വ്യവസ്ഥകള്‍ ബാധകമല്ലാത്ത സ്നേഹം
ഡോ: ചന്ദന ഡി. കറത്തുളളി
സ്നേഹത്തിനും വ്യവസ്ഥകളോ? അതെ, സത്യം തന്നെ. സ്നേഹത്തിനും വ്യവസ്ഥകളുണ്ട്. നാം ഒരു വ്യക്തിയെ സ്നേഹിക്കുമ്പോള്‍ ആ വ്യക്തിയില്‍ നിന്നും പലതും ആഗ്രഹിക്കുന്നുണ്ട്, പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം നിറവേറാതെ വരുമ്പോള്‍ നാം അസ്വസ്ഥരാകാറുമുണ്ട്. ഈ അസ്വസ്ഥത തന്നെയാണ് ബന്ധങ്ങളിലെ വിളളലുകള്‍ക്ക് ആധാരം. എന്റെ ഭര്‍ത്താവ് ഇങ്ങനെ ചെയ്തു, അത് എന്നെ വേദനിപ്പിച്ചു, എന്റെ ഭാര്യ ഇന്നത് ചെയ്തില്ല, അത് എന്നെ പ്രയാസപ്പെടുത്തി, എന്റെ മാതാപിതാക്കള്‍ എന്നോട് ഇത്തരത്തിലാണ് പ്രവര്‍ത്തിച്ചത്, അത് എനിക്ക് മറക്കാന്‍ സാധിക്കുന്നില്ല, എന്റെ സഹോദരങ്ങള്‍ എന്നെ അവഗണിച്ചു, എന്നിങ്ങനെ നമ്മെയെല്ലാം വേദനിപ്പിക്കുന്ന ചിലത് നമുക്ക് ചുറ്റുമുളള ബന്ധങ്ങളില്‍ ഉണ്ടാവുന്നു. അത് രക്തബന്ധങ്ങളിലാകാം, സുഹൃദ്ബന്ധങ്ങളിലാകാം, പ്രേമബന്ധങ്ങളിലോ, വൈവാഹികബന്ധത്തിലോ ആവാം. എന്തായാലും ഇത്തരം ആശാഭംഗങ്ങള്‍ നിരന്തരം നമ്മെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? കാരണം മറ്റൊന്നല്ല, സ്നേഹത്തിന് നാം മുന്നോട്ട് വയ്ക്കുന്ന വ്യവസ്ഥകള്‍ തന്നെ. നല്ല ഭര്ത്താവാകണമെങ്കില് ഇന്നതു പോലെയെല്ലാം പെരുമാറണം, നല്ല ഭാര്യയാവണമെങ്കില് ഇത്തരം കടമകളെല്ലാം നിര്‍വ്വഹിക്കണം; നല്ല ഒരു സുഹൃത്ത് ഈ രീതികളിലെല്ലാം പ്രവര്ത്തിക്കണമെന്നെല്ലാമുളള പല നിബന്ധനകളും നാം മനസ്സില്‍ സൂക്ഷിക്കുന്നു. ഈ നിബന്ധനകള്‍ പലതരം ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ജډം നല്‍കുകയും ചെയ്യുന്നു.
നമ്മുടെയെല്ലാം മനസ്സില്‍ ഒരു റിയാലിറ്റിഷോ ജഡ്ജ് ഒളിഞ്ഞു കിടപ്പുണ്ട്. മറ്റുളളവരുടെ എല്ലാ പ്രവര്‍ത്തികളും പെരുമാറ്റങ്ങളും എല്ലാം സസൂക്ഷമം നിരീക്ഷിക്കുകയും, അവയെ നല്ലതെന്നും ചീത്തയെന്നും മാര്‍ക്കിടുകയും, അതനുസരിച്ച് നമ്മുടെ ചുറ്റിലുമുളളവരെ റേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു ജഡ്ജ്. അടുപ്പമില്ലാത്തവരെക്കുറിച്ചുളള ഇത്തരം നിരീക്ഷണങ്ങളെല്ലാം നാം മനസ്സില്‍ സൂക്ഷിക്കുകയും, ചില നേരങ്ങളില്‍ നമുക്ക് അടുപ്പമുളളവരുമായി പങ്ക് വയ്ക്കുകയും – ചിലര്‍ അതിനെ പരദൂഷണം എന്നും പറയുന്നു – ചെയ്യാറുണ്ട്. എന്നാല്‍ അടുപ്പമുളളവരെക്കുറിച്ചുളള നമ്മുടെ നിരീക്ഷണങ്ങള്‍ നമ്മെ പലപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. അതിനാല്‍ തന്നെ നാം അത് അവലോകനം കൂടാതെ വിളിച്ചു പറയുകയും ചെയ്യുന്നു. – ചിലര്‍ അതിനെ കുറ്റം പറയുക എന്ന് പറയുന്നു. എന്തായാലും നമ്മുടെ ചുറ്റുമുളളവരുടെ നല്ല വശങ്ങളോ, നല്ല ഗുണങ്ങളോ നമ്മുടെ ഉളളിന്റെ ഉളളിലുളള ജഡ്ജ് കാണണമെന്നില്ല. എല്ലായിപ്പോഴും കുറ്റങ്ങള്‍ മാത്രമാണല്ലോ നമ്മുടെ ഉളളില്‍ ആദ്യമുടക്കുക. അങ്ങനെയുളള മോശം അവലോകനങ്ങള്‍ നമ്മുടെ അവരോടുളള പെരുമാറ്റത്തെ സ്വാധീനിക്കുന്നു. മുറുമുറുപ്പും പരാതിപറഞ്ഞും ഒക്കെയായി അത് പരിണമിക്കുകയും, ബന്ധങ്ങള്‍ വഷളാവാന്‍ ഇടയാവുകയും ചെയ്യുന്നു.
എന്താണ് ഇതിനൊരു പരിഹാരം? നിബന്ധനകള്‍ക്ക് അതീതമായി ഒരു വ്യക്തിയോട് പോസിറ്റീവ് മനോഭാവം വച്ചു പുലര്‍ത്തുക എന്നതാണ് ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഒരു വ്യക്തിയുടെ പെരുമാറ്റത്തോടോ, മനോഭാവത്തോടോ, പ്രവര്ത്തികളോടോ നമുക്ക് എത്രമാത്രം വിയോജിപ്പുണ്ട് എങ്കിലും ആ വ്യക്തിയോട് പോസിറ്റീവ് മനോഭാവത്തോടെ പെരുമാറുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറ്റപ്പെടുത്തലോ, മുനവച്ചുളള സംസാരരീതികളോ ഒഴിവാക്കി ആ വ്യക്തിയെ അയാളുടെ കുറവുകളോടെ അംഗീകരിക്കുക എന്നത് ഒട്ടും എളുപ്പമല്ല. ആ വ്യക്തിയുടെ കുറവുകളും പ്രശ്നങ്ങളും സ്വയം പരിഹരിക്കാനുളള കഴിവും ശക്തിയും അയാളില്‍ തന്നെയുണ്ട്. എന്നാല്‍ അതിന് ആ വ്യക്തിക്ക് സാധിക്കണമെങ്കില്‍ എല്ലാ കുറവുകളോടെയും അയാളെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ ഉണ്ടായേ തീരൂ.
പ്രശസ്ത മന:ശാസ്ത്രജ്ഞന് കാള്റോജേഴ്സ് മുന്നോട്ട് വച്ച മന:ശാസ്ത്രതത്വമാണ് അണ്കണ്ടിഷണല് പോസിറ്റീവ് റിഗാര്‍ഡ് എന്നത്. ആ തത്വത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പല പരീക്ഷണ നിരീക്ഷണങ്ങളും അപ്രോച്ചുകളും തെറാപ്പിയും എല്ലാം ആവിഷ്കരിച്ചിട്ടുമുണ്ട്. വ്യവസ്ഥകള്‍ക്ക് അതീതമായ പോസിറ്റീവ് സമീപനമാണ് കുട്ടിക്കാലം മുതല്ക്കേ ആരോഗ്യകരമായ വ്യക്തിത്വവികസനത്തിന് ആധാരം എന്ന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. ഈയൊരു സമീപനം അഥവാ മനോഭാവം മറ്റുളളവരെ അവരുടെ കുറവുകളോടെ തന്നെ അംഗീകരിക്കാന്‍ നമ്മെ സഹായിക്കുന്നു. ചുറ്റിലുമുളളവരുടെ പെരുമാറ്റങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അതീതമായി സ്നേഹിക്കാനും അവരോട് സ്നേഹം പങ്ക് വയ്ക്കാനും ഈ മനോഭാവം നമ്മെ പ്രേരിപ്പിക്കന്നു. പോസിറ്റീവായ ഈയൊരു സമീപനം സ്വീകരിക്കുന്ന വ്യക്തിയാകട്ടെ തന്റെ മുഖംമൂടികള്‍ക്കും തെറ്റുകുറ്റങ്ങള്ക്കുമതീതമായി തന്നെ സ്നേഹിക്കാന്‍ ആളുണ്ട് എന്ന തിരിച്ചറിവില്‍ സ്വയം വളരാനും തിരുത്താനും നല്ല മനോഭാവത്തോടെ ജീവിതത്തെ സമീപിക്കാനും തയ്യാറാവുന്നു. സത്യത്തില്‍ നാമെല്ലാവരും അത് ആഗ്രഹിക്കുന്നില്ലേ? മുഖംമൂടിയുടെ ആവശ്യമില്ലാതെ, മറ്റുളളവര്‍ എന്തു കരുതും എന്ന് ചിന്തിക്കാതെ പെരുമാറാനും, നാമെന്താണോ അത് അതേപടി അംഗീകരിക്കുന്നവരോടൊത്ത് സമയം ചിലവിടാനും, നമ്മുടെ കുറവുകളെല്ലാം അറിഞ്ഞും എന്നാല്‍ അവയ്ക്ക് അതീതമായി നമ്മെ സ്നേഹിക്കുന്ന കുടുംബവും കൂട്ടുകാരുമൊത്ത് ജീവിതം ചിലവിടാനും ആരാണ് ആഗ്രഹിക്കാത്തത്! മറ്റുളളവര്‍ എന്നെ കുറ്റപ്പെടുത്തുമോ എന്ന ആധിയിലാണ് നമ്മില്‍ ഭൂരിഭാഗംപേരും ജീവിക്കുന്നത്ന്ന മറ്റുളളവരുടെ വിമര്‍ശനം നിറഞ്ഞ ഒരു നോട്ടം പോലും നമ്മെ തളര്‍ത്താറുണ്ട്. എന്റെ ഉളളിലെ യഥാര്‍ത്ഥ തോന്നലുകള്‍ എല്ലാം പങ്ക് വയ്ക്കാന്‍ സാധിക്കുകയും, അതിന് അനുസരിച്ച് നമ്മെ അംഗീകരിക്കുകയും, എന്നാല്‍ വേണ്ടയിടത്ത് സ്നേഹപൂര്‍വ്വം നമ്മെ തിരുത്തുകയും, നല്ലൊരു മാറ്റത്തിനായി നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു ബന്ധം നമുക്ക് ഉണ്ടെങ്കില്‍ എത്ര സമാധാനത്തോടെ നമുക്ക് നമ്മുടെ മാനസികസമ്മര്‍ദ്ദം അവരുമായി പങ്ക് വയ്ക്കാമായിരുന്നു, അല്ലേ? സത്യത്തില്‍ എല്ലാ പ്രണയബന്ധങ്ങളും ആരംഭിക്കുന്നത് ഈയൊരു മനോഭാവത്തോ ടെയാണ്. എന്നാല്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോള്‍ മേല്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമായി തുടങ്ങുകയും പോസിറ്റീവ് മനോഭാവങ്ങളൊക്കെ ചവറ്റുകൊട്ടയിലേക്ക് കുടിയേറുകയും ചെയ്യുന്നുവെന്ന് മാത്രം.
ഒരു വ്യക്തിയേയും അയാളുടെ പെരുമാറ്റത്തേയും രണ്ടായി കാണാന്‍ സാധിക്കുക എന്നതാണ് പ്രധാനം. പെരുമാറ്റത്തിന് അതീതമായി വ്യക്തിയെ ഉള്‍ക്കൊളളാന്‍ നമുക്ക് സാധിക്കണമെന്ന് സാരം. ആ വ്യക്തിയെ പൂര്‍ണ്ണമായി നമുക്ക് അംഗീകരിക്കാന്‍ സാധിക്കുകയും ഒപ്പം നിന്ന് ആ പോസിറ്റീവ് മനോഭാവം പങ്കിടാന്‍ സാധിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് സ്വയം തിരുത്താനും മുന്നോട്ട് പോകാനുമുളള ആര്‍ജ്ജവം ലഭിക്കുമെന്ന് തീര്‍ച്ച.
ഈയൊരു മനോഭാവം ഏറ്റവും അത്യന്താപേക്ഷിതമായത് കുഞ്ഞുങ്ങള്‍ക്കാണ്. കുഞ്ഞുങ്ങളുടെ മനസ്സെന്താണോ അത് പരിപൂര്‍ണ്ണമായി മനസ്സിലാക്കി അവരോടുളള പോസിറ്റീവ് മനോഭാവം നാ പ്രകടിപ്പിക്കുമ്പോള്‍ അവരില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കുട്ടികളോട് നാം മുന്നോട്ട് വ്യവസ്ഥകള്‍ വളരെയധികമാണ്. നന്നായി പഠിക്കാനും, വളരെ നന്നായി മാത്രം പെരുമാറണം, നല്ല ശീലങ്ങള്‍ മാത്രം പകര്‍ത്തണം, നമ്മുടെ വികാരങ്ങള്‍ക്കനുസൃതമായി എപ്പോഴും നല്ല രീതിയില്‍ പെരുമാറണം എന്നിങ്ങനെ. ഇവയൊന്നും നാം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഇങ്ങനെയൊക്കെ പെരുമാറിയാല്‍ മാത്രമേ ഞാന്‍ നിന്നെ സ്നേഹിക്കൂ എന്ന സന്ദേശം കുട്ടികള്‍ക്ക് ലഭിക്കരുത്. തെറ്റുകള്‍ വരുത്തിയാലും, കുറ്റങ്ങള്‍ ചെയ്താലും കുഞ്ഞുങ്ങളെ തിരുത്തരുത് എന്നല്ല ഇത്കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെറ്റുകുറ്റങ്ങള്‍ വന്നാലും നീയത് തിരുത്താന്‍ തയ്യാറാകണം, പക്ഷേ എന്തൊക്കെ സംഭവിച്ചാലും നീ എന്റെ ജീവനാണ് എന്ന സന്ദേശം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കണം എന്നതാണ്. നിന്നില്‍ കുറ്റങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം, അത് സ്വാഭാവികമാണല്ലോ, അതൊന്നും എനിക്ക് നിന്നോടുളള സ്നേഹത്തെ ഹനിക്കുന്നില്ല എന്ന സന്ദേശം കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും ലഭ്യമാകാറില്ല. ഉദാഹരണത്തിന്, ഒരു കുഞ്ഞ് ഒരു തെറ്റ് ചെയ്തു, അപ്പോള്‍ വന്ന വികാരാധിക്യം കൊണ്ട് അമ്മ ആ കുട്ടിയെ പല അനാവശ്യങ്ങളും പറഞ്ഞു. ഇത് കേള്‍ക്കുന്ന കുഞ്ഞ് ചിന്തിക്കുക – ഓ, ഈ തെറ്റ് തിരുത്തി ഞാന്‍ മിടുക്കനാകണം എന്നാണോ, അതോ – ഞാന്‍ ഒരു മോശം കുട്ടിയാണ്, എന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല, അമ്മയ്ക്ക് ഞാനൊരു ബാധ്യതയാണ് എന്നാണോ? രണ്ടാമത്തെ തോന്നലിനാണ് സാധ്യതയേറെ. അമ്മ അങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടാകില്ല, എന്നാല്‍ കുഞ്ഞിന് ലഭിക്കുന്ന സന്ദേശം അതായിരിക്കും. വ്യവസ്ഥകള്‍ക്ക് അതീതമായ സ്നേഹം പ്രകടിപ്പിക്കണമെങ്കില്‍ ആ അമ്മ അപ്പോള്‍ വന്ന ദേഷ്യം നിയന്ത്രിച്ച് സാരമില്ല, സംഭവിച്ചത് വന്നു, ഇത് തിരുത്താന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? എന്തിനായാലും നിന്റെ കൂടെ അമ്മയുണ്ട് എന്ന സന്ദേശം നല്കിയാല് മതി. അത് വായില്‍ തോന്നിയ ചീത്തയൊക്കെ വിളിച്ചതിന് ശേഷമാകരുത്. അങ്ങനെയാകുമ്പോള്‍ കുഞ്ഞിന് ലഭിക്കുന്ന സന്ദേശം ഇതായിരിക്കും – തെറ്റുകള്‍ ചെയ്യാത്ത എന്നെ മാത്രമേ എന്റെ അച്ഛനുമമ്മയ്ക്കും ഇഷ്ടമുളളൂ എന്നായിരിക്കും. ഈയൊരു സന്ദേശം നല്കി വളര്ത്തിയിട്ടുളളത് കൊണ്ടാണ് നമുക്ക് ആര്‍ക്കും സ്വന്തം തെറ്റുകള്‍ ഏറ്റു പറയാന്‍ സാധിക്കാത്തത്, കാരണം നമ്മുടെ കുറവുകളോടെ നമ്മെ ആരും അംഗീകരിക്കുമെന്ന വിശ്വാസം നമുക്കില്ല.