ആത്മവിശ്വാസം എന്ന കൈമുതല്‍
ഡോ: ചന്ദന ഡി. കറത്തുളളി
എന്താണ് ആത്മവിശ്വാസം? നമ്മില്‍ മിക്കവരും പുറമേയ്ക്ക് വളരെ നന്നായി ആത്മവിശ്വാസമുളളവരായി അഭിനയിക്കാന്‍ മിടുക്കരാണ്. നല്ല വസ്ത്രധാരണവും, മികച്ച രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതും, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതുമാണ് ആത്മവിശ്വാസത്തിന്റെ ഘടകങ്ങളെന്ന് കരുതിയെങ്കില്‍ തെറ്റി. പുറമേയ്ക്ക് നാം പ്രകടിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം നാം പ്രകടിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം മാത്രമല്ല യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസം. സത്യത്തില്‍ പലപ്പോഴും പുറമെ നല്ല രീതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പലരും ഉളളാലെ തീരെ ആത്മവിശ്വാസമില്ലാത്തവരാണ്. എങ്കില്‍ പിന്നെ എന്താണ് യഥാര്‍ത്ഥ ആത്മവിശ്വാസം.
ആധുനിക മന:ശാസ്ത്രത്തില്‍ സെല്‍ഫ് എസ്റ്റീം എന്നും സെഫ് വര്‍ത്ത് എന്നും സെല്‍ഫ് എഫികസി എന്നുമെല്ലാം വിശദീകരിച്ചു കാണുന്നത് ആത്മവിശ്വാസത്തിന്റെ വിവിധ തലങ്ങളാണ്. യഥാര്‍ത്ഥ ആത്മവിശ്വാസം നമ്മുടെ ഉളളിന്റെ ഉളളില്‍ അന്തര്‍ലീനമാണ്. നാം പോലുമറിയാതെ അത് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. നമുക്കെത്ര ആത്മവിശ്വാസ മുണ്ടെന്ന് ചിലപ്പോള്‍ നാം തന്നെ തിരിച്ചറിയണമെന്നില്ല. നാം നമ്മെത്തന്നെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് ആത്മവിശ്വാസത്തിന്റെ അടിത്തറ. മൂന്നു പ്രധാന ജീവിതമേഖലകളില്‍ ആത്മവിശ്വാസം രൂപപ്പെടുന്നു.
1) ഞാന്‍ എങ്ങനെയുളള വ്യക്തിയാണ് എന്ന തിരിച്ചറിവിനെ ആസ്പദമാക്കി.
2) എന്നെ മറ്റുളളവര്‍ സ്നേഹിക്കുന്നുണ്ടോ എന്നും ഞാന്‍ മറ്റുളളവരുടെ പരിഗണനയ്ക്കും സ്നേഹത്തിനും അര്‍ഹനാണോ എന്ന തിരിച്ചറിവിനെ ആസ്പദമാക്കി.
3) എനിക്ക് എന്തെല്ലാം കഴിവുകളുണ്ട്, അവ ഈ ലോകത്തിന് ഗുണകരമാകുന്ന രീതിയില്‍ എനിക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ, ഒരു ലക്ഷ്യത്തില്‍ എത്തിചേരാന്‍ വേണ്ട പ്രാപ്തി എനിക്കുണ്ടോ എന്ന തിരിച്ചറിവിനെ ആസ്പദമാക്കി.
ഇവ മൂന്നിനെക്കുറിച്ചും നമുക്ക് ഒരു ധാരണ ചെറുപ്പത്തിലെ രൂപപ്പെടാന്‍ തുടങ്ങും. മുതിര്‍ന്നവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നുമാണ് നമ്മെക്കുറിച്ച് തന്നെ നമുക്ക് ഒരു അവബോധം ഉണ്ടാകുന്നത്. ജനിച്ച ഉടനെ നമുക്ക് നാം ആരാണെന്നും എങ്ങനെയുളള വ്യക്തിയാണ് എന്നും ഒരു ധാരണ ഉണ്ടാകില്ല. പതിയെ പതിയെ ഈ ലോകവുമായുളള സമ്പര്‍ക്കത്തില്‍ നിന്നും നമ്മെക്കുറിച്ചുളള ധാരണ നമ്മുടെ ഉളളില്‍ വളരുന്നു. അത്തരമൊരു അവബോധം രണ്ട് രീതിയിലാവാം – പോസിറ്റീവ് ആയ സ്വയം അവബോധം അഥവാ അവലോകനം മികച്ച ആത്മവിശ്വാസം പ്രദാനം ചെയ്യുമ്പോള്‍ കൂടുതലും നെഗറ്റീവ് ആയ അവബോധം ആത്മവിശ്വാസമില്ലായ്മയിലേക്ക് നയിക്കുന്നു.
4) ഉദാഹരണത്തിന്, കുഞ്ഞിന്റെ തെറ്റുകള്‍ക്ക് അമിതമായി ശകാരിക്കുകയും നാണം കെടുത്തുകയും മറ്റുളളവരുടെ മുന്നില്‍ ചെറുതാക്കുകയും ചെയ്താല്‍, ആ കുഞ്ഞിന് സ്വയം മതിപ്പ് ഉണ്ടാവുകയില്ല. താന്‍ ഒരു മോശം കുട്ടിയാണെന്നും മറ്റുളളവര്‍ തന്നെ ഇഷ്ടപ്പെടുന്നില്ല എന്നും ആ കുഞ്ഞിന്റെ ഉളളിലൊരു ധാരണ രൂപപ്പെടുന്നു. ആ ധാരണ കൂടുതല്‍ ദൃഢമാവുന്ന അനുഭവങ്ങള്‍ വീണ്ടും വീണ്ടും ആ കുഞ്ഞിന്റെ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍, സ്വയം തിരുത്താനാവാത്ത തീര്‍ത്തും നെഗറ്റീവ് ആയ ഒരു അവബോധമായി അത് മാറുന്നു. തനിക്ക് യാതൊരു കഴിവുകളും ഇല്ലെന്നും തന്റെ ജീവിതം ഒരു പരാജയം ആണെന്നുമുളള വിശ്വാസം രൂപപ്പെടുക കൂടി ചെയ്താല്‍, വളരുമ്പോള്‍ ആ കുഞ്ഞിന് ആത്മവിശ്വാസമുണ്ടാവാനുളള സാധ്യത വിരളമായിരിക്കും. തന്നെ കുറ്റക്കാരനാക്കി കാണാനിടയുളള സാഹചര്യങ്ങളില്‍ നിന്നും അവര്‍ ഓടിയൊളിച്ചേക്കാം, തന്റെ കഴിവുകേടുകള്‍ മറച്ചു വയ്ക്കാനായവന് മറ്റുളളവരെ പഴി ചാരുന്ന സ്വഭാവത്തിലേക്ക് മാറിയേക്കാം, തന്റെ കുറവുകള്‍ അംഗീകരിക്കാത്ത അഹങ്കാരിയായിപ്പോയേക്കാം, ആരുടെയും മുഖത്തു നോക്കി സംസാരിക്കാനോ ഒരു സദസ്സിനെ അഭിമുഖീകരിച്ച് തന്റെ ഉളളിലെ കാര്യങ്ങള്‍ തുറന്നു പറയാനോ സാധിക്കാതെ അത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നവനായേക്കാം, മറ്റുളളവരുടെ കഴിവുകള്‍ അംഗീകരിക്കാന്‍ സാധിക്കാത്ത സ്വാര്ത്ഥബുദ്ധിയായേക്കാം, തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും താന്‍ തന്നെ നിയന്ത്രിക്കണമെന്നും മറ്റുളളവര്‍ ചെയ്താല്‍ പെഫെക്റ്റ് ആകില്ലായെന്നും ഉളള ചിന്താഗതിയ്ക്കുടമയായ പെര്ഫെക്ഷനിസ്റ്റായേക്കാം. അങ്ങനെ സാധ്യതകള്‍ നിരവധിയാണ്. അതിനാല്‍ തന്നെ ആത്മവിശ്വാസത്തിന് പല മുഖങ്ങളുണ്ട്. എല്ലാത്തിലും അന്തര്‍ലീനമായ വിശ്വാസം ഒന്നു മാത്രം – ഞാന്‍ എന്നെ കുറവുകളോടെ അംഗീകരിക്കുന്നുണ്ടോ എന്നു മാത്രം. നാം ആരും തന്നെ കുറവുകളില്ലാത്തവരല്ല, കുറവുകളോടെ തന്നെ മുതിര്‍ന്നവര്‍ എന്നെ സ്നേഹിക്കുന്നു, വിലമതിക്കുന്നു എന്ന ഉറപ്പില്‍ നിന്നും മാത്രമേ നമുക്ക് സ്വയം നമ്മുടെ കുറവുകളെ അംഗീകരിക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെയാണ് അമിതമായ വിമര്‍ശനവും ശിക്ഷകളും വ്യക്തിഹത്യയും തേജോവധവുമെല്ലാം ഒരു കുഞ്ഞിന്റെ വ്യക്തിത്വത്തേയും ആത്മവിശ്വാസത്തേയും എല്ലാം നശിപ്പിക്കും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഒരു കുഞ്ഞ് തെറ്റുകള്‍ ചെയ്യുമ്പോള്‍ അത് വളര്‍ച്ചയുടെ ഘട്ടങ്ങളുടെ സ്വാഭാവികതയാണെന്നും, ഒരു കുട്ടിയില്‍ നിന്ന് മുതിര്‍ന്ന ഒരു വ്യക്തിയുടെ പക്വത പ്രതീക്ഷിക്കരുത് എന്നും, തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത് എന്നുമുളള ഒരു സന്ദേശമാണ് മാതാപിതാക്കള്‍ നല്‍കേണ്ടത്. സാരമില്ല, എന്നാലിനി ആവര്‍ത്തിക്കരുത് എന്ന സമാശ്വസിപ്പിക്കലിനോടൊപ്പം ചെയ്ത തെറ്റ് തിരുത്താനുളള ഒരു അവസരവും കുഞ്ഞിന് നല്കുകയാണെങ്കില് ഞാന്‍ ഒരു നല്ല കുട്ടിയാണ്, ചീത്ത കുട്ടിയല്ല, എന്റെ തെറ്റു് മാത്രമാണ് ചീത്ത എന്ന തിരിച്ചറിവ് കുഞ്ഞിന് ലഭിക്കും. അതോടൊപ്പം സ്വന്തം അഭിപ്രായങ്ങള്‍ മടിയില്ലാതെ തുറന്നു പറയാനുളള അവസരവും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കണം. എന്നാല്‍ നമ്മുടെ നാട്ടിലെ മിക്ക കുട്ടികളെയും പേടിപ്പിച്ച് മാത്രം വളര്‍ത്തുന്നതിനാല്‍ സ്വന്തം അഭിപ്രായങ്ങളോ ആശയങ്ങളോ പങ്ക് വയ്ക്കാന്‍ പലര്‍ക്കും ഭയമാണ്. മറ്റുളളവര്‍ എന്തു വിചാരിക്കും എന്ന വീട്ടുകാരുടെ പേടിപ്പെടുത്തലും നമ്മെ പിന്നോട്ട് വലിക്കുന്നു. മിക്ക സെമിനാര്‍ വേദികളിലും പ്രാസംഗികനൊപ്പം നിന്ന് ഒരു അഭിപ്രായം പറയാന്‍ വിളിച്ചാല്‍ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും മടിയാണ് എന്നത് തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. തോല്‍വികളില്‍ മനസ്സ് തകരാതെ അതില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് മുന്നോട്ട് പോകാനും നമ്മുടെ കുഞ്ഞുങ്ങളെ പരിശിലിപ്പിക്കണം. നമ്മളില്‍ പലര്‍ക്കും പരാജയങ്ങളെ പേടിയാണ്, റിസ്ക്കുകളെടുക്കാനുളള ആത്മവിശ്വാസമില്ല എന്നും നാമിടക്കിടെ പറയാറുണ്ട്. അത് പരാജയങ്ങളെ ഭയപ്പാടോടെ മാത്രം കാണാന്‍ നമ്മെ പരിശീലിപ്പിച്ചിട്ടുളളത് കൊണ്ടാണ്. ഭൂരിഭാഗം അമ്മമാരും അവരുടെ വേവലാതികള്‍ മുഴുവന്‍ കുത്തിനിറച്ചാണ് മക്കളെ വളര്‍ത്തുക. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമേ വിജയത്തിലെത്താനാവൂ എന്ന ആശയമാണ് അപ്പോള്‍ മക്കള്‍ക്ക് ലഭിക്കാതെ പോവുക.
ആത്മവിശ്വാസത്തിന്റെ ലക്ഷണങ്ങള്‍:
1) സ്വയം മതിപ്പ് – സ്വന്തം കഴിവുകളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും കുറവുകളെ കുറിച്ചും യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയുളള തിരിച്ചറിവ്. നേട്ടങ്ങളില്‍ അഹങ്കരിക്കാതെയും കുറവുകളില്‍ നിരാശാബോധമോ അപകര്‍ഷതാബോധമോ കൂടാതെയും സ്വയം അംഗീകരിക്കാനുളള തുറന്ന മനസ്സ്.
2) ഇന്നലെകളെ കുറിച്ചുളള നിരാശയോ കുറ്റബോധമോ ദേഷ്യമോ വെറുപ്പോ അലട്ടാതെ, ഭാവിയെക്കുറിച്ച് പ്രത്യാശയോടെയും സന്തോഷത്തോടെയും അഭിമാനത്തോടെയും ചിന്തിക്കാനുളള പ്രാപ്തി.
3) മറ്റുളളവരുടെ കുറവുകളെ അംഗീകരിക്കാനുളള മനസ്സ് – അവരെ അവരായി തന്നെ അംഗീകരിക്കാനും സ്നേഹിക്കാനും സാധിക്കുക – മറ്റുളളവരെ വിമര്‍ശിക്കാതെയും തിരുത്താന്‍ ശ്രമിക്കാതെയും സന്തോഷകരമായ സഹവര്‍ത്തിത്വത്തിന് തയ്യാറാവുക.
4) സ്വന്തം കുറവുകള്‍ ആരെങ്കിലും ചൂണ്ടി കാണിക്കുമ്പോള്‍ വികാരവിക്ഷുബ്ധരാവാതെ സംയമനത്തോടെയും അവരുടെ വികാരങ്ങള്‍ കൂടി പരിഗണിച്ചും മറുപടി പറയാന്‍ സാധിക്കുക. മറ്റുളളവരുടെ വിമര്‍ശനങ്ങളെ വെറും അഭിപ്രായങ്ങളായി മാത്രം കാണുകയും, അവ നമ്മുടെ സ്വയം മതിപ്പിനെ ബാധിക്കാതിരിക്കുകയും ചെയ്യുന്നത് ആത്മവിശ്വാസത്തിന്റെ മികച്ച ലക്ഷണങ്ങളാണ്.
5) ജിവിതത്തിലെ തിരിച്ചടികളില്‍ തളര്‍ന്നു പോകാതെ, എനിക്ക് ഈ അവസരത്തില്‍ എന്തു പരിഹാരം ചെയ്യാനാകും എന്ന് ചിന്തിച്ച് അതിനനുസൃതമായി പ്രവര്‍ത്തിക്കുന്നു.
6) സ്വന്തം വികാരങ്ങളുടെയും ചിന്തകളുടെയും നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നു. അങ്ങനെ സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാണ്‍ സന്തോഷത്തോടെ സ്വയം ഏറ്റെടുക്കുന്നു – ഇന്നലെകളുടെ ഭാരമോ ഭാവിയുടെ ആശങ്കളോ കൂടാതെ.
7) സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും മറ്റുളളവരെ വേദനിപ്പിക്കാതെ തുറന്നു പ്രകടിപ്പിക്കാന്‍ സാധിക്കുന്നു.
8) മറ്റുളളവര്‍ എന്തു ചിന്തിക്കുമെന്നോ, മറ്റുളളവര്‍ എന്നെ മോശക്കാരനായി കാണില്ലേ എന്നോ ഉളള ആശങ്ക കൂടാതെ സ്വന്തം സ്വപ്നങ്ങള്‍ നേടിയെടുക്കാനായി അദ്ധ്വാനിക്കുന്നു.
9) ആഡംബരത്തിന്റേയോ സൗന്ദര്യത്തിന്റെയോ സ്റ്റാറ്റസിന്റെയോ പുറകെ പോവാതെ സമൂഹത്തില്‍ സ്വന്തം കര്‍മ്മം ചെയ്യുന്നു. തന്റെ അസ്ഥിത്വം പുറംമോടികളിലല്ലായെന്നും അത് തന്റെ അന്ത:സത്തയിലാണെന്നും തിരിച്ചറിയുന്നു. അതിനാല്‍ തന്നെ സ്റ്റാറ്റസ് നോക്കി ആളുകളെ അളക്കുവാന്‍ ശ്രമിക്കുന്നില്ല, ആഡംബരത്തിന്റെയും ബാഹ്യസൗന്ദര്യത്തിന്റെയും പുറംമോടി കൂടാതെ തന്നെ തന്റെ കര്മമത്തിലൂടെ തന്റെ അന്ത:സത്ത പ്രകടിപ്പിക്കുന്നു.
10) മറ്റുളളവര്‍ തന്നെ അംഗീകരിക്കണമെന്നും സ്നേഹിക്കണ മെന്നും വേദനിപ്പിക്കരുതെന്നുമുളള അമിതമായ ആഗ്രഹം ആത്മവിശ്വാസമുളളവര്ക്ക് ഉണ്ടാകില്ല. മറ്റുളളവരുടെ പ്രീതിയ്ക്കായി സ്വന്തം ആവശ്യങ്ങള്‍ മാറ്റി വയ്ക്കുക, തന്റെ അഭിപ്രായം തുറന്നു പറയാതിരിക്കുക, അവര്‍ തന്നെക്കുറിച്ച് എന്തായിരിക്കും ചിന്തിച്ചിരിക്കുക എന്ന അമിതമായി ഉത്കണ്ഠാകുലരാകുക എന്നിവയെല്ലാം ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണങ്ങളാണ്. തന്റെ സ്ഥാനം നഷ്ടപ്പെടുമോ, തന്റെ പ്രിയപ്പെട്ടവര്‍ തന്നെ മറക്കുമോ എന്നെല്ലാം വ്യാകുലപ്പെടുന്നത് ആത്മവിശ്വാസമില്ലായ്മ തന്നെ.
ഇന്നത്തെ കാലഘട്ടത്തില്‍ സമാധാനമായും സന്തോഷമായും മുന്നോട്ട് ജിവിക്കണമെങ്കില്‍ തികഞ്ഞ ഒരു ആത്മവിശ്വാസം നമുക്ക് കൂടിയേ തീരൂ. ഇനി നമുക്ക് ആത്മവിശ്വാസക്കുറവ് ഉണ്ട് എന്ന് നാം തിരിച്ചറിഞ്ഞാല്‍ എന്ത് ചെയ്യും. ആത്മവിശ്വാസം നിറഞ്ഞ ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല. നമ്മുടെ പല വിശ്വാസങ്ങളും ഉടച്ചു വാര്‍ക്കുകയും, പല ശീലങ്ങളും ചിന്താഗതികളും പിഴുതെറിഞ്ഞ് പുതിയവ നട്ടു നനച്ച് ഉണ്ടാക്കുകയും വേണം. എന്നാലത് അസാധ്യമല്ല. തികച്ചും സാധ്യമാണ്. എങ്ങനെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാ മെന്ന് നമുക്ക് കാണാം അടുത്തയാഴ്ച.