പ്രത്യാശ

പ്രത്യാശ

ഡോ: ചന്ദന ഡി. കറത്തുളളി

വിജയത്തിലേക്കുളള ചൂണ്ടുപലകകളാണ് കഴിവ്, മനോധൈര്യം, ബുദ്ധിശക്തി, അര്‍പ്പണബോധം എന്നിവയെല്ലാം. എന്നിരുന്നാലും അത്യന്താപേക്ഷിതമായി വിജയത്തിന്‍റെ പാതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ വേണ്ടത് ഭാവിയെക്കുറിച്ചുളള പ്രത്യാശയാണ്. കഠിനാധ്വനം ചെയ്യാനും വലിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാനുമെല്ലാം മനുഷ്യന് ഊര്‍ജ്ജം പകരുന്നത് പ്രത്യാശ തന്നെ. തകരുമെന്ന് നൂറു ശതമാനം സ്വയം വിശ്വസിക്കുന്ന ഒരു സ്വപ്നത്തിനു പിന്നാലെയും ഒരാളും പോയിട്ടില്ല. ലോകം മുഴുവന്‍ നിനക്ക് സാധിക്കല്ല എന്ന് വിളിച്ചു പറഞ്ഞാലും, ഉളളിന്‍റെ ഉളളില്‍ താന്‍ വിജയിക്കും എന്ന പ്രത്യാശ സൂക്ഷിക്കുന്നവര്‍ മാത്രമേ വിജേതാക്കളായിട്ടുളളൂ.

മന:ശാസ്ത്രത്തിലും പ്രത്യാശയ്ക്കുളള പങ്ക് ചെറുതല്ല. പോസിറ്റീവ് സൈക്കോളജിയുടെ തന്നെ വലിയ ഒരു ശാസ്ത്രീയ അടിത്തറ പ്രത്യാശയ്ക്കായുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ പ്രത്യാശ? പ്രത്യാശ എന്നത് താനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലേക്ക് തനിക്ക് എത്താന്‍ സാധിക്കും എന്ന ഒരാളുടെ വിശ്വാസമാണ്. അത്തരമൊരു വിശ്വാസമാകട്ടെ ആ വ്യക്തിയെ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രചോദനമേകുകയും ചെയ്യുന്നു. ഭാവിയെക്കുറിച്ചുളള പ്രത്യാശ കാത്തു സൂക്ഷിക്കുന്നവരില്‍ പഠനം, കായികം, ആരോഗ്യം, മാനസികമായ സ്വാസ്ഥ്യം എന്നിവയില്ലെല്ലാം മികച്ച പുരോഗതി കൂടുതലായി കണ്ടു വരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുളള വഴികളെക്കുറിച്ച് ഉയര്‍ന്ന പ്രത്യാശ കാത്തുസൂക്ഷിക്കുന്നവര്‍ നിരന്തരം ചിന്തിക്കുകയും, അതിനായി കഠിനാധ്വനം ചെയ്യുകയും ചെയ്യുന്നു എന്നും പറയപ്പെടുന്നു. അക്കൂട്ടര്‍ ഒരു വഴി അടഞ്ഞാലും മറ്റു വഴികളിലൂടെ വിജയത്തിന്‍റെ പാതയിലെത്താനാവുമെന്ന ഉറച്ച വിശ്വാസം ഉളളില്‍ സൂക്ഷിക്കുന്നു. പെട്ടെന്ന് തോറ്റു പിډാറുന്നവരല്ല ഉയര്‍ന്ന പ്രത്യാശ കാത്തുസൂക്ഷിക്കുന്നവര്‍. മുന്നോട്ട് പോകാനുളള ഇച്ഛാശക്തി പ്രദാനം ചെയ്യുന്നതില്‍ പ്രത്യാശയ്ക്കുളള പങ്ക് ചെറുതല്ല എന്ന് സാരം.

ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉണ്ടാവുന്നത് ജീവിതത്തിന് അര്‍ത്ഥം പകരുമെന്ന് നമുക്ക് അറിയാം. എന്നാല്‍ ലക്ഷ്യത്തിലെത്തിചേരാനുളള മറ്റു ഘടകങ്ങളും നമുക്കുണ്ടായാലേ ആ അര്‍ത്ഥം പൂര്‍ണ്ണമാകൂ. എന്നാല്‍ മാത്രമേ എല്ലാ തടസ്സങ്ങളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ സാധിക്കൂ. അതിനാല്‍ തന്നെയാണ് പ്രത്യാശ നിറഞ്ഞ മനസ്സോടെ ലക്ഷ്യങ്ങളെ സമീപിക്കുന്നവര്‍ക്ക് വിജയം നേടാന്‍ സാധിക്കുന്നത്.

ലക്ഷ്യത്തിലെത്തുക എന്നതിനപ്പുറം പ്രത്യാശയ്ക്ക് മറ്റു വശങ്ങളുമുണ്ട്. ജീവിതത്തിലെ പല പ്രയാസഘട്ടങ്ങളേയും നേരിടാന്‍ പ്രത്യാശ അത്യാവശ്യം തന്നെ. ചില സമയങ്ങളില്‍ അത് നഷ്ടപ്പെടുമ്പോഴാണ് നമ്മെ നിരാശ ബാധിക്കുന്നതും വിഷാദരോഗത്തിന് വരെ നാം അടിമപ്പെടുന്നതും. വിഷാദരോഗത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം തന്നെ മുമ്പ് സന്തോഷം നല്‍കിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുളള വിരസതയും ഭാവിയെക്കുറിച്ചുളള പ്രത്യാശയി ല്ലായ്മയുമാണ്. അതിനാല്‍ തന്നെ വിഷാദരോഗികള്‍ ദൈനംദിന കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ ഉത്സാഹമില്ലാത്തവരായി കാണപ്പെടുന്നു. ആത്മഹത്യാപ്രവണത വരെ വിഷാദരോഗികളില്‍ കാണുന്നതിന്‍റെ ഒരു കാരണം ഭാവിയെക്കുറിച്ചുളള പ്രത്യാശയില്ലായ്മയാണ്. കൃത്യമായ ചികത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരിച്ചു കൊണ്ട് വരാവുന്നതാണ്. എന്നാല്‍ മാനസിക പ്രയാസങ്ങള്‍ക്ക് ചികത്സ തേടാനുളള വിമുഖത പലരിലും കൃത്യമായ ചികത്സ ലഭ്യമല്ലാതെ പോകുന്നുണ്ട്. കൗണ്‍സിലിംഗ് എന്നാല്‍ വെറും ഉപദേശിക്കല്‍ മാത്രമാണ് എന്ന ചിന്താഗതിയും കൃത്യമായ പരിശീലനം നേടാത്തവര്‍ക്ക് മുന്നില്‍ രോഗികളെ എത്തിക്കുന്നു. അത്തരം തെറ്റായ ചിന്താഗതികളും ഫലപ്രദമായ ചികത്സയ്ക്ക് തടസ്സം നില്‍ക്കുന്നു.

ജീവിതത്തിലെ പ്രത്യാശ നഷ്ടപ്പെടുന്നതിന്‍റെ മറ്റൊരു മുഖമാണ് വര്‍ദ്ധിച്ചു വരുന്ന നിരാശയും ഫ്രസ്ട്രേഷനും. നമ്മള്‍ ആഗ്രഹിച്ച ജീവിതം കിട്ടാതെ വരുമ്പോള്‍, നമ്മള്‍ ആഗ്രഹിച്ച പോലെ പലതും നടക്കാതെ വരുമ്പോള്‍, നമുക്ക് ഇഷ്ടപ്പെടാത്ത പല സാഹചര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുമ്പോളുമെല്ലാം നിരാശയുടെ പടുകുഴിയിലേക്ക് നാം വീണു പോകുന്നു. എന്‍റെ ജീവിതസാഹചര്യത്തെ എനിക്ക് മാറ്റാന്‍ സാധിക്കുന്നില്ല എന്ന തോന്നല്‍ നിരാശയും ഫ്രസ്ട്രേഷനും വര്‍ദ്ധിപ്പിക്കുന്നു. ചുറ്റുമുളള എല്ലാത്തിനോടും എല്ലാവരോടും വെറുപ്പും വിദ്വേഷവും ഇത്തരമൊരു നിരാശയില്‍ .നിന്നും ഉടലെടുത്തേക്കാം. നമ്മുടെ പ്രത്യാശയും ആത്മവിശ്വാസവും കാര്‍ന്നു തിന്നുന്ന ഒന്നു തന്നെയാണ് ഈ നിരാശ. പൊതുവെ ആത്മവിശ്വാസമുളളവര്‍ക്കും പ്രത്യാശയോടെ ഭാവിയെ നേരിടുന്നവര്‍ക്കും വളരെ പെട്ടെന്ന് തന്നെ നിരാശയെ മറികടക്കാവുന്നതാണ. അങ്ങനെയുളളവര്‍ പ്രശ്ന പരിഹാരത്തിനുളള വഴികള്‍ അന്വേഷിക്കുകയും, വേഗം തന്നെ മനോധൈര്യം വീണ്ടെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലരാകട്ടെ പരാതി പറഞ്ഞിരിക്കുക മാത്രമായിരിക്കും ചെയ്യുന്നത്. തന്നെ കൊണ്ടാവുന്ന പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെതന്നെ തന്നെയും തന്‍റെ ജീവിതസാഹചര്യങ്ങളെയും കുറ്റം പറഞ്ഞിരിക്കുന്നതു കൊണ്ട് എന്ത് ഫലം?

നമ്മുടെ ജീവിതത്തില്‍ സംഭവിച്ചു പോകുന്ന പരാജയങ്ങളും പ്രശ്നങ്ങളുമെല്ലാം ഒരുപരിധി വരെ നമ്മുടെ നിയന്ത്രണത്തിന് അതീതമാകാം. എന്നാല്‍ അവയോട് എങ്ങനെ പ്രതികരിക്കണമെന്നത് നമ്മുടെ മാത്രം തീരുമാനമാണ്. പ്രതികൂലസാഹചര്യങ്ങളില്‍ നിന്നു വരുന്ന എല്ലാവരും പരാജിതരായിട്ടില്ല, ജീവിത വിജയം നേടിയ ബഹുഭൂരിപക്ഷം പേര്‍ക്കും പറയാന്‍ അവരുടെ ജീവതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെ നേരിട്ട രീതിയിലാണ് വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുളള വ്യത്യാസം. ചിലര്‍ ദുരനുഭവങ്ങളില്‍ നിന്നും വീണ്ടും വീണ്ടും ഊര്‍ജ്ജം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ ചിലരാകട്ടെ സ്വയം തന്നെ നിരാശയുടെ പടുകുഴിയില്‍ ഇറങ്ങി കിടന്ന് നിഷ്ക്രിയരാകുന്നു. ഉണര്‍ന്നെഴുന്നേറ്റ് ജീവിത വിജയത്തിനായി പ്രയത്നിക്കാതെ ഭാഗ്യദേവത കടാക്ഷിക്കുന്നതും സ്വപ്നം കണ്ട് തന്‍റെ ജീവിതസാഹചര്യങ്ങളെ കുറ്റപ്പെടുത്തിയിട്ട് ഒന്നും നേടാനാകില്ല.

പ്രശ്നങ്ങള്‍ രണ്ട് വിധമാണ് – പരിഹാരമുളളവയും പരിഹാരമില്ലാത്തവയും. പരിഹാരമുളള പ്രശ്നങ്ങളെ നേരിടുക തന്നെ വേണം. പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയും പരിഹാരത്തിനായി കഠിനാധ്വനം ചെയ്തും പ്രത്യാശയോടെ മുന്നോട്ടു കുതിച്ചാല്‍ തീര്‍ച്ചയായും ഭാവി നല്ലതായിരിക്കും. പരിഹാരമില്ലാത്ത പ്രശ്നങ്ങളും നിരവധിയാണ്. പ്രിയപ്പെട്ടവരുടെ മരണം തന്നെ അതിനൊരുദാഹരണമാണ്. അതിന് പ്രതിവിധി ഒന്നേയുളളൂ – ആ അവസ്ഥ അംഗീകരിക്കുക എന്നത്. അതുപോലെ തന്നെ അംഗീകരിക്കേണ്ട ഒന്നാണ് നമ്മുടെ ചുറ്റുമുളളവരുടെ സ്വഭാവരീതികള്‍. മറ്റുളളവരെ മാറ്റാന്‍ നമുക്ക് സാധിക്കണമെന്നില്ല, സ്വയം മാറാനേ ചിലപ്പോള്‍ നമുക്ക് സാധിക്കൂ. അങ്ങനെയുളള സാഹചര്യങ്ങളില്‍ സ്നേഹിക്കുന്നവരെ അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവരെ അംഗീകരിക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാനാവുന്നത്. എന്നിട്ട് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ എനിക്ക് എന്ത് ചെയ്യാനാവും എന്ന് ചിന്തിക്കാം. അതിനായുളള മാര്‍ഗ്ഗങ്ങള്‍ തേടാം. അണയാത്ത ഒരിത്തിരി വെട്ടമായി പ്രത്യാശയെ ഉളളില്‍ കൊണ്ട് നടക്കാം. എന്‍റെ ഇന്നലെകളെക്കാള്‍ മികച്ച ഒരു നാളെ എനിക്കായി കാത്തിരിക്കുന്നു എന്ന വിശ്വാസം തന്നെ നമുക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.