മുന്‍വിധികള്‍

മുന്‍വിധികള്‍

ഡോ: ചന്ദന ഡി. കറത്തുളളി

നാമെല്ലാം മുന്‍വിധികളോടെയും മുന്‍ധാരണകളോടെയും പെരുമാറാറുണ്ട്. എന്ത്തരം മനോധാരണകളേയാണ് നാം മുന്‍വിധികളായി കണക്കാക്കുന്നത്? തെളിവുകളുടെ അഭാവമില്ലാതെ തന്നെ രൂപപ്പെടുന്ന അഭിപ്രായങ്ങളുടെയും നിഗമനങ്ങളുടെയും അനന്തരഫലമായാണ് മുന്‍വിധികള്‍ ഉണ്ടാകുന്നത്. ഇത്തരം മുന്‍വിധികള്‍ നമ്മുടെ പെരുമാറ്റത്തെ വളരെയധികം സ്വാധീനിക്കാറുണ്ട്. മറ്റുളളവരോട് സംസാരിക്കുമ്പോഴും അവരോട് ഇടപെടുമ്പോഴുമെല്ലാം നമ്മുടെ ഉളളിന്‍റെ ഉളളിലെ മുന്‍ധാരണകള്‍ പുറത്ത് വരാറുണ്ട്. മുന്‍വിധികള്‍ക്ക് മൂന്നു ഭാഗങ്ങള്‍ ഉണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലാത്ത ഒരു വിശ്വാസം, ഉദാഹരണത്തിന് – ജോലിക്ക് പോകുന്ന അമ്മമാര്‍ എല്ലാം മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തവരാണ്; രണ്ടാമതായി ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലൂടെ രൂപപ്പെടുന്ന നെഗറ്റീവ് വികാരങ്ങള്‍, ഉദാഹരണത്തിന് – ജോലിക്ക് പോകാനായി നിര്‍ബന്ധം പിടിക്കുന്ന ഭാര്യയോട് തോന്നുന്ന നീരസം; മൂന്നാമതായി – ഇത്തരം വിശ്വാസങ്ങളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന പെരുമാറ്റം, ഉദാഹരണമായി ജോലിക്ക് പോകുന്ന അമ്മമാരെ കുറിച്ചുളള മുന്‍വിധിയും, അതിന്‍റെ വെളിച്ചത്തില്‍ സ്വന്തം ഭാര്യയോട് തോന്നുന്ന നീരസവും ഭാര്യയോട് വഴക്കിടാനും വീട്ടില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു.

നമ്മുടെ എല്ലാ പെരുമാറ്റത്തിലും മുന്‍വിധികള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരാളെ പരിചയപ്പെടുമ്പോള്‍ തന്നെ അയാളെക്കുറിച്ച് മനസ്സില്‍ രൂപപ്പെടുന്ന മുന്‍വിധി അയാളുമായി നമുക്കുണ്ടാകുന്ന ബന്ധത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, ഏതൊരാളെയും അയാളുടെ രൂപത്തില്‍ നിന്നും വസ്ത്രധാരണശൈലികളില്‍ നിന്നും വിലയിരുത്താനുളള പ്രവണത നമുക്കെല്ലാം ഉണ്ട്. അത്തരം വിലയിരുത്തല്‍ അയാളെക്കുറിച്ചുളള ഒരു മുന്‍വിധിക്ക് കാരണമാകുന്നു. പിന്നീടങ്ങോട്ട് ആ വ്യക്തിയുമായി ഇടപെടുമ്പോള്‍ ഈ മുന്‍വിധിയായിരിക്കും നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത്. ഉദാഹരണത്തിന്, നമ്മുടെ ഒരു ബന്ധുവിന്‍റെ വിവാഹം ആണെന്നിരിക്കട്ടെ. പെണ്‍കുട്ടിയുടെ അമ്മായിയമ്മയെ നാം ചിലപ്പോള്‍ അന്നായിരിക്കും ആദ്യമായി പരിചയപ്പെടുന്നത്. പരുഷമായ ശബ്ദവും സൗമ്യമല്ലാത്ത സംസാര രീതിയും ഉളള ഒരു വ്യക്തിയാണ് അവരെങ്കില്‍ മിക്കവാറും ആ അമ്മായിയമ്മ ഒരു പോരുകാരിയാണ് എന്നും നമ്മുടെ ബന്ധുവായ പെണ്‍കുട്ടിയുടെ കാര്യം അവതാളത്തില്‍ തന്നെ എന്നും നാം വിധിയെഴുതും. യഥാര്‍ത്ഥത്തില്‍ അവരുടെ സ്വഭാവമെന്തന്നോ അന്നവര്‍ പരുഷമായി സംസാരിച്ചത് എന്തു കൊണ്ടന്നോ നാം അന്വേഷിക്കാതെ യായിരിക്കും ഈയൊരു നിഗമനത്തിലേക്ക് എത്തിചേര്‍ന്നത്. അതിനു പകരം വളരെയധികം സൗമ്യമായി സംസാരിക്കുന്നതും പുഞ്ചിരിയോടെ നമ്മോട് ഇടപെടുന്നതുമായ ഒരു സ്ത്രീയായിരുന്നു അവരെങ്കില്‍ മിക്കവാറും ആ പെണ്‍കുട്ടി എത്ര ഭാഗ്യവതിയാണ്, എത്ര നല്ല അമ്മായിയമ്മയെയാണ് ആ കുട്ടിക്ക് ലഭിച്ചത് എന്നും നാം ചിന്തിച്ചു പോകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സ്വഭാവം ആട്ടിന്‍തോലിട്ട ചെന്നായയുടേതാകാന്‍ സാധ്യതയുണ്ട് എന്ന് നാം ഓര്‍ക്കാറില്ല.

ഇത്തരത്തില്‍ നമ്മുടെ നിഗമനങ്ങളെയെല്ലാം സ്വാധീനിക്കാനുളള എല്ലാ ശക്തിയും മുന്‍വിധികള്‍ക്കും മുന്‍ധാരണകള്‍ക്കുമുണ്ട്. ഇത്തരം ചിന്താഗതി നമ്മെ നാം ഇടപെടുന്ന ഒരു വ്യക്തി ഒരു പ്രത്യേക സ്വഭാവത്തിനോ ജീവിതശൈലിക്കോ ഉടമയാണ് എന്നും, അത്തരം വ്യക്തികളുയെല്ലാം പൊതുവായ സ്വഭാവരീതികള്‍ ഈ വ്യക്തിക്കും ഉണ്ട് എന്നുളള നിഗമനങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു. എന്നാല്‍ ഈയൊരു വ്യക്തിയുടെ സ്വതസിദ്ധമായ സ്വഭാവവിശേഷതകളൊന്നും കണക്കിലെടു ക്കാതെ, അയാളെ അടുത്തറിയാതെ എങ്ങനെ അയാളെക്കുറിച്ചൊരു വിലയിരുത്തല്‍ സാധ്യമാകും? ഇത് പലപ്പോഴും നാമൊന്നും ആലോചിക്കാറില്ല. മാത്രമല്ല ഇത്തരം മുന്‍ധാരണകള്‍ കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചില്ലറയുമല്ല.

നമ്മുടെ മനസ്സിലെല്ലാം ഒരോ തരം വിഭാഗങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് കാറുകളെല്ലാം ഒരു വിഭാഗത്തില്‍പെടുന്നു, പക്ഷികളെല്ലാം ഒരു വിഭാഗത്തില്‍പെടുന്നു, ഒരു പ്രത്യേക മതത്തില്‍പെട്ടവരെല്ലാം ഒരു വിഭാഗത്തില്‍പെടുന്നു. നാം പുതിയ ഒരു വസ്തുവുമായി ഇടപെടുമ്പോള്‍ സ്വാഭാവികമായും ആ വസ്തുവിനെ നമ്മുടെ മനസ്സിലുളള വിഭാഗവുമായി ചേര്‍ത്തുനിര്‍ത്താന്‍ നമ്മുടെ തലച്ചോര്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, പറക്കുന്ന ഒരു ജീവിയെ കണ്ടാല്‍ അതിനെ നാം പക്ഷികളുടെ ഗണത്തില്‍പെടുത്തുന്നു. പിന്നീട് അതിനെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നാം څപക്ഷിچ എന്നായിരിക്കും വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിത്യജീവിതത്തില്‍ ഈ ഒരു യുക്തി നമ്മുടെ തലച്ചോര്‍ പ്രയോഗിക്കുമ്പോള്‍ തെറ്റുകള്‍ വരുന്നു. കാരണം നിത്യജീവിതവും മനുഷ്യരുടെ സ്വഭാവരീതികളുമെല്ലാം വളരെയധികം സങ്കീര്‍ണ്ണമാണല്ലോ.

ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുളള നമ്മുടെ അഭിപ്രായം എല്ലാ സാഹചര്യങ്ങളിലും എല്ലാ വ്യക്തികളിലും നാം കയറി പ്രയോഗിക്കുമ്പോഴാണ് മുന്‍ധാരണയോടെയുളള പെരുമാറ്റം ഉണ്ടാകുന്നത്. ഭാര്യയോട് സ്നേഹത്തോടെ പെരുമാറുന്ന ഭര്‍ത്താക്കډാര്‍ എല്ലാം സ്വന്തം വീട്ടുകാരെ ധിക്കരിക്കുകയും, അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താത്തവരുമാണ് എന്ന ധാരണ, പ്രായക്കുറവുളള ആളുകളെല്ലാം പക്വതയില്ലാത്തവരാണ് എന്ന ധാരണ, പുറംമോടി കാണിക്കാത്തവര്‍ എല്ലാം പൈസയില്ലാത്തവരാണ് എന്ന ധാരണ – ഇതെല്ലാം ഒരു വ്യക്തിയെ നാം തെറ്റായി വ്യാഖ്യാനിക്കുവാനും അയാളെക്കുറിച്ച് തെറ്റായ ഒരു ധാരണ മനസ്സില്‍ സൂക്ഷിക്കുവാനും കാരണമാകുന്നു. അത്തലം ചിന്താഗതിയാകട്ടെ അയാളോടുളള നമ്മുടെ പെരുമാറ്റം നല്ലതായിരിക്കുമോ മോശമായിരിക്കുമോ എന്നും നിര്‍ണ്ണയിക്കുന്നു.

അത് മാത്രമല്ല, മുന്‍വിധികള്‍ നമുക്ക് നമ്മോട് തന്നെയുളള സമീപനത്തേയും സ്വാധിനിക്കുന്നുണ്ട്. ഉദാഹരണത്തിന്, സര്‍ക്കാര്‍ ജോലിയുളളവരെല്ലാം സാമ്പത്തിക സുരക്ഷിതത്വം ഉളളവരാണ് എന്ന ധാരണ പലര്‍ക്കുമുണ്ട്. അങ്ങനെയുളള ധാരണ ഉളള ഒരാള്‍ക്ക് തനിക്കോ, തന്‍റെ മകനോ മകള്‍ക്കോ സര്‍ക്കാര്‍ ജോലി കിട്ടിയില്ല എങ്കില്‍ നിരാശനാകാനും വിഷാദത്തിനടിപ്പെടാനും സാധ്യതകള്‍ ഏറെയാണ്. സര്‍ക്കാര്‍ ജോലിയുണ്ട് എങ്കിലം സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ ഏറെയുണ്ട് എന്ന യാഥാര്‍ത്ഥ്യം അയാള്‍ അംഗീകരിക്കയില്ല. അയാളുടെ ധാരണയ്ക്ക് അനുസൃതമായ ഉദാഹരണങ്ങള്‍ മാത്രം അയാള്‍ ചിന്തയില്‍ സൂക്ഷിക്കുകയും, മറ്റുളള ധാരണകള്‍ തളളിക്കളയുകയും ചെയ്യുന്നു. ഈയൊരു മുന്‍വിധിയില്‍ നിന്നും അയാള്‍ പുറത്തു വന്നാല്‍ മാത്രമേ, സര്‍ക്കാര്‍ ജോലിക്ക് പുറത്തുളള അവസരങ്ങള്‍ തേടാനും ജീവിതവിജയം നേടാനും അയാള്‍ക്ക് സാധിക്കൂ.

മുന്‍വിധികളില്‍ നിന്നും പുറത്ത് കടക്കുവാന്‍ ആദ്യം വേണ്ടത് സ്വന്തം ചിന്താശൈലികള്‍ നിരീക്ഷിക്കുക എന്നതാണ്. എന്‍റെ ജീവിതത്തോടുളള മനോഭാവം എന്താണ്, എന്‍റെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന എന്തെല്ലാം മുന്‍വിധികള്‍ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു എന്ന് ഓരോ സന്ദര്‍ഭത്തിലും നാം നമ്മോട് തന്നെ ചോദിക്കണം. സ്വന്തം മുന്‍വിധികള്‍ തിരിച്ചറിയുക എന്നിടത്ത് നിന്നാണ് മാറ്റം ആരംഭിക്കുന്നത്. ഓരോ സാഹചര്യത്തിലും എന്‍റെ തോന്നലുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം എന്തെല്ലാം കാര്യങ്ങള്‍ സംഭവിച്ചേക്കാം എന്ന് നമ്മോട് തന്നെ ചോദിക്കാം. എന്‍റെ തോന്നല്‍ ഇതാണ്, എന്നാല്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ഥമായി കൂടെ എന്ന് സ്വയം ചോദിക്കാം. തുറന്ന മനസ്സോടെ സന്ദര്‍ഭങ്ങളെ കാണാം, വിലയിരുത്താം. ഇത് ഇങ്ങനെയാണ്, ഇങ്ങനെ മാത്രമേ ഇത് സംഭവിക്കാന്‍ പാടുളളൂ എന്നു പിടിവാശി നന്നല്ല. നമ്മുടെ അഭിപ്രായത്തിനും വിപരീതമായി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ കാണുമ്പോള്‍, അത് നല്ലതായാലും ചീത്തയായാലും, അതിനെ കണക്കിലെടുക്കാന്‍ മടിക്കരുത്.