എന്താണ് യഥാര്‍ത്ഥ സപ്പോര്‍ട്ട്

എന്താണ് യഥാര്‍ത്ഥ സപ്പോര്‍ട്ട്

ഡോ: ചന്ദന ഡി. കറത്തുളളി

നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവപ്പെടാറുണ്ട്. ചില നിമിഷങ്ങളില്‍ താങ്ങാനാവുന്നതിലും വേദനയും സങ്കടവും മാനസികസംഘര്‍ഷവും നാം അനുഭവിക്കാറുമുണ്ട്. ഈ നിമിഷങ്ങളില്‍ താങ്ങായും തണലായും ചിലര്‍ നമ്മുടെ കൂടെ നില്‍ക്കും. അവര്‍ നല്‍കുന്ന സപ്പോര്‍ട്ട് ചിലപ്പോള്‍ ജീവിതകാലം മുഴുവനും നമ്മുടെ ഓര്‍മ്മയിലിരിക്കുകയും ചെയ്യും. ചില സമയങ്ങളില്‍ സപ്പോര്‍ട്ട് നല്‍കേണ്ട വ്യക്തി നമ്മളായിരിക്കും. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് താങ്ങായി നില്‍ക്കേണ്ടത് നമ്മുടെ ചുമതലയായിരിക്കും. ആ സമയത്ത് നമ്മളെക്കൊണ്ടാവുന്നതു പോലെ അവരുടെ കൂടെ നില്‍ക്കാന്‍ നാം സന്നദ്ധത കാണിക്കണം.

മറ്റുളളവര്‍ക്ക് നാം നല്‍കുന്ന സപ്പോര്‍ട്ട് പലവിധത്തിലാണ്. പൈസയോ അവശ്യവസ്തുക്കളോ ആയി സഹായം നല്‍കാം, വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാം, വൈകാരികമായ സപ്പോര്‍ട്ട് നല്‍കുകയും ചെയ്യാം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈകാരികമായ കൈതാങ്ങ് തന്നെയാണ്. കാരണം മാനസികസംഘര്‍ഷം അനുഭവിക്കുന്ന ഒരാളുടെ മനസ്സിന് കരുത്ത് നല്‍കിയാല്‍ ഏതു പ്രതിസന്ധിയും തരണം ചെയ്യാനും, പ്രശ്നങ്ങളെ സ്വയം മറികടക്കാനും അയാള്‍ക്ക് സാധിക്കും. മാത്രമല്ല, അങ്ങനെ സ്വയം ആ പ്രശ്നം മറികടക്കുമ്പോള്‍ ആ വ്യക്തിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ അടുത്ത് ഒരാള്‍ അയാളുടെ സങ്കടം പങ്ക് വയ്ക്കുമ്പോള്‍ നാമാദ്യം ചെയ്യുന്നത് അതിനു ഒരു പരിഹാരമാര്‍ഗ്ഗം പറഞ്ഞു കൊടുക്കുക എന്നതാണ്. അങ്ങനെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ഉടനടി നല്‍കുന്നത് ആ വ്യക്തിയുടെ മാനസികവിക്ഷോഭം കുറയ്ക്കാന്‍ ഉപകരിക്കില്ല. ഉദാഹരണത്തിന്, താങ്കളുടെ മേലധികാരിയോ, സുഹൃത്തോ, ബന്ധുവോ ആരെങ്കിലും താങ്കളുടെ മനസ്സിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചു എന്നിരിക്കട്ടെ. തീര്‍ച്ചയായും താങ്കള്‍ക്ക് അതില്‍ മന:പ്രയാസമുണ്ടാ യിട്ടുണ്ടാകും. ഈ വിവരം താങ്കള്‍ താങ്കളുടെ ഭാര്യയോടൊ, ഭര്‍ത്താവിനോടൊ മറ്റൊരു സുഹൃത്തനോടൊ, അച്ഛനമ്മമാരോടൊ പങ്ക് വയ്ക്കുകയാണ് എന്ന് സങ്കല്‍പ്പിക്കുക. ഓ, ഇതൊന്നും കാര്യമാക്കേണ്ടെന്നേ, ഒരു ചെവിയില്‍ കൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടാല്‍ മതി എന്നവര്‍ പ്രതികരിക്കുമ്പോള്‍ താങ്കള്‍ക്ക് എങ്ങനെ അനുഭവപ്പെടും? അതോ, ക്ഷമയോടെ താങ്കള്‍ക്ക് പറയാനുളളത് മുഴുവനും കേട്ടിരുന്ന് ശരിയാണ്, എനിക്കായാലും ഈ സാഹചര്യത്തില്‍ വിഷമം വരും എന്ന് പ്രതികരിക്കുന്നതാണോ കൂടുതല്‍ ആശ്വാസം നല്‍കുക? താങ്കളുടെ ഭാഗം കേട്ടു എന്ന തോന്നല്‍ രണ്ടാമത്തെ പ്രതികരണമല്ലേ ഉണ്ടാക്കുന്നത്.

നാമെല്ലാം പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുക എന്നതാണ് മാനസികസംഘര്‍ഷമുളളവര്‍ക്ക് ആശ്വാസം എന്നാണ് കരുതുക. എന്നാല്‍ അവര്‍ക്ക് പറയാനുളളത് സ്വസ്ഥമായി കേള്‍ക്കുകയും അവര്‍ക്കുളള മാനസികസംഘര്‍ഷം ഒരു തെറ്റല്ല, ആര്‍ക്കായാലും അങ്ങനെയേ തോന്നൂ എന്ന ആശ്വാസവാക്ക് നല്‍കുകയും ചെയ്യുമ്പോള്‍ അവരുടെ മാനസികസംഘര്‍ഷത്തിന് തെല്ലൊരയവ് ലഭിക്കുന്നു. തെളിഞ്ഞ മനസ്സോടെ പ്രശ്നത്തെ നോക്കിക്കാണാനുളള മന:സാന്നിദ്ധ്യം അവര്‍ക്ക് ലഭിക്കുന്നു.

അതിനു ശേഷം അവരോട് തന്നെ ചോദിക്കാം – ഈ പ്രശ്നം പരിഹരിക്കുന്നതിനായി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്ന്. അവരായിട്ട് തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കട്ടെ. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വയം തെരഞ്ഞെടുത്ത പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ പോവുകയും സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. അതിനായുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ അഭിപ്രായമായി മാത്രം പറയുന്നതാണ് ഉചിതം. അല്ലാതെ കുറെ ഉപദേശങ്ങള്‍ നല്‍കി അതെല്ലാം അവര്‍ പാലിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല.

മറ്റുളളവരുടെ പ്രശ്നങ്ങള്‍ക്ക് അവര്‍ തന്നെയാണ് പരിഹാരം കാണേണ്ടത്. അതിനായി അവരെ സഹായിക്കുക എന്നത് മാത്രമാണ് കൂടെയുളളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. പൊതുവെ മനുഷ്യരെല്ലാം വൈകാരികമായി ചിന്തിക്കുന്നവരാണ്. ബുദ്ധിപൂര്‍വ്വമായ ഉപദേശങ്ങള്‍ അതിനാല്‍ തന്നെ ഫലം ചെയ്യണമെന്നില്ല. ഉദാഹരണത്തിന്, വണ്ണം കുറയാന്‍ വ്യായാമം ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ഉപദേശം കിട്ടിയിട്ടുളള എല്ലാവരും കൃത്യമായി വ്യായാമം ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ ലോകം എത്രയോ നല്ല ഇടമായി മാറിയേനെ. മനുഷ്യരെല്ലാം അവരവരുടെ ഇഷ്ടം പോലെയും സൗകര്യം പോലെയും ശീലങ്ങള്‍ക്കനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ഉപദേശങ്ങള്‍ എല്ലാവരും ചെവിക്കൊളളണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അവര്‍ തന്നെ കണ്ടു പിടിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ പോകാനുളള സാധ്യത കൂടുതലാണ്. മാത്രമല്ല, അയാള്‍ സ്വയം കണ്ടെത്തുന്ന പരിഹാരങ്ങളിലൂടെ പോകാന്‍ സാധിക്കുകയും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആ വ്യക്തിയുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങള്‍ സ്വയം നേരിടാമെന്ന സ്വയം മതിപ്പും അയാള്‍ക്ക് ലഭിക്കുന്നു.

മുന്‍വിധികളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ കേള്‍ക്കുക എന്നത് ഏതൊരു വ്യക്തിയ്ക്കും മാനസിക കരുത്തേകുന്ന ഒരു സപ്പോര്‍ട്ടാണ്. എല്ലാം ക്ഷമയോടെ കേട്ടതിന് ശേഷം അയാളുടെ തെറ്റുകുറ്റങ്ങള്‍ വിശദീകരിച്ച് തിരിച്ച് ആക്രമിക്കുന്ന പ്രവണത നന്നല്ല. ഈ പ്രവണത പൊതുവേ നമ്മളെല്ലാവര്‍ക്കും ഉളളതിനാല്‍ തന്നെയാണ് നാം പൊതുവേ നമ്മുടെ പ്രശ്നങ്ങള്‍ മറ്റുളളവരോട് തുറന്ന് പറയുവാന്‍ മടിക്കുന്നത്. എന്താണ് നമ്മളെ മറ്റുളളവരെ ഇങ്ങനെ കടന്നാക്രമിക്കുവാന്‍ പ്രേരിപ്പിക്കുന്നത്? ഗവേഷകരുടെ അഭിപ്രായപ്രകാരം നമ്മുടെ സ്വന്തം പ്രശ്നങ്ങള്‍ക്ക് കാരണമായി സാഹചര്യങ്ങളെ കുറ്റപ്പെടുത്തുകയും മറ്റുളളവരുടെ പ്രശ്നങ്ങള്‍ക്ക് അവരുടെ സ്വഭാവത്തെ കുറ്റപ്പെടുത്തുകയും ചെയ്യാനുളള സാധ്യതകള്‍ ഏറെയാണത്രെ. അതായത് എന്‍റെ പ്രശ്നങ്ങള്‍ എന്‍റെ സാഹചര്യം കൊണ്ടാണ് എന്നും നിന്‍റെ പ്രശ്നങ്ങള്‍ നിന്‍റെ സ്വഭാവം കൊണ്ടാണ് എന്നും പറയാന്‍ ആണെത്രെ നമുക്കിഷ്ടം. എന്നാല്‍ അത് ശരിയായ പ്രവണതയല്ല. മറ്റുളളവരുടെ സാഹചര്യം കൂടെ മനസ്സിലാക്കി പെരുമാറാന്‍ സാധിച്ചാല്‍ മാത്രമേ അവര്‍ക്ക് ഒരു കൈതാങ്ങായി നമുക്ക് നിലകൊളളാന്‍ സാധിക്കൂ. വ്യവസ്ഥകളില്ലാതെ അവരുടെ ഭാഗം അറിയാനും, വ്യവസ്ഥകള്‍ക്കതീതമായുളള ഒരു പോസിറ്റീവ് സമീപനം ഉണ്ടാക്കുവാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു. അല്ലാതെ നമ്മുടെ ചുറ്റുമുളളവര്‍ ചെയ്യേണ്ടത് ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്ന് മാത്രം പറഞ്ഞിരുന്നിട്ട് ഫലമില്ല.

മറ്റുളളവരുടെ അവസ്ഥ നാം മനസ്സിലാക്കിയതു കൊണ്ട് മാത്രമായില്ല. നാം അവരുടെ അവസ്ഥ മനസ്സിലാക്കുന്നു, എന്തുകൊണ്ട് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നു എന്ന് നാമറിയുന്നു എന്ന സന്ദേശം നമ്മുടെ പെരുമാറ്റത്തില്‍ പ്രകടമാവുകയും വേണം. പറയുന്ന വാക്കുകളില്‍ അതീവ ശ്രദ്ധ ചെലുത്തുകയും അത്യന്താപേക്ഷിതം തന്നെ. എതിര്‍പ്പ് പ്രകടിപ്പിക്കണമെങ്കില്‍ കൂടിയും സമയവും സാഹചര്യവും ശ്രദ്ധിച്ചു വേണം. പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ മറന്നാലും കേട്ടവരും അനുഭവിച്ചവരും എളുപ്പം മറക്കണമെന്നില്ല.

നെഗറ്റീവ് വികാരങ്ങളെ അംഗീകരിക്കുക എന്നത് നമുക്കിന്നും പ്രയാസം തന്നെയാണ്. ഒരു കുഞ്ഞിന്‍റെ ചിരിയോ സന്തോഷമോ അംഗീകരിക്കാന്‍ നമുക്കെളുപ്പം സാധിക്കും, എന്നാല്‍ ആ കുഞ്ഞ് കരയുകയോ ദേഷ്യപ്പെടുകയോ ചെയ്താല്‍ നാം ചോദിക്കും – എന്തിനാ കരയുന്നത്, എന്തിനാ ദേഷ്യപ്പെടുന്നത് എന്ന്, എന്നിട്ട് ഉപദേശിക്കും – ദേഷ്യപ്പെടല്ലേ, കരയല്ലേ എന്ന്. ഈ സന്ദേശം ലഭിച്ചു വളരുന്ന കുട്ടി തന്‍റെ ദേഷ്യവും സങ്കടവും കഴിയുന്നത്ര ഉളളിലൊതുക്കി ജീവിക്കാനല്ലേ ശ്രമിക്കുക. അത് ആരോഗ്യകരമാണോ? ഏത് വികാരത്തെ പോലെ ദേഷ്യവും സങ്കടവുമെല്ലാം കുഞ്ഞ് പ്രകടിപ്പിക്കട്ടെ – അതിനെ ആരോഗ്യകരമായ രീതിയില്‍ നേരിടാന്‍ ആ കുഞ്ഞിന് പരിശീലനം നല്‍കണം – സങ്കടം വരുമ്പോള്‍ ആ കുഞ്ഞിനെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കാം, ദേഷ്യം കാണിക്കുമ്പോള്‍ തനിക്ക് എന്തിനാണ് ദേഷ്യം വരുന്നത് എന്ന് കുഞ്ഞിന് പറഞ്ഞു കൊടുക്കാം. അല്‍പ്പനേരം കാത്തിരുന്നാല്‍ ദേഷ്യം തന്നെ കുറയുമെന്നും, ബഹളം വയ്ക്കുകയോ അക്രമാസക്തത കാട്ടുകയോ വേണ്ടെന്നും, ദേഷ്യം കുറയുന്നതു വരെ നാം കാത്തിരിക്കാമെന്നും പറയാം. അല്ലാതെ കുഞ്ഞിന്‍റെ ദേഷ്യം നമ്മളെ ദേഷ്യപ്പെടുത്തുകയും, ആ ദേഷ്യം കുഞ്ഞിന്‍റെ മേലെ തന്നെ പ്രയോഗിക്കുകയും ചെയ്യുന്നത് ശരിയല്ല.

നാമടക്കം ആരും സമ്പൂര്‍ണ്ണരല്ല. ആര്‍ക്കും തെറ്റുകുറ്റങ്ങള്‍ സംഭവിക്കാം – എല്ലാ കുറവുകളോടും കൂടെ കൂടെയുളളവരെ അംഗീകരിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന കൈതാങ്ങ് നല്‍കി അവരെ സമാശ്വസിപ്പിക്കാന്‍ നമുക്ക് സാധിക്കും.