കരുണയോടെ പെരുമാറാം

കരുണയോടെ പെരുമാറാം

ഡോ: ചന്ദന ഡി. കറത്തുളളി

മനുഷ്യസ്വഭാവത്തിലെ വളരെ പ്രാധാന്യമേറിയ ഒരു ഘടകമാണ് കരുണ എന്നത്. ബന്ധങ്ങള്‍ക്ക് കരുത്തു പകരാനും ജീവിതത്തിലെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും കാരുണ്യത്തോടെയുളള പെരുമാറ്റം സഹായിക്കുന്നു. എന്താണ് കാരുണ്യം? സൗഹൃദയത്തോടെയും, വിശാലമനസ്സോടെയും, അനുകമ്പയോടെയും, മറ്റുളളവരുടെ വികാരങ്ങള്‍ മനസ്സിലാക്കിയുമുളള മനോഭാവത്തെയാണ് കരുണയെന്ന് വിശേഷിപ്പിക്കുന്നത്. പലപ്പോഴും അങ്ങനെ പെരുമാറുന്നവരെ ഒന്നിനും കൊളളാത്തവന്‍ എന്നും മണ്ടന്‍ എന്നുമെല്ലാം വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാന്‍ ഉള്‍ക്കരുത്തും മനോധൈര്യവും അത്യന്താപേക്ഷിതം തന്നെ.

ഈ ലോകത്തില്‍ നിലനിന്നു പോകാന്‍ അല്‍പ്പസ്വല്‍പ്പം സ്വാര്‍ത്ഥതയും കൂര്‍മ്മബുദ്ധിയുമെല്ലാം വേണമെന്ന് പരക്കെ ഒരു ധാരണയുണ്ട്. മനുഷ്യരെല്ലാം സ്വാര്‍ത്ഥബുദ്ധികള്‍ തന്നെയെന്നതിന് തര്‍ക്കവുമില്ല. എന്നാല്‍ പരിധിയില്‍ കവിഞ്ഞ സ്വാര്‍ത്ഥത ബന്ധങ്ങള്‍ തകരുന്നതിനും മറ്റു പല പ്രശ്നങ്ങള്‍ക്കും ഹേതുവായി ഭവിക്കും എന്നത് സംശയലേശമന്യേ നമ്മള്‍ക്ക് ബോധ്യമുളളതാണ്.

ആയൂര്‍വേദത്തില്‍ അനുചരിക്കപ്പെടേണ്ട സ്വഭാവരീതികളില്‍ പ്രധാനമായി പറയുന്നത് സ്വാര്‍ത്ഥബുദ്ധി പരാര്‍ത്ഥേഷൂ എന്നാണ്. അതായത് സ്വന്തം കാര്യങ്ങളില്‍ കാണിക്കുന്ന താല്‍പര്യവും ഉത്സാഹവും മറ്റുളളവരുടെ കാര്യങ്ങളിലും കാണിക്കുക എന്നതാണ്. കാരുണ്യത്തിന് ഇതിലും നല്ല ഒരു വിശദീകരണം വേറെ ലഭിക്കാനില്ല. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന് പറയുന്നതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാവണം. മനുഷ്യന്‍റെ സ്വതസിദ്ധമായ സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുളളവരുടെ മനോഗതിയും കൂടെ കണക്കിലെടുത്ത് പെരുമാറുക എന്നത് നടപ്പിലാക്കാവുന്ന കാര്യം തന്നെയാണ്. മാത്രമല്ല, അതിന് ഗുണഫലങ്ങള്‍ ഏറെയുണ്ട്താനും. കാരുണ്യത്തോടെയുളള പെരുമാറ്റം സന്തോഷത്തിനും സംതൃപ്തിയ്ക്കും ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അത് പ്രകടിപ്പിക്കുന്നയാള്‍ക്ക് മാത്രമല്ല അയാളുടെ ചുറ്റിലുമുളളവരിലേക്കും വ്യാപിക്കപ്പെടുന്നുവെന്ന് സാരം.

ഏത് കാര്യത്തിലുമെന്നതു പോലെയും കാരുണ്യത്തോടെയുളള പെരുമാറ്റശൈലി ആദ്യം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ്. കുടുംബബന്ധങ്ങളിലെ സ്നേഹവും സംതൃപ്തിയും വര്‍ദ്ധിക്കാന്‍ ഇതിലും നല്ല ഒരു പോംവഴി വേറെയില്ലെന്ന് തന്നെ പറയാം. വൈവാഹികബന്ധങ്ങളുടെ വിജയത്തിന് കാരുണ്യപൂര്‍വ്വവും അനുഭാവപൂര്‍വ്വവുമായുളള ഇടപെടല്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടത്തിയിട്ടുണ്ട്. പങ്കാളിയുടെ കുറ്റങ്ങള്‍ മാത്രം കണ്ടെത്തി അതില്‍ കടിച്ചു തൂങ്ങാനാണ് ഏവരും താല്‍പര്യപ്പെടുക. അവരുടെ കുറവുകളോടെ തന്നെ അവരെ സ്വീകരിക്കാനും അംഗീകരിക്കാനും വലിയ മനസ്സ് തന്നെ വേണം. അതു മാത്രമല്ല, ആ അംഗീകാരത്തോടെ തന്നെ അവരോട് സംസാരിക്കാനും പെരുമാറാനും നാം ശ്രദ്ധിക്കുകയാം വേണം. എന്നെ എപ്പോഴും എന്‍റെ ഭാര്യ/ഭര്‍ത്താവ് കുറ്റപ്പെടുത്തുന്നുچ എന്ന പരാതി ഒരുപാട് പേര്‍ക്കുണ്ട്. അതിന്‍റെ അടിസ്ഥാനം തന്നെ അനുഭാവപൂര്‍വ്വമല്ലാത്ത പെരുമാറ്റമാണ്. ഉളളില്‍ നിരാശ വച്ച് പുലര്‍ത്തി ദാമ്പത്യജീവിതം ഇല്ലാതാക്കാനാണ് ഒരു പ്രശ്നം വരുമ്പോള്‍ നമുക്ക് ആദ്യം തോന്നുക. കാരണം നിരാശയോടെയും വെറുപ്പോടെയും പെരുമാറാന്‍ വളരെ എളുപ്പമാണ്. മറ്റുളളവരെ തിരുത്താന്‍ ശ്രമിക്കാനും വളരെ എളുപ്പമാണ്. എന്നാല്‍, പോസിറ്റീവായി പെരുമാറാനും, അനുഭാവപൂര്‍വ്വം സംസാരിക്കാനും അത്ര എളുപ്പമല്ല. അതിനാല്‍ തന്നെയാണ് കുടുംബബന്ധങ്ങളില്‍ വിളളല്‍ വീഴുന്നതും ദേഷ്യം വന്നാല്‍ ബഹളം വയ്ക്കാനും ചീത്ത പറയാനും ആര്‍ക്കും സാധിക്കും. എന്നാല്‍ ദേഷ്യം വരുമ്പോഴും മറ്റുളളവരുടെ മനസ്സ് നോവാതെ അനുഭാവപൂര്‍വ്വം പെരുമാറന്‍ അത്രയെളുപ്പം സാധിക്കുന്ന ഒന്നല്ല. അതിന് അതിരറ്റ ക്ഷമയും വിവേകവും പരിശീലനവും വേണം.

ഏറ്റവും അനുകമ്പയും അനുഭാവവും വേണ്ടുന്ന ഒരു കൂട്ടരാണ് കുഞ്ഞുങ്ങള്‍. അവര്‍ക്ക് ലോകപരിചയവും ക്ഷമയും സഹനശക്തിയുമെല്ലാം കുറവാണ്. അതിനാല്‍ തന്നെ വളരെയധികം വൈകാരികമായിട്ടായിരിക്കും അവര്‍ പെരുമാറുന്നത്. എന്നാല്‍ കുറുമ്പിന് യാതൊരു കുറവും ഉണ്ടാവുകയില്ല. അവരുടെ കുറുമ്പും വാശിയും എല്ലാം നിയന്ത്രിക്കാന്‍ നമുക്ക് ആദ്യം വരുന്ന ആയുധം നമ്മുടെ ദേഷ്യമായിരിക്കും. പ്രത്യേകിച്ചും നമ്മുടെ മൂഡ് ശരിയല്ല എങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഏറ്റവും ദേഷ്യം വരുമ്പോഴും, ഏറ്റവും മോശം മൂഡിലിരിക്കുമ്പോഴും കുഞ്ഞുങ്ങളോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ നല്ല കഴിവ് വേണം. ഇനി ആ ഒരു കഴിവില്ല എങ്കില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ നമ്മുടെ പെരുമാറ്റത്തില്‍ വരുത്തി അത് ശീലിച്ചെടുക്കുക തന്നെ വേണം.

നമ്മുടെ മൂഡ് ശരിയല്ലാത്തതു കൊണ്ടാണ് നാം ദേഷ്യപ്പെടുന്നതെന്നോ, അവരെ തിരുത്താന്‍ വേണ്ടിയാണ് നാം അവരെ ശകാരിച്ചതെന്നോ തിരിച്ചറിയാനുളള കഴിവ് ചെറിയ കുട്ടികള്‍ക്കില്ല. നാമെത്ര അവരോട് അതേക്കുറിച്ച് വിശദീകരണം നല്‍കിയാലും അവരുടെ അബോധമനസ്സ് അത് അംഗീകരിക്കുകയുമില്ല. അതിനാല്‍ തന്നെ അവരുടെ നിലപാട് അച്ഛന്‍/അമ്മ എന്നെ എപ്പോഴും വഴക്കു പറയുന്നു, അത് എന്നോട് ഇഷ്ടമില്ലാത്തതു കൊണ്ടാണ് അല്ലെങ്കില്‍ ഞാന്‍ ഒരു ചീത്തകുട്ടിയാണ്, അതാണ് അച്ഛനും അമ്മയും എന്നെ വഴക്ക് പറയുന്നത് – എന്നായിരിക്കും. താന്‍ മോശക്കാരനാണ് എന്ന ഉള്‍ബോധമാണ് ആത്മവിശ്വാസക്കുറവിന്‍റെ പ്രധാനഹേതു. ഇന്ന് നമുക്ക് ചുറ്റിലുമുളള ഒരുപാട് പേര്‍ക്ക് ആത്മവിശ്വാസക്കുറവ് ഒരു വലിയ പ്രശ്നമാണ്. അത് ചെറുപ്പത്തിലെ ലഭിക്കേണ്ട അംഗീകാരം ലഭിക്കാത്തത് കൊണ്ട് ഉണ്ടാവുന്നതുമാണ്.

അനുഭാവപൂര്‍വ്വം പെരുമാറണം എന്നത് കൊണ്ട് ചിട്ടകളില്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തണം എന്ന് അര്‍ത്ഥമാക്കുന്നില്ല. പറയാനുളളത് അനുഭാവപൂര്‍വ്വവും അവരുടെ വികാരങ്ങള്‍ കൂടെ മാനിച്ചാവണമെന്നുമേ ഉദ്ദേശിക്കുന്നുളളൂ. അങ്ങനെ പെരുമാറന്‍ നിങ്ങളുടെ ദേഷ്യം നിങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ദേഷ്യം മാറുന്നതു വരെ ആരോടും സംസാരിക്കാതെ ആ സാഹചര്യത്തില്‍ നിന്ന് മാറിപ്പോവുക, ദേഷ്യം തണുത്തതിന് ശേഷം സമാധാനമായി മറ്റുളളവരോട് ഇടപെടാം.

അനുഭാവപൂര്‍വ്വമുളള പെരുമാറ്റം വീട്ടില്‍ മാത്രമല്ല, അപരിചിതരോടുമാവാം. നമ്മള്‍ സമൂഹവുമായി ഇടപെടുന്ന ജോലിയിലാണ് എങ്കില്‍ നമ്മുടെ മുമ്പില്‍ വരുന്നവരോട് അനുഭാവത്തോടെ ഇടപെടാം. സംസാരത്തില്‍ അല്‍പ്പം മയം വരുത്തുന്നതു കൊണ്ട് ആര്‍ക്കും ദേഷമില്ലല്ലോ. ചില ഓഫീസുകളില്‍ പോയാല്‍ അവിടെയുളളവരുടെ പെരുമാറ്റം എന്ത് മോശമാണ് എന്ന് നാം ചിന്തിക്കാറില്ലേ, അതുപോലെ നമ്മുടെ പെരുമാറ്റവും ആര്‍ക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടായിരിക്കും എന്ന് ചിന്തിക്കാം.

കാരുണ്യത്തോടെയുളള പെരുമാറ്റം മാനസികസംഘര്‍ഷം കുറയ്ക്കുന്നതായും, നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതായും, നമ്മുടെ നെഗറ്റീവ് വികാരങ്ങള്‍ (ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെ) കുറയ്ക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാശ് ചിലവില്ലാതെ ഈ ഗുണങ്ങളെല്ലാം നമ്മുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതിലൂടെ നമുക്കും, നമ്മുടെ ചുറ്റിലുമുളളവര്‍ക്കും ലഭിക്കുമെങ്കില്‍ അത് നല്ലതല്ലേ. അതായത്, നമുക്കും മാത്രമല്ല നന്നായി പെരുമാറുന്നതിന്‍റെ ഗുണങ്ങള്‍ ലഭിക്കുന്നത് – നാം ഇടപെടുന്നവര്‍ക്ക് കൂടിയാണ്. ഡോപ്പമീന്‍, ഓക്സിടോസിന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഗുണകരമായ ന്യൂറോ കെമിക്കലുകള്‍ നമ്മുടെ തലച്ചോറില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇവയെല്ലാമകട്ടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാരുണ്യത്തോടെയുളള പെരുമാറ്റം മറ്റുളളവരോട് മാത്രമല്ല, അവനവനോടും വേണം. സ്വയം കുറ്റപ്പെടുത്തുകയും നിരാശരാകാതെയും സ്വയം പ്രചോദിപ്പിക്കുകയാണ് നാം വേണ്ടത്. മറ്റുളളവരുടെ ജീവിതത്തോട് താരതമ്യം ചെയ്ത് ദു:ഖിതരാകാതെ, ഇന്നലത്തേക്കാള്‍ മികച്ചതായി ഇന്ന് ജീവിക്കാം, പെരുമാറാം.