അമ്മമാര്‍ക്കായി
ഡോ: ചന്ദന ഡി. കറത്തുളളി
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുന്നു. എല്ലാ അമ്മമാരേയും ആദരവും സ്നേഹവും നല്കി സ്മരിക്കാനും അവരുടെ കൂടെ സമയം ചിലവിടാനുമാണ് ഈയൊരു ദിവസം മാറ്റി വയ്ക്കപ്പെട്ടിരിക്കുന്നത്. സ്വന്തം അമ്മയെ ഓര്‍ക്കാനും അവരോട് സ്നേഹത്തോടെ ഒരു നല്ല വാക്ക് ചൊല്ലാനും ഒരു പ്രത്യേക ദിവസമൊന്നും ആവശ്യമില്ല എന്നിരിക്കെ തന്നെയും മാതൃത്വം എന്ന ഒരു സംസ്കാരത്തിന്റെ ഉണര്‍ത്തുപാട്ടാണ് ഈയൊരു ദിവസം.
യഥാര്‍ത്ഥത്തില്‍ എന്താണ് മാതൃത്വത്തിനും മാതാവിനും ഇത്രമാത്രം പ്രസക്തി? ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ബന്ധമാണ് അമ്മയുമായുളളത് എന്നതിനപ്പുറം ജൈവപരമായും മന:ശാസ്ത്രപരമായും മാതൃത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
ഒരു സ്ത്രീയുടെ ശരീരം എപ്പോഴും മാറ്റങ്ങള്‍ നിറഞ്ഞതാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം തന്നെ മാസംതോറുമുളള അണ്ഡോല്പാദനവും വിസര്‍ജനവും ഗര്‍ഭധാരണവും പ്രസവവുമെല്ലാം പല കാലങ്ങളിലായി ഒരു സ്ത്രീശരീരത്തില്‍ അരങ്ങേറുന്നു. ഒരു കുഞ്ഞ് ഉളളില്‍ ജീവനെടുക്കുമ്പോള്‍ തന്നെ പലമാറ്റങ്ങളണ് നടക്കുന്നത്. അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ അവസ്ഥകളും ഗര്ഭകാലഘട്ടത്തില് കുഞ്ഞിനെ ബാധിക്കുന്നു. അതിനാല്‍ തന്നെയാണ് ഈ കാലഘട്ടത്തില്‍ അമ്മ സന്തോഷവതിയും പ്രസന്നമായ മനസ്സോടു കൂടിയും സമീകൃതമായ ആഹാരം ഭക്ഷിച്ചും സമയം ചിലവിടണമെന്ന് അനുശാസിക്കുന്നത്. നമ്മുടെ മാനസികവ്യാപാരങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുളളതിനാല് തന്നെ അമ്മയുടെ ശരീരത്തില്‍ വസിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും അത് ബാധിക്കുമെന്ന് നിസ്സംശയം കരുതാവുന്നതാണ്. എന്നാല്‍ ഈ കുഞ്ഞ് വളര്‍ന്നു വരുമ്പോഴുളള അതിന്റെ വ്യക്തിത്വത്തെ വരെ ഗര്‍ഭകാലഘട്ടത്തിലെ അമ്മയുടെ മാനസികാവസ്ഥ സ്വാധീനിക്കാനിടയുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഇത് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണെന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഗര്‍ഭകാലത്തെ അമ്മയുടെ ഉത്കണ്ഠയും ആശങ്കാഭരിതമായ മാനസികാവസ്ഥയും കുഞ്ഞുങ്ങളില്‍ വൈകാരികപ്രശ്നങ്ങളും ശ്രദ്ധാപരമായ പ്രശ്നങ്ങളും പെരുമാറ്റ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാമത്രേ.
ഇനി ഗര്‍ഭകാലവും കഴിഞ്ഞ് വേദനയേറിയ പ്രസവവും പ്രസവാനന്തര കാലഘട്ടവും മാത്രം കഴിഞ്ഞാല്‍ പോരല്ലോ. അപ്പോള്‍ കുട്ടിയെ വളര്‍ത്തുക എന്ന പ്രകിയ ആരംഭിക്കുകയായി. കഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയെ ആണ് പേരന്റിംഗ് എന്ന് വിളിക്കുന്നത്. കുഞ്ഞിന്റെ ആദ്യത്തെ കെയര്‍ടേക്കര്‍ അമ്മ ആണെന്നിരിക്കെ പേരന്റിംഗിലും ഒരു മുഖ്യപങ്ക് വഹിക്കുന്നത് അമ്മ തന്നെ. ഒരു കുഞ്ഞിന്റെ വളര്‍ച്ച യെത്തുമ്പോഴുളള വ്യക്തിബന്ധങ്ങളെയും വൈകാരിക പക്വതയേയും നിര്‍ണ്ണയിക്കുന്നതില്‍ ഈ ആദ്യ കെയര്ടേക്കറുമായുളള ബന്ധത്തിന് പങ്കുണ്ട് എന്ന് മന:ശാസത്രജ്ഞര്‍ സൂചിപ്പിക്കുന്നു. അമ്മയുമായുളള ഇഴയടുപ്പം എത്രമാത്രം ആഴമേറിയതാണെന്നത് അമ്മയുടെ പെരുമാറ്റമാണ് നിര്‍ണ്ണയിക്കുന്നത്. കുഞ്ഞിനെ താലോലിക്കാതെ യിരിക്കുക, ശ്രദ്ധിക്കാതെ മാറിയിരിക്കുക, കുഞ്ഞ് കരയുമ്പോള്‍ ഒഴിഞ്ഞു മാറുക എന്നു തുടങ്ങി കുഞ്ഞിനോടൊത്ത് ചിലവിടേണ്ട സമയം മൊബൈലില്‍ മുഴുകുന്നതും കുഞ്ഞിനെ വീട്ടിലേല്‍പ്പിച്ച് ദൂരെ സ്ഥലത്തേക്ക് പോകുന്നതുമെല്ലാം പില്കാലത്ത് കുഞ്ഞിന്റെ വ്യക്തിത്വത്തേയും മാനസികവ്യാപാരങ്ങളെയും ബാധിക്കാനിടയുണ്ട്.
കുഞ്ഞ് അല്‍പ്പം വളര്‍ന്ന് കഴിഞ്ഞാലോ, പേരന്റിംഗ് എന്നത് അല്‍പ്പം കൂടെ ആഴമേറിയതാവുന്നു. കുഞ്ഞിന്റെ ആഹാരശീലങ്ങള്‍, ദിനചര്യ, കളികള്‍ എല്ലാം മുതിര്‍ന്നവര്‍ സൃഷ്ടിക്കുന്ന ശീലങ്ങളാണ്. മോശം ശീലങ്ങള്‍ വളര്‍ന്നു വരുന്നതും മികച്ച ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും അച്ഛനമ്മമാരുടെ മേല്‍നോട്ടത്തിലാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ടി.വി.യും മൊബൈലും കാണിച്ച് ആഹാരം നല്കി ശീലിപ്പിച്ച കുഞ്ഞ് വലുതായാല്‍ ടി.വി.യും മൊബൈലും വേണമെന്ന് വാശി പിടിക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് എന്തു ഫലം! നല്ല ശീലങ്ങള്‍ ഒരു കുഞ്ഞില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അമ്മാര്ക്കുളള പങ്ക് ചെറുതല്ല. ആരോഗ്യകരമായ ശാസനകളും ശിക്ഷണവും നല്കി മൂല്ല്യബോധത്തോടെ കുഞ്ഞുങ്ങളെ മികച്ച പൗരډാരായും ഉത്തരവാദിത്വബോധമുളളവരായും വളര്‍ത്തുന്നതില്‍ അവരുടെ ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ ചെലുത്തുന്ന മാതാപിതാക്കള്‍ ഉണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും അവര്‍ക്കായി ചെയ്തു നല്‍കിയും അമിതമായി ലാളിച്ചും തെറ്റുകള്‍ തിരുത്താതെയും കുഞ്ഞുങ്ങളെ വഷളാക്കുന്ന അച്ഛനമ്മമാരും കുറവല്ല. ഇന്നത്തെ കാലഘട്ടത്തില്‍ ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് കുട്ടികളുടെ ആഹാരശീലങ്ങള്‍. ഒരു ഗര്‍ഭസ്ഥശിശുവിന് വരെ അമ്മ കഴിക്കേണ്ട ആഹാരം രൂചിയ്ക്കാന് സാധിക്കുമെന്ന് ആധുനികപഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ പച്ചക്കറികള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത അമ്മയുടെ കുഞ്ഞ് സസ്യാഹാരം കാണുമ്പോള്‍ തന്നെ ഓടുന്നു എന്ന് പരാതിപ്പെട്ടിട്ട് കാര്യമുണ്ടോ? അതിനാല്‍ തന്നെ കുഞ്ഞിന് ആരോഗ്യകരമായ ആഹാരശീലങ്ങള്‍ ഗര്‍ഭിണിയാകുമ്പോള്‍ മുതല്ക്കേ വളര്‍ത്തിയെടുക്കാം. കട്ടിയാഹാരം ശീലിച്ചു തുടങ്ങുമ്പോഴേ പച്ചക്കറികള്‍ ചേര്‍ന്ന ഭക്ഷണം ശീലിപ്പിക്കേണ്ടതാണ്. ഇഷ്ടമില്ലെങ്കില്‍ കൂടിയും സമീകൃതമായ ആഹാരശൈലി വളര്‍ത്തിയെടുക്കേണ്ടത് കുഞ്ഞിന്റെ ഭാവിയിലെ ആരോഗ്യത്തിലേക്കുളള മുതല്‍ കൂട്ടാണെന്ന് തിരിച്ചറിഞ്ഞ് അമ്മമാര്‍ തന്നെ അതിനായി മുന്‍കൈ എടുക്കേണ്ടതാണ്. ഇറച്ചിയും മീനുമല്ലാതെ എന്റെ കുട്ടി ആഹാരം കഴിക്കില്ല എന്നു പറയുന്നത് അഭിമാനമല്ല. നിങ്ങളുടെ പോരായ്മയാണ് എന്ന് തിരിച്ചറിയുക.
മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് കുഞ്ഞിന്റെ വൈകാരികപക്വത. സ്വന്തവും മറ്റുളളവരുടെയും വികാരങ്ങള്‍ ഫലപ്രദമായി തിരിച്ചറിയാനും അതിനനുതൃതമായി പ്രവര്‍ത്തിക്കാനും നമ്മെ സഹായിക്കുന്ന ഒന്നാണ് അത്. വൈകാരികപക്വതയോടെ ഒരു കുട്ടി വളര്‍ന്നു വരണമെങ്കില്‍ സ്വന്തം വികാരങ്ങളെ ഫലപ്രദമായി തിരിച്ചറിയുകയും സാഹചര്യത്തിന് അനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ഉണ്ടായിരിക്കണം. ദേഷ്യം വന്നാല്‍ അടി പൊടിപൂരമാക്കുന്നതും ചെറിയ കാര്യത്തിന് വരെ ടെന്‍ഷനടിച്ച് കുട്ടിയെ കൂടി ആശങ്കാകുലരാക്കുന്നതും ഏതു നേരവും ഫ്രസ്ട്രേഷനോടെ പരാതിപ്പെട്ടികളാവുന്നതുമൊന്നും കുട്ടിയെ വൈകാരികപക്വത പഠിപ്പിക്കുകയില്ല. മറിച്ച് വൈകാരികമായി അനാരോഗ്യകരമായ പ്രവണതകള്‍ കുഞ്ഞിലെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അമ്മമാരില്‍ കാണുന്ന ഉത്കണ്ഠ, വിഷാദം, നെഗറ്റീവ് മൂഡ് എന്നിവ കുഞ്ഞുങ്ങളുടെ വ്യക്തിത്വവികസനത്തെ മോശമായി ബാധിക്കുമെന്ന് ഗവേഷണങ്ങളാല്‍ തെളിയിക്കപ്പെട്ടിട്ടുളളതാണ്.
കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല, പഠനനിലവാരത്തെ നിര്‍ണ്ണയിക്കുന്നതിലും അമ്മമാര്‍ക്കുളള പങ്ക് ചെറുതല്ല. ചെറിയ കുട്ടികളായിരിക്കുമ്പോഴേ അവരുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ നല്‍കാതെ അവരെ വായനാശീലത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അമ്മമാര്‍ക്ക് സാധിക്കും. അച്ഛډാര്‍ക്കും സാധിക്കും! എന്നാല്‍ ഇത് മാതൃത്വത്തേക്കുറിച്ചുളള ലേഖനമായതിനാല്‍ അവരോട് പറയുന്നു എന്നു മാത്രം! ബാലമാസികകള്‍ വായിച്ചു കൊടുക്കുകയും പതുക്കെ അവരെ വായിച്ച് പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ അറിവിന്റെയും വിജ്ഞാനത്തിന്റെയും അനന്തരമായ ലോകം കുഞ്ഞുങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കും. എഴുത്തും വായനയും സ്കൂളില്‍ നിന്നും മാത്രം പഠിക്കേണ്ട ഒന്നായി മാറിയത് ഇന്നത്തെ പഠനനിലവാര തകര്‍ച്ചയ്ക്ക് ഒരു കാരണമാണ്.
ഇന്ന് നമ്മള് ആരാണ് എന്നതില്‍ നാം അഭിമാനിക്കുന്നുവെങ്കില്‍ അതിന് നാം കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ മാതാപിതാക്കളോടാണ്. അവര്‍ വളര്‍ത്തിയെടുത്ത ശീലങ്ങളുടെയും മാനസികവ്യാപാരങ്ങളുടെയും ആകെ തുകയാണ് ഇന്നത്തെ നമ്മള്. എത്ര കുറവുകളുണ്ടെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനും സാധ്യമല്ല. പലതരം വളര്‍ച്ചാ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞുങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായി പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് അമ്മമാരെയും അച്ഛډാരെയും നമുക്കറിയാം. സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി സ്വന്തം കുഞ്ഞുങ്ങളെ വേദനയുടെ കാണക്കയങ്ങളിലേക്ക് തളളി വിടുന്ന മാതാപിതാക്കളെയും ഇന്നത്തെ അമ്മമാര്‍ ഉത്തരവാദിത്വങ്ങളെ കൂടി ഓര്‍മ്മിക്കേണ്ടതായുണ്ട്.
എന്റെ കുഞ്ഞിന്റെ ജീവിതവിജയത്തിനായി എന്നാലാവുന്ന നൂറു ശതമാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്ന പ്രതിജ്ഞയോടെ നമ്മളെ നാമായി വളര്‍ത്തിയ അമ്മമാരെ മനസ്സിലോര്‍ത്ത് നമുക്ക് മുന്നോട്ട് പോകാം, നല്ലൊരു നാളേയ്ക്കായി.