെയ്തേക്കാം. മാത്രമല്ല, അത്തരം കുഞ്ഞുങ്ങള്‍ താഴെ കുട്ടികളുണ്ടാവുമ്പോള്‍ കൂടുതല്‍ വാശിക്കാരാവാനുളള സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ അമ്മയുമായി വൈകാരിക അടുപ്പം ഉണ്ടാകേണ്ടത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതം തന്നെ. കുഞ്ഞിന്‍റെ മുഖത്ത് നോക്കി കൂടുതല്‍ വര്‍ത്തമാനം പറയുക, കുഞ്ഞിനെ ചേര്‍ത്തു പിടിക്കുക, മുലയൂട്ടുമ്പോള്‍ കുഞ്ഞിനോട് സംസാരിക്കുകയും തലോടുകയും ചെയ്യുക, കുഞ്ഞില്‍ നിന്നും അകന്നു നില്‍ക്കാതിരിക്കുക എന്നിവയെല്ലാം അതിന് ഉപകരിക്കും. മാത്രമല്ല, അമ്മയുമായുളള വൈകാരിക അടുപ്പത്തില്‍ നിന്നാണത്രേ കുഞ്ഞിന്‍റെ മറ്റു വ്യക്തിബന്ധങ്ങളുടെ ശൈലി സംജാതമാകുന്നത്. അതായത്, ഒരു വ്യക്തിയുടെ ആരോഗ്യകരമായ വ്യക്തിബന്ധങ്ങളുടെ ഉറവിടം അമ്മയുമായുളള വൈകാരികബന്ധമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

അടുത്ത ഒരു പ്രധാനഘടകമാണ് ഒരു വ്യക്തിയുടെ ശീലങ്ങള്‍ എന്നത്. ഒരു മനുഷ്യന്‍ എന്നത് അയാളുടെ ശീലങ്ങളുടെ ആകെത്തുകയാണ് എന്നു പറയപ്പെടുന്നു. പലതരം ശീലങ്ങളുടെ സങ്കലനമാണ് ഒരാളുടെ വ്യക്തിത്വം. സ്വഭാവം മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറയുന്നത് ഇതാണ്. അയാളുടെ സഹകരണമില്ലാതെ എങ്ങനെ ഒരാളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ സാധിക്കും? അതിനു പകരം നമുക്ക് ചെയ്യാവുന്നത്, കുഞ്ഞിലെ മികച്ച ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. അനുവര്‍ത്തനം മൂലം യാന്ത്രികമാകുന്ന ശീലങ്ങള്‍ കുഞ്ഞുനാളിലെ പഠിപ്പിക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അത് എങ്ങനെ ശീലിപ്പിക്കുന്നു എന്നതും പ്രധാനമാണ്. തല്ലിയും ബഹളം വച്ചുമല്ല കുഞ്ഞുങ്ങളെ അതിന് പര്യാപ്തരാക്കേണ്ടത്. നാം നിരന്തരം ചെയ്തു കാണിച്ചു കൊടുത്തും സ്നേഹപൂര്‍വ്വം തിരുത്തിയും മറ്റുമാണ്. അല്ലാതെ നിരന്തരമായുളള വിമര്‍ശനം കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. അത് വളര്‍ന്ന് വരുമ്പോള്‍ അവരെ ദോഷകരമായി ബാധിക്കുന്നു. ഉദാഹരണത്തിന്, ചിലര്‍ സദാ ഉള്‍വലിഞ്ഞവരും, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയോടെ ജീവിക്കുന്നവരും ചെറുപ്പത്തിലെ എന്തിനും ഏതിനും വിമര്‍ശനങ്ങള്‍ മാത്രം കേട്ടു വളര്‍ന്നവരായിരിക്കും. അങ്ങനെയുളളവര്‍ക്ക് മറ്റുളളവരെ വിമര്‍ശിക്കാനുളള പ്രവണതയും കൂടുതലായിരിക്കും. ഒരിക്കലും കുഞ്ഞുങ്ങളുടെ നല്ല വശങ്ങളെ അഭിനന്ദിക്കാതെ അവന്‍റെ കുറവുകള്‍ ചൂണ്ടിക്കാട്ടരുത് എന്നതാണ് ഇതിനുളള പരിഹാരം. മൂന്നു തവണയെങ്കിലും ഒരു കുഞ്ഞിനെ അഭിനന്ദിക്കാതെ അവനെ ഒരു വട്ടം വിമര്‍ശിക്കരുത് എന്നാണ് പറയപ്പെടുന്നത്. അതായത് ഒരു കുഞ്ഞുന്‍റെ ഒരു തെറ്റ് ചൂണ്ടി കാട്ടണമെങ്കില്‍ പലപ്പോഴായി അവന്‍റെ മൂന്നു നډകള്‍ക്ക് അഭിനന്ദനം നല്‍കിയിരിക്കണമത്രേ. അതല്ലാതെ വരുമ്പോള്‍, നമ്മുടെ വിമര്‍ശനം കൊണ്ട് പോസിറ്റീവ് ആയ ഒരു മാറ്റത്തിന് പകരം കുഞ്ഞിന്‍റെ ആത്മവിശ്വാസം തകര്‍ക്കപ്പെടുകയാണ് ഉണ്ടാവുക. എന്നാല്‍ നമ്മില്‍ പലരും നമ്മുടെ കുഞ്ഞുങ്ങളുടെ കുറ്റം പറയാന്‍ മിടുക്കരും എന്നാല്‍ നډ ചൂണ്ടികാണിക്കാന്‍ വിമുഖരുമാണ്. മറ്റൊരുപക്ഷം, കുഞ്ഞുങ്ങളുടെ തെറ്റുകള്‍ തിരുത്താതെ പോവുകയുമരുത് എന്നതാണ്. നډകള്‍ മാത്രം പൊക്കി പറയുകയും, കുറവുകള്‍ തിരുത്താതെ പോവുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ സ്വാര്‍ത്ഥമതികളും സ്വന്തം തെറ്റുകള്‍ തിരുത്താതെ മറ്റുളളവരെ പഴിചാരുന്നവരുമായി തീരുന്നു. അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ വിമര്‍ശനമായാലും പുകഴ്ത്തലുകളായാലും ഔചിത്യപൂര്‍വ്വം നടപ്പിലാക്കണമെന്നു സാരം.

പണ്ട് കാലത്ത് കുട്ടികളുടെ മാനസികവ്യാപാരങ്ങള്‍ തിരിച്ചറിയാനും അവരെ കൈപിടിച്ച് നടത്താനും മറ്റും കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്ക് കഴിക്കാനും സന്തോഷവും സങ്കടങ്ങളും പങ്ക് വയ്ക്കാനും മറ്റു സഹോദരങ്ങളും ഉണ്ടായിരുന്നു. കളികളുടെയും പൊട്ടിച്ചിരികളുടേയും കഥകളുടെയും പങ്ക് വയ്ക്കലിന്‍റെയും ഒരു കൊച്ചുലോകം അവര്‍ക്ക് ചുറ്റുമുണ്ടായിരുന്നു. ഇന്ന് സഹോദരങ്ങള്‍ ഇല്ലാത്ത ഒറ്റപ്പെട്ട തുരുത്തുകളില്‍ ഒന്നോ രണ്ടോ മൂന്നോ കുടുംബാംഗങ്ങളുമൊത്ത് മാത്രം വളരുന്ന കുഞ്ഞുങ്ങള്‍ സ്വാര്‍ത്ഥമതികളും പങ്ക് വയ്ക്കാന്‍ ശീലമില്ലാത്തവരുമായി മാറി. ടി.വി. യും മൊബൈലും ടാബും മാത്രം സുഹൃത്തുക്കളായ ഇന്നത്തെ കുട്ടികള്‍ക്ക് സാമൂഹിക ഇടപെടലുകള്‍ കുറവാണ്. അാത്രമല്ല, പോസിറ്റീവ് ആശയവിനിമയവും ഭാവനയും എല്ലാം കുട്ടികള്‍ക്ക് അന്യം നിന്നു പോയിരിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കപ്പുറം എഴുത്തും വായനയും ഇല്ലാത്ത കുട്ടികള്‍ക്ക് കഥാപുസ്തകങ്ങളിലെ കവിതകളും കഥകളും ധാര്‍മികചിന്തകളുമെല്ലാം അപരിചിതമാണ്. ശ്രദ്ധക്കുറവ്, പിരുപിരുപ്പ്, അടങ്ങിയിരിക്കാന്‍ സാധിക്കാതെ വരിക, പഠനപ്രശ്നങ്ങള്‍ സ്വഭാവപ്രശ്നങ്ങള്‍ എന്നിവ സര്‍വ്വസാധാരണമാണ്. ഇവ എങ്ങനെ പരിഹരിക്കണമെന്ന് അച്ഛനമ്മമാര്‍ക്ക് അറിവില്ല എന്നു മാത്രമല്ല നേരത്തെ തിരിച്ചറിയാതെ പോകുന്നതും, പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു.

ഒന്നുകില്‍ അമിതമായ ശിക്ഷണരീതി അല്ലെങ്കില്‍ അമിതമായ ലാളനയും തെറ്റുകള്‍ തിരുത്താത്തതുമായ രീതി – ഇവ രണ്ടും ദോഷകരമായ പേരന്‍റിംഗ് ശൈലികളാണ്. അമിതമായ ശിക്ഷകളും വിമര്‍ശനങ്ങളും കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം കെടുത്തി കളയുന്നതു പോലെ തന്നെ, തെറ്റുകള്‍ തിരുത്താതെ അവരെ അമിതമായി ലാളിക്കുന്നതും ചോദിക്കുന്നതെന്തും വാങ്ങി നല്‍കി അവരെ വഷളാക്കുന്നതും കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തെ മോശമായി ബാധിക്കും. കുഞ്ഞുങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടതും അവരില്‍ ശരിയായ ശീലങ്ങളും വ്യക്തിത്വഘടകങ്ങളും ഉണ്ടാക്കിയെടുക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്. അതെങ്ങനെ എന്നതിന് കാലാനുസൃതമായി പുതുക്കിയ ഒരു പേരന്‍റിംഗ് സമീപനമെന്ന ഉത്തരമാണ് ഉളളത്. കുഞ്ഞുങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ നാം സ്വയം മാറാനും ശീലിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, നമ്മള്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നാലല്ലേ കുഞ്ഞുങ്ങളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാനാവൂ. നമ്മുടെ വികാരങ്ങളെ ഫലപ്രദമായി നിയന്ത്രിച്ചാലല്ലേ കുഞ്ഞുങ്ങളെ വൈകാരികപക്വത പഠിപ്പിക്കാന്‍ സാധിക്കൂ. ഉദാഹരണത്തിന്, നമ്മള്‍ ദേഷ്യം വന്നാല്‍ കുഞ്ഞിനെ അമിതമായി ശാസിക്കുകയും ശിക്ഷിക്കുകയും ബഹളം വയ്ക്കുകയും ചെയ്താല്‍ കുഞ്ഞ് എങ്ങനെ വികാരങ്ങളെ പോസിറ്റീവ് ആയി നിയന്ത്രിക്കാം എന്നു പഠിക്കും? സഹകരണമനോഭാവവും ആത്മവിശ്വാസവും തീരുമാനങ്ങള്‍ സ്വയമെടുക്കാനുളള കഴിവും ധാര്‍മികബോധവും നീതിബോധവുമുളള കുട്ടികളെ വാര്‍ത്തെടു ക്കുന്നതില്‍ മാതാപിതാക്കളുടെ സമയവും സാമീപ്യവും ക്ഷമയും ശരിയായ സമീപനവും അത്യന്താപേക്ഷിതം തന്നെ.

കുഞ്ഞുങ്ങളുടെ ശാരീരികാരോഗ്യത്തിനായി നാം നല്‍കുന്ന ശ്രദ്ധയും പരിഗണനയും പരിചരണവുമൊന്നും നാം അവരുടെ മാനസികാരോഗ്യത്തിനും സ്വഭാവരൂപീകരണത്തിനും നല്‍കാന്‍ ശ്രദ്ധ ചെലുത്താറില്ല. കുഞ്ഞിന് ഒരു പനി വന്നാല്‍ മുന്തിയ ആശുപത്രികളിലേക്ക് ഓടുന്ന നമ്മില്‍ പലര്‍ക്കും കുഞ്ഞ് ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചാലോ, അമിതമായി വാശിയോ ദേഷ്യമോ സങ്കടമോ പ്രകടിപ്പിച്ചാലോ, പഠനശീലങ്ങളിലും മറ്റും അപര്യാപ്തത കാണിച്ചാലോ, എന്ത് ചെയ്യണമെന്ന് അറിയില്ല. എന്‍റെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് ആളുകള്‍ കരുതിയാലോ എന്ന ചിന്ത മൂലം ഇത്തരം പ്രശ്നങ്ങള്‍ മറച്ചു വയ്ക്കപ്പെടുകയും, മാതാപിതാക്കള്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടുകയും ചെയ്യുന്നു. ഇത്തരം സമീപനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് څപ്രശ്നങ്ങള്‍ മറച്ചു വച്ച് പുറമേ പ്രശ്നങ്ങളില്ലچ എന്നു ഭാവിക്കുന്നതിലാണ് ജീവിതവിജയംچ എന്ന തെറ്റായ സന്ദേശമാണ്. കുഞ്ഞുങ്ങളുടെ ശാരീരികമായ ആരോഗ്യപരിപാലനത്തിനെന്ന പോലെ മാനസികമായ ആരോഗ്യപരിപാലനത്തിലും വേണ്ട പരിശീലനം മാതാപിതാക്കള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാന്‍ അവര്‍ക്ക് വില കൂടിയ സമ്മാനങ്ങളും, മാളുകളില്‍ ഔട്ടിംഗുകളും പ്ലാന്‍ ചെയ്യുന്ന നാം അവര്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ടതെന്ത് എന്ന് ആലോചിക്കാറില്ല അത് നമ്മുടെ അവരോടുളള പെരുമാറ്റവും സമീപനവുമാണ്. അവര്‍ തെറ്റു ചെയ്യുമ്പോള്‍, അവര്‍ വിഷമിക്കുമ്പോള്‍, അവര്‍ക്ക് ദേഷ്യം വരുമ്പോള്‍, അവര്‍ വാശി പിടിക്കുമ്പോള്‍, വഴക്ക് കൂടുമ്പോഴെല്ലാം – സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി നാം പ്രതികരിക്കേണ്ടതുണ്ട്, അവരെ ചേര്‍ത്തു പിടിക്കേണ്ടതുണ്ട്, അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതെങ്ങനെ എന്ന അറിവ് നാം സ്വായത്തമാക്കണമെന്നു മാത്രം.