കുട്ടികളിലെ സ്ക്രീന്‍ ഉപയോഗം
ഡോ: ചന്ദന ഡി. കറത്തുളളി
നാമെല്ലാം നിത്യേന ഫോണ്‍ ഉപയോഗിക്കുന്നവരാണ്. നമ്മുടെ നിത്യജീവിതത്തിന്റെ ഒരു അവിഭാജ്യഘടകം തന്നെയാണ് ഫോണുകള്‍. സ്മാര്‍ട്ട് ഫോണുകളുടെ ആവിര്ഭാവത്തോടൊയാണ് ഫോണുകള്‍ വെറും ഫോണുകളല്ലാതായത്. അവകൊണ്ട് ഫോട്ടോയും വീഡിയോയും എടുക്കാനും, പാട്ടുകള്‍ കേള്‍ക്കാനും, ഫയലുകള്‍ കൈമാറാനും സാധിച്ചു തുടങ്ങി. ഫോണിലെ ഗെയിമുകള്‍ക്കും രൂപമാറ്റം സംഭവിച്ചു. കുറഞ്ഞ തുകയ്ക്ക് ഇന്റര്‍നെറ്റും ലഭിച്ചു തുടങ്ങിയപ്പോള്‍ ഫോണുകളുടെ സാധ്യത അനന്തമായി. ബാങ്കിംഗ്, സെര്‍ച്ചിംഗ് എന്നു തുടങ്ങി നിത്യജീവിതത്തിലെ എന്തും ഏതും ഇന്ന് ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫോണുകള്‍ മാത്രമല്ല ടാബ്ലെറ്റുകള്, ലാപ്ടോപ്പുകള്, കമ്പ്യൂട്ടറുകള്‍ എന്നിവയും ഇന്ന് ഏതൊരു മലയാളിയുടെയും കൈപിടിയിലുണ്ട്. അത്രമേല്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണിവ.
മേല്പറഞ്ഞ ഫോണുകളും ടാബ്ലെറ്റുകളും, ലാപ്ടോപ്പുകളും മാത്രമാണോ സ്ക്രീനുകളുടെ ഗണത്തില്‍പെടുന്നത്? അല്ല. ടെലിവിഷനും സ്ക്രീനുകളില്പ്പെടും. ഡിജിറ്റല്‍ ആയുളള കാഴ്ച നല്കുന്ന എന്തും സ്ക്രീനുകള്‍ തന്നെ.
ടെക്നോളജി നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുളളൂ. സമൂഹമാധ്യമങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്തവണ്ണം ഇഴചേര്‍ന്നു പോയിട്ടും അധികം കാലമായില്ല. അതിനാല്‍ തന്നെ ഇതിന്റെ ദോഷഫലങ്ങളെ കുറിച്ചുളള അവബോധവും കുറവാണ്. ഗുണങ്ങളേറെയുണ്ടെങ്കിലും സ്ക്രീനുകളുടെ അമിതമായ ഉപയോഗം വളരെയേറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും ദോഷങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവരേക്കാള്‍ ഇത്തരം ദോഷങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ ആയിരിക്കും. കാരണം, അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന മുതിര്‍ന്ന ഒരു വ്യക്തിക്ക് പൂര്‍ണ്ണമായി വികസിച്ചു കഴിഞ്ഞ ഒരു തലച്ചോറുണ്ട്. അതിനാല്‍ തന്നെ സ്വയം വിചാരിച്ചാല്‍ ആ വ്യക്തിക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ചെറിയ കുട്ടികള്‍ക്കാവട്ടെ തലച്ചോര്‍ വികസിക്കുന്ന കാലഘട്ടത്തിലെ ഫോണ്‍-ടി.വി. ഉപയോഗം അവരുടെ ബുദ്ധിവികാസത്തെയും വ്യക്തിത്വവികസത്തെയും ബാധിക്കും. പ്രായത്തിന്റെ പക്വത കൈവന്നിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് താങ്ങളുടെ സ്വഭാവം സ്വയം നിയന്ത്രിക്കാനോ, സ്വയം തിരുത്താനോ അറിയുകയുമില്ല. അതിനാല്‍ തന്നെ ഫോണ്‍-ടി.വി. ഉപയോഗം എങ്ങനെ കുഞ്ഞുങ്ങളെ ബാധിക്കുന്നു എന്നത് ഓരോ അച്ഛനുമമ്മയും അറിഞ്ഞിരക്കേണ്ടതാണ്.
എന്ത് കൊണ്ടാണ് എല്ലാ ഡോക്ര്‍മാരും ഫോണ്‍-ടി.വി. ഉപയോഗത്തെ ശക്തമായി എതിര്‍ക്കുന്നത്? പല കാരണങ്ങളുണ്ട്. ഒന്നാമതായി ഫോണ്‍-ടി.വി. എന്നിവയെല്ലാം, അതായത് സ്ക്രീനുകളെല്ലാം തന്നെ കാഴ്ചയെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. കാഴ്ചയെ ആസ്പദമാക്കിയുളള എന്തും പെട്ടെന്ന് നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുമെന്ന് നമുക്കെല്ലാം അറിയാം. റേഡിയോയില്‍ കേള്‍ക്കുന്ന ഒരു പാട്ടിനേക്കാള്‍, ടി.വി. യില്‍ കാണുന്ന ഒരു പാട്ട് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കും. അതായത് ടി.വി. യിലോ ഫോണിലോ എന്തെങ്കിലും കാണുവാനോ ശ്രദ്ധിക്കുവാനോ നമുക്ക് പ്രയാസമില്ല. എന്നാല്‍ മനസ്സിരുത്തി എന്തെങ്കിലും വായിച്ചു മനസ്സിലാക്കണം എന്നുണ്ടെങ്കില്‍ നമ്മുടെ ഭാഗത്തു നിന്നും തീവ്രമായ ശ്രമം ഉണ്ടായേ തീരൂ. പ്രത്യേകിച്ചും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നും പുസ്തകത്തിലില്ല. എങ്കില്‍ ഉദാഹരണത്തിന് ഒരു നോവല്‍ വായിക്കുന്നതിനേക്കാള്‍ എളുപ്പം ടി.വി. യില്‍ ഒരു സിനിമ കാണുന്നതായിരിക്കും. ഇതെങ്ങനെ കുഞ്ഞിന് ദോഷകരമായി മാറുന്നു എന്നല്ലേ? ചെറുപ്രായം മുതല്ക്കേ ടി.വി. യോ ഫോണോ അമിതമായി ഉപയോഗിക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം നന്നായി ശ്രദ്ധ ചെലുത്തി വായിച്ചു മനസ്സിലാക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. സ്ഥിരമായി പുസ്തകങ്ങള്‍ വായിച്ചു ശീലമുളള ഒരു കുട്ടിയേക്കാള്‍ ഈ കുട്ടിക്ക് ശ്രദ്ധക്കുറവും ഓര്‍മ്മകുറവും കൂടുതലായി അനുഭവപ്പെട്ടേക്കാം. അതായത് ശ്രദ്ധ എന്നത് ശീലിച്ച് വളര്‍ത്തിയെടുക്കേണ്ട ഒരു കഴിവാണ്. സ്ഥിരമായി പാട്ട് പ്രാക്റ്റീസ് ചെയ്താല്‍ മാത്രമേ നന്നായി പാടാന്‍ കഴിയൂ. അതുപോലെ സ്ഥിരമായി ശ്രദ്ധ ചെലുത്തിയുളള കാര്യങ്ങള്‍ അഭ്യസിച്ചാല്‍ മാത്രമേ ശ്രദ്ധക്കുറവ് പരിഹരിക്കാനും കോണ്‍സന്‍ട്രേഷന്‍ വര്‍ദ്ധിപ്പിക്കാനും സാധിക്കൂ. അതിനായി ആദ്യം ചെയ്യേണ്ടത് ടി.വി. യിലും ഫോണിലും ചെലവിടുന്ന സമയം കുറക്കുക എന്നതാണ്. എന്നിട്ട് ശ്രദ്ധ ചെലുത്തിയുളള കാര്യങ്ങള്‍ അഭ്യസിക്കാം. വായിക്കാം, ചിത്രം രചിക്കാം, സൂക്ഷമ ബുദ്ധിയോടെ ചെയ്യേണ്ടുന്ന കളികള്‍ കളിയ്ക്കാം, പസിലുകള്‍-ബോര്‍ഡ് ഗെയിമുകള്‍ എന്നിവ കളിക്കാം.
അച്ഛനമ്മമാര്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമെന്തെന്നാല്‍ തീവ്രമായി അഡിക്ഷന് ഉണ്ടാക്കുന്ന ഒരു സാധനമാണ് ഈ ഫോണ്‍. അതായത് څപെട്ടെന്ന് തന്നെ സംതൃപ്തിچ തരുന്ന (ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്) അപ്ലിക്കേഷനുകളാണ് ഫോണില്‍. അതായത് കുട്ടികള്‍ ഒരു പ്രത്യേക ഗെയിം കളിക്കുകയാണ് എന്നിരിക്കട്ടെ. ആ ഗെയിമിന്റെ ഡലസൈന് എങ്ങനെയായിരിക്കം? ഓരോ കാര്യത്തിനും പോയിന്റുകള്‍ ലഭിക്കും, അങ്ങനെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന വ്യക്തി ജയിക്കും. ഓരോ പോയിന്റ് ലഭിക്കുന്തോറും സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കുന്ന ചിത്രങ്ങളോ, അഭിനന്ദനങ്ങള്‍ നല്കുന്ന ചിത്രങ്ങളോ കാണിച്ച് പ്രോത്സാഹിപ്പിക്കും. അല്ലേ? ഇങ്ങനെ കിട്ടുന്ന പ്രോത്സാഹനം കൂടുതല്‍ കൂടുതല്‍ ഗെയിം കളിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നു. ഇനി ടി.വി. യിലോ ഫോണിലോ കാര്‍ട്ടൂണോ സീരിയലോ കാണുന്ന കുട്ടിയാണ് എന്നിരിക്കട്ടെ. ബോറടിക്കുന്ന ദൈനംദിനവിരസതയില് നിന്നുളള ഒരു മാറ്റത്തില്‍ നിന്നും കണ്ട് തുടങ്ങുന്ന കുട്ടിക്ക് പിന്നെ ഇതില്ലാതെ സാധിക്കില്ല എന്ന അവസ്ഥയാകുന്നു.
എങ്ങനെയാണ് കുട്ടികള്‍ ഇത്തരം ഒരു ലഹരിയിലേക്ക് വീണു പോകുന്നത്? ഫോണും ടി.വി. യുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായെന്ന് സൂചിപ്പിച്ചല്ലോ. ഏതു വീട്ടിലും ഏതു വ്യക്തിക്കും ഇന്ന് ടി.വി. യും ഫോണും എല്ലാം ഉണ്ട്. കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ കാണുന്നത് നാമിവയെല്ലാം ഉപയോഗിക്കുന്നതാണ്. നാം കാണിച്ചു കൊടുക്കുന്ന ശീലങ്ങളാണ് കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ വായനാശീലത്തോടെ വളരണമെങ്കില്‍ നാമാദ്യം പുസ്തകങ്ങള്‍ വായിച്ചും കഥകള്‍ പറഞ്ഞു കൊടുത്തും അവരെക്കൊണ്ട് വായിപ്പിച്ചും എല്ലാം വായനയെന്ന ആ ശീലം നട്ടുനനച്ച് വളര്‍ത്തിയെടുക്കണം. അച്ഛനുമമ്മയും ഏതുസമയവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്ന സ്വഭാവമുളളവരാണ് എങ്കില്‍ കുട്ടികള്‍ക്കും അതേ സ്വഭാവം തന്നെയല്ലേ ഉണ്ടാകൂ. ആ സമയത്ത് കുട്ടിയെ വഴക്ക് പറഞ്ഞിട്ട് എന്ത് ഫലം. കണ്ട് പഠിക്കുന്ന ശീലമായി മാത്രമല്ല ഫോണ്‍ ഉപയോഗം കുട്ടികള്‍ പഠിക്കുന്നത്. ജനിച്ചയുടനെയുളള കുഞ്ഞിന് കാര്‍ട്ടൂണ്‍ എന്തെന്നോ ഗെയിമുകള്‍ എന്തെന്നോ അറിവില്ലല്ലോ. അതെല്ലാം കുഞ്ഞിന് പരിചയപ്പെടുത്തി കൊടുത്തത് നാം തന്നെയല്ലേ. ആദ്യമാദ്യം നാം ഫോണുപയോഗിക്കുന്നത് കാണുന്ന കുട്ടിക്ക് ഫോണിനോടും ടി.വി. യോടുമെല്ലാം താല്പര്യം ജനിക്കുന്നു. പതിയെ അവര്‍ അതില്‍ തല്‍പ്പരരാണ് എന്നു മനസ്സിലാക്കി നാം തന്നെ അവര്‍ക്ക് അത് ഉപയോഗിക്കാനായി നല്കുന്നു. ടി.വി. യോ ഫോണോ ഒക്കെ കുട്ടി നോക്കിയിരുന്നാല്‍ കുറുമ്പ് കാട്ടാതെ അടങ്ങി ഇരുന്നോളുമല്ലോ എന്നു കരുതി അച്ഛനമ്മമാര്‍ തന്നെ അവര്‍ക്ക് ടി.വി.യും ഫോണുമെല്ലാം നല്കുന്നു. ചെറിയ കുട്ടിയല്ലേ, കണ്ടോട്ടെ, ഇപ്പോള്‍ അധികം പഠിക്കാനൊന്നുമില്ലല്ലോ, വാശി പിടിപ്പിക്കേണ്ട, കരയിപ്പിക്കേണ്ട എന്നെല്ലാം പറഞ്ഞ് അച്ഛനമ്മമാര്‍ തന്നെ ഫോണും ടി.വി. യും ടാബ്ലെറ്റും എല്ലാം കുട്ടികള്‍ക്ക് കൊടുക്കുന്നു. മുഴുവന്‍ സമയവും ടി.വി. യിലും ഫോണിലുമെല്ലാം ചിലവിടുന്ന കുട്ടിക്ക് പിന്നെ അടങ്ങിയിരിക്കാന്‍ ഫോണില്ലാതെ സാധിക്കില്ല എന്ന അവസ്ഥയാകുന്നു. പിന്നെ പുറത്ത് പോയാലോ, ഹോസ്പിറ്റലിലോ മറ്റു പൊതുചടങ്ങുകളിലോ എല്ലാം കുട്ടി ഫോണ്‍ വേണമെന്ന് വാശിപിടിക്കുന്നു. അല്‍പ്പനേരം അടങ്ങിയിരിക്കട്ടെ എന്നു പറഞ്ഞ് അച്ഛനുമമ്മയും തന്നെ പിന്നെയും ഫോണ്‍ കൊടുക്കുന്നു. ഇതില്‍ നിന്നും കുട്ടി വാശി പിടിച്ചാല്‍ എന്തും നടക്കുമെന്നും, തനിക്ക് ഫോണില്ലാതെ ജീവിക്കാന്‍ സാധ്യമല്ല എന്നും പഠിക്കുന്നു. ഇത് ലഹരിയല്ലാതെ പിന്നെയെന്താണ്? ഒരു പെഗ് കഴിച്ചാലേ എനിക്ക് ഉറങ്ങാന്‍ സാധിക്കൂ എന്നും, മദ്യപിക്കാതെ തനിക്ക് ജീവിക്കാന്‍ സാധിക്കുകയില്ല എന്നും പറയുന്ന മദ്യപനും അങ്ങനെ തന്നെയല്ലേ. മൊബൈല്‍ അഡിക്ഷന് എന്നത് ഒരു അംഗീകൃത മനോരോഗമായി മാറികഴിഞ്ഞ ഈ കാലത്ത് കുഞ്ഞുങ്ങള്‍ക്ക് നാം ഈ ലഹരി ഉപയോഗിക്കാന്‍ നല്‍കാമോ? ഏതു ലഹരികള്‍ക്കും പൊതുവായി തലച്ചോറില്‍ നടക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. ലഹരി ലഭിക്കാതെ വരുമ്പോള്‍ കാണിക്കുന്ന പെരുമാറ്റം, ലഹരി ലഭിക്കുമ്പോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന ഡോപ്പമീന്‍ ഉല്പാദനം, തലച്ചോറിലെ മറ്റു വ്യതിയാനങ്ങള്‍ എന്നിവയെല്ലാം പൊതുവായ ഘടകങ്ങളാണ്. ഫോണ്‍ ഉപയോഗത്തിലും ഈ കാര്യങ്ങള്‍ ഉണ്ടാവുന്നു എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നമ്മുടെ കുഞ്ഞിന് നാം മദ്യം വാങ്ങി നല്‍കുമോ? ഇല്ല, അല്ലേ? പിന്നെ ഫോണ്‍ വാങ്ങി നല്‍കാമോ?
ചെറിയ പ്രായത്തില്‍ കുട്ടിയിലെ ഫോണ്‍ ഉപയോഗം കണ്ടില്ലെന്നു നടിക്കുന്ന അച്ഛനമ്മമാര്‍ ഇത് ശ്രദ്ധിക്കുന്നത് മൂന്നു കാര്യങ്ങള്‍ കുട്ടി പ്രകടിപ്പിക്കുമ്പോഴാണ് – പഠനപ്രശ്നങ്ങള്‍, പിരുപിരുപ്പ്, അക്രമാസക്തത. അമിതമായ ഫോണ്‍ ഉപയോഗത്തിലൂടെ കുട്ടി ശ്രദ്ധക്കുറവും ഓര്‍മ്മക്കുറവും ഉണ്ടായേക്കാം, മാത്രമല്ല ഫോണില്‍ മാത്രം താല്പരം ചെലുത്തുന്ന കുട്ടിക്ക് ആവശ്യമായ പഠനശീലങ്ങള്‍ ഇല്ലാതെ പോവുകയും പഠനത്തില്‍ താല്പരയം ഇല്ലാതെ പോവുകയും – അനുബന്ധമായി പഠനപ്രശ്നങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്നു. ഫോണില്ലാതെ അടങ്ങിയിരിക്കാന്‍ സാധിക്കുകയില്ല എന്ന അവസ്ഥയിലുളള ഒരു കുട്ടിക്ക് സാധരണ അവസരങ്ങളില്‍ പിരുപിരുപ്പ് ഉണ്ടാവുക സാധാരണം. ഈ കുട്ടി അടങ്ങിയിരിക്കില്ല എന്തൊരു കുറുമ്പാണ് എന്നെല്ലാം പറയുന്നതിന് മുമ്പായി കുട്ടിക്ക് സ്വതവേയുളള കുറുമ്പാണോ, അതോ ഫോണ്‍ ഉപയോഗം കൊണ്ടുണ്ടായ പിരുപിരുപ്പാണോ എന്ന് ശ്രദ്ധിക്കണം. അടുത്തതായി കുട്ടികളില്‍ കണ്ടു വരുന്ന ഒരു പ്രശ്നമാണ് അക്രമാസക്തത. കുട്ടി കളിക്കുന്ന ഗെയിമുകളില്‍ എല്ലാം എതിരെ വരുന്ന ശത്രുവിനെ കൊല്ലുക എന്നതല്ലേ ദൗത്യം, അല്ലാതെ സാരോപദേശം നല്കി അവരെ നډയിലേക്ക് നയിക്കുക എന്നതല്ലല്ലോ. എതിരാളികളെ തുരത്തി മുന്നേറാന്‍ പഠിക്കുന്ന കുട്ടി, എല്ലാ കാര്യങ്ങളിലും ഇതേ സ്വഭാവം തന്നെയല്ലേ പ്രകടപ്പിക്കുക. സ്കൂളില്‍ ഉണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളിലും മറ്റും കുട്ടി അക്രമം കാണിക്കുന്നതില്‍ പിന്നെ അതിശയിക്കേണ്ട കാര്യമില്ലല്ലോ.
തീരെ ചെറിയ കുട്ടികളില്‍, അതായത് ഒരു വയസ്സിന് മുമ്പോ അതിനോട് ചേര്‍ന്നോ ഉണ്ടാകുന്ന ഫോണ്‍ ഉപയോഗം അവരില്‍ സംസാരവൈകല്ല്യങ്ങള് സൃഷ്ടിച്ചേക്കാം എന്ന് വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നു. സംസാരിക്കാന്‍ വൈകുക, സാമൂഹിക പെരുമാറ്റങ്ങളില്‍ ന്യൂനത പ്രകടിപ്പിക്കുക എന്നിവയെല്ലാം അതിന് ഉദാഹരണമാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണെങ്കിലും, യഥാര്‍ത്ഥത്തില്‍ ഫോണ്‍ ഉപയോഗം കൊണ്ടുണ്ടാകുന്ന വൈകല്ല്യമാണിത്.
ഇത്രയധികം പ്രശ്നങ്ങളുണ്ടാകുന്ന ഫോണ്‍ ഉപയോഗം അച്ഛനമ്മമാര്‍ നിയന്ത്രിച്ചേ മതിയാകൂ. ആദ്യം സ്വന്തം ഉപയോഗം കുറയ്ക്കുകയും, പിന്നെ കുട്ടിയെ പിന്തിരിപ്പിക്കകയും ചെയ്യുക എന്നതാവട്ടെ നമ്മുടെ നയം.