മന:ശാസ്ത്രത്തിലെ മോഡലിംഗ്

മന:ശാസ്ത്രത്തിലെ മോഡലിംഗ്

ഡോ: ചന്ദന ഡി. കറത്തുളളി

തെറ്റിദ്ധരിക്കേണ്ട, ഫാഷനുമായി മോഡലിംഗ് അല്ല ഇത്. ആല്‍ബല്‍ട്ട് ബന്ധൂര എന്ന മന:ശാസ്ത്രജ്ഞന്‍ സോഷ്യല്‍ കോഗ്നിറ്റീവ് ലേര്‍ണിംഗ് എന്ന തത്വം വികസിപ്പിച്ചെടുത്തത് മോഡലിംഗ് എന്ന വാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതേകുറിച്ചാണ് ഈയാഴ്ച നാം വായിക്കുന്നത്.

ഒരു മോഡലിനെ അനുകരിക്കുന്നതും അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ മന:ശാസ്ത്രതത്വത്തെയാണ് മോഡലിംഗ് എന്ന് വിളിക്കുന്നത്. അതായത് ഒരു കുട്ടി ഷര്‍ട്ടിന്‍റെ ബട്ടണിടാന്‍ അതിന്‍റെ അച്ഛനെ കണ്ട് പഠിച്ചുവെന്നിരിക്കട്ടെ – ഈ അനുകരണത്തെയാണ് മന:ശാസ്ത്രത്തില്‍ മോഡലിംഗ് എന്ന് പറയുന്നത്. അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് നല്ല മോഡലായിരിക്കണം, ജീവിതത്തിലെ എന്‍റെ റോള്‍ മോഡല്‍ ഇന്ന ഒരു വ്യക്തിയാണ് എന്നെല്ലാം പറയുമ്പോള്‍ മേല്‍പറഞ്ഞ മോഡലിംഗ് തന്നെയാണ് നാം ഉദ്ദേശിക്കുന്നത്.

ഒരു വ്യക്തിയുടെ സ്വഭാവത്തെയോ വ്യക്തിത്വ ഘടകത്തെയോ പെരുമാറ്റ രീതികളെയോ സംഭാഷണരീതികളെയോ മറ്റോ മോഡലിംഗിലൂടെ നാം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നു. കുട്ടികളില്‍ ഈ പ്രതിഭാസം കൂടുതലായി കണ്ടു വരുന്നു. ജനിച്ചയുടനെയുളള ഒരു കുഞ്ഞിന്‍റെ പെരുമാറ്റശൈലിയില്‍ നിന്നും ഒരു മുതിര്‍ന്ന വ്യക്തിയുടെ പെരുമാറ്റ ശൈലിയിലേക്കുളള വളര്‍ച്ചയില്‍ മോഡലിംഗ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അച്ഛനമ്മമാരെയും മറ്റു ബന്ധുഗണങ്ങളെയും കണ്ടും കേട്ടും അറിഞ്ഞും വളരുന്ന കുഞ്ഞ് ചുറ്റിലുമുളള പലതും അകത്തേക്ക് സ്വാംശീകരിക്കുന്നു.

നാം ചെയ്യുന്നത് കണ്ട് കുഞ്ഞ് ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതിന് നല്ല വശവും ചീത്ത വശവും ഉണ്ടാകാം. അതായത് നമ്മുടെ സ്വഭാവത്തില്‍ നിന്നും വീടും പരിസരവും വൃത്തയാക്കി വയ്ക്കണം എന്ന പെരുമാറ്റശൈലി ജീവിതത്തില്‍ പകര്‍ത്തുന്ന കുട്ടിയുടെ അച്ചടക്കം നമുക്ക് ആനന്ദദായകമായേക്കാം. എന്നാല്‍ നമ്മുടെ ദേഷ്യത്തില്‍ നിന്നും ബഹളത്തില്‍ നിന്നും ഇങ്ങനെ ബഹളം വച്ചാണ്, അല്ലെങ്കില്‍ അക്രമാസക്തത കാട്ടിയാണ് നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ നേരിടേണ്ടത് എന്ന് കുട്ടി പഠിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ ആ മോഡലിംഗ് അത്ര ആനന്ദദായകമല്ല.

എന്ത് കൊണ്ടാണ് കുട്ടികള്‍ ഇത്രയും വേഗത്തില്‍ ചുറ്റിലുമുളള കാര്യങ്ങളെ സ്വന്തം സ്വഭാവത്തിലേക്ക് പകര്‍ത്തുന്നത്? അതിന് ജൈവപരമായ കാരണം കൂടിയുണ്ട്. എങ്ങനെ ജീവിക്കണം, എങ്ങനെ താന്‍ ജനിച്ച സമൂഹത്തിലേക്ക് ഇഴുകിച്ചേരണം എന്നെല്ലാം പഠിക്കേണ്ടത് കുട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ കുട്ടികളുടെ തലച്ചോറില്‍ മിറര്‍ ന്യൂട്രോണ്‍ എന്ന് വിളിക്കുന്ന കോശങ്ങള്‍ കൂടുതലായി കണ്ടു വരുന്ന കണ്ണാടിയില്‍ കാണുന്നതു പോലെ അനുകരിക്കുക എന്നത് തന്നെയാണ് ഈ കോശങ്ങളുടെ ധര്‍മ്മം. ഇലയുടെ പ്രവര്‍ത്തനഫലമായാണ് കുട്ടികള്‍ മാത്രമല്ല നാമും എന്തും അനുകരിക്കാന്‍ ശ്രമിക്കുന്നത്. കുട്ടികളില്‍ അത് കൂടുതലായിരിക്കും എന്നു മാത്രം.

എന്തെല്ലാം കാര്യങ്ങളാണ് നാം അനുകരിക്കാന്‍ ശ്രമിക്കുന്നത്? സംസാരരീതി തൊട്ട് നോട്ടവും ഭാവവും പെരുമാറ്റശൈലികളും എന്തിനധികം ചിന്താശൈലികള്‍ വരെ മോഡലിംഗില്‍പ്പെടുന്നു. നമ്മുടെ മാതാപിതാക്കളുടെ പെരുമാറ്റവും ചിന്താശൈലികളും എല്ലാം നമ്മുടെ വ്യക്തിത്വത്തെ ബാധിക്കുന്നതിലും മോഡലിംഗിന് വ്യക്തമായ പങ്കുണ്ട്. ഉദാഹരണത്തിന് അച്ഛനുമമ്മയും ടെന്‍ഷനടിക്കുന്ന പ്രകൃതമാണെങ്കില്‍ അവരുടെ ഓരോ ദിവസത്തെയും ഓരോ സന്ദര്‍ഭത്തിലെയും പെരുമാറ്റം വീക്ഷിക്കുന്ന കുഞ്ഞ് അതെല്ലാം സ്വന്തം സ്വഭാവത്തിലും പകര്‍ത്താനുളള സാധ്യത വളരെ കൂടുതലാണ്. പല സന്ദര്‍ഭങ്ങളിലും ആ കുട്ടി പ്രകടമാക്കുന്ന ചിന്താശൈലി ആ കുട്ടിയുടെ ചുറ്റുപാടുകളില്‍ നിന്നും പഠിച്ചെടുത്തതാവാം.

ഇങ്ങനെ വെറുതെ കണ്ടും കേട്ടും പഠിച്ചെടുക്കുന്ന പെരുമാറ്റങ്ങള്‍ക്ക് പുറമേ നാമെല്ലാം മറ്റുളളവരില്‍ നിന്നും അനുകരിക്കുന്നതില്‍ നമ്മുടെ ചിന്താഘടകങ്ങള്‍ക്കും കാര്യമായ പങ്കുണ്ട്. അതായത് ഇങ്ങോട്ട് കയര്‍ത്താല്‍ തിരിച്ചും കയര്‍ത്ത് സംസാരിക്കുന്ന ഒരു സൂഹൃത്തിന് ഈ പെരുമാറ്റം കൊണ്ട് ലാഭങ്ങള്‍ ഉണ്ടാവുന്നുവെന്നിരിക്കട്ടെ. ഉദാഹരണത്തിന്, എപ്പോഴും കയര്‍ക്കുന്ന ഈ സുഹൃത്തിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ മാത്രം സ്വീകരിക്കുന്നു എന്ന്. ഈയൊരു പോസിറ്റീവ് ഫലം നേരില്‍ കാണുന്ന കുട്ടികള്‍ ഇതേ പെരുമാറ്റശൈലി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനുളള സാധ്യത കൂടുതലാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ സുഹൃത്തിന് ഈ സ്വഭാവശൈലി കാരണം ശിക്ഷകളാണ് ലഭിക്കുന്നതെങ്കില്‍, അത് കാണുന്ന കുട്ടികള്‍ ഈ സ്വഭാവം പകര്‍ത്തുവാനിടയില്ല.

ഇതേ തത്വം മുന്‍നിര്‍ത്തിയാണ് മാധ്യമങ്ങളിലെ നടീനടډാരും മറ്റും സംയമനം പാലിക്കണമെന്ന് മന:ശാസ്ത്രവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രമുഖ നടന്‍ സിനിമയില്‍ സിഗററ്റു വലിച്ച് വലിയ ആളായി ചമയുന്നത് കാണുന്ന മറ്റുളളവര്‍, അത് കുട്ടികള്‍ മാത്രമല്ല വലിയ ആളായി ചമയാന്‍ ഇഷ്ടപ്പെടുന്ന ആരും ആ സ്വഭാവം അനുകരിക്കാനുളള സാധ്യത വളരെ കൂടുതലാണ്. സിനിമയും മറ്റ് മാധ്യമങ്ങളും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതും ഈ മോഡലിംഗ് എന്ന തത്വത്തെ മുന്‍നിറുത്തി തന്നെയാണ്. പണ്ട് പ്രണയവിവാഹങ്ങള്‍ വലിയ ഒച്ചപ്പാടോടെ മാത്രം കണ്ടിരുന്ന സമൂഹത്തില്‍ നിന്നും പ്രണയവിവാഹങ്ങള്‍ക്ക് സ്വീകാര്യത നല്‍കുന്ന സമൂഹമായി നാം മാറിയതില്‍ വിദ്യാഭ്യാസത്തിനുളള പങ്കിനൊപ്പം തന്നെ സിനിമകളില്‍ പ്രണയം എന്നത് ഒരു സാധാരണവിഷയമായി മാറിയതു കൊണ്ടും കൂടിയാണ്.

ദേഷ്യം, അക്രമാസക്തത എന്നിവയെല്ലാം ഇതുപേലെ പെട്ടെന്ന് അനുകരണനീയമായ വികാരങ്ങളാണ്. വൈകാരിക പക്വത കുഞ്ഞുങ്ങള്‍ ആര്‍ജ്ജിക്കുന്നത് ചുറ്റുമുളളവര്‍ എങ്ങനെ സ്വന്തം വികാരങ്ങളെ കൈകാര്യം ചെയ്യുന്നു എന്ന് കണ്ടാണ്. അതായത് കുഞ്ഞ് കാണുന്നവര്‍ക്കൊന്നും വൈകാരികപക്വത ഇല്ലെങ്കില്‍ എങ്ങനെ കുഞ്ഞ് അത് പഠിച്ചെടുക്കും? കുഞ്ഞു കാണുന്ന കാര്‍ട്ടൂണുകളിലോ സിനിമകളിലോ സിരീയലുകളിലോ ഒന്നും തന്നെ വൈകാരിക പക്വതയോടെ സാഹചര്യങ്ങളെ നേരിടുന്നവര്‍ ഉണ്ടാകാനിടയില്ല. ദേഷ്യം വന്നാല്‍ മുഷ്ടി ചുരുട്ടുകയും, ചീത്ത വിളിക്കുകയും, മറ്റുളളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാതെ അവരെയെല്ലാം ദ്രോഹിക്കാനായി മാത്രം തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്ന, അല്ലെങ്കില്‍ തോരാകണ്ണീരില്‍ അഭയം പ്രാപിക്കുന്ന കഥാപാത്രങ്ങള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. വിഷമതകളെ നേരിടാന്‍ എനിക്ക് എന്ത് ചെയ്യാനാകും എന്ന് കാണിച്ചു തരാതെ എനിക്ക് മറ്റുളളവരെ കൊണ്ട് എന്ത് ചെയ്യിക്കാനാകും എന്ന് കാണിച്ചു തരുന്ന കഥാപാത്രങ്ങളാണ് നമുക്ക് ചുറ്റും. പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അത് മറ്റുളളവരുടെ തലയില്‍ കെട്ടി വയ്ക്കുന്ന മനോഭാവം മലയാളിയുടെ മുഖമുദ്രയാണ്. നാം കാണുന്ന, കണ്ടിട്ടുളള പല മാധ്യമങ്ങളിലും കഥ വ്യത്യസ്തമല്ല. ആ മനോഭാവം മാറ്റിയെടുക്കണമെങ്കില്‍ ചെറിയ സന്ദേശങ്ങളിലൂടെ മാധ്യമങ്ങള്‍ക്ക് തന്നെ സാധിക്കും. പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതില്‍ സീരിയലുകളുടെ സ്ഥാനം ഒന്നാമത് തന്നെ. നല്ല കാര്യങ്ങളൊന്നും തന്നെ ജനങ്ങളിലേക്ക് എത്തിക്കാതെ നെഗറ്റീവ് വികാരങ്ങള്‍ കൊണ്ട് മാത്രം റേറ്റിങ്ങ് കൂട്ടുന്ന അവര്‍ നമ്മുടെ വൈകാരികപക്വതയില്ലായ്മയ്ക്ക് വളമിടുക തന്നെയാണ് ചെയ്യുന്നത്. നിയന്ത്രണം ആദ്യം വേണ്ടത് അവിടെയാണ്.

അവനെ കണ്ടു പഠിക്കൂ, ഇവളെ കണ്ടു പഠിക്കൂ എന്നു മക്കളോട് ആക്രോശിക്കാതെ അവര്‍ അറിഞ്ഞും അറിയാതെയും കണ്ട് പഠിക്കുന്നത് നമ്മളെ തന്നെയാണ് എന്നും, നമ്മുടെ സ്വഭാവ രീതികള്‍ തന്നെയാണ് എന്നും നാം തിരിച്ചറിയണം. എന്നിട്ട് അവര്‍ക്ക് നല്ല മോഡലുകളാവാന്‍ നമുക്ക് സാധിക്കണം. ഉദാഹരണത്തിന്, ഞാന്‍ സദാസമയവും മൊബൈലില്‍ ഇരിക്കുകയാണ് എങ്കില്‍ കുഞ്ഞുങ്ങളും അങ്ങനെയാകും എന്നതില്‍ സംശയമില്ല. എന്‍റെ ഫോണ്‍ ഉപയോഗത്തില്‍ ഞാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും, എന്‍റെ ജീവിതചര്യ ഞാന്‍ ചിട്ടപ്പെടുത്തുകയും, എന്‍റെ ആഹാരശീലങ്ങള്‍ ഞാന്‍ ക്രമപ്പെടുത്തുകയും, എന്‍റെ വികാരങ്ങള്‍ ഞാന്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ എന്‍റെ കുഞ്ഞുങ്ങളും അങ്ങനെ ചെയ്യണമെന്ന മനോഭാവം ഉളളിലുളളവരായിരിക്കും. അപ്പോള്‍ ആ ചിട്ട അവരുടെ ജീവിതത്തില്‍ കൊണ്ടു വരാന്‍ എളുപ്പമായിരിക്കും. ആദ്യം സ്വയം നന്നാവാം, എന്നിട്ട് നമ്മുടെ കുഞ്ഞുങ്ങളെ നന്നാക്കാം.