സ്വപ്നങ്ങള്‍ സ്വന്തമാക്കണം
ഡോ: ചന്ദന ഡി. കറത്തുളളി
നമുക്കെല്ലാം സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ യുണ്ട്. നേടിയെടുക്കാനും സ്വന്തമാക്കാനും എല്ലാം ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവ നേടിയെടുക്കുന്നവരും നേടിയെടുക്കാത്തവരും തമ്മിലുളള വ്യത്യാസം അവരുടെ അര്‍പ്പണബോധത്തിലും പ്രയത്നത്തിലുമാണ്. അതാകട്ടെ വളരെ കുറച്ചു പേരില്‍ മാത്രം കണ്ടു വരുന്നതുമാണ്. എന്നാല്‍ ശ്രമിച്ചാല്‍ ആര്‍ക്കും ശീലിച്ചെടുക്കാവുന്നതുമാണത്. ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാ നുളള ബുദ്ധിശക്തിയും ആര്‍ജ്ജവവും നമുക്കെല്ലാവര്‍ക്കുമുണ്ട്. അത് ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നു മാത്രം. അതിനായുളള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇത്തവണ.
1) സ്വപ്നങ്ങളുണ്ടായിരിക്കണം:
നമ്മെ മുന്നോട്ട് നയിക്കുന്നതെന്നും സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണല്ലോ. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോ ടെയുളള സ്വപ്നങ്ങള്‍ ഉണ്ടായിരിക്കുക എന്നത് പ്രാധാനമാണ്. എനിക്ക് എന്തുകൊണ്ട് ഇത് നേടണം എന്ന ചോദ്യത്തിനും നമ്മുടെ പക്കല്‍ ശരിയായ ഉത്തരം ഉണ്ടായിരിക്കേണ്ടതുമാണ്. എന്നാല്‍ മാത്രമേ അവയ്ക്കായി പ്രയത്നിക്കാന്‍ നാം മനസ്സു വയ്ക്കൂ. ഉദാഹരണത്തിന്, എനിക്ക് പത്ത് കോടി നേടണം എന്ന് ഒരാള്‍ സ്വപ്നം കാണുന്നതു കൊണ്ട് തെറ്റില്ല, എന്നാല്‍ നേരായ മാര്‍ഗ്ഗത്തില്‍ എങ്ങനെ നേടാം എന്നതിന് യാഥാര്‍ത്ഥബോധത്തോടെ ഒരു മറുപടി അയാള്‍ക്കുണ്ടായിരിക്കാനുളള സാധ്യത വിരളമാണ്. മറിച്ച് څപതിയെ പത്ത് കോടി ടേര്‍ണോവറിലെത്താന്‍ സാധ്യതയുളള ഒരു ബിസിനസ്സ് എനിക്ക് ആരംഭിക്കണം എന്ന ആഗ്രഹം അല്‍പ്പം കൂടെ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്നതാണ്. ആദ്യം സൂചിപ്പിച്ച സ്വപ്നം നടക്കാന്‍ സാധ്യത കുറവാണ് എന്ന് അത് സ്വപ്നം കാണുന്നയാള്‍ക്ക് തന്നെ ബോധ്യമുണ്ടായിരിക്കും. അതിനാല്‍ തന്നെ അയാള്‍ അതിനു പ്രയത്നിക്കാനുളള സാധ്യതയും കുറവാണ്. അത്കൊണ്ട് യാഥാര്‍ത്ഥ്യത്തോടെയുളള സ്വപ്നങ്ങള്‍ സൂക്ഷിക്കുക എന്നത് പ്രധാനമാണ്.
വ്യക്തമായ സ്വപ്നങ്ങള്‍ അഥവാ ആഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം എന്നതാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. അതായത് നമ്മുടെ ആവശ്യം എന്താണോ അത് വ്യക്തവും സ്പഷ്ടവുമായിരിക്കണം. ഉദാഹരണത്തിന്, എനിക്ക് വണ്ണം കുറയ്ക്കണം എന്നത് തികച്ചും അവ്യക്തമായ ഒരാഗ്രഹമാണ്. മറിച്ച് എനിക്ക് രണ്ട് മാസത്തിനുളളില്‍ അഞ്ച് കിലോ കുറയ്ക്കണം എന്നത് വ്യക്തവും സ്പഷ്ടവുമായ ആഗ്രഹമാണ്. അതുപോലെ തന്നെ എനിക്ക് ജീവിതവിജയം നേടണം എന്നതും വ്യക്തമല്ല. മറിച്ച് ജീവിതവിജയം നേടാന്‍ എന്നെ സഹായിക്കുന്ന മികച്ച ഒരു സര്‍ക്കാര്‍ ജോലി എനിക്ക് നേടിയെടുക്കണം എന്നത് അല്‍പ്പം കൂടെ വ്യക്തമായ ഒരാഗ്രഹമാണ്.
ഈ ആഗ്രഹം നേടിയെടുക്കുന്നതു കൊണ്ട് എനിക്ക് എന്ത് ഫലം എന്നതിനും നമുക്ക് ഉത്തരമുണ്ടായിരിക്കണം. മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ രണ്ട് മാസം കൊണ്ട് അഞ്ച് കിലോ കുറച്ചാല്‍ എനിക്കെന്ത് ഫലം എന്നതിന് ഒരു ഉത്തരം നമ്മുടെ മനസ്സില്‍ ഉണ്ടെങ്കിലേ അതിനായി പ്രയത്നിക്കാന്‍ വേണ്ടിയുളള ആര്‍ജ്ജവം നമുക്ക് ലഭിക്കൂ. രണ്ട് മാസത്തിനുളളില്‍ കുടുംബത്തില്‍ നടക്കാന്‍ പോകുന്ന വിവാഹത്തിന് ഞാന്‍ എല്ലാവരെയും മെലിഞ്ഞ് സുന്ദരിയോ സുന്ദരനോ ആയ ഞെട്ടിക്കും എന്ന് മനസ്സില്‍ ആണയിട്ടുറപ്പിക്കാം. രണ്ടാമത്തെ ഉദാഹരണത്തില്‍ ജീവിതവിജയം നേടാന്‍ സര്‍ക്കാര്‍ ജോലിയ്ക്കായി പ്രയത്നിക്കുന്നതിന് മുമ്പ് ജീവിതവിജയം നേടുക എന്നത് കൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ചിന്തിക്കാം. ചിലര്‍ക്ക് പണം സമ്പാദിക്കുക എന്നതായിരിക്കും ജീവിതവിജയം, മറ്റ് ചിലര്‍ക്ക് സ്ഥാനമാനങ്ങളാകാം. എന്‍റെ ജീവിതത്തില്‍ ഞാന്‍ വിജയിച്ചു എന്ന് എനിക്ക് തോന്നണമെങ്കില്‍ ഞാന്‍ എന്താണ് നേടേണ്ടത് – അത് ഈ ജോലിയിലൂടെ എനിക്ക് ലഭിക്കുമോ എന്ന് ചിന്തിക്കാം. ആഗ്രഹിച്ച രീതിയിലുളള വീട് വയ്ക്കാന്‍, കുടുംബത്തിന് സാമ്പത്തികസുരക്ഷിതത്വം നല്‍കാന്‍, എന്നിങ്ങനെയുളള ഉത്തരങ്ങള്‍ നമ്മുടെ മനസ്സിലുണ്ടെങ്കിലേ നാം ആ ഒരു ജോലി നേടാനായി ആത്മാര്‍ത്ഥമായി അധ്വാനിക്കൂ.
എന്ത്കൊണ്ട് ഞാനിത് നേടണം എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെങ്കില്‍ മാത്രമേ ഒരാള്‍ ഒരു കാര്യത്തിന് വേണ്ടി അധ്വാനിക്കൂ. ഈ ചോദ്യത്തിന് ഉത്തരമില്ലാത്തത് ഇന്നത്തെ കുട്ടികളുടെ അലസതയ്ക്ക് വലിയൊരു കാരണമാണ്. പണ്ട് ഇല്ലായ്മകളേയും വല്ലായ്മകളേയും പൊരുതി തോല്‍പ്പിച്ച് ജീവിതവിജയം നേടിയവര്‍ക്ക് അവരനുഭവിച്ച കഷ്ടതകള്‍ മറികടക്കണമെന്നത് അവരുടെ സ്വപ്നങ്ങള്‍ക്ക് നിറമേകിയിരുന്നു. ഇന്ന് അച്ഛനമ്മമാര്‍ കഷ്ടതകളോ പ്രയാസങ്ങളോ അറിയിക്കാതെ മക്കളെ വളര്‍ത്തുന്നത് കൊണ്ട് അവര്‍ക്ക് വലിയ സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളെല്ലാം അച്ഛനമ്മമാര്‍ നേടിയെടുത്ത് നല്‍കുന്നതിനാല്‍ എന്തിന് ഞാന്‍ അധ്വാനിക്കണം എന്ന ചിന്ത അവരില്‍ പ്രകടവുമാണ്. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും താല്‍ക്കാലികമായ സുഖങ്ങളില്‍ ഒതുങ്ങി പോകുന്നതും അതിനാലാണ്. അതിനോടൊപ്പം ഇന്നത്തെ സുഖങ്ങള്‍ മാറ്റി വച്ച് നല്ലൊരു നാളേയ്ക്കായി അധ്വാനിക്കുന്നതിനുളള മനോബലമോ ആര്‍ജ്ജവമോ കുഞ്ഞുങ്ങളെ ശീലിപ്പിക്കാതെ പോകുന്നതും അവരുടെ അലസമനോഭാവത്തിന് കാരണമാണ്.
2) ഒഴിവുകഴിവുകള്‍ ഒഴിവാക്കാം:
എനിക്ക് ഈ സ്വപ്നത്തിനായി പ്രയത്നിക്കാതിരിക്കാന്‍ എനിക്കൊരുപാട് കാരണങ്ങളുണ്ടാവാം. എന്നാല്‍ അവയൊന്നും എന്നെ പിന്നോട്ട് വലിക്കില്ല എന്ന മനോഭാവം സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രധാനമാണ്. എന്‍റെ അച്ഛനോ അമ്മയോ ഇങ്ങനെ ആയത് കൊണ്ടാണ് ഞാനിങ്ങനെ, എനിക്ക് വേണ്ടത്ര സാമ്പത്തികസുരക്ഷിതത്വം ഇല്ലാത്തത് കൊണ്ടാണ്, എന്‍റെ ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് എന്നിങ്ങനെ പറയാനായി നമുക്കെല്ലാം ഒരുപാട് ന്യായങ്ങള്‍ കാണുമായിരിക്കും. എന്നാല്‍ അവയെല്ലാം മാറ്റി വച്ച് കഠിനാധ്വനം ചെയ്യുവാനുളള മനസ്സുളളവര്‍ മാത്രമേ ജീവിതവിജയം നേടുന്നൂളളൂ. ന്യായങ്ങള്‍ നിരത്താതെ എനിക്ക് എന്ത് ചെയ്യാനാകും എന്ന് ചിന്തിച്ച് മുന്നോട്ട് പോകുന്നവര്‍ മാത്രമാണ് എന്തെങ്കിലും നേടിയിട്ടുളളത്.
3) ഉത്തരവാദിത്വബോധം കാത്തു സൂക്ഷിക്കാം:
നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നോ അതിനെല്ലാം നൂറ് ശതമാനം ഉത്തരവാദി നാം തന്നെയാണ് എന്ന മനോഭാവമുളളവര്‍ മാത്രമാണ് സ്വന്തം ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് കുതിക്കൂ. അല്ലാത്തവര്‍ മറ്റുളളവരെ കുറ്റപ്പെടുത്തിയും മറ്റുളളവരെ പഴിചാരിയും വൃഥാ ജീവിതം മുന്നോട്ട് തളളി നീക്കും. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും, അത് നല്ലതായാലും ചീത്തയായാലും, അവയുടെ ഉത്തരവാദിത്വം നാം ഏറ്റെടുത്തേ മതിയാകൂ. എന്നാല്‍ മാത്രമേ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാന്‍ നാം ശ്രമിക്കൂ. മറ്റുളളവരുടെ തണല്‍പറ്റി ജീവിക്കുന്നത് ഒരിക്കലും നമ്മെ ജീവിത വിജയത്തിലേക്ക് നയിക്കില്ല. മറിച്ച് എങ്ങനെയെങ്കിലും ജീവിതം തളളി നീക്കാമെന്ന് മാത്രം.
4) വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടാക്കാം:
വെറുതെ കുറെ ആഗ്രഹങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചത് കൊണ്ടായില്ല. അവ നേടിയെടുക്കാന്‍ വേണ്ട വ്യക്തമായ പ്ലാന്‍ മനസ്സില്‍ വേണം. ഞാന്‍ ഒരു ദിവസം ഒരു വീട് വയ്ക്കും എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചത് കൊണ്ടായില്ല. അതിനായി മികച്ച ഒരു ആക്ഷന്‍ പ്ലാന്‍ നമുക്കുണ്ടായിരിക്കണം. അതായത് എന്‍റെ ബഡ്ജറ്റിനനുസരിച്ച് ഇത്ര ലക്ഷം രൂപയുടെ ഒരു വീടാണ് എനിക്ക് വേണ്ടത്. അതിനായി ഇത്ര രൂപ ഞാന്‍ മുന്നേ കരുതേണ്ടതുണ്ട്. ഇത്ര നാള്‍ ഇത്ര രൂപ വച്ച് ഞാന്‍ മാറ്റി വയ്ക്കുകയും, ഇത്ര സമയം ഞാന്‍ ഇത്ര നാള്‍ ഓവര്‍ടൈം ചെയ്ത് സമ്പാദിക്കുകയും ചെയ്താല്‍ ഇത്ര വര്‍ഷത്തിനുളളില്‍ എനിക്ക് വീട് സ്വന്തമാക്കാം – എന്നിങ്ങനെയുളള ആക്ഷന്‍ പ്ലാന്‍ ആണ് നമുക്കാവശ്യം. അല്ലാതെ ലോട്ടറിയടിക്കുമ്പോള്‍ വീട് വയ്ക്കാം എന്ന പ്ലാന്‍ നടക്കുക പ്രയാസം തന്നെ. സ്വന്തം സ്വപ്നങ്ങള്‍ നടത്തിയെടുക്കാന്‍ വ്യക്തമായ പ്ലാന്‍ ഉണ്ടാക്കിയെടുക്കുകയും അതിനായി നിത്യേന നാം പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. അല്‍പ്പം കൂടെ വ്യക്തതയ്ക്കായി ആ പ്ലാന്‍ എഴുതി സൂക്ഷിക്കുകയും, ഓരോ ജോലിയും ചെയതു തീര്‍ക്കാനായി സമയപരിധി നിശ്ചയിക്കുകയും, അതിനുളളില്‍ ചെയ്തു തീര്‍ക്കുകയും വേണം. അതായത് ഒരു പുസ്തകം എഴുതി തീര്‍ക്കണമെന്നതാണ് എന്‍റെ സ്വപ്നമെങ്കില്‍ എത്ര നാള്‍ക്കുളളില്‍ എഴുതണമെന്നും അതിനായി നിത്യവും ഞാന്‍ എത്ര മാത്രം എഴുതണമെന്നും വായിക്കണമെന്നുമുളള വ്യക്തതയുണ്ടെങ്കിലേ ഞാന്‍ അത് ചെയ്ത തീര്‍ക്കൂ. അല്ലെങ്കില്‍ എന്നെങ്കിലും ഒരു പുസ്തകം എഴുതണമെന്ന ഒരാഗ്രഹമായി എന്നും അത് മനസ്സില്‍ കിടക്കുകയേ ഉളളൂ.
5) ജോലികള്‍ തുടങ്ങാം, വൈകാതെ:
ആത്മാര്‍ത്ഥമായ പ്രയത്നം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്നിരിക്കെ ഈ പ്രയത്നം എന്ന് ആരംഭിക്കണമെന്നതില്‍ വ്യക്തത കൈവരിക്കേണ്ടതുണ്ട്. നാളെ നാളെ നീളെ നീളെ എന്നു പറഞ്ഞതു പോലെ നീട്ടി വച്ച് പോയാല്‍ ഒരിക്കലും നാം ജോലികള്‍ ആരംഭിക്കില്ല. അടുത്ത മാസം ഒന്നാം തീയതി മുതല്‍ വ്യായാമം ചെയ്യാനാരംഭിക്കാം എന്ന് എല്ലാ മാസവും പ്രതിജ്ഞയെടുത്താല്‍ വണ്ണം കുറയുമോ? കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മുഹൂര്‍ത്തം നോക്കിയിരിക്കാതെ ഉടനടി ചെയ്തു തുടങ്ങുന്നതാണ് അത്യുത്തമം. ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദമല്ലേ എന്തെങ്കിലും ചെയ്യുന്നത്. അതിനാല്‍ ചെറുതാണെങ്കിലും ആദ്യചുവട് വയ്ക്കുക എന്നത് പ്രധാനമാണ്. അടുത്തമാസം ഒന്നാം തീയതിയിലേക്ക് കാത്തു നില്‍ക്കാതെ ആദ്യചുവട് ഇന്ന് തന്നെ വെച്ചോളൂ.
ഇവയ്ക്കെല്ലാം പുറമേ മനസ്സില്‍ എപ്പോഴും പോസിറ്റീവായുളള നിഗമനങ്ങള്‍ സൂക്ഷിക്കുകയും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവുകയും മാനസികോര്‍ജ്ജം നിലനിര്‍ത്തുകയും എല്ലാം ചെയ്താല്‍ സ്വപ്നങ്ങള്‍ നേടിയെടുക്കാമെന്നതില്‍ സംശയമില്ല.