ജീവിതനൈപുണികള്‍

ജീവിതനൈപുണികള്‍

ഡോ: ചന്ദന ഡി. കറത്തുളളി

ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനും അവയെ ഫലപ്രദമായി തരണം ചെയ്യാനും നമ്മെ സഹായിക്കുന്ന പോസിറ്റീവ് കഴിവുകളെയാണ് ജീവിതനൈപുണികള്‍ അഥവാ ലൈഫ് സ്കില്‍സ് എന്നു പറയുന്നത്. ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടു ക്കേണ്ടവയും പരിപോഷിപ്പിക്കപ്പെണ്ടേവയും ആണ്. ജീവിത വിജയത്തിനും, സംതൃപ്തമായ ഒരു ജീവിതശൈലിക്കും, മാനസികാരോഗ്യത്തിനും, ഒരു സമൂഹം എന്ന നിലയിലും ജീവിതനൈപുണികളുടെ പ്രസക്തി വളരെയധികമാണ്.

പല രീതിയിലും പല പേരുകളിലും പല വര്‍ഗ്ഗീകരണങ്ങളിലുമെല്ലാം ലൈഫ് സ്കില്‍സ് വ്യാഖ്യാനിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഒട്ടനവധി ചിന്താശൈലികളും വ്യക്തിത്വഘടകങ്ങളും ഇതിന്‍റെ കീഴില്‍ ഉണ്ട്. 1999 ല്‍ ണഒഛ ലൈഫ് സ്കില്‍സിന്‍റെ പരിധിയില്‍പെടുന്നവയായി ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനായുളള ചിന്താശൈലി, പ്രശ്നങ്ങള്‍ സമചിത്തതയോടെ പരിഹരിക്കാനുതകുന്ന ചിന്താശൈലി, നൂതനമായ കാര്യങ്ങള്‍ അപഗ്രഥിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുളള കഴിവ്, ശരിയായ രീതിയില്‍ ആശയവിനിമയം നടത്തുന്നതിനായുളള കഴിവ്, പരസ്പരമുളള വികാരവിചാരങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് അനുസൃതമായി പെരുമാറുവാനുളള കഴിവ്, സ്വന്തം വികാരവിചാരങ്ങളും മനോഗതിയും വ്യക്തമായി മനസ്സിലാക്കാനുളള കഴിവ് തന്‍റെ ആവശ്യങ്ങള്‍ മറ്റുളളവരെ വേദനിപ്പിക്കാതെ ആശയവിനിമയം ചെയ്യുവാനുളള കഴിവ്, വൈകാരികപക്വത, ആത്മവിശ്വാസം മാനസികസംഘര്‍ഷത്തെ നേരിടുവാനുളള കഴിവ് എന്നിവയാണവ. എത്ര വലിയ പ്രതിസന്ധി നേരിട്ടാലും തളരാതെ മുന്നോട്ട് നീങ്ങാനും, സംതൃപ്തമായ സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനിര്‍ത്തുവാനും, ജീവിതവിജയം നേടുവാനും ഇവ അത്യന്താപേക്ഷിത മാണെന്നതില്‍ തര്‍ക്കമില്ല. തന്നെ വിമര്‍ശിക്കുന്നവരോട് കാര്യക്ഷമമായി തന്‍റെ ഭാഗം തുറന്നു പറയാനും, സ്വന്തം ആശയങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്ക് വേണ്ടി നിലകൊളളാനും, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും, ജീവിതത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമെല്ലാം ജീവിതനൈപുണികള്‍ അത്യാവശ്യം തന്നെ.

ഉദാഹരണത്തിന്, കൃത്യമായ പ്രശ്നപരിഹാരത്തിന് ഉത്തരവാദിത്വ ബോധത്തോടെ ചിന്തിക്കുക എന്ന ജീവിതനൈപുണി അത്യാവശ്യം തന്നെയാണ്. അത്തരമൊരു കഴിവ് അല്ലെങ്കില്‍ സമീപനം ഇല്ലാത്തവരാണ് എങ്കില്‍ മിക്കവാറും താനായിരിക്കുന്ന സാഹചര്യത്തിന് മറ്റുളളവരെ കുറ്റപ്പെടുത്താനുളള പ്രവണത കാട്ടും. അങ്ങനെയുളളവര്‍ ഒരിക്കലും ജീവിതത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയില്ല. പകരം മറ്റുളളവരുടെ തലയില്‍ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം കെട്ടി വച്ച്, പ്രശ്നത്തിന് പരിഹാരമില്ല എന്ന് പതം പറയുക മാത്രം ചെയ്യും.

മറ്റൊരുദാഹരണം, ശരിയായ ആശിവിനിമയം നടത്താനുളള കഴിവാണ്. അറ്റുളളവരുടെ മനസ്സ് മനസ്സിലാക്കി അതിനനുസൃതമായി ആശയവിനിമയം നടത്തുന്ന വ്യക്തിയുടെ സുഹൃദ്-കുടുംബ-ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുളളവയായിരിക്കും. മാത്രമല്ല സംതൃപ്തമായ ബന്ധങ്ങള്‍ അയാള്‍ക്ക് മാനസിക ഊര്‍ജ്ജം പകര്‍ന്നു നല്‍കുകയും ചെയ്യും. എന്നാല്‍ മറ്റുളളവരുടെ മനോഗതം തിരിച്ചറിയാനോ, അവരുടെ മനസ്സറിഞ്ഞ് സംസാരിക്കാനോ ശീലിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ കലുഷിതമായിരിക്കും.

മറ്റൊരുദാഹരണം അസര്‍ട്ടീവ്നെസ് എന്ന ജീവിതനൈപുണിയാണ്. തന്‍റെ ആവശ്യങ്ങള്‍ മറ്റുളളവരെ വേദനിപ്പിക്കാതെ തന്നെ ആശയവിനിമയം ചെയ്യാനുളള കഴിവാണത്. അതുളളവര്‍ പ്രലോഭനങ്ങളില്‍ വീണു പോകാതെ തന്നെ തീരുമാനങ്ങളെടുക്കുകയും, മറ്റുളളവര്‍ക്ക് എന്ത് തോന്നും എന്ന ചിന്ത മാത്രം മുന്‍നിര്‍ത്തി കാര്യങ്ങള്‍ ചെയ്യാതെ സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതായി കാണാം. അങ്ങനെയുളളവര്‍ മറ്റുളളവരുടെ നിര്‍ബന്ധത്തില്‍ വീണ് സ്വന്കം ആഗ്രഹങ്ങളും താര്‍പര്യങ്ങളും മാറ്റി വയ്ക്കാതെ, ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാട്ടുന്നു. ജോലി സ്ഥലത്തും സ്വന്തം കുടുംബത്തില്‍ തന്നെയും ശരിയായ രീതിയില്‍ ആശയവിനിമയം നടത്താനും, മറ്റുളളവരെ സ്വന്തം തലയില്‍ കയറിയിരുന്ന് നിരങ്ങാന്‍ സമ്മതിക്കാതെ പെരുമാറാനും, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും, മറ്റുളളവരുടെ ബഹുമാനത്തിനും ആദരവിനും പാത്രമാകാനും, വൈകാരികപക്വതയോടെ സാഹചര്യങ്ങളെ നേരിടാനും, ശരിയായ രീതിയില്‍ കാര്യങ്ങള്‍ അവലോകനം ചെയ്ത് മുന്നോട്ട് പോകാനും എല്ലാം അസര്‍ട്ടീവ്നെസ് നമ്മെ സഹായിക്കുന്നു.

വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ സ്വീകരിക്കുക എന്നത് ഒരു ജീവിതനൈപുണി തന്നെയാണ്. ചിലര്‍ മറ്റുളളവരുടെ കുറ്റപ്പെടുത്തലുകള്‍ കേട്ട് വളരെയധികം തളര്‍ന്നു പോകാറുണ്ട്. എന്നാല്‍, വിമര്‍ശിക്കുന്നയാളുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിഞ്ഞ് കുറ്റപ്പെടുത്തലുകളെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതിന് നമ്മെ സ്വായത്തമാക്കുന്നത് വൈകാരികപകത്വതയും കാര്യങ്ങള്‍ ശരിയായ രീതിയില്‍ അവലോകനം ചെയ്യാനുളള കഴിവുമാണ്.

ഇത്രയധികം പ്രാധാന്യമേറിയ ജീവിതനൈപുണികള്‍ വളരുന്നത് എങ്ങനെയാണ്? മറ്റേത് കഴിവിനുമെന്നത് പോലെ ജീവിതനൈപുണികളും വളരുന്നതും വികസിക്കുന്നതും കുഞ്ഞിന് ലഭിക്കുന്ന പേരന്‍റിംഗ് ശൈലിയെ അനുസൃതമാക്കിയാണ്. അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളോട് എങ്ങനെ ഇടപെടുന്നു എന്നതിന് അനുസരിച്ചാണ് അവരുടെ വ്യക്തിത്വവികാസം സംഭവിക്കുന്നത്. ഉദാഹരണത്തിന്, മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് വൈകാരികപക്വതയോടെ പെരുമാറിയാല്‍ കുഞ്ഞുങ്ങളും എങ്ങനെ വികാരങ്ങളെ പക്വതയോടെ നേരിടാം എന്ന് പഠിക്കുന്നു. അച്ഛനമ്മമാര്‍ സ്വന്തം മാനസികസംഘര്‍ഷം എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന് അനുസരിച്ചാണ് കുട്ടികള്‍ അവരുടെ മാനസികനിയന്ത്രണം നടത്തുന്നതും മറ്റുളളവരോട് ഇടപെടുന്നതും. ഉദാഹരണത്തിന്, ദേഷ്യം വരുമ്പോള്‍ കുട്ടിയോട് ബഹളം വച്ചും, കുട്ടിയെ അധിക്ഷേപിച്ചും സംസാരിക്കുന്ന ഒരു രക്ഷകര്‍ത്താവ് കുട്ടിയെ അറിയാതെ തന്നെ അങ്ങനെ തന്‍റെ മാനസികസംഘര്‍ഷം നിയന്ത്രിക്കേണ്ത് എന്നാണ് കുട്ടിയെ പഠിപ്പിക്കുന്നത്. സ്വഭാവികമായും കുട്ടിയും ദേഷ്യം വരുമ്പോള്‍ വേറൊരാളുടെ വികാരങ്ങള്‍ കണക്കിലെടുക്കാതെ മറ്റുളളവരോട് ബഹളം വച്ചും, അവരെ അധിക്ഷേപിച്ചും പെരുമാറാനിടയുണ്ട്.

ഇങ്ങനെ ദൈനംദിന ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടുന്നതില്‍ പേരന്‍റിംഗ് ശൈലികള്‍ക്ക് ഒപ്പം തന്നെ ജീവിതനൈപുണികള്‍ക്കും വ്യക്തമായ സ്ഥാനമുണ്ട്. മികച്ച വിദ്യാഭ്യാസം നേടുന്നതിനും നല്ല ജോലി നേടുന്നതിനും അപ്പുറത്ത് സംതൃപ്തിയേകുന്ന ഒരു ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ലൈഫ് സ്കില്‍സിനുളള പങ്ക് വളരെയധികമാണ്. തളര്‍ന്നു പോകുന്ന നിമിഷങ്ങളില്‍ ഉയര്‍ന്നു വരാന്‍ മാത്രമല്ല, സന്തോഷകരമായി മുന്നോട്ട് നീങ്ങുവാനും അവ നമ്മെ സഹായിക്കും. എന്നാല്‍ ഇന്ന് നമ്മുടെ ചുറ്റിലുമുളള തലമുറയില്‍ ഇത്തരം ജീവിതനൈപുണികള്‍ കുറഞ്ഞു വരുന്നതായി കാണാറുണ്ട്. ശരിയല്ലാത്ത പേരന്‍റിംഗ്/അദ്ധ്യാപനരീതികള്‍ എന്നത് അതിനൊരു കാരണമായി പറയാവുന്നതുമാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ നമ്മള്‍ ആദ്യം പഠിപ്പിക്കേണ്ടത്? ഇത്തരം നൈപുണികള്‍ തന്നെയാണ് പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങുന്നതിലോ, നാലാളുടെ മുന്നില്‍ ആളു ചമയുന്നതിലോ അല്ല കാര്യമെന്നും മറ്റും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താന്‍ ജീവിതനൈപുണികളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന ക്ലാസ്സുകള്‍ കൊണ്ട് ഉപകരിക്കും. ആത്മവിശ്വാസവും മേല്‍പറഞ്ഞ പല ജീവിതനൈപുണികളും കുട്ടികളെ ചെറുപ്രായം മുതല്‍ക്കേ പരിശീലിപ്പിക്കുന്നതില്‍ നമുക്ക് ശ്രദ്ധ ചെല്ലുത്താം, അവര്‍ മിടുക്കരായി വളരട്ടെ.